21 April 2024, Sunday

വായനയെ അഗാധമാക്കിയ പുസ്തകങ്ങള്‍

Janayugom Webdesk
December 31, 2023 7:00 am

കൽ വെളിച്ചത്തിലൂടെയുള്ള ഒളിച്ചോട്ടമാണ് വായന. എഴുതുമ്പോൾ ഞാൻ എന്നിൽ നിന്നും രക്ഷപെടുന്നു, എന്നെ തന്നെ പിഴുത് മാറ്റുന്നുവെന്ന് ഹെലൻസിക്സ് പറഞ്ഞിട്ടുണ്ട്. വിസ്ഫോടനാത്മകമായ ഏകാന്തതയുടെ ഭയാനക ശൂന്യതകളെ മറികടക്കുവാനും കെട്ട കാലത്തിന്റെ അശാന്തികളിൽ നിന്നുമുള്ള വിടുതലാണ് എനിക്ക് വായന. അമേരിക്കൻ യുവകവിയായ ഡാനജിയോ സൈബറിടങ്ങളിലെ സാഹിത്യത്തെ കാലത്തിന്റെ മഷി മാഞ്ഞു പോകുന്ന വരികൾ എന്ന് നിരീക്ഷിച്ചിട്ടുണ്ട്. അച്ചടി കേന്ദ്രീകൃതമായ ഒരു സാംസ്കാരികാന്തരീക്ഷം അപ്രത്യക്ഷമായെന്ന് അദ്ദേഹം വിലയിരുത്തുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ വരവോടെ ചാറ്റ് ജിപിടി കൊണ്ട് സർഗാത്മകത സൃഷ്ടിക്കുവാൻ കഴിയുമെന്ന വാദം ശക്തമാണ്. പക്ഷേ അതിൽ ജീവിതത്തിന്റെ ഉപ്പുണ്ടാകുമോ എന്ന ചോദ്യം പ്രസക്തമാണ്. പ്രിന്റ് ഓൺ ഡിമാന്റിലൂടെ നിശ്ചിത എണ്ണം പുസ്തകം പ്രസിദ്ധികരിക്കാമെന്ന അവസ്ഥ സംജാതമായതോടെ പുസ്തകങ്ങളുടേയും എഴുത്തുകാരുടേയും എണ്ണം പെരുകി. വായനക്കാരാ, നിങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നോ എന്ന് പണ്ട് എം കൃഷ്ണൻ നായർ ചോദിച്ചതിന് ഇപ്പോഴൊരു പാഠഭേദമുണ്ട്. വായനക്കാരേ, നിങ്ങൾ ജാഗരൂകരാണോ എന്നതാണ് പുതിയ കാലത്തിന്റെ ചോദ്യം. വായനാനുഭവത്തെ മലിനീകരിക്കുന്ന പുസ്തകങ്ങളുടെ ചതിക്കുഴികൾക്കെതിരെയുള്ള നിതാന്ത ജാഗ്രതയാണ് കാലവൃക്ഷത്തിലെ കൊഴിയുന്ന ഇല വായനക്കാരെ ഓർമ്മിപ്പിക്കുന്നത്.

