5 November 2024, Tuesday
KSFE Galaxy Chits Banner 2

ഔഷധം വിഷമാകുമ്പോള്‍

Janayugom Webdesk
December 30, 2022 5:00 am

ഷധ കയറ്റുമതിയിൽ രാജ്യം വൻകുതിച്ചുചാട്ടമാണ് നടത്തുന്നതെന്നും ലോകത്തെ ‘ഫാർമ പവർഹൗസ്’ ആണ് ഇന്ത്യയെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തത് ഏതാനും ദിവസം മുമ്പാണ്. മോഡി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് തൊട്ടുമുമ്പുള്ള 2013 ഏപ്രിൽ‑ഒക്ടോബറിലെ 38,​000 കോടിയിൽ നിന്ന് രാജ്യത്തിന്റെ ഔഷധ കയറ്റുമതി നടപ്പുവർഷം 90,​320 കോടിയായി 137.7 ശതമാനം വളര്‍ച്ച നേടിയെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. നിലവിലെ നില തുടർന്നാൽ നടപ്പുവർഷത്തെ മൊത്തം കയറ്റുമതി 2,700 കോടി ഡോളർ കടക്കുമെന്നായിരുന്നു കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലെ ഫാർമസ്യൂട്ടിക്കൽസ് എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ ഡയറക്ടർ ജനറൽ ഉദയ ഭാസ്കറിന്റെ അവകാശവാദം. ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിനു കാരണമായത് ഇന്ത്യൻ നിർമ്മിത ചുമമരുന്നാണ് എന്ന ആരോപണവും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പും നിലനില്‍ക്കുന്നതിനിടെയായിരുന്നു കേന്ദ്രഭരണാധികാരികളുടെ അവകാശവാദങ്ങള്‍. ഇപ്പാേഴിതാ ഉസ്‍ബക്കിസ്ഥാനില്‍ നിന്നും ഇന്ത്യയെ നാണം കെടുത്തുന്ന ദുരന്തവാര്‍ത്ത പുറത്തുവന്നിരിക്കുന്നു. ഇന്ത്യൻ കമ്പനിയുടെ ചുമമരുന്ന് കുടിച്ച് 18 കുട്ടികൾ മരിച്ചുവെന്ന ദുഃഖകരമായ വാര്‍ത്തയാണ് ആ രാജ്യം പുറത്തുവിട്ടത്. സംഭവത്തിൽ ഹരിയാന ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനി മാരിയോൺ ബയോടെക് ഖേദം പ്രകടിപ്പിക്കുകയും മരുന്നിന്റെ ഉല്പാദനം നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.


ഇതുകൂടി വായിക്കൂ: വീണ്ടും ജാഗ്രത; കരുതല്‍ കെെവിടരുത്


രാജ്യത്ത് വില്പന നടത്തുന്നില്ലെങ്കിലും യുകെ, ജോർജിയ, നൈജീരിയ, ഖസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്‌മെനിസ്ഥാൻ, അസർബൈജാൻ, കെനിയ, എത്യോപ്യ, ശ്രീലങ്ക, മ്യാൻമർ, ലാവോസ്, വിയറ്റ്നാം എന്നിവിടങ്ങളിലേക്ക് ആരോപണവിധേയമായ മരിയോൺ ബയോടെക് മരുന്നുകൾ കയറ്റുമതി ചെയ്യുന്നുണ്ട്. ഉസ്‍ബക്ക് ആരോഗ്യമന്ത്രാലയത്തോട് ഇന്ത്യ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സംഭവം പുറത്തായതോടെ മരുന്ന് ഉപയോഗിച്ച മറ്റ് രാജ്യങ്ങളും സംഭ്രമത്തിലാവുക സ്വാഭാവികമാണ്. ഗാംബിയയില്‍ കുട്ടികളുടെ ദുരന്തത്തിനിടയാക്കിയ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ചുമമരുന്നുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഈ മരുന്നുകള്‍ വിപണിയില്‍ ഉപയോഗിക്കുന്നത് തടയണമെന്നും മുന്നറിയിപ്പ് നല്‍കിയ ലോകാരോഗ്യ സംഘടനയും പുതിയവിഷയത്തില്‍ ഇടപെട്ടേക്കും. ഇത് രാജ്യത്തെ മരുന്നു നിർമ്മാണ കമ്പനികൾക്ക് വലിയ തിരിച്ചടിയായി മാറുമെന്നുറപ്പാണ്. വിദേശങ്ങളിലേക്കുള്ള മരുന്നു കയറ്റുമതിയെ സാരമായി ബാധിക്കാനും ഇടയുണ്ട്. ഇന്ത്യയുടെ മരുന്നുപരിശോധനാ സംവിധാനങ്ങളുടെ കാര്യക്ഷമതയെത്തന്നെ ചോദ്യം ചെയ്യുന്ന സംഭവങ്ങളാണ് തുടരെയുണ്ടാകുന്നത്. നിലവാരമില്ലാത്ത ഔഷധങ്ങൾ കണ്ടെത്തുന്നതിനും നീക്കം ചെയ്യുന്നതിനും രാജ്യങ്ങൾ വിതരണ ശൃംഖലകളുടെ നിരീക്ഷണം വർധിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ നിർദേശമുണ്ടായിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ഭരണകെടുകാര്യസ്ഥതയാണ്.


