കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി ചിദംബരത്തിന്റെയും മകനും എംപിയുമായ കാര്‍ത്തി ചിദംബരത്തിന്റെയും വസതികളിലും സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ്.
ഡൽഹി, മുംബൈ, ചെന്നൈ, ഒഡിഷ, കർണാടക, തമിഴ്‌നാട്ടിലെ ശിവഗംഗ എന്നിവിടങ്ങളിലെ ഒമ്പത് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ഒമ്പതിടത്തും ഒരേ സമയമാണ് സിബിഐ സംഘം റെയ്ഡ് നടത്തിയത്.
പരിശോധന 15 മിനിറ്റോളം നീണ്ടു. വിദേശ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരം ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ അന്വേഷണ ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
യുപിഎ സര്‍ക്കാര്‍ ഭരണത്തിലിരിക്കെ പഞ്ചാബിലെ ഒരു പ്രോജക്‌ടിൽ ജോലി ചെയ്യുന്നതിനായി 250 ചൈനീസ് പൗരന്മാര്‍ക്ക് വിസ അനുവദിക്കുന്നതിന് 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കാര്‍ത്തി ചിദംബരത്തിനെതിരായ പ്രധാന ആരോപണം.
എയർസെൽ- മാക്സിസ് അഴിമതിക്കേസിൽ ചിദംബരവും കാർത്തി ചിദംബരവും നിലവിൽ അന്വേഷണം നേരിടുന്നുണ്ട്. ചിദംബരം ധനമന്ത്രിയായിരിക്കെ 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിച്ചതടക്കം മറ്റു കേസുകളിലും കാർത്തിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.
റെയ്ഡില്‍ പ്രതികരിച്ച് ചിദംബരവും കാര്‍ത്തിയും ട്വിറ്ററിലൂടെ രംഗത്തെത്തി. എന്റെ വസതിയില്‍ സിബിഐ റെയ്ഡ് നടത്തി. തന്നെ പ്രതിച്ചേര്‍ത്തിട്ടില്ലാത്ത ഒരു എഫ്ഐആര്‍ സംഘം കാണിച്ചു.
തെരച്ചില്‍ സംഘത്തിന് ഒന്നും കണ്ടെത്താനായില്ല. ഒന്നും പിടിച്ചെടുത്തതുമില്ല. തിരച്ചില്‍ നടത്തിയ സമയം രസകരമായിരുന്നുവെന്നും ഞാന്‍ ചൂണ്ടിക്കാണിക്കട്ടെ എന്നായിരുന്നു പി ചിദംബരത്തിന്റെ പ്രതികരണം. ‘‘എനിക്കു തന്നെ എണ്ണം നഷ്ടപ്പെട്ടിരിക്കുന്നു. ഇത് എത്രാമത്തെ തവണയാണ്. ഇത് റെക്കോർഡ് ആയിരിക്കും’’ എന്നാണ് കാർത്തി ചിദംബരം ട്വീറ്റ് ചെയ്തത്.
അതേസമയം പി ചിദംബരത്തിനെതിരായ സിബിഐ നടപടി രാഷ്ട്രീയ അധഃപതനമെന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് ഇത്തരം നടപടികളെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
English Summary: CBI raids P Chidambaram’s house
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.