എഴുത്തിനെ ചരിത്ര വല്ക്കരിക്കുകയും രാഷ്ട്രീയ വല്കരിക്കുകയും ചെയ്യുന്ന അതുല്യപ്രഭാഷകനായ സുനിൽ ‘പി ഇളയിടത്തിന്റെ മൈത്രിയുടെ ലോകജീവിതം നൃശംസതകളുടെ ഇരുൾ കാലത്തിലെ വചന വെളിച്ചമാണ്. മാനവികതയുടെ തിരുവെഴുത്തുകൾ മൈത്രിയുടെ വ്യതിരിക്തകതകളിലേക്ക് ഉന്നതമായ ധൈഷണിക വിചിന്തനത്തിലൂടെ ഈ പുസ്തകത്തിൽ വായനക്കാരെ സുനിൽ മാഷ് നയിക്കുന്നു. രണ്ടു ഭാഗങ്ങളിലായി പന്ത്രണ്ട് പഠനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. മത വർഗീയ ഫാസിസത്തിനെതിരെയുള്ള സർഗപ്രതിരോധമാണ് ‘മൈത്രിയുടെ ലോകജീവിതം’ ഒന്നും രണ്ടും ഭാഗങ്ങളിൽ ആറ് വീതം ലേഖനങ്ങളാണുള്ളത്. പൗരസമൂഹത്തെ ഗ്രസിച്ചിരിക്കുന്ന നിർണായക പ്രതിസന്ധികളിലേക്കുള്ള സൂക്ഷ്മമായ അന്വേഷണങ്ങളാണ് ആദ്യ ഭാഗത്തുള്ളത്. ഗാന്ധിജിയുടെ മത രാഷ്ട്രീയ ദർശനം, ഗുരുവിന്റെ ദൈവ ഭാവന, അംബേദ്കറുടെ ഭരണഘടനാ ദർശനം തുടങ്ങിയവ ഉൾച്ചേർന്ന രണ്ടാം ഭാഗം ഇന്ത്യയുടെ ആത്മാവ് കണ്ടെത്താൻ വായനക്കാരെ പ്രാപ്തമാക്കുന്നു.

സവർക്കറുടെ തോക്കിൽ നിന്നും പുറപ്പെട്ട് പോയ വെടിയുണ്ടയാണ് ഗോഡ്സേയെന്ന് എഴുതിയ പി എൻ ഗോപീകൃഷ്ണന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ എന്ന പുസ്തകം ഫാസിസത്തിന്റെ, സംഘപരിവാറിന്റെ അധിനിവേശത്തിൽ നിന്നും ജനാധിപത്യ ഇന്ത്യക്ക് വിമോചന രഥ്വ ഒരുക്കുന്നു. അതു കൊണ്ട് തന്നെ എല്ലാ ജനാധിപത്യവിശ്വാസികളും, ജനാധിപത്യം പുലരണമെന്നാഗ്രഹിക്കുന്ന ഏതൊരാളും അനിവാര്യമായും വായിക്കേണ്ടുന്ന പുസ്തകമാണിത്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരു പോലെ അപകടകരമാണ്. എന്നാൽ ന്യൂനപക്ഷ വർഗീയതയേക്കാൾ അപകടകരമാണ് ഭൂരിപക്ഷ വർഗീയത, എന്തുകൊണ്ടെന്നാൽ ഭൂരിപക്ഷ വർഗീയതക്ക് ഇന്ത്യൻ ദേശീയതയുടെ പ്രഛന്ന വേഷം കൈവരിക്കാൻ കഴിയുമെന്ന് ജയപ്രകാശ് നാരായണൻ പറഞ്ഞത് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ അന്വർത്ഥമായിരിക്കുന്നു. സംഘ പരിവാറിന്റെ ഹിംസാത്മക രാഷ്ട്രീയത്തിനെതിരെ കൂടുതൽ പ്രത്യയശാസ്ത്ര ആയുധങ്ങൾ വികസിപ്പിക്കേണ്ടിയിരിക്കുന്നു ഈ ജനുസിൽ പെടുത്താവുന്ന പുസ്തകമാണ് 748 പേജുകളും 62 അധ്യായങ്ങളുമുള്ള പി എൻ ഗോപീകൃഷ്ണന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ.

