25 December 2024, Wednesday
KSFE Galaxy Chits Banner 2

ക്രിസ്മസ്

മേഴ്സി ടി കെ
ഓര്‍മ്മ (കുഞ്ഞമ്മിണികഥകൾ )
December 25, 2021 6:30 am

‘ഞായറാഴ്ച പേത്രത്തയാ, നമ്ക്കാ വല്ല്യ കോഴീപ്പൂവനെ കൊല്ലാല്ലേ’ന്ന്‍ അമ്മ പറഞ്ഞപ്പഴേ കുഞ്ഞമ്മിണീടെ മനസ്സുനിറഞ്ഞു. നോമ്പ് തൊടങ്ങും മുമ്പുള്ള ഞായറാഴ്ചയാ പേത്രത്തഞായറാഴ്ച. ‘പേത്രത്ത’ ഒരു സിറിയന്‍ വാക്കാണ്, തിരിഞ്ഞുനോട്ടമെന്നാണ് അര്‍ത്ഥം. സ്വയം വിലയിരുത്തി തെറ്റുതിരുത്താനു ള്ള നോമ്പിന്‍റെ മുന്നൊരുക്കദിനമാണത്. ആഘോഷമായ തീറ്റദിവസമാണ്. അന്നാണ് അമ്മയുടെ ‘പേത്രത്ത’ ഓര്‍മ്മകള്‍ ഉണരുന്നത്. കാഞ്ഞൂരിലുള്ള അമ്മയുടെ വീട്ടില്‍ പേത്രത്തക്ക് കോഴിക്കറീം പിടീം ആണത്രെ സ്പെഷ്യല്‍. അതുപറയുമ്പോള്‍ അപ്പനമ്മമാരുടെ ഓര്‍മ്മകളിലേക്ക് വീണുപോകുന്ന അമ്മ യുടെ കണ്ണുനിറഞ്ഞു നെടുവീര്‍പ്പുയരും.

നോമ്പുതൊടങ്ങ്യാ ഇറച്ചി, മീന്‍, മുട്ട ഇതൊന്നും കഴിക്കരുതെന്നാ. ഭക്ഷണക്കാ ര്യത്തില്‍ മാത്രോല്ല, ജീവിതചര്യയിലും വ്രതാനുഷ്ഠാനത്തിന്‍റെ ശുദ്ധി പാലി ക്കണോന്നാ. വീട്ടില്‍ ഇറച്ചിക്കുമാത്രേ നോമ്പുള്ളൂ. മീനും മുട്ടയ്ക്കും അമ്മേ ടെ വക ഇളവുണ്ട്. മീനില്ലാതെ ഉണ്ണാത്തവര്‍ക്കുള്ള പരിഗണനയില്‍ മീനും, സ്കൂളിലും കോളേജിലും പോണോരുടെ പതിവുവിഭവം മുട്ടയാണെന്നതി നാല്‍ മുട്ടയും ഇളവില്‍പ്പെട്ടതാണ്.

എല്ലാരും എന്നും പള്ളീപ്പോണോന്നാ അമ്മേടൊരു മോഹം. പക്ഷേ വീട്ടിലെ അന്തരീക്ഷമത്ര പോര, അപ്പനും മക്കളും കൂട്ടംകൂടീരുന്ന് ആകാശത്തിനുകീഴു ള്ള സകലമാനകാര്യങ്ങളും വിളമ്പണത് പാതിരവരെ നീളുന്നതിനാല്‍ രാവി ലെ ഉണരലും പള്ളീപ്പോക്കും നടക്കില്ലെന്ന് അമ്മയ്ക്കറിയാം. ഉറക്കളച്ച് ചേട്ടന്മാര്ടെ വായ്നോക്കീരിക്കണ കുഞ്ഞമ്മിണീടെ പള്ളീപ്പോക്കും നടക്കില്ല. പക്ഷേ നോമ്പു തൊടങ്ങ്യാ കാര്യം മാറും. എല്ലാരും പള്ളീപ്പോണംന്നാ അമ്മേടെ കര്‍ശനവിധി. പോസും ബേവീം കുഞ്ഞമ്മിണിം അതനുസരിക്കും. പള്ളീപ്പോയോര് മടങ്ങിവന്നാലും കൊച്ചേട്ടനും കുഞ്ഞേട്ടനും എണീറ്റിട്ടുണ്ടാ വില്ല. ‘പള്ളീം പട്ടക്കാരനൂല്ല്യാണ്ട് പുതച്ചുമൂടികിടന്നോട്ടോ. ദൈവമേന്നൊരു വിചാരോല്ല്യെങ്കീ ജീവിതത്തിനൊരു മേല്‍കേറ്റോം ഉണ്ടാവില്ല്യ, അതറിഞ്ഞാ ന്‍റെ മക്കക്ക് നല്ലത്’ അമ്മ നിര്‍ത്താതെ വഴക്ക് പറഞ്ഞോണ്ടിരിക്കും. ‘നോമ്പാ യാല്‍ അമ്മയ്ക്ക് ച്ചിരി അരൂപി കൂടലാ’ന്ന് പറയും കൊച്ചേട്ടന്‍. ‘അതേടാ, എല്ലാരേം വിമര്‍ശിച്ചോണ്ടിരുന്നോ’ന്ന്‍ അമ്മ ദ്വേഷ്യപ്പെടും. ‘ദൈവം സര്‍വ്വ വ്യാപിയല്ലേ അമ്മേ, പള്ളീല് മാത്രോല്ല, മന്‍ഷ്യന്‍റെയുള്ളിലും പ്രവര്‍ത്തീലും ചിന്തേലും ദൈവമില്ലേ. അതോണ്ടാ അമ്മേടെ മക്കള്‍ ചീത്തപ്പേരില്ലാതെ ജീവി ക്കണേ’. കുഞ്ഞേട്ടന്‍റെ ന്യായവാദം കേട്ടപ്പഴേ അമ്മ ഫ്ലാറ്റ്.. പെട്ടെന്ന് അമ്മേടെ മോത്ത് പ്രസരിപ്പും പ്രസന്നതേം തെളിഞ്ഞു. ‘നന്നായെ’ന്ന മട്ടില്‍ പുഞ്ചിരി യോടെ കുഞ്ഞേട്ടനെ തലചെരിച്ച് കണ്ണുയര്‍ത്തിക്കാട്ടി കൊച്ചേട്ടന്‍.

