12 April 2024, Friday

ശ്രീ കേരളവര്‍മ്മയിലെ ‘ഓര്‍മ്മച്ചോപ്പ്’

ബിനോയ് ജോര്‍ജ് പി
January 14, 2024 7:30 am

കേരളത്തിലെ പ്രമുഖ കാമ്പസുകളില്‍ ഒന്നാണ് തൃശൂരിലെ ശ്രീ കേരളവര്‍മ്മ കോളജ്. കലാ-കായിക‑രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലേക്ക് നിരവധി പ്രഗത്ഭരെ സംഭാവന ചെയ്ത കലാലയം. ഇത്തരത്തിലുള്ള പല കലാലയങ്ങളും ഉണ്ടാകാം. പക്ഷെ ഇത്രയും രാഷ്ട്രീയ‑സാംസ്കാരിക പ്രബുദ്ധമായ കാമ്പസുകള്‍ വിരളമാണ്. 1970കള്‍ മുതല്‍ 90വരെയുള്ള കാലഘട്ടം വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ തീക്ഷ്ണമായ സമരപോരാട്ടങ്ങളുടേതായിരുന്നു. എല്ലാം വിദ്യാര്‍ത്ഥികളുമായി നേരിട്ട് ബന്ധമുള്ളവയാകണമെന്നില്ല. പരിസ്ഥിതി സംരക്ഷണം തുടങ്ങി വിയറ്റ്നാമിലെ അമേരിക്കന്‍ കടന്നുകയറ്റവും കോളജ് മാനേജ്മെന്റ് വിദ്യാര്‍ത്ഥി പ്രവേശനത്തിന് കൈക്കൂലി വാങ്ങിയതുമെല്ലാം സമരത്തിന് കാരണമാകാം. യുവാക്കള്‍ സമൂഹത്തിലെ അനീതിയോടും അസമത്വത്തോടും സ്വജന പക്ഷപാതിത്വത്തോടും തീവ്രമായി പ്രതികരിക്കുകയും ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. ഇത് അക്കാലത്തെ മിക്ക കാമ്പസുകളുടെയും പൊതു സ്വഭാവം തന്നെയായിരുന്നു. കേരളവര്‍മ്മ ഇതില്‍ മുന്‍പന്തിയിലുമായിരുന്നു. അവിടെ നിന്നും ‘പഠിച്ചിറങ്ങിയ’ നിരവധി പേര്‍ രാഷ്ട്രീയ കേരളത്തിന്റെ നിയമനിര്‍മ്മാണ സഭയിലെത്തുകയും മന്ത്രിമാരാകുകയും ചെയ്തു. അവരുടെ എണ്ണം മറ്റൊരു കാമ്പസിനും അവകാശപ്പെടാനാകാത്തതാണ്. 

എഐഎസ്എഫ് എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കേരളവര്‍മ്മയില്‍ ചുവടുറപ്പിച്ചവരില്‍ ഏഴുപേര്‍ സംസ്ഥാന നിയമസഭയിലെത്തി. അവരില്‍ മൂന്നുപേര്‍ മന്ത്രിമാരായി. ഇതിലൊരാള്‍ എംപിയുമായി. ഇവരില്‍ പലരും ഇന്ത്യയിലെ കമമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും യുവജന പ്രസ്ഥാനങ്ങളുടെയും ഉന്നതസ്ഥാനങ്ങളിലുമെത്തി. ഇതൊരു പ്രസ്ഥാനത്തിന്റെ മാത്രം കാര്യമാണെങ്കില്‍, മറ്റു രണ്ട് രാഷ്ട്രീയപാര്‍ട്ടികളിലും കൂടി ഇതിനു സമാനമായ സ്ഥാനങ്ങളിലെത്തിയ ഇത്രയും പേരും കൂടിയുണ്ട് കേരളവര്‍മ്മക്കാരായി. ഇതാണ് കേരളവര്‍മ്മയെന്ന കാമ്പസിനെ വ്യതിരിക്തമാക്കുന്ന രാഷ്ട്രീയം. ഒരു പക്ഷേ, കേരളത്തിലെ മറ്റൊരു കാമ്പസിനും ഇതവകാശപ്പെടാന്‍ കഴിയണമെന്നില്ല. പഴയകാല എഐഎസ്എഫ് പ്രവര്‍ത്തകരുടെ കൂട്ടായ്മ ‘ഓര്‍മ്മച്ചോപ്പ്’ കേരളവര്‍മ്മ കാമ്പില്‍ സംഘടിപ്പിച്ചപ്പോള്‍ അതൊരു വലിയകാലഘട്ടത്തിന്റെ ചരിത്രമാണ് അനാവരണം ചെയ്തത്. അന്നത്തെ എഐഎസ്എഫ് പ്രവര്‍ത്തകര്‍ മാത്രമായിരുന്നില്ല കൂട്ടായ്മയിലേക്ക് എത്തിച്ചേര്‍ന്നത്. അക്കാലത്തെ മറുപക്ഷ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ നേതാക്കളും ഒപ്പം നിന്നവരുമെല്ലാമുണ്ടായിരുന്നു.