ഇതുകൂടി വായിക്കൂ: ഭക്ഷ്യസുരക്ഷാവലയം വിപുലമാക്കണം


ഔഷധങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സാധിക്കാതെ വരുന്നതും ​ഗുണനിലവാരമില്ലായ്മയിൽ തുടർനടപടിക്ക് തടസമാകുന്നതും രാജ്യത്തെ മരുന്ന് ​റെഗുലേറ്ററി സംവിധാനത്തിലെ പോരായ്മകളാണ്. ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയാലും പലപ്പോഴും കടുത്ത നടപടികൾ ഉണ്ടാകാറില്ല. ​ഗുണനിലവാരമില്ലെന്ന് കണ്ടെത്തുന്ന ബാച്ച് മരുന്നുകൾ മാത്രം പിൻവലിക്കുകയാണ് പതിവ്. പരിശോധനക്ക് എടുക്കുന്ന മരുന്നിന്റെ ഫലം വരുന്നത് മൂന്ന് മാസമെങ്കിലും കഴിഞ്ഞായിരിക്കും. അപ്പോഴേക്കും വ്യാപകമായ ഉപയോ​ഗം നടന്നിരിക്കും. പുതിയ മരുന്നുകൾക്ക് മാത്രമാണ് ക്ലിനിക്കൽ ട്രയലും കേന്ദ്ര അനുമതിയും വേണ്ടത്. നേരത്തെ അനുമതി കിട്ടിയ ഒരു മരുന്നിൽ പുതിയ രാസഘടകങ്ങൾ ചേർത്ത് കോമ്പിനേഷൻ മരുന്നുകൾ ഇറക്കാൻ പ്രത്യേക കടമ്പകളില്ല. ഇതാണ് ​ഗുണനിലവാരത്തിൽ പ്രധാന പ്രശ്നമാകുന്നതെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് നിയന്ത്രിക്കാനോ പരിശോധിക്കാനോ കൃത്യമായ സംവിധാനം ഇല്ല. ഇക്കാര്യത്തെക്കുറിച്ച് അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയും ഡല്‍ഹിയിലെ പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും നടത്തിയ ഗൗരവപൂര്‍ണമായ പഠനങ്ങളുമുണ്ട്. എന്നിട്ടും മരുന്ന് കമ്പനികളെ നിയന്ത്രിക്കാനും ഗുണനിലവാരമുറപ്പാക്കാനും ഭരണാധികാരികള്‍ ശ്രദ്ധിക്കാത്തത് അക്ഷന്തവ്യമായ അപരാധമാണ്. രാജ്യത്തിനുണ്ടാകുന്ന അപഖ്യാതി മാത്രമല്ല, മനുഷ്യജീവനുകള്‍ കുരുതി കൊടുക്കുക കൂടിയാണ് വിഷമരുന്ന് ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുന്ന കുത്തകകള്‍ ചെയ്യുന്നത്. ഇത് തിരിച്ചറിയാനും ശാശ്വത പരിഹാരമുണ്ടാക്കാനും കേന്ദ്രഭരണകൂടത്തിന് ബാധ്യതയുണ്ട്.

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.