23 May 2024, Thursday

Related news

May 19, 2024
May 13, 2024
May 3, 2024
April 20, 2024
April 18, 2024
April 6, 2024
April 5, 2024
April 5, 2024
April 4, 2024
April 2, 2024

കേരളത്തിന്റെ വികസനം തുരങ്കം വയ്ക്കുന്നതില്‍ ബിജെപിയും യുഡിഎഫും ഒറ്റക്കെട്ട്: കാനം

Janayugom Webdesk
കൊല്ലം
November 30, 2021 10:16 pm

ബിജെപിയും യുഡിഎഫും ഒരുമിച്ച് കേരളത്തിന്റെ വികസനത്തിന് തുരങ്കം വയ്ക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങള്‍ക്കും കേരളത്തിന്റെ വികസന ആവശ്യങ്ങള്‍ നിഷേധിക്കുന്ന സമീപനത്തിനുമെതിരെ യുഡിഎഫ് നിശബ്ദത പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിന്നക്കടയില്‍ നടന്ന എല്‍ഡിഎഫ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലേയ്ക്കുള്ള കേന്ദ്രത്തിന്റെ മൂലധന നിക്ഷേപം ഓരോ ബജറ്റ് കഴിയുന്തോറും കുറഞ്ഞുവരികയാണ്. കേന്ദ്രത്തില്‍ മാറി മാറി ഭരിച്ച എല്ലാ സര്‍ക്കാരുകളും അനുവര്‍ത്തിച്ച സമീപനം ഇതുതന്നെയായിരുന്നു. ആരോഗ്യ രംഗത്ത് എത്രയോ മുന്നിലായിട്ടും കേരളത്തിന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എഐഐഎംഎസ്) നിഷേധിക്കുന്നു. ഒരോ തവണയും കേരളത്തിന് പ്രതീക്ഷ നല്‍കുകയും അവസാന നിമിഷത്തില്‍ അത് നിഷേധിക്കുകയുമാണ് ചെയ്യുന്നത്. വിദ്യാഭ്യാസ രംഗത്തും സര്‍വകലാശാലാ തലത്തിലും പുരോഗതിയില്‍ നില്‍ക്കുന്ന സംസ്ഥാനത്ത് മാനവ വിഭവശേഷി വകുപ്പിന്റെ നിക്ഷേപം കാര്യമായി ലഭിക്കുന്നതേയില്ല.
സംസ്ഥാനത്തിന്റെ റയില്‍വേ വികസനത്തിന് അടിസ്ഥാനമായി ഉണ്ടാകേണ്ടത് സോണാണ്. അത് കേന്ദ്രം നിഷേധിക്കുകയാണ്. കേരളത്തില്‍ റയില്‍വേയുടെ ആധുനീകരണം നടപ്പാക്കുന്നില്ല. പുതിയ ലൈനുകള്‍, പുതിയ കോച്ചുകള്‍, മികച്ച സിഗ്നലിംഗ് സംവിധാനം തുടങ്ങിയവയൊന്നും കാര്യമായി ലഭിക്കുന്നില്ല. കോച്ച് ഫാക്ടറിയെ പറ്റി പറയുന്നതല്ലാതെ അതും നല്‍കുന്നില്ല. നിഷേധാത്മക നിലപാടുകള്‍ സ്വീകരിക്കുന്ന കേന്ദ്രത്തിന്റെ നടപടികള്‍ക്കെതിരെ യോജിച്ച പോരാട്ടത്തിന് യുഡിഎഫ് തയ്യാറാകാത്തത് ഇക്കാര്യത്തില്‍ അവരുടെ ആത്മാര്‍ത്ഥത എത്രമാത്രമുണ്ടെന്ന് വ്യക്തമാക്കുന്നു.
സമരങ്ങള്‍ക്ക് ഫലമുണ്ടാകില്ലെന്ന തോന്നലായിരുന്നു സമീപകാലം വരെ. എന്നാല്‍ കര്‍ഷകസമരം അതിന് മാറ്റം വരുത്തി. മോഡി സര്‍ക്കാര്‍ മാപ്പ് പറഞ്ഞുകൊണ്ട് ആ നിയമങ്ങള്‍ പിന്‍വലിച്ചു. ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഏതൊരു ഭരണാധികാരിക്കും കഴിയില്ലെന്ന് ഈ സമരം തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സിപിഐ(എം) ജില്ലാ സെക്രട്ടറി എസ് സുദേവന്‍ അധ്യക്ഷത വഹിച്ചു. 

Eng­lish Sum­ma­ry: BJP and UDF unite to under­mine Ker­ala’s devel­op­ment: Kanam
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.