26 April 2024, Friday

നിതി ആയോഗ് യോഗത്തിലും ബഹിഷ്കരണം

Janayugom Webdesk
ന്യൂഡല്‍ഹി
May 26, 2023 11:13 pm

സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന നയങ്ങളില്‍ പ്രതിഷേധിച്ച് നിതി ആയോഗ് യോഗം ബഹിഷ്കരിക്കാന്‍ വിവിധ സംസ്ഥാനങ്ങള്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ‌്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയവര്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ല. നിതി ആയോഗ് യോഗം ബഹിഷ്കരിക്കുന്നതായി അറിയിച്ച് കെജ്‌രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. ഡല്‍ഹി സര്‍ക്കാരില്‍ നിന്നും അധികാരങ്ങള്‍ കവരുന്ന കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെയാണ് പ്രതിഷേധം. 

സഹകരണ ഫെഡറലിസം ഒരു തമാശയായിരിക്കെ നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കുന്നതിൽ എന്താണ് അർത്ഥമെന്ന് കെജ്‌രിവാൾ കത്തില്‍ ചോദിക്കുന്നു. പ്രധാനമന്ത്രി സുപ്രീം കോടതിയെ അനുസരിക്കുന്നില്ലെങ്കിൽ ആളുകൾ നീതിക്കായി എവിടേക്ക് പോകുമെന്ന് ജനങ്ങൾ ചോദിക്കുന്നതായും കത്തില്‍ വിമര്‍ശിക്കുന്നു. ആംആദ്മി പാർട്ടിയും കേന്ദ്രഭരണകൂടവും തമ്മിലുള്ള തർക്കത്തിലെ പ്രതിഷേധ സൂചകമായി യോഗത്തിൽ നിന്നും വിട്ടുനില്‍ക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മനും അറിയിച്ചിട്ടുണ്ട്. 

യോഗത്തില്‍ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയും പങ്കെടുത്തേക്കില്ലെന്നാണ് സൂചന. സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാനുള്ള ഒരേയൊരു വേദി ആയതിനാൽ നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കുമെന്ന് മമത നേരത്തെ പറഞ്ഞിരുന്നു. നിതി ആയോഗിന്റെ പരമോന്നത സമിതിയായ കൗൺസിലിൽ എല്ലാ മുഖ്യമന്ത്രിമാരും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാരും നിരവധി കേന്ദ്രമന്ത്രിമാരും അംഗങ്ങളാണ്. ഇന്ന് നടക്കുന്ന യോഗത്തിൽ ആരോഗ്യം, നൈപുണ്യ വികസനം, സ്ത്രീ ശാക്തീകരണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യും. 

Eng­lish Summary:Boycott in NITI Aayog meet­ing too

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.