ക്ളാസ്സില്‍ ചെല്ലുമ്പോള്‍ സിസ്റ്റ് ചോദിക്കും ‘ആരൊക്കെ പള്ളീല് വന്നൂ, ഒന്നെണീറ്റുനിന്നേ..’ എണീക്കാത്തോര്‍ ചീത്തക്കുട്ട്യോളാ, നല്ലകുട്ടിയെന്ന അഹ ങ്കാരത്തോടെ അവളെണീറ്റുനിന്നു. നോമ്പായാല്‍ കൊറേ പ്രാര്‍ത്ഥനേം ചിട്ടക ളും പഠിപ്പിക്കും സിസ്റ്റുമാര്. പുല്‍ക്കൂട്ടിലെ ഉണ്ണീശോക്ക് പുല്‍ക്കൂട് പണി യാനുള്ളതെല്ലാം ഒരുക്കേണ്ടത് പ്രാര്‍ത്ഥനേം പുണ്യപ്രവര്‍ത്തീം ചെയ്തുകൊ ണ്ടാത്രേ. എന്നും പള്ളീപ്പോയാ പുല്‍ക്കൂട് മേയാനുള്ള വൈക്കോലായി, പറ യുന്നതെല്ലാം അനുസരിച്ചാല്‍ ഉണ്ണിക്ക് മെത്തയായി, ചീത്തവാക്ക് പറയാതി രുന്നാ പട്ടുതലയണയായി, നൂറുപ്രാവശ്യം ‘എന്‍റെ കൊച്ചുണ്ണീശോയെ നിന്നെ ഞാന്‍ സ്നേഹിക്കുന്നെ’ന്ന സുകൃതജപം ചൊല്ല്യാ ഉണ്ണിക്ക് സ്വര്‍ണ്ണമാലയാ യി. ഇഷ്ടോല്ലാത്തോരെ സ്നേഹിക്കേം അവര്‍ക്കായി പ്രാര്‍ത്ഥിക്കേം ചെയ്താ അനുഗ്രഹം ഇരട്ടി കിട്ടൂത്രേ. ഇങ്ങനെയാണ് കുഞ്ഞമ്മിണീടെ ജീവിതത്തി ലേക്ക് പ്രാര്‍ത്ഥനേം അനുസരണയും മതാനുഷ്ഠാനങ്ങളും കേറിവന്നത്.