രാഷ്ട്രീയത്തിനപ്പുറമുള്ള സൗഹൃദങ്ങള്‍ക്കും നന്മകള്‍ക്കും കൂടുതല്‍ കരുത്തുണ്ടായിരുന്നുവെന്ന് ഓര്‍മ്മകള്‍ പങ്കുവെച്ചപ്പോള്‍ മുന്‍ എംപിയും എംഎല്‍എയുമായിരുന്ന സി എന്‍ ജയദേവന്‍ പറഞ്ഞു. കേരളവര്‍മ്മയാണ് തന്റെ പൊതു ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയതെന്ന് മുന്‍ മന്ത്രി കെ പി രാജേന്ദ്രനും ഓര്‍ക്കുന്നു. ഒരു രാഷ്ട്രീയ പശ്ചാത്തലവുമില്ലാത്ത കുടുംബത്തില്‍ നിന്നുമെത്തിയ താന്‍ സുഹൃത്തിനൊപ്പം ചേര്‍ന്നാണ് എഐഎസ്എഫുകാരനായത്. ജീവിതത്തെ ആകെ മാറ്റിമറിച്ച പ്രസ്ഥാനമാണിതെന്ന് മുന്‍ എംഎല്‍എ രാജാജി മാത്യു തോമസ് തന്റെ കലാലയ കാലത്തെ ഓര്‍ത്തെടുത്തു. ഭൂതക്കാല കുളിരില്‍ ജീവിക്കുന്ന ഒരാളാണ് താനെന്നും പ്രസ്ഥാനത്തിന്റെ സുവര്‍ണകാലഘട്ടത്തിലായിരുന്നു തന്റെ കാമ്പസ് ജീവിതമെന്നും പി ബാലചന്ദ്രന്‍ എംഎല്‍എ പറഞ്ഞു. ആദ്യമായി കേരളവര്‍മ്മ കോളജ് ഹോസ്റ്റല്‍ തൊഴിലാളി യുണിയന്‍ ഉണ്ടാക്കി മിനിമം വേതനത്തിന് സമരം നടത്തിയതും ‘ഊട്ടി സമരവും’ (ചെറുവനത്തിന് സമാനമായ കാമ്പസിലെ ‘ഊട്ടി‘യിലെ മരം മുറിക്കുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭം ദേശീയ ശ്രദ്ധ നേടിയിരുന്നു.) കേരളത്തിലെ നിരവധി പ്രമുഖ എഴുത്തുകാരുടെയും കലാകാരന്മാരുടെയും കേന്ദ്രമായിരുന്ന കാമ്പസിലെ ‘കളിയരങ്ങും’ ‘വൈഖരി‘യുമെല്ലാം പി ബാലചന്ദ്രന്‍ എംഎല്‍എ വാക്കുകളിലൂടെ വരച്ചിട്ടു. 

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനങ്ങള്‍ കേരളവര്‍മ്മയിലേതായിരുന്നു. ആദ്യ നാളുകളില്‍ ക്ലാസുകളില്‍ പ്രസംഗിക്കാനുള്ള മടിയും ബുദ്ധിമുട്ടുമെല്ലാം മുന്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ ഒളിമങ്ങാത്ത ഓര്‍മ്മയില്‍ നിന്നും പുറത്തെടുത്തു. ഏതൊരു പ്രസ്ഥാനത്തോടും നേരിട്ടെതിര്‍ക്കാന്‍ കെല്പുള്ളവരായിരുന്നു കേരളവര്‍മ്മ കാലത്തെ എഐഎസ്എഫുകാര്‍. സമരങ്ങളും ഭീഷണികളും മര്‍ദനവുമെല്ലാം നിറഞ്ഞ നിരവധി പ്രക്ഷുബ്ധ സന്ദര്‍ഭങ്ങള്‍ക്കൊപ്പം രസകരമായ നിരവധി നര്‍മ മുഹൂര്‍ത്തങ്ങളും സുനില്‍കുമാര്‍ ഓര്‍ത്തെടുത്തു. കോളജ് തെരഞ്ഞെടുപ്പു കാലത്തുമാത്രമല്ല എന്നും സജീവമായി, രാഷ്ട്രീയത്തില്‍ മുങ്ങി നില്‍ക്കുന്ന കാമ്പസാണിതെന്നും സമൂഹത്തില്‍ ഉണ്ടാകുന്ന ഏതു ചലനങ്ങളോടും ചടുലമായി പ്രതികരിക്കുന്നവരാണ് കേരളവര്‍മ്മയെന്നും റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എയും കേരളവര്‍മ്മക്കാരനാണ്.

