26 May 2024, Sunday

വീണ്ടും ജാഗ്രത; കരുതല്‍ കെെവിടരുത്

Janayugom Webdesk
December 23, 2022 5:00 am

രാജ്യത്ത് കോവിഡ് മാനദണ്ഡങ്ങൾ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കർശനമാക്കുകയാണ്. ചെെനയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് ജാഗ്രതാ നിർദേശം. ചെെനയിൽ പടരുന്ന ഒമിക്രോണിന്റെ ബിഎഫ് 7 വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്തിൽ രണ്ടും ഒഡിഷയിൽ ഒരു കേസുമാണ് സ്ഥിരീകരിച്ചത്. അതിവേഗ വ്യാപനമാണ് വകഭേദത്തിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ആൾക്കൂട്ടമുള്ള ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് തുടരണമെന്നും രോഗങ്ങളുള്ളവരും മുതിർന്നവരും നിർബന്ധമായും മാസ്ക് ധരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്കിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഇന്നലെ പ്രധാനമന്ത്രിയും ജാഗ്രത നിർദേശിച്ചത്. ആശുപത്രികള്‍ സജ്ജമാക്കണമെന്നും ആഘോഷവേളകളില്‍ മാസ്ക് ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ നടപ്പാക്കണമെന്നുമാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. രാജ്യത്ത് വാക്സിനേഷന്‍ ഫലപ്രദമായി നടപ്പായെന്നും അതിനാല്‍ ഗുരുതരമായ അവസ്ഥയ്ക്ക് സാധ്യതയില്ലെന്നും കേന്ദ്ര ഭരണാധികാരികള്‍ അവകാശവാദമുന്നയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഭൂരിഭാഗം ആളുകളും വാക്സിൻ സ്വീകരിച്ചിട്ടുള്ളതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കോവിഷീല്‍ഡ് വാക്സിന്‍ നിര്‍മ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അഡാര്‍ പൂനെവാലയും പറഞ്ഞിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ വാക്സിനുകളെ കുറിച്ച് ആശങ്കാജനകമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത് മറക്കാനാകില്ല. തദ്ദേശീയമായി നിര്‍മ്മിച്ച കോവാക്സിന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാതെ പുറത്തിറക്കുന്നതിന് രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതായിരുന്നു. പൊതു ഉപയോഗത്തിന് അനുമതി നേടുന്നതിനുള്ള പ്രക്രിയയില്‍ കോവാക്സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് നിരവധി സുരക്ഷാപരിശോധനകള്‍ ഒഴിവാക്കിയെന്ന് ആരോഗ്യ മാധ്യമമായ സ്റ്റാറ്റ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

അതുകൊണ്ടു തന്നെ വാക്സിനേഷന്റെ പേരില്‍ മുന്‍കരുതല്‍ ഒഴിവാക്കാതിരിക്കാന്‍ ശ്രദ്ധ വേണം. ചൈനയിൽ ഒമിക്രോണിന്റെ വിവിധ വകഭേദങ്ങളാണ് പടരുന്നത്. ഇപ്പോൾ ഇന്ത്യയിൽ സ്ഥിരീകരിച്ച ബിഎഫ് 7 ഉൾപ്പെടെ വകഭേദങ്ങൾ അവിടെ സജീവമാണ്. മൂന്നു മാസത്തിനിടെ 130 വകഭേദം കണ്ടെത്തിയെന്ന് ചൈനയുടെ പകർച്ചവ്യാധി നിയന്ത്രണവിഭാഗം തലവൻ ഷു വെൻബോ പറഞ്ഞു. ചൈനയിലെ സീറോ കോവിഡ് നയത്തിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നതിനെത്തുടർന്ന് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിരുന്നു. ഇതാണ് രോഗവ്യാപനത്തിനിടയാക്കിയതെന്ന് കരുതുന്നു. 2023ൽ ചൈനയിൽ കോവിഡ് മരണം 10 ലക്ഷം കടക്കുമെന്നും ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്കും കോവിഡ് ബാധിക്കുമെന്നും അമേരിക്ക ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ആന്റ് ഇവാലുവേഷന്റെ പഠന റിപ്പോർട്ടുണ്ടായിരുന്നു. ചെെനയ്ക്ക് പുറമേ ജപ്പാൻ, യുഎസ്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് കേസുകൾ വർധിക്കുകയാണ്. ചെെനയിൽ 40 ശതമാനത്തിലധികം പേരും കോവിഡ് ബാധിതരാണെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകാരോ​ഗ്യസംഘടന പ്രഖ്യാപിച്ചിരുന്ന ആ​ഗോള ആരോ​ഗ്യ അടിയന്തരാവസ്ഥയില്‍ അടുത്ത വർഷത്തോടെ മാറ്റം വരുമെന്ന് ലോകാരോ​ഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോ ​ഗെബ്രിയേസുസ് വ്യക്തമാക്കിയത് ഒരാഴ്ച മുമ്പാണ്. ആരോ​ഗ്യ അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അടുത്തമാസം ചേരുന്ന കോവിഡ് 19 എമർജൻസി കമ്മിറ്റി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെയാണ് വീണ്ടും രോഗവ്യാപനം. എന്നാൽ കോവിഡിന് കാരണമായ സാര്‍സ്-കോവ്-2 വൈറസ് എളുപ്പം വിട്ടുപോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്.