”ആരും തോണിയിറക്കാത്ത കടലിൽ എനിക്ക് കപ്പലിറക്കണം എന്ന നീത് ഷേയുടെ വാക്കുകൾ അപ്പൻ സാറിന്റെ വിമർശന കാലത്തിന് അടിക്കുറിപ്പായി എഴുതാം. വാക്കുകളുടെ വൈദ്യുതാലിംഗനം കൊണ്ട് മലയാളിയുടെ ചിന്താ ലോകത്തിൽ നവ ഭാവുകത്വത്തിന്റെ മിന്നൽപ്പിണരുകൾ തീർത്ത കെ പി അപ്പന്റെ സർഗജീവിതത്തെ ആഴത്തിലും സൂക്ഷ്മതയിലും നിരീക്ഷിക്കുന്ന പ്രസന്നരാജന്റെ കെ പി അപ്പൻ നിഷേധിയും മഹർഷിയും നാളിതുവരെയുള്ള അപ്പൻ പഠനത്തിൽ നിന്നും വേറിട്ട് നിൽക്കുന്ന ഉജ്വലമായ ഗ്രന്ഥമാണ്. ശിരഛേദം ചെയ്യപ്പെടാത്ത അന്തസുമായി വിമർശനത്തിന്റെ പ്രജാപതിയായി നിലകൊണ്ട കെ പി അപ്പന്റെ ചിന്താപദ്ധതികളെ മൗലികതയുടെ സൂക്ഷ്മസ്പർശിനികൾ കൊണ്ട് പ്രസന്നരാജൻ ഒപ്പിയെടുത്തിരിക്കുന്നു ‘കെ പി അപ്പന്റെ സാഹിത്യ ലോകത്തെ അതിന്റെ സമഗ്രതയിൽ സ്വാംശീകരിച്ച ഈ പുസ്തകം അപ്പന് കിട്ടിയ ഏറ്റവും ഉചിതമായ അക്ഷരോദകമാണ്.

വി ഷിനിലാലിന്റെ ഇരു മലയാള നോവലിലെ നവീന ഭാവുകത്വത്തിന്റെ വിളംബരമാണ്. ഭൂതകാലവും വർത്തമാനകാലവും തമ്മിലുള്ള ചർച്ചയാണ് ചരിത്രമെന്ന ഇ എച്ച് കാറിന്റെ നിരീക്ഷണത്തിന്റെ സാക്ഷ്യപത്രമാണ് ഇരു. വ്യത്യസ്തങ്ങളായ നിരീക്ഷണങ്ങളുടെ സങ്കലനമായ ഇരു മലയാള നോവൽ ഭാവനയിൽ പുതു പാഠങ്ങൾ നിർമ്മിക്കുന്നു. തിരുവിതാംകൂറിന്റെ പ്രാചീന സ്ഥലികളും ലോകമഹായുദ്ധങ്ങളും ഇന്ത്യാ വിഭജനവുമൊക്കെ അധിനിവേശ ചരിത്രവഴികളെ തിരസ്കരിച്ച് കൊണ്ട് നേരിന്റെ വാങ്മയങ്ങളായി വായനക്കാരന്റെ ഹൃദയത്തിലേക്ക് നിപതിക്കുന്നു. കായനദിക്കിരുവശവുമുള്ളവരുടെ വംശഗാഥകളിലൂടെ ആധുനിക രാഷ്ട്രീയത്തിന്റെ ഉള്ളടരുകൾ അനുപമായ ആഖ്യാനശൈലിയിൽ ഷിനിലാൽ കോറിയിടുന്നു.

