21 December 2024, Saturday
KSFE Galaxy Chits Banner 2

കോടതിവിധിയില്‍ ഒടുങ്ങാത്ത രക്തക്കടങ്ങള്‍

ബേബി കാസ്ട്രോ
May 16, 2024 9:53 pm

രാജ്യം പൊതുതെരഞ്ഞെടുപ്പിന്റെ ആരവങ്ങളിൽ മുഴുകിനിൽക്കുന്ന മേയ് മാസം 10ന് പൂനെയിലെ യുഎപിഎ കേസുകൾ കൈകാര്യം ചെയ്യുന്ന അഡീഷണൽ സെഷൻസ് കോടതി ഒരു വിധി പറഞ്ഞു. മാനവികതയ്ക്കും യുക്തിചിന്തയ്ക്കും ശാസ്ത്രീയാവബോധത്തിനും വേണ്ടി സ്വജീവിതമുഴിഞ്ഞുവച്ചതിന് നിഷ്ഠുരമായി വധിക്കപ്പെട്ട ഒരു ഇന്ത്യക്കാരന്റെ ഘാതകരിൽ രണ്ടുപേരെ ശിക്ഷിക്കുകയും മൂന്നുപേരെ വെറുതെ വിടുകയും ചെയ്ത വിധി. നരേന്ദ്ര ധബോൽക്കർ എന്നാണ് ആ രക്തസാക്ഷിയുടെ പേര്. സമകാലീന ഇന്ത്യയിൽ തങ്ങളുടെ ജീവിതം കൊണ്ടും മരണം കൊണ്ടും നക്ഷത്രശോഭ നേടിയ നാലിൽ ഒരാൾ. ഗോവിന്ദ് പൻസാരെ, എം എം കൽബുർഗി, ഗൗരി ലങ്കേഷ് എന്നിവരാണ് മറ്റു മൂവർ. ഇവരെയെല്ലാം കൊന്നവർ പലരായിരിക്കാമെങ്കിലും കൊല്ലിച്ചത് ഹിന്ദുത്വഭീകരവാദം തന്നെ. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും കഴുത്തറക്കാൻ കത്തി മിനുക്കുന്നവരുടെ ഒക്കച്ചങ്ങാതിമാർ. അതുകൊണ്ട് ഇവരുടെ രക്തക്കടം കോടതിവിധിയിലൂടെ ഔപചാരികമായി അവസാനിക്കുന്നില്ല. ജനാധിപത്യം ഇന്ത്യൻ ഫാസിസത്തിനുമേൽ അന്തിമവിജയം നേടിക്കൊണ്ടേ അത് ഒടുങ്ങുകയുള്ളൂ.
സച്ചിൻ അന്ദൂരെ, ശരത് കലാസ്കർ എന്നീ പ്രതികളെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. സനാതൻ സൻസ്ത എന്ന ഭീകര സംഘടനയുടെ പ്രവർത്തകൻ ഡോക്ടർ വീരേന്ദ്ര സിങ് ധാവ്ടെ, സഞ്ജീവ് പുനലേക്കർ, വിക്രം ഭാവെ എന്നിവരെ വെറുതെ വിട്ടു. കൊലപാതകത്തിനുപയോഗിച്ച പിസ്റ്റൾ സിബിഐ എസ്‌പിയും മലയാളിയുമായ നന്ദകുമാരൻ നായരുടെ നേതൃത്വത്തിൽ കടലിടുക്കിൽ നിന്ന് കണ്ടെടുക്കാൻ കഴിഞ്ഞത് നിർണായകമായി. സനാതൻ സൻസ്ത എന്ന സംഘടന പുരോഗമനവാദികളെ അരുംകൊല ചെയ്യാൻ താത്വികമായും പ്രായോഗികമായും പ്രതിജ്ഞാബദ്ധമായ ഒന്നാണ് എന്ന കാര്യം രഹസ്യമല്ല. എന്നാൽ ഇവർക്കെതിരെയുള്ള സംശയങ്ങളെ തെളിവുകളാക്കി മാറ്റുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണ ഏജൻസിയുടെ അനാസ്ഥമൂലമാണ് ചില വകുപ്പുകൾ തെളിയിക്കപ്പെടാതെ പോയതെന്നും കോടതി കണ്ടെത്തി. ബിജെപി കേന്ദ്രഭരണം കയ്യാളുന്ന ഇക്കാലത്ത് ഈ കേസ് ഇത്രയുമെങ്കിലും എത്തിച്ചേർന്നതിൽ സന്തോഷിക്കുന്നവരുണ്ട്. എന്നാൽ ധബോൽക്കറുടെ മക്കളായ മുക്തയും ഡോക്ടർ ഹമീദും വിധിയിലുള്ള അതൃപ്തി പരസ്യമാക്കി. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാൻ മേൽക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് അവർ.

