കർഷകർക്ക് സർക്കാരുകളെ മാറ്റാൻ കഴിയുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ആംആദ്മി പാർട്ടി പോലുള്ള മറ്റ് പ്രതിപക്ഷ പാർട്ടികൾക്കൊപ്പം ചേരുകയും പിന്തുണക്കുകയും ചെയ്യുന്നത് കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകും എന്ന് കെസിആർ പറഞ്ഞു. നിലവിൽ പഞ്ചാബിൽ നടക്കുന്ന കർഷകസമരം കണക്കിലെടുത്ത് വിളകൾക്ക് താങ്ങുവില സംബന്ധിച്ച് ഭരണഘടനാ ഗ്യാരണ്ടി ലഭിക്കുന്നതുവരെ രാജ്യത്തിനായി പ്രക്ഷോഭം തുടരാൻ കർഷകരോട് അദ്ദേഹം ആഹ്വാനം ചെയ്യ്തു.
ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികർക്കും കഴിഞ്ഞ വർഷം കർഷക നിയമ വിരുദ്ധ പ്രക്ഷോഭത്തിനിടെ മരിച്ച കർഷകർക്കും ആദരാഞ്ജലികൾ അർപ്പിക്കാൻ പഞ്ചാബിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു വർഷം നീണ്ടുനിന്ന സമരത്തിൽ മരിച്ച 600 കർഷകരുടെ കുടുംബങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്യുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ഒപ്പം അവർക്ക് അനുഭാവം പ്രകടിപ്പിക്കുകയും ചെയ്തു.
പ്രതിഷേധത്തിനിടെ മരിച്ച കർഷകർക്ക് തെലങ്കാന സർക്കാർ മൂന്ന് ലക്ഷം രൂപ വീതം നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ കഴിഞ്ഞ വർഷം നടന്ന വൻ പ്രക്ഷോഭത്തെ നയിച്ച നേതാക്കളിലൊരാളായ പ്രമുഖ കർഷക നേതാവ് രാകേഷ് ടിക്കായത്തും ചടങ്ങിൽ പങ്കെടുത്തു. വളം വിലക്കയറ്റം, താങ്ങുവില, ഇന്ധനച്ചെലവ് എന്നിവയുൾപ്പെടെ കർഷകരുടെ പ്രശ്നത്തെ അദ്ദേഹം അഭിസംബോധന ചെയ്യ്തു.
അതേസമയം, ദേശീയ രാഷ്ട്രീയത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്ന കെസിആർ പ്രമുഖ കർഷകനേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അദ്ദേഹം നേരത്തെ ഡൽഹിയിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെ കാണുകയും ഡൽഹി സർക്കാർ സ്‌കൂളിൽ സന്ദർശനം നടത്തുകയും തുടർന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വിദ്യാഭ്യാസ മാതൃകയെ പുകഴ്ത്തുകയും ചെയ്തിരുന്നു.
കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനുമായി വേദി പങ്കിടുകയും ചെയ്യ്തു.മെയ് 26ന് റാവു ബംഗളൂരുവിൽ എത്തി മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് അദ്ദേഹം അടുത്ത ദിവസം മഹാരാഷ്ട്രയിലെ റാലേഗൻ സിദ്ധിയിൽ പോയി സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ കാണും.
English Summary: Chandrasekhar Rao says farmers can change governments
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.