12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 11, 2024
September 10, 2024
September 10, 2024
September 9, 2024
September 9, 2024
September 7, 2024
September 7, 2024
September 7, 2024
September 6, 2024
September 6, 2024

രാമക്ഷേത്ര ഉദ്ഘാടനം രാഷ്ട്രീയ നാടകമാക്കി ബിജെപി

Janayugom Webdesk
ന്യൂഡല്‍ഹി
December 26, 2023 11:11 pm

അടുത്തമാസം 22ന് നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിനെ രാഷ്ട്രീയ നാടകമാക്കി മാറ്റി ബിജെപി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഉദ്ഘാടനമാമാങ്കത്തെ രാഷ്ട്രീയ പോരിനുള്ള വേദിയാക്കി മാറ്റാനാണ് ബിജെപിയും സംഘ്പരിവാര്‍ സംഘടനകളും നീക്കം നടത്തുന്നത്. ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാരുകള്‍ സര്‍ക്കാര്‍ ഓഫിസുകളിലടക്കം പ്രത്യേക നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. സിപിഐ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവര്‍ പങ്കെടുക്കുമോ ഇല്ലയോ എന്ന് ഇതുവരെ പ്രതികരിച്ചിട്ടില്ല. പരിപാടിയില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നിലപാടും രാജ്യം ഉറ്റുനോക്കുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിഷയത്തില്‍ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും മൗനം പാലിക്കുകയാണ്.

അതേസമയം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് രാജ്യസഭാ എംപിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ അറിയിച്ചു. രാമക്ഷേത്രത്തിന്റെ പേരില്‍ പ്രകടനം കാഴ്ചവയ്ക്കാനാണ് ബിജെപിയുടെ പദ്ധതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിശ്വാസിയായ തന്റെ മനസിലാണ് രാമനുള്ളതെന്നും അത് പുറത്ത് പ്രകടിപ്പിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. രാഷ്ട്രീയ നേട്ടത്തിനായി സര്‍ക്കാര്‍ പിന്തുണയോടെ നടത്തുന്ന മതപരമായ പരിപാടിയിലേക്ക് ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിലേക്ക് രാജ്യത്തെ വിവിധ കക്ഷി നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. അത്തരം പരിപാടിയില്‍ പങ്കെടുക്കാനും പങ്കെടുക്കാതിരിക്കാനും അവകാശമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. 

അതേസമയം രാമക്ഷേത്ര ഉദ്ഘാടനത്തിന് ഊര്‍ജം പകരാന്‍ സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ രാമായണ പാരായണവും ഭജനും നിര്‍ബന്ധമാക്കണമെന്ന് യുപി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ജില്ലാ ഭരണകൂടങ്ങള്‍ക്കാണ് ഇതു സംബന്ധിച്ച് ഉത്തരവ് നല്‍കിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിലേക്ക് ദളിതരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി വാല്മീകി ക്ഷേത്രങ്ങളിലും രാമ കഥ, രാമായണ കഥനം, പ്രാര്‍ത്ഥനാ യോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കാനും ഉത്തരവില്‍ പറയുന്നു. രാമക്ഷേത്രം ഉദ്ഘാടന ദിവസമായ ജനുവരി 22 വരെ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും പരിപാടി സംഘടിപ്പിക്കാന്‍ വേണ്ട സംവിധാനം സൃഷ്ടിക്കണമെന്നും ഉത്തരവിലുണ്ട്. 

Eng­lish Summary;BJP has turned the Ram tem­ple inau­gu­ra­tion into a polit­i­cal drama
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.