കെട്ടിടനമ്പര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭയിലെ രണ്ട് താല്‍കാലിക ഡാറ്റ എന്‍ട്രി ജീവനക്കാരെ നീക്കി. നഗരസഭയുടെ ആഭ്യന്തര അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തതായി മേയര്‍ ആര്യാ രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തിരുവനന്തപുരം സൈബർ പൊലീസിലും എഡിജിപി മനോജ് എബ്രഹാമിനും ഇത് സംബന്ധിച്ച പരാതി നൽകിയിട്ടുള്ളത്. തട്ടിപ്പിന് പിന്നിലുള്ളവരെ കുറിച്ച് പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നുംമേയർ പറഞ്ഞു. അജയ്‌ഘോഷെന്ന വ്യക്തിയുടെ പേരിലുള്ള രണ്ട് കെട്ടിടങ്ങളെ സംബന്ധിച്ചുള്ള അന്വേഷണത്തിലാണ് ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടത്.
കേശവദാസപുരം വാർഡിൽ മരപ്പാലം ടികെഡി റോഡിലെ വിഎസ്‌സി ഓഫീസിന് എതിർവശത്തെ റോഡരികിലെ രണ്ട് വാണിജ്യ കെട്ടിടങ്ങളിലാണ് അനധികൃതമായി നമ്പര്‍ നല്‍കിയതായി കണ്ടെത്തിയത്. 2022 ജനുവരി 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 8.26ന് ബിൽ കലക്ടറുടെ ഐഡി ലോഗിൻ ചെയ്ത് നടപടികള്‍ ആരംഭിച്ച് 8.37 ഓടുകൂടി മുഴുവന്‍ അപ്രൂവലുകളും നടത്തുകയാണ് ചെയ്തത്. ഡാറ്റ എൻട്രി ഓപ്പറേറ്റർമാർ ഉപയോഗിക്കുന്ന രണ്ട് കമ്പ്യൂട്ടറുകളിൽ ഒന്നാണ് തട്ടിപ്പിന് ഉപയോഗിച്ചിരിക്കുന്നതെന്നും കണ്ടെത്തി. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ഡാറ്റാ എന്‍ട്രി ജീവനക്കാരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. പരാതി സമര്‍പ്പിച്ചതിന്റെ ഭാഗമായി പൊലീസ് എഫ്ഐആര്‍ രേഖപ്പെടുത്തുകയും നഗരസഭയിലെത്തി മൊഴിയെടുക്കുകയും ചെയ്തു.
മേയർ ആര്യാ രാജേന്ദ്രന്റെ നിർദേശത്ത തുടർന്നാണ് കോർപറേഷനിൽ അന്വേഷണം ആരംഭിച്ചത്. ചില തദ്ദേശസ്ഥാപനങ്ങളിൽ അനധികൃതമായി കെട്ടിട നമ്പർ നൽകിയെന്ന പരാതി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു കോർപറേഷനിൽ അന്വേഷണത്തിന് നിർദേശം. തുടർന്ന് ആദ്യഘട്ടമെന്ന നിലയിൽ മെയിൻ ഓഫീസ്, ഫോർട്ട്, നേമം സോണലുകളിൽ പരിശോധന തുടങ്ങി.മൂന്നിടങ്ങളിലുമായി കെട്ടിട നമ്പറിനുള്ള 1686 അപേക്ഷകൾ പരിശോധനക്ക് എടുത്തു. ഇതിൽ 312 അപേക്ഷകളുടെ പരിശോധന പൂർത്തിയായി. മറ്റുക്രമക്കേടുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. മറ്റ് ഓഫീസുകളിലും പരിശോധന നടത്തും. കോർപറേഷൻ നടത്തിയ പരിശോധനയിൽ വിരമിച്ചവരും സ്ഥ ലംമാറി പോയവരുമായ 38 ജീവനക്കാരുടെ യൂസർനെയിം, പാസ്‌വേഡ് ആക്ടീവാണെന്ന് കണ്ടെത്തി. തുടർന്നിവ ഡീ ആക്ടിവേറ്റ് ചെയ്‌തു. വാര്‍ത്താ സമ്മേളനത്തില്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാജുവും പങ്കെടുത്തു.
English Summary: Building number fraud: Two temporary employees in the municipality have been removed
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.