2013 ഓഗസ്റ്റ് 20ന് പ്രഭാതസവാരിക്കിടെ പൂനെയിലെ ഓംകാരേശ്വര ക്ഷേത്രത്തിനടുത്തുവച്ച് അക്രമികൾ ധബോൽക്കറെ പോയിന്റ്ബ്ലാങ്കിൽ വെടിവച്ചു കൊല്ലുകയായിരുന്നു. ആയുഷ്കാലപ്രവർത്തനങ്ങൾ കൊണ്ട് ഈ രാജ്യത്തെ ഏറ്റവും ആപൽക്കാരികളായ ആശയങ്ങളെ അദ്ദേഹം വല്ലാതെ പ്രകോപിപ്പിച്ചിരുന്നു. സംസ്ഥാന പൊലീസ് താമസംവിനാ അന്വേഷണം തുടങ്ങിയെങ്കിലും അതിന്റെ ഫലപ്രാപ്തിയിൽ സംശയാലുവായ ഖേതൻ നിരോദ്കർ എന്ന ആക്ടിവിസ്റ്റ് എൻഐഎ കേസ് ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഇതൊരു സാധാരണ കൊലക്കേസ് ആണെന്നും വലതുപക്ഷ ഭീകരവാദികളുടെ പങ്ക് ഹര്‍ജിക്കാരന്റെ ഊഹം മാത്രമാണെന്നുമുള്ള നിലപാടാണ് എൻഐഎ സ്വീകരിച്ചത്. പിന്നീട് 2014 മേയ് ഒമ്പതിന് കേസ് ഹൈക്കോടതി തന്നെ സിബിഐയെ ഏല്പിച്ചു. ഇപ്പോൾ ശിക്ഷിക്കപ്പെട്ട പ്രതി കലാസ്കർ, 2019ൽ സനാതൻ സൻസ്ത എന്ന ഭീകരസംഘടനയുടെ അഭിഭാഷകനായ സഞ്ജീവ് പുനലേക്കറെ സന്ദർശിച്ചിരുന്നുവെന്നും ധബോൽക്കറുടെയും ഗൗരി ലങ്കേഷിന്റെയും വധങ്ങൾക്ക് ഉപയോഗപ്പെടുത്തിയ ആയുധങ്ങൾ നശിപ്പിക്കാൻ അയാളുടെ സഹായം സ്വീകരിച്ചുവെന്നും സിബിഐ കണ്ടെത്തി.