മുന്‍ചൊന്നവരെല്ലാം നിയമസഭകളിലെത്തിയ കേരളവര്‍മ്മയിലെ എഐഎസ്എഫുകാരായിരുന്നെങ്കില്‍ ഇവരെ പലരേയും പ്രസ്ഥാനത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നവരും എക്കാലത്തെയും മികച്ച നേതാക്കളും സാഹചര്യങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്നും മാറി പല മേഖലകളിലെത്തിപ്പെട്ടവരുമായ നിരവധിപേര്‍ ‘ഓര്‍മ്മച്ചോപ്പു’ മായി വേദിയിലും സദസിലുമുണ്ടായിരുന്നു. ഇപ്പോഴും എഐഎസുഫുകാരിയുടെ മനസുമായി, ഒരു കഷ്ണം ചോക്ക് ലഭിച്ചാല്‍ കാമ്പസ് മുഴുവന്‍ ‘എഐഎസ്എഫ് ’ എന്നെഴുതാന്‍ വെമ്പുന്ന കൈകളുമായി സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും മഹിളാ സംഘം നേതാവുമായ പി വസന്തം, സിപിഐ സംസ്ഥാന കൗണ്‍സില്‍ മുന്‍ അംഗം കെ ശ്രീകമാര്‍, പ്രീഡിഗ്രി സീറ്റു നല്‍കുന്നതില്‍ അഴിമതി നടത്തിയ പ്രിന്‍സിപ്പളിനെ പുറത്താക്കുന്നതിന് കാരണമായ സമരത്തിന് നേതൃത്വം നല്‍കിയ എഐഎസ്എഫ് മുന്‍ സംസ്ഥാന സെക്രട്ടറി റോബ്സണ്‍ പോള്‍, കാമ്പസില്‍ എഐഎസ്എഫ് ഇല്ലാതിരുന്ന ആദ്യകാലത്ത് സംഘടന കെട്ടിപ്പടുത്ത, ഇപ്പോള്‍ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗമായ പി കെകൃഷ്ണന്‍, പൊതുപ്രവര്‍ത്തകനാകുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന തന്നെ കേരളവര്‍മയും എഐഎസ്എഫും രൂപപ്പെടുത്തിയതിനെക്കുറിച്ച് പറഞ്ഞ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍, അക്കാലത്തെ തീപ്പൊരി നേതാക്കളും ഓര്‍മ്മച്ചോപ്പിന്റെ പ്രധാന സംഘാടകരുമായ ടി ആര്‍ അനില്‍കുമാര്‍, ബി എ ബെന്നി, പ്രമുഖ ചിത്രകാരന്‍ കെ ജി ബാബു, തൃശൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഷീല വിജയകുമാര്‍, കേരളവര്‍മ്മയിലെ എഐഎസ്എഫ് നേതാവായിരുന്ന പി കെ ജമീല തുടങ്ങിനിരവധി പേരാണ് ഓര്‍മ്മകളില്‍ ചുവപ്പണിഞ്ഞെത്തിയത്. 

പഴയ സതീര്‍ത്ഥ്യരുടെയും അധ്യാപകരുടെയും കൂടിച്ചേരല്‍, ‘സൗഹൃദ കൂട്ടായ്മ’യ്ക്ക് രാഷ്ട്രീയഭേദങ്ങളില്ലായിരുന്നു. കേരളവര്‍മ്മക്കാര്‍ ഒരുമിച്ചിരുന്ന് ഭൂതകാലത്തിന്റെ ആഹ്ലാദങ്ങള്‍ പങ്കിട്ടു. എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ എ പ്രദീപ്കുമാര്‍, മുന്‍ എസ്എഫ്ഐ നേതാവ് കെ ആർ വിജയ, കോണ്‍ഗ്രസ് മുൻ എംഎൽഎ ടി വി ചന്ദ്രമോഹൻ, അധ്യാപകരായിരുന്ന പ്രൊഫ ഇ രാജൻ, ഡോ. പി ഭാനുമതി, പ്രോഗ്രസിവ് ഫോറം സംസ്ഥാന പ്രസിഡന്റ് ടി കെ രാമകൃഷ്ണൻ, കവി സി രാവുണ്ണി, ഡോ. സത്യനാഥൻ എന്നിവർ പങ്കെടുത്തു. ഇന്ത്യയിലെ ആദ്യ വിദ്യാർത്ഥി പ്രസ്ഥാനമായ എഐഎസ്എഫ് കേരളത്തിലാദ്യമായാണ് ഇത്തരമൊരു കൂട്ടായ്മ സഘടിപ്പിച്ചത്.

എഐഎസ്എഫിലൂടെ നിയമസഭയിലെത്തിയ ഏഴ് പേരെ കൂടാതെ കേരളവര്‍മ്മക്കാരായ മറ്റു ഏഴ് പേര്‍ കൂടി ഉണ്ട്. അന്നത്തെ എസ്എഫ്ഐ നേതാക്കളും സിപിഐ (എം) മുന്‍ എംഎല്‍എമാരായ എന്‍ ആര്‍ ബാലന്‍, എ യു അരുണന്‍, മന്ത്രി കെ രാധാകൃഷ്ണന്‍. കെഎസ് യു നേതാക്കളായിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാരില്‍ രണ്ടു പേര്‍ മന്ത്രിയും ഒരാള്‍ സ്പീക്കറുമായിരുന്നു. കെ പി വിശ്വനാഥന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, ടി വി ചന്ദ്രമോഹന്‍, പി ശങ്കരന്‍ എന്നിവരായിരുന്നു അവര്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.