13 June 2024, Thursday

പുതിയതലമുറയ്ക്ക് വെളിച്ചമായി കുഞ്ഞമ്മിണി

സിപ്പി പള്ളിപ്പുറം
March 20, 2022 7:17 am

കുഞ്ഞുങ്ങളെ കഥപാത്രങ്ങളാക്കി രചിച്ചതുകൊണ്ടുമാത്രം ഒരു കൃതി നല്ലൊരു ബാലസാഹിത്യകൃതിയാവുകയില്ല. അത്തരം കൃതികൾ മലയാളത്തിൽ ഇപ്പോൾ ധാരാളമുണ്ട്. പക്ഷേ അവയെല്ലാം കുട്ടികൾ താല്പര്യപൂർവം വായിക്കുന്നില്ല. അക്കാരണത്താൽ അവ നല്ല ബാലസാഹിത്യകൃതികളാണെന്ന് അഭി മാനിക്കാനും നമുക്ക് കഴിയില്ല. നന്തനാരുടെ ‘ഉണ്ണിക്കുട്ടന്റെ ലോകം’ പി നരേന്ദ്രനാഥിന്റെ ‘മനസ്സറിയും യന്ത്രം’, കെ ആർ വിശ്വനാഥന്റെ ‘ഹിസാഗ’, ഇ വാസുവിന്റെ ‘ആണ്ടിക്കുട്ടി’, ഡോ. കെ ശ്രീകുമാറിന്റെ ‘കണ്ണൂർ’, മുഹമ്മരമണന്റെ ‘പുസ്തകം വളർത്തിയ കുട്ടി’ തുടങ്ങിയ ബാലനോവലുകളൊക്കെ അക്കൂട്ടത്തിൽ സാമാന്യം മെച്ചപ്പെ ട്ടുനിൽക്കുന്നവയാണ്. ഈസരിണിയിൽ പെടുത്താവുന്ന വളരെ ഹൃദയഹാരിയായ ഒരു ബാലനോവലാണ് കെ എസ് വീണയുടെ ‘കുഞ്ഞമ്മിണി.’
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിക്കാവുന്ന നല്ലൊരു കൃതിയാണ് കുഞ്ഞമ്മിണി. കുട്ടികൾ മാത്രമല്ല; പ്രകൃതിയും പ്രകൃതിയിലെ ജീവജാലങ്ങളുമെല്ലാം കഥാപാത്രങ്ങളായി വരുന്നു എന്നത് ഈ പുസ്തകത്തിന്റെ ഒരു പ്രത്യേകതയാണ്. കുഞ്ഞമ്മിണിയുടെ കളിക്കൂട്ടുകാരായ കണ്ണൻ, ദേവി, മിലി തുടങ്ങിയവരെല്ലാം ഈ നോവലിലെ മിഴിവുറ്റ കഥാപാത്രങ്ങളാണ്. ഇവർക്കൊപ്പം തത്തമ്മപ്പെണ്ണും, ചക്കിപ്പൂച്ചയും പൂമ്പാറ്റയും, അണ്ണാറക്കണ്ണനും കരിയിലക്കിളികളുമെല്ലാം ഇതിൽ ഒത്തുചേരുന്നുണ്ട്. ഇവരെയെല്ലാം അണിനിരത്തിക്കൊണ്ടുള്ള വിശാലമായ ക്യാൻവാസിലാണ് വീണ കുഞ്ഞമ്മിണിയുടെ ഹൃദയഹാരിയായ ചിത്രം വരച്ചിട്ടുള്ളത്.
ഇടയ്ക്കിടെ ചെറിയ വഴക്കും വക്കാണവുമൊക്കെയായി കഴിയുന്ന ഒരു കുഞ്ഞുവീടായിരുന്നു കുഞ്ഞമ്മിണിയുടേത്. ദൂരെദൂരെയുള്ള ഒരു ഷോപ്പിങ്ങ് മാളിലാണ് അവളുടെ അമ്മയ്ക്ക് ജോലി. വല്ലപ്പോഴും മാത്രമേ വീട്ടിൽ വരാനൊക്കൂ. അതുകൊണ്ട് ആ ജോലി ഉപേക്ഷിക്കാൻ അവളുടെ അച്ഛൻ എപ്പോഴും വാശിപിടിച്ചിരുന്നു. അതിന്റെ പേരിൽ അവർ തമ്മിൽ എപ്പോഴും വഴക്കുകൂടുമായിരുന്നു. ഒടുവിൽ അവിടേയ്ക്ക് തീരെ വരാതായി. എങ്കിലും കുഞ്ഞമ്മിണി അവളുടെ മുത്തച്ഛനോടും മുത്തശ്ശിയോടും അച്ഛനോടും കൂട്ടുകാരോടുമൊപ്പം സ്വന്തം വീട്ടിൽത്തന്നെ കഴിഞ്ഞുകൂടി. വീട്ടുകാർക്കും കൂട്ടുകാർക്കും മാത്രമല്ല; നാട്ടുകാർക്കും അവർ ഏറെ പ്രിയങ്കരിയായിരുന്നു. സ്വന്തം കൂട്ടുകാർക്കു വെളിച്ചം കാണിക്കാനും കുഞ്ഞമ്മിണി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കൂട്ടുകാരുടെ കളികളിൽ പങ്കുചേരാതെയും ഒരു പുസ്തകംപോലും തുറന്നു നോക്കാതെയും മൊബൈൽക്കളികളുടെ പിന്നാലെ പോകുന്ന കണ്ണനെന്ന കൂട്ടുകാരനോട് അവൾ പറയുന്ന വാക്കുകൾ ഇന്നത്തെ തലമുറ മുഴുവൻ ശ്രദ്ധിച്ചുകേൾക്കേണ്ടതാണ്. “ടാ കണ്ണാ… ഏതുനേരവും ഗെയിം കളിച്ചോണ്ടിരുന്നാൽ നിന്റെ കണ്ണു ചീത്തയാവും” ഇങ്ങനെ കൂട്ടുകാരോടും വീട്ടുകാരോടും നാട്ടുകാരോടും നല്ലതുമാത്രം പറഞ്ഞും നന്മകൾ മാത്രം ചെയ്തും കഴിഞ്ഞുപോരുന്ന കുഞ്ഞമ്മിണിയെ ഒരുദിവസം കാണാതായാലുള്ള പുകിലുകൾ നമുക്ക് ചിന്തിക്കാവുന്നതേയുള്ളു. വീണ്ടും ഒരു സുപ്രഭാതത്തിൽ കുഞ്ഞമ്മിണി ഗ്രാമത്തിലേക്ക് തിരിച്ചുവരുന്നു എന്നു കേൾക്കുമ്പോഴുണ്ടാകുന്ന ആകാംക്ഷയും ആനന്ദവും എത്രവലുതായിരി ക്കും. ഇത്തരം രംഗങ്ങളെല്ലാം കുട്ടികളെ വിസ്മയിപ്പിക്കുന്ന രീതിയിൽത്തന്നെ എഴുത്തുകാരി ചിത്രീകരിച്ചിട്ടുണ്ട്.
നാളുകൾക്കുശേഷം നാട്ടിൽ തിരിച്ചെത്തുന്ന കുഞ്ഞമ്മിണിയെ വീട്ടുകാരും കൂട്ടുകാരും സ്വീകരിക്കുന്ന രംഗമൊക്കെ ബാലമനസ്സുകളെ അങ്ങേയറ്റം ആകർഷിക്കുന്ന രീതിയിലാണ് കെ എസ് വീണ അവതരിപ്പിച്ചിട്ടുള്ളത്.
എപ്പോഴും കണ്ണനെ ഉപദേശിക്കാറുള്ള കുഞ്ഞമ്മിണി നാട്ടിൽ തിരിച്ചെത്തിയപ്പോഴേയ്ക്കും കണ്ണൻ വളരെ മാറിക്കഴിഞ്ഞിരുന്നു. മൊബൈൽ ഫോണിലെ ‘ഗെയിമുകൾ’ നിറുത്തി അവർ കൂട്ടുകാരോടൊപ്പം നാടൻകളികളിലേക്കും വായനയിലേക്കും തിരിച്ചെത്തുന്നത് എഴുത്തുകാരി പുതിയ തലമുറയ്ക്ക് കാണിച്ചു കൊടുക്കുന്ന ഒരു വെള്ളിവെളിച്ചം തന്നെയാണ്. നാട്ടിൻപുറത്തെ ഒരു കൊച്ചു കുടുംബത്തിലെ മോഹങ്ങളും മോഹഭംഗങ്ങ ളുമെല്ലാം കോർത്തിണക്കി കുഞ്ഞുങ്ങളുടെ ലോകത്ത് ഈ അടുത്തകാലത്തുണ്ടായ മാറ്റങ്ങളും അവയുടെ ഗുണദോഷങ്ങളുമെല്ലാം ബാലമനസുകൾക്ക് ഇണങ്ങുംവിധം അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതിനാലാണ് ഈ ബാലസാഹിത്യകൃതി വളരെ മാതൃകാപരമാണെന്ന് സധൈര്യം നമുക്കു പറയാൻ കഴിയുന്നത്.
ലളിതസുന്ദരമായ രചനാശൈലി, മൂല്യബോധങ്ങളെ ഉയർത്തിപ്പിടിക്കുന്നതിലുള്ള പ്രത്യേകമായ ശ്രദ്ധ, ബാലമനസ്സിന് ഇണങ്ങുന്ന ശ്രദ്ധേയമായ ഇതിവൃത്തം, കുട്ടികളിൽ ആകാംക്ഷയുണർത്തുന്ന അവതരണരീതി തുടങ്ങിയ ഗുണങ്ങൾകൊണ്ട് ‘കുഞ്ഞമ്മിണി’ എന്ന ഈ കൊച്ചുനോവൽ മികച്ചു നിൽക്കുന്നു. പുതയി തലമുറയ്ക്ക് വെളിച്ചമായെത്തുന്ന ഈ കുഞ്ഞമ്മിണിയെ കുട്ടികൾ ഹൃദയപൂർവ്വം സ്വീകരിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

കുഞ്ഞമ്മിണി
കെ എസ് വീണ
സുജിലി പബ്ലിക്കേഷൻസ്
വില: 80 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.