ഗോവിന്ദ് പൻസാരേ, കൽബുർഗി, ഗൗരി ലങ്കേഷ് എന്നിവരുടെയും കൊലപാതകം മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച് നടത്തിയ ഒരു ഭീകരപ്രവർത്തനമാണെന്നും സിബിഐ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ വിചാരണക്കോടതിയുടെ വിധി വന്നപ്പോൾ ശിക്ഷിക്കപ്പെട്ടത് കോടാലിക്കയ്യുകൾ മാത്രം. കൊല്ലിച്ചവർ നിയമത്തിന്റെ വല പൊട്ടിച്ച് പുറത്തുപോയി. സനാതൻ സൻസ്ത ആയുധങ്ങൾക്ക് മൂർച്ചകൂട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
12 വർഷത്തെ ഭിഷഗ്വരജീവിതത്തിനുശേഷമാണ് ധബോൽക്കർ മുഴുവൻ സമയ ആക്ടിവിസ്റ്റ് ആയി മാറിയത്. ജാതിവിരുദ്ധ പ്രവർത്തനങ്ങളും അന്ധവിശ്വാസ നിർമ്മാർജനവും ആയിരുന്നു മുഖ്യപ്രവർത്തനമേഖല. 1989ൽ മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി സ്ഥാപിച്ചു. കൊടുംവരൾച്ചക്കാലത്ത് കുടിവെള്ളം വൻതോതിൽ പാഴാക്കുന്ന വിധം ഉത്സവം നടത്തിയതിന് ആശാറാം ബാപ്പുവിനെതിരെ അദ്ദേഹം ശബ്ദമുയർത്തി. സംസ്ഥാനത്ത് അന്ധവിശ്വാസവിരുദ്ധ നിയമം കൊണ്ടുവരാനും ഡോക്ടർ അശ്രാന്തപരിശ്രമം നടത്തി. സ്വന്തമായി ഒരു കരട് ബിൽ തയ്യാറാക്കി പ്രചരിപ്പിച്ചു. രാഷ്ട്രീയ പാർട്ടികളിൽ ഇതിനായി സമ്മർദം ചെലുത്തുകയും ചെയ്തു. ബിജെപിയും ശിവസേനയും ഹിന്ദുവിരുദ്ധം എന്ന് പറഞ്ഞ് ബില്ലിനെ എതിർത്തു. ഭക്തിയുടെ മറവിൽ നടമാടുന്ന തട്ടിപ്പുകൾക്കും ചൂഷണങ്ങൾക്കും തടയിടാനുള്ള ആത്മാർത്ഥമായ ഒരു ഉദ്യമം ആയിരുന്നു ആ ബിൽ.
മഹാരാഷ്ട്ര അസംബ്ലിയുടെ ഏഴ് സെഷനുകളിൽ പരിഗണനയ്ക്ക് വന്നിട്ടും അത് നിയമമാക്കപ്പെടാത്തതിലുള്ള രോഷം പരസ്യമാക്കിയതിന് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് അദ്ദേഹം വധിക്കപ്പെട്ടത്. ആ ദാരുണസംഭവത്തിന് ശേഷം ദിവസങ്ങൾക്കുള്ളിൽ മഹാരാഷ്ട്ര അന്ധവിശ്വാസ‑ബ്ലാക്ക് മാജിക് വിരുദ്ധ ഓർഡിനൻസിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. സ്വന്തം ജീവൻ വിലയായി നൽകി അദ്ദേഹം യാഥാർത്ഥ്യമാക്കിയ ആ നിയമം പോലെ ഒന്ന് പുരോഗമന സംസ്ഥാനമായ കേരളത്തിൽ പോലും ഉണ്ടായിട്ടില്ല എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും തന്റെ ആശയാദർശങ്ങൾ വിട്ടുവീഴ്ച ചെയ്യാത്ത ആ നിരീശ്വരവാദിക്ക് പക്ഷേ തന്റെ ആഗ്രഹപ്രകാരം സ്വശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനവസ്തുവായി വിട്ടുകൊടുക്കാൻ കഴിയാതെ പോയി. ഭീകരാക്രമണത്തിൽ അക്കാദമിക് ഉപയോഗത്തിന് യോഗ്യമല്ലാത്ത അവസ്ഥയിലായിത്തീർന്നിരുന്നു അദ്ദേഹത്തിന്റെ മൃതശരീരം. പാരമ്പര്യത്തിന് വിരുദ്ധമായി മകൾ മുക്ത ചിതയ്ക്ക് തീ കൊളുത്തുകയും ചാരം അദ്ദേഹത്തിന്റെ ജൈവകൃഷിയിടത്തിൽ സസ്യങ്ങൾക്ക് വളമായി വിതറുകയും ചെയ്തു.