താരാകാന്തൻ എന്ന നോവലിൽ അഖിൽ കെ എഴുതുന്നുണ്ട്, “ഭൂമിയിൽ ജീവിതത്തെ സുന്ദരമാക്കുന്നതും നരകമാക്കുന്നതും ഒരേ വാക്ക് തന്നെയാണ്, കാത്തിരിപ്പ്.” മറ്റൊരു അധ്യായത്തിൽ അഖിൽ എഴുതുന്നു, ”യാത്രികർ എല്ലാവരും തന്നെ കഥകൾ പറയുന്നു അവരിൽ ചിലർക്ക് വേണ്ടി മാത്രമാണ് ചരിത്രം സ്വന്തം നാവ് പുറത്തേക്കിടുന്നത്.” കഥകളുടെ അക്ഷയഖനികളുള്ള മണ്ണാഴങ്ങൾ അഖിലിന് വേണ്ടി മാത്രം മിഴി തുറക്കുന്നുവെന്ന്‌ താരാകാന്തൻ സാക്ഷ്യപെടുത്തുന്നു. പുരാണത്തിൽ നിന്ന് താരയും സുഗ്രീവനും കിഷ്കിന്ധയും ഇറങ്ങി വന്ന് ആധുനിക മനുഷ്യജീവിത സമസ്യകളുടെ നിർധാരണമാകുന്ന ഒരു നോവൽ. ”വടവൂർ മഹേന്ദ്ര വിശ്വകർമ്മജന്റെയും അനുചരരുടേയും ശില്പ വൈദഗ്ധ്യത്തിന്റെയും ചരിത്രേതിഹാസമായ മറ്റൊരു നോവൽ. മനുഷ്യ മനസിന്റെ വൈചിത്ര്യങ്ങളുടെയും നിഗൂഢസ്ഥലികളുടേയും ഉള്ളടക്കം പേറിയെത്തുന്ന ശബരിയുടേയും സിതാരയുടേയും മറ്റൊരു കഥ. നോവലിന്റെ അന്ത്യത്തിൽ ഇവരെയെല്ലാം കാലത്തിന്റെ ചതുരംഗക്കളത്തിൽ ബന്ധിപ്പിക്കുന്ന എഴുത്തുകാരന്റെ അനുപമായ രചനാ തന്ത്രം. സർവോപരി പേനത്തുമ്പിൽ കാമറാക്കണ്ണുള്ള എഴുത്തുകാരനാണ് അഖിലെന്ന് താരാ കാന്തൻ ചരിത്രത്തോട് നിമന്ത്രിക്കുന്നു. ഒപ്പം ഹംപിയെ ഒളിമങ്ങാത്ത ദൃശ്വമാക്കി വായനക്കാരന്റെ ആത്മാവിൽ മുദ്രണം ചെയ്യുന്ന അഖിലിന്റെ സർഗ വൈഭവം താരാകാന്തനെ മലയാളത്തിലെ മികച്ച നോവലുകളിലൊന്നാക്കുന്നു.

മാനവികതയുടെ വിശുദ്ധ വേദപുസ്തകമാണ് ഷാബു കിളിത്തട്ടിലിന്റെ രണ്ടു നീല മത്സ്യങ്ങൾ ‘മനുഷ്യൻ, ഹാ! എത്ര മനോഹരമായ പദം’! നീല മത്സ്യങ്ങൾ വായിച്ചു കഴിയുമ്പോൾ കാല നദിക്കക്കരെ നിന്ന് മഹാനായ എഴുത്തുകാരൻ മാക്സിം ഗോർക്കിയുടെ ഈ വാക്കുകൾ വായനക്കാരന്റെ മനസിൽ തെളിയാതിരിക്കില്ല. രണ്ടു നീല മത്സ്യങ്ങൾ എന്ന നോവലിന് നിരവധി അടരുകളുണ്ട്. മലയാളത്തിൽ എഴുതപ്പെട്ട മികച്ച രാഷ്ട്രീയ നോവലുകളിലൊന്നാണിത്. വരും കാലത്തിന്റെ നോവലാണ് രണ്ടു നീല മത്സ്യങ്ങൾ എന്നു പറയുവാൻ കാരണം ലോകത്തിലെ ഏറ്റവും ന്യൂനപക്ഷമായ ഭിന്നശേഷി സമൂഹത്തേയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനേയും ഈ നോവൽ അഭിസംബോധന ചെയ്യുന്നതുകൊണ്ടാണ്. നോവലിന്റെ സൂക്ഷ്മരാഷ്ട്രീയ ഘടനയിൽ ഗാന്ധിയും അംബേദ്കറും മാർക്സുമുണ്ട്. അതുകൊണ്ടുതന്നെ ഷാബുവിന്റെ രണ്ടു നീല മത്സ്യങ്ങൾ നീന്തുന്നത് ഭാവിയിലേക്കാണ്.