ഇതുകൂടി വായിക്കൂ:  ഇന്ത്യക്ക് ആവശ്യം ആരോഗ്യസംരക്ഷണ രംഗത്തെ വിപ്ലവം


രാജ്യത്ത് പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ കർശന പരിശോധനയും യാത്രക്കാരുടെ സ്രവം ശേഖരിക്കലും പുനരാരംഭിച്ചു. വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ഒപ്പമുള്ളവരെ നിരീക്ഷണത്തിലേക്ക് മാറ്റും. ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര യാത്രകൾ ഒഴിവാക്കണമെന്നും കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് എടുക്കണമെന്നും ഐഎംഎയും മുന്നറിയിപ്പ് നല്‍കുന്നു. ആഘോഷ വേളകളില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ഉത്കണ്ഠ വേണ്ടെന്നും സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരളത്തില്‍ പ്രതിദിന രോഗസ്ഥിരീകരണം ഇപ്പോഴും കുറഞ്ഞ് തന്നെ നില്‍ക്കുന്നത് ആശ്വാസമാകുന്നുണ്ട്. ഈ മാസം ഇതുവരെ രോഗം സ്ഥിരീകരിച്ചത് 1431 പേര്‍ക്കാണ്. പ്രതിദിന രോഗികളും കുറവാണ്. എങ്കിലും മുന്‍കരുതലെന്ന നിലയില്‍ ജാഗ്രത കെെവിടരുത്. ക്രിസ്മസ്-പുതുവത്സവര ആഘോഷങ്ങളില്‍ മാസ്കും സാനിറ്റൈസറുമെല്ലാം കരുതണമെന്ന നിര്‍ദേശം പാലിക്കണം. പുതിയ കോവിഡ് സാഹചര്യം സംസ്ഥാന സ്കൂൾ കലോത്സവ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുമോയെന്ന സംശയവും ശക്തമായിരിക്കുകയാണ്. ജനുവരി മൂന്ന് മുതൽ ഏഴ് വരെയാണ് സ്കൂൾ കലോത്സവം കോഴിക്കോട് നടക്കാനിരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി കോവിഡ് മൂലം മുടങ്ങിക്കിടന്ന യുവ​ജനോത്സവമാണ് ഇത്തവണ നടത്താൻ തീരുമാനിച്ചത്. അതു​കൊണ്ട് തന്നെ ഏറെ ആവേശപൂർവമായ തയ്യാറെടുപ്പുകളാണ് സംസ്ഥാന വ്യാപകമായി നടന്നത്. നിലവിലെ അവസ്ഥയില്‍ എല്ലാ ആഘോഷങ്ങളിലും സര്‍ക്കാര്‍ നിര്‍ദേശങ്ങളും ആരോഗ്യവകുപ്പിന്റെ പ്രോട്ടോക്കോളും പാലിക്കുന്നതില്‍ വീഴ്ച വരുത്തരുത്. ജാഗ്രത തന്നെയാണ് വേണ്ടത്, ഭയമോ നിസംഗതയോ അല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.