സിപിഐ മഹാരാഷ്ട്ര ഘടകത്തിന്റെ സെക്രട്ടറിയും ദേശീയ എക്സിക്യൂട്ടീവ് അംഗവുമായിരുന്ന ഗോവിന്ദ് പൻസാരെ 2015 ഫെബ്രുവരി 16ന് പത്നി ഉമയോടൊപ്പം പ്രഭാതനടത്തം കഴിഞ്ഞു വരുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. അദ്ദേഹം 20-ാം തീയതി മരിക്കുകയും പത്നി അതിജീവിക്കുകയും ചെയ്തു. ധബോൽക്കർ വധത്തിൽ എന്നതുപോലെ അന്വേഷണം ഊർജിതപ്പെടുത്താൻ പൊതുതാല്പര്യ ഹര്‍ജിയുമായി കേതൻ നിരോദ്കർ കോടതിയിൽ എത്തി. പൊലീസ് അന്വേഷണം നടത്തി സമീർ ഗെയ്ക്‌വാദ് എന്നയാളെയും പിന്നീട് മൂന്നുപേരെയും അറസ്റ്റ് ചെയ്തെങ്കിലും തെളിവുകൾ ശേഖരിക്കാൻ കഴിയാതെ അന്വേഷണം പാതിവഴിയിൽ അവസാനിപ്പിച്ചു.
1952ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായ പൻസാരെ അഭിഭാഷകനും എഴുത്തുകാരനുമായിരുന്നു. അസംഘടിത തൊഴിലാളികളുടെയും ചേരിനിവാസികളുടെയും യൂണിയനുകൾ ഉണ്ടാക്കി. മതരഹിത വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുകയും പുത്രകാമേഷ്ഠിയാഗം പോലുള്ള ആചാരങ്ങളെ തുറന്ന് എതിർക്കുകയും ചെയ്തു. ‘ആരായിരുന്നു ശിവജി?’ എന്നതുൾപ്പെടെ 21 പുസ്തകങ്ങൾ രചിച്ചു. മുസൽമാന്മാരെ തന്റെ സൈന്യത്തിന്റെ ജനറൽ പദവികളിലടക്കം നിയമിച്ച ഒരു മതനിരപേക്ഷ രാജാവായിരുന്നു ശിവജി എന്നത് ചരിത്ര വസ്തുതകൾ നിരത്തി സ്ഥാപിച്ചു ആ പുസ്തകം. മുഗൾ സാമ്രാജ്യവുമായി മറാത്ത നായകന് ഉണ്ടായിരുന്ന ശത്രുത അക്കാലത്തെ ഇന്ത്യയിൽ രാജാക്കന്മാർക്കിടയിൽ നിലനിന്ന സ്വാഭാവികമായ ഒന്നായിരുന്നുവെന്നും അതിൽ മതസ്പർധയുടെ അടിസ്ഥാനമില്ലെന്നും ചരിത്രാന്വേഷണത്തിലൂടെ പൻസാരെ തെളിയിച്ചു.

ഛത്രപതി ശിവജിയെ മുസ്ലിം വിരുദ്ധ ദേശീയതയുടെ വീരചിഹ്നമായി അവതരിപ്പിച്ച ഹിന്ദുത്വ ശക്തികളെ ഇത് പ്രകോപിപ്പിച്ചു. അജ്മൽ കസബ് എന്ന പാകിസ്ഥാനി ഭീകരൻ മുംബൈയിൽ നടത്തിയ ആക്രമണത്തെ പ്രതിരോധിക്കുമ്പോൾ ഹേമന്ദ് കർക്കറെ എന്ന പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയുണ്ടായി. ഹിന്ദുത്വ ഭീകരവാദം യാഥാർത്ഥ്യമാണെന്ന് ചില ബോംബ് സ്ഫോടനക്കേസുകളുടെ അന്വേഷണം നടത്തിയ ഇദ്ദേഹം കണ്ടെത്തിയിരുന്നു. കർക്കറെയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഹിന്ദുത്വശക്തികളുടെ പങ്ക് ഇക്കാര്യത്തിൽ സംശയിക്കേണ്ടതാണെന്നും ഉന്നയിച്ചുകൊണ്ട് നടന്ന ഒരു ചർച്ചയിൽ പങ്കെടുത്ത് വന്നതിനുശേഷം പൻസാരെയ്ക്ക് നിരന്തരം ഭീഷണികളുണ്ടായിരുന്നു.