കെ എൻ പ്രശാന്തിന്റെ പൊനം എന്ന നോവൽ ഈ വർഷം ഏഴാം പതിപ്പ് പിന്നിടുകയാണ്. 2023‑ലെ ഏറ്റവും മികച്ച കഥാസമാഹാരം പ്രശാന്തിന്റെ പാതിരാ ലീലയാണ്. തുളുനാടിന്റെ നാട്ടു മൊഴികളാൽ വന്യതയും മനുഷ്യ മനസിന്റെ അധോലോകങ്ങളും ഇരുണ്ട കാലത്തിൽ തളം കെട്ടിയ ഇരുട്ടും വായനക്കാരന്റെ ഹൃദയത്തിൽ കെ എൻ പ്രശാന്ത് കൊത്തിവയ്ക്കുന്നു. ‘കുരിപ്പ് മാട്ടിലെ മഗേശനും മൾബറിക്കാട്ടിലെ സുകുമാരനും വായനക്കാരന്റെ ബോധതലത്തിൽ നിന്നും ഒരിക്കലും മറയുന്നില്ല. കാടും ഇരുളും ചരിത്രവും പാതിരാ ലീലയിൽ ഇണചേരുന്നു. നാളിതുവരെ മലയാള ഭാവന കടന്നു ചെന്നിട്ടില്ലാത്ത പ്രമേയ പരിസരങ്ങളാണ് ചട്ടിക്കളി, ഗുഹ എന്നീ കഥകളിലുള്ളത് ‘പെരടി, കുരിപ്പുമാട് എന്നീ കഥകളിലെ ദൃശ്യഭാഷ എടുത്ത് പറയേണ്ടതാണ്. കുടിയിറക്കപ്പെടുന്നവരുടെ കരൾ വിലാപങ്ങൾ ധ്വനി സാന്ദ്രമായി ചിത്രീകരിക്കുന്ന പൂതപ്പാനി മലയാളത്തിലെ മികച്ച കഥകളിലൊന്നായ് കാലം വിധിയെഴുതും.

ഖസാക്കിന്റെ ഇതിഹാസത്തിന് ശേഷം പാലക്കാടൻ ഗ്രാമ്യഭാഷയ്ക്ക് പുതിയ കാലത്തിൽ അർത്ഥവത്തായ പൂരണം നൽകിയ കഥകളുടെ സമാഹാരമാണ് അജിത് വള്ളോലിയുടെ ഏതോ നാട്ടിലെ ആരൊക്കെയോ ചിലർ. അതു കൊണ്ട് തന്നെ ഖസാക്കിലേക്ക് സർഗ തീർത്ഥാടനം നടത്തിയ വായനക്കാർ വരും കാലത്ത് ഇതിലെ കഥാഭൂമികയായ കൊക്കാളിക്കാവിലേക്കായിരിക്കും യാത്ര പോകുന്നത്. സാഹിത്യത്തിന്റെ മുഖ്യധാരയിലൊന്നും നാം കണ്ടുമുട്ടിയില്ലാത്ത നിരവധി കഥാപാത്രങ്ങളെ ഈ പുസ്തകത്തിൽ കാണാം. ആധുനിക കാലത്തിന്റെ ഭൗതിക സമൃദ്ധികൾക്കും നാഗരികതയുടെ പ്രലോഭനീയതകൾക്കുമപ്പുറം നന്മയും തിന്മയും ഇടകലർന്ന ഗ്രാമീണ ജീവിതത്തെ ഹൃദയം തൊടുന്ന അനുഭവമാക്കുകയാണ് അജിത് വള്ളോലി. അജിത്തിന്റെ കഥകൾ ദൃശ്യങ്ങളുടെ കുടമാറ്റങ്ങളാണ്. ചരിത്രം നിർമ്മിച്ചിരിക്കുന്നത് ആറ്റങ്ങൾ കൊണ്ടല്ല, കഥകൾ കൊണ്ടാണെന്ന മ്യൂസിക് യെറിന്റെ വാക്കുകളുടെ നേരർത്ഥമാണ് ഈ കഥാസമാഹാരം

