8 May 2024, Wednesday

ജാതീയമായ വേർതിരിവുകൾ ഇല്ലാതാക്കണം: കുരീപ്പുഴ

Janayugom Webdesk
ആലപ്പുഴ
December 16, 2022 10:09 pm

ഗുരുദാസ് ദാസ് ഗുപ്ത നഗര്‍: ജാതീയമായ വേർതിരിവുകൾ ഇല്ലാതിരിക്കാൻ കുലത്തൊഴിൽ സമ്പ്രദായം നിർത്തലാക്കുവാനുള്ള മുദ്രാവാക്യംകൂടി തൊഴിലാളി പ്രസ്ഥാനങ്ങൾ ഏറ്റെടുക്കണമെന്ന് കവിയും സാമൂഹിക പ്രവർത്തകനുമായ കുരീപ്പുഴ ശ്രീകുമാർ. അംബേദ്കറിസവും കമ്മ്യൂണിസവും യോജിച്ചാൽ ഈ ആശയം വലിയ പോരാട്ടമായി വളർത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. എഐടിയുസി ദേശീയ സമ്മേളനത്തിന്റെ തുടക്കമിട്ട് നടന്ന തൊഴിലാളി-സാംസ്കാരിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കുരീപ്പുഴ.
അന്ധവിശ്വാസത്തെയും അനാചാരങ്ങളെയും ഇല്ലായ്മചെയ്യാനുള്ള പോരാട്ടംകൂടി തൊഴിലാളികളും പ്രസ്ഥാനങ്ങളും ഏറ്റെടുക്കണം. 

റോഡുവക്കിലും ക്ഷേത്രമൈതാനത്തും പൊങ്കാല ഇട്ടാൽ ആരുടെയും സേവനവേതന വ്യവസ്ഥകൾ പരിഷ്ക്കരിക്കാനാവില്ലെന്ന് ബോധ്യപ്പെടുത്താൻ കഴിയണം . രണ്ട് വർഷം മുമ്പ് നടക്കേണ്ടിയിരുന്ന സമ്മേളനമാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്. മാറ്റിവയ്ക്കാനുള്ള കാരണം, കോവിഡ് വ്യാപകമായതാണ്. ഏതെങ്കിലും ആൾദൈവങ്ങൾക്കോ ജോത്സ്യന്മാർക്കോ കോവിഡ് മാറ്റാനായില്ല. അവരാരും എല്ലാവരും മാസ്ക് ധരിക്കാനും സോപ്പുപയോഗിച്ച് കൈകഴുകാനും ഒരു മതാധ്യക്ഷന്മാരും പറഞ്ഞുതന്നില്ല, അതാദ്യം നിർദ്ദേശിച്ചത് ശാസ്ത്രമാണ്. അതിന്റെ ഫലമാണ് കോവിഡ് കുറയാനുള്ള കാരണം. കുരീപ്പുഴ പറഞ്ഞു. 

എന്താണ് ശാസ്ത്രം എന്നും എന്താണ് അന്ധവിശ്വാസമെന്നും കുടുംബങ്ങളിൽ നിന്ന് പഠിപ്പിക്കണം. ചെറിയൊരു പനി വന്നാൽ ഡോക്ടറെ കാണാതെ മന്ത്രവാദിയെ കാണുന്നവർ ഇന്നും ഉണ്ട്. പരീക്ഷയ്ക്ക് പോവും മുമ്പ് പേന പൂജയ്ക്ക് വയ്ക്കുന്ന ശീലം എന്തിനാണ് നമ്മുടെ കുട്ടികളിൽ കൊണ്ടുവരുന്നത്. അതെല്ലാം മാറ്റിയെടുക്കാൻ തൊഴിലാളികൾ മുന്നോട്ടുവരണമെന്നും കുരീപ്പുഴ ആവശ്യപ്പെട്ടു.
രാജ്യത്ത് കർഷകരും തൊഴിലാളികളും നയിച്ച പോരാട്ടങ്ങൾ മോഡി സർക്കാരിനെ മുട്ടുകുത്തിച്ചെങ്കിലും അവസാനിച്ചെന്ന് കരുതാനാവില്ലെന്ന് കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. കർഷകരുടെ ഐതിഹാസിക പോരാട്ടത്തിൽ പങ്കാളികളായവരിൽ പലരും എഐടിയുസി ദേശീയ സമ്മേളനത്തിന് എത്തിക്കാണുമെന്നും അവരെ അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry: Caste dis­tinc­tions should be abol­ished: Kuripuzha

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.