30 April 2024, Tuesday

Related news

November 26, 2023
July 29, 2023
July 14, 2023
May 18, 2023
April 18, 2023
March 16, 2023
March 4, 2023
February 3, 2023
July 28, 2022
July 5, 2022

സര്‍വേകള്‍ പ്രതിക്കൂട്ടിലാക്കുന്നു ;ഐഐപിഎസ്‌ ഡയറക്‌ടറെ പുറത്താക്കി

Janayugom Webdesk
ന്യൂഡല്‍ഹി
July 29, 2023 10:23 pm

കുടുംബാരോഗ്യ സര്‍വേകള്‍ കേന്ദ്രസര്‍ക്കാരിന് അനുകൂലമാകാത്തതിന്റെ പേരില്‍ ഇന്റര്‍നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷൻ സ്റ്റഡീസ് ഡയറക്ടര്‍ കെ എസ് ജയിംസിന് സസ്പെന്‍ഷന്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഐഐപിഎസ് ആണ് ദേശീയ കുടുംബാരോഗ്യ സര്‍വേകള്‍ തയ്യാറാക്കുന്നത്.
കുടുംബാരോഗ്യ സര്‍വേകളിലെ കണക്കുകള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സാധിക്കാത്തതിന്റെ പേരിലാണ് നടപടിയെന്നാണ് വിലയിരുത്തല്‍. ജെയിംസിനോട് രാജിവെക്കാൻ നേരത്തെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഈ കാരണങ്ങളാല്‍ സ്ഥാനമൊഴിയാൻ അദ്ദേഹം തയാറായില്ല. 28ന് വൈകുന്നേരമാണ് സസ്പെൻഷൻ കത്ത് ജെയിംസിന് ലഭിച്ചത്. റിക്രൂട്ട്മെന്റിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ വിചിത്രനീക്കം.
2018 ലാണ് മുബൈ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി ജയിംസ് നിയമിതനായത്. ഐഐപിഎസില്‍ ചേരുന്നതിന് മുൻപ്, ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ജനസംഖ്യാ പഠനത്തിന്റെ പ്രൊഫസറായിരുന്നു.
ഇന്ത്യയിലെ 19 ശതമാനം വീടുകളും ഒരു ടോയ്‌ലറ്റ് സൗകര്യവും ഉപയോഗിക്കുന്നില്ലെന്നും, തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തുന്നുവെന്നും ഐഐപിഎസ് ഒരു സര്‍വേയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്രഭരണ പ്രദേശമായ ലക്ഷ്വദ്വീപില്‍ മാത്രമാണ് 100 ശതമാനം ശൗചാലയ സൗകര്യങ്ങളുള്ളതെന്ന് സര്‍വേ കണ്ടെത്തി. രാജ്യം പൂര്‍ണമായും ടോയ്‌ലറ്റ് സൗകര്യമുള്ള രാജ്യമായി മാറിയെന്ന നരേന്ദ്ര മോഡി സര്‍ക്കാരിന്റെ അവകാശവാദത്തിന് വിരുദ്ധമായിരുന്നു സര്‍വേ ഫലങ്ങള്‍.
40 ശതമാനത്തിലധികം കുടുംബങ്ങള്‍ക്ക് പാചകം ചെയ്യാനാവശ്യമായ ഇന്ധനവും സൗകര്യവും ലഭിക്കുന്നില്ലെന്ന ഐഐപിഎസ് സര്‍വേഫലം ഉജ്ജ്വല യോജനയുടെ വിജയത്തിന്റെ അവകാശവാദങ്ങളെയും ചോദ്യം ചെയ്കിരുന്നു. ഗ്രാമപ്രദേശങ്ങളില്‍, ജനസംഖ്യയുടെ പകുതിയിലധികം, 57 ശതമാനത്തിന് എല്‍പിജിയോ പ്രകൃതിവാതകമോ ലഭ്യമല്ലെന്നും ഈ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇന്ത്യയില്‍ അനീമിയ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേയും അടുത്തിടെ പുറത്തുവന്നിരുന്നു.
2019ല്‍ തൊഴിലില്ലായ്മ വിവരങ്ങള്‍ മോഡി സര്‍ക്കാര്‍ തടഞ്ഞുവച്ചിരുന്നു. പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മാത്രമാണ് അത് പുറത്തുവിട്ടത്. ഈ നടപടി ദേശീയ സ്റ്റാസ്റ്റിക്കല്‍ കമ്മീഷന്‍ അംഗങ്ങളുടെ രാജിയിലേക്ക് നയിച്ചിരുന്നു. 2021‑ല്‍ നടക്കേണ്ടിയിരുന്ന സെൻസസ് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നടത്തിയിട്ടില്ല. രാജ്യത്തെ ജനങ്ങളുടെ യഥാര്‍ത്ഥ ജീവിതാവസ്ഥകള്‍ പ്രതിഫലിപ്പിക്കുന്ന ഐക്യരാഷ്ട്ര സഭ അടക്കമുള്ള ആഗോള സംഘടനകളുടെ റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പതിവായി തള്ളിക്കളയുകയും ചെയ്യാറുണ്ട്.

eng­lish summary;Surveys impeached; IIPS direc­tor suspended

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.