കര്‍ണാടക യൂണിവേഴ്സിറ്റി വൈസ് ചാൻസലറും ദേശീയ സാഹിത്യ അക്കാദമി അവാർഡ് ജേതാവും വിഖ്യാതനായ പുരാലിഖിത ഗവേഷകനും ആയിരുന്ന ഡോ. എം എം കൽബുർഗി 2015 ഓഗസ്റ്റ് 30നാണ് വധിക്കപ്പെട്ടത്. അന്ധവിശ്വാസങ്ങൾക്കെതിരെ അദ്ദേഹം നടത്തിയ പ്രസ്താവനകൾ അക്കാദമിക് പശ്ചാത്തലത്തിലായിട്ടുപോലും മതനിന്ദയായി വ്യാഖ്യാനിക്കപ്പെട്ടു. ഒരു പ്രഭാതത്തിൽ അജ്ഞാതർ അദ്ദേഹത്തെയും വെടിവച്ചു കൊല്ലുകയായിരുന്നു. യു ആർ അനന്തമൂർത്തി രചിച്ച നഗ്നപൂജയ്ക്കെതിരായ പുസ്തകം ഒരു അന്ധവിശ്വാസ വിരുദ്ധ സെമിനാറിൽ ഉദ്ധരിച്ചതിന്റെ പേരിൽ വിഎച്ച്പി, ബജ്റംഗ് ദൾ, ശ്രീരാംസേന എന്നിവരുടെയെല്ലാം ഭീഷണി അദ്ദേഹത്തിനുണ്ടായിരുന്നു. കൽബുർഗിയുടെ കൊലപാതകത്തിലും അന്വേഷണം എവിടെയും എത്തിയില്ല.
പ്രസിദ്ധ കന്നട വാരികയായ ലങ്കേഷ് പത്രികയുടെ എഡിറ്ററും അതിന്റെ സ്ഥാപകനായിരുന്ന പി ലങ്കേഷിന്റെ പുത്രിയുമായ ഗൗരി 2017 സെപ്റ്റംബർ അഞ്ചിന് ബംഗളൂരുവിലെ വസതിയിൽ അജ്ഞാതരുടെ വെടിയേറ്റ് മരിക്കുകയായിരുന്നു. വലതുപക്ഷ ഹിന്ദുതീവ്രവാദത്തിന്റെയും ജാതി വിവേചനത്തിന്റെയും കടുത്ത വിമർശക മാത്രമായിരുന്നില്ല അവർ, കർണാടക സംസ്ഥാന രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെയും ബിജെപിയുടെയും ദുഷ്ചെയ്തികളെ തുറന്നെതിർക്കാൻ ധീരത കാണിച്ച വനിതയുമായിരുന്നു. തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകന് എതിരെയുള്ള വലതുപക്ഷശക്തികളുടെ കടന്നാക്രമണത്തെയും ഗൗരി കരുത്തോടെ എതിരിട്ടു. കേസില്‍ പ്രാഥമിക കുറ്റപത്രത്തിലെ 10-ാം പ്രതി ഇപ്പോൾ ധാബോൽക്കർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കലാസ്കർ തന്നെയാണെന്നതും കൊലകൾ നടന്ന രീതിയും ഇവയെല്ലാം നിർവഹിച്ചത് ഒരേ സംഘമാണ് എന്നതിലേക്ക് വിരൽ ചൂണ്ടുന്നു.
ധബോൽക്കറുടെയും പൻസാരയുടെയും കൽബുർഗിയുടെയും ഗൗരി ലങ്കേഷിന്റെയും ചോരവീണ ഈ മണ്ണ് ഒന്നുകൂടി തുടുക്കും. ഇന്ത്യയുടെ വൈവിധ്യത്തിൽ ഊന്നിയ ഏകത, കാലങ്ങളെ അതിവർത്തിക്കും. ജനാധിപത്യ മാർഗങ്ങളിലൂടെ ഇന്ത്യൻ ജനത അവരുടെ രക്തക്കടം വീട്ടാൻ ഒരുങ്ങുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.