മൂന്നു മാസത്തിനുള്ളിൽ മൂന്ന് പതിപ്പുകൾ പിന്നിട്ട ഹണി ഭാസ്കറിന്റെ താലന്ത് സഹജാത സ്നേഹത്തെ കലയാക്കിയ, ജീവിതത്തിലും കലയിലും അലിവിന്റെയും കാരുണ്യത്തിന്റെയും ഒലീവുകൾ നട്ടുപിടിപ്പിച്ച് അകാലത്തിൽ പൊലിഞ്ഞുപോയ ഫാദർ മനോജ് ഒറ്റപ്ലാക്കലിന്റെ ജീവിതം ഹൃദയത്തെ ദ്രവീകരിക്കുന്ന ഭാഷയിൽ കോറിയിടുന്നു. മണ്ണിനെ മഷിയാക്കിയ ശില്പിയും ചിത്രകാരനും കവിയുമായിരുന്ന ഫാദർ മനോജ് ഒറ്റപ്ലാക്കൽ വാഹനാപകടത്തിലാണ് മരിക്കുന്നത്. വാൻഗോഗിന്റെ ജീവിതത്തെ ഹൃദയത്തെ ചുംബിക്കുന്ന അനുഭവമാക്കിയ ഇർവിംഗ് സ്റ്റോണിന്റെ ജീവിതാസക്തി, പെരുമ്പടവത്തിന്റെ ഒരു സങ്കീർത്തനം പോലെ എന്നീ കൃതികളോട് താലന്തിനെ ചേർത്ത് വായിക്കാം. ‘ഹൃദയരക്തത്താലും കണ്ണീരാലും നട്ടുനനച്ച അക്ഷരങ്ങൾ കൊണ്ടാണ് ഹണി ഭാസ്കർ താലന്ത് രചിച്ചത്. വചനത്തിന്റെ തീ പിടിച്ച താൾ ഹൃദയത്തിൽ നിന്ന് കീറി ഹണി ഭാസ്കർ മനോജച്ചനെ ഉയർത്തെഴുന്നേൽപ്പിക്കുകയായിരുന്നു താലന്തിലൂടെ.

”അരിം ചൂര്യൻ മഹാനിഷേധി ഭീകരൻ… അതിലൊട്ടും ചുണ എനിക്ക് തന്നില്ല… അരിശസും പിന്നെ കവിതയും തന്നു: ”അതു മതിയച്ഛാ തൊഴുത് നിൽക്കുന്നു.” സുനിലൻ കായലരികത്തിന്റെ അമ്മേടെ തല എന്ന കവിതാ പുസ്തകത്തിലെ വരികളാണിത്. മലയാള കവിതയിലെ ബഷീറിയൻ അനുഭവമാണ് സുനിലന്റെ കവിതകൾ. അരികു വല്ക്കരിക്കപെട്ടവരുടെ അനുഭവ വൻകരകളെ ഓണാട്ടുകരയുടെ വാമൊഴികളിലൂടെ ധ്വനി സാന്ദ്രമായി പകർന്ന സുനിലൻ കായലരികത്തിന്റെ അമ്മേടെ തലയാണ് ഈ വർഷം വായിച്ച മികച്ച കവിതാ സമാഹാരം. കവിതയെ നിർജീവബിംബങ്ങളിലേക്കും വരണ്ട പ്രതലങ്ങളിലേക്കും നയിക്കുന്ന കോക്കസ് കവികളിൽ നിന്നും വ്യത്യസ്തമായി പുതു കവിതയുടെ ലാവണ്യവിസ്ഫോടനം അമ്മേടെ തല എന്ന കവിതാ സമാഹാരത്തിലുണ്ട്.

കേവലം പത്ത് എന്ന അക്കത്തിനപ്പുറം ചേർത്ത് വയ്ക്കേണ്ട നിരവധി പുസ്തകങ്ങൾ 2023 ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുകളിൽ തിരഞ്ഞെടുത്ത പത്ത് പുസ്തകങ്ങളെ കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ടാകാം… ഉണ്ടാകണം. വായനയിലും ജനാധിപത്യം ഉണ്ടാകണം. എനിക്ക് കൺപാർക്കാൻ കഴിയാത്ത ഉദാത്ത പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപെട്ടിട്ടും ഉണ്ടാകാം. എല്ലാറ്റിന്റെയും അന്തിമ വിധികർത്താവ് കാലമാണ്. നമുക്ക് കാലത്തിന്റെ ഉദാരമായ രക്ഷയിൽ വിശ്വസിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.