ഡിസംബര്‍ പകുതിയാവുമ്പേ വീടുകളില്‍ നക്ഷത്രം തൂക്കാന്‍ തുടങ്ങും. അപ്പ ത്തൊട്ട് അമ്മ പറയും. ‘നമ്മടെ വീടൊഴിച്ച് സകലവീട്ടിലും നക്ഷത്രോട്ടൂ’ന്ന്‍. കുഞ്ഞേട്ടനാ നക്ഷത്രസ്പെഷ്യലിസ്റ്റ്, കൊച്ചേട്ടന്‍റ ഒഴിവിലേക്ക് കേറിവന്നതാ. ആദ്യമായി വാല്‍നക്ഷത്രമിട്ടത് കൊച്ചേട്ടനാണ്. ഓരോ കൊല്ലവും വ്യത്യസ്ത മായ നക്ഷത്രോണ്ടാക്കി ഞെട്ടിക്കും കൊച്ചേട്ടനും കുഞ്ഞേട്ടനും.വെള്ളനക്ഷത്രേ ഉണ്ടാക്കൂ. ‘ചോന്ന നക്ഷത്രോണ്ടാക്ക്’ന്ന് അവള്‍ പറഞ്ഞപ്പോ ‘നക്ഷത്രം ചോന്നാണോ വെളുത്താണോന്ന്‍, രാത്രി ആകാശത്ത് നോക്ക്യാ കാണാം’ന്ന്‍ പറ ഞ്ഞു കുഞ്ഞേട്ടന്‍. നക്ഷത്രപ്പണി തൊടങ്ങ്യാ അതുകഴിയാതെ ഭക്ഷണംപോലും കഴിക്കില്ല. അതങ്ങനെയാ. എന്തുകാര്യവും തൊടങ്ങാന്‍ മടിയാ, പക്ഷേ തൊട ങ്ങ്യാ അത്ര പെര്‍ഫക്റ്റ്. പിന്നെന്താ മെക്കാട്ടുപണിക്ക് ഒരാളുകൂടെ വേണം, ‘അതെട്ക്ക് ഇതെട്ക്ക്’ന്നൊക്കെ പറയാന്‍. ബേവിയാണ് സ്ഥിരം മെക്കാട്ട്. കുഞ്ഞമ്മിണി മെക്കാട്ടുപണിക്ക് നിന്നാല്‍ തല്ലിപ്പിരിയുമെന്നതുകൊണ്ട് ആരും റിസ്ക് എടുക്കാറില്ല.

മുറ്റത്തെ പ്രിയൂര്‍മാവിന്‍റെ ഏറ്റോം മോളിലെ കൊമ്പിലാ നക്ഷത്രമിടുന്നത്. മാവിന്‍റെ മോളീക്കേറാന്‍ പോസ് വേണം. കുഞ്ഞേട്ടന് മരംകേറ്റമത്ര വശോ ല്ല്യ, എന്നുവെച്ചാ പേടിയാ. ‘പക്ഷേ ദൈവംതമ്പുരാനാണേ ന്‍റെ മോന്‍ അത് സമ്മതിച്ചുതരൂല്ല്യ’ന്ന്‍ പറയും അമ്മ. ‘അയ്നൊക്കെ ന്‍റെ പോസ്, പറേണ്ട താമസം ഏതുമരത്തിലും പെടച്ചുക്കേറിക്കൊള്ളും’ന്ന്‍ പറയുമ്പോ പുകഴ്ത്ത ലില്‍ താല്‍പ്പര്യോല്ലാത്ത മട്ടില്‍ നില്ക്കും പോസ്. നക്ഷത്രബള്‍ബ് തെളിച്ചാല്‍ കുഞ്ഞേട്ടന്‍ അകലേന്നും അടുത്തൂന്നും നോക്കി തൃപ്തിവന്നാലേ പോസ് മാവീന്നിറങ്ങൂ. പിന്നെ പോസും കുഞ്ഞേട്ടനും കൂടി പടിക്കേന്നും വീട്ടീന്നും റോട്ടീന്നുമൊക്കെ നോക്കി ഭംഗി ആസ്വദിക്കും. അപ്പനേം അമ്മേം നക്ഷത്രം കാണിച്ച് ഗമേല്‍ നില്ക്കും. നക്ഷത്രമിട്ടാപ്പിന്നെ രാത്രിയേറെ വൈകിയാലും മുറ്റത്തൂന്നും കേറൂല്ല്യ കുഞ്ഞമ്മിണി. നക്ഷത്രം നോക്കി, ഉണ്ണി വരണതും കാ ത്ത്, നടക്കല്ലേല്‍ ഒരേയിരുപ്പാണ്. പിന്നെ ചുറ്റിപ്പാത്ത് മുറ്റത്തൂടെ നടക്കും. അതുകാണുമ്പോള്‍ ‘നിലാവത്ത് കോഴീനെയഴിച്ചിട്ടപോലെ ഇതെന്താ..’ന്ന്‍ ചോദിക്കും വല്ല്യേട്ടന്‍. ‘നക്ഷത്രം കണ്ട് മതിയാവ്മ്പേ വരട്ടെ, വഴക്കുപറയണ്ട’ ന്ന്‍ പറയും അമ്മ. നക്ഷത്രോട്ടുക്കഴിഞ്ഞാ ക്രിസ്മസ്സ് വന്നപോലേണ്. രാത്രി യായാല്‍ പോസും കുഞ്ഞേട്ടനും വഴീക്കൂടെ വീടുകളിലെ നക്ഷത്രം കാണാ നിറങ്ങും. അവളും വാലേത്തൂങ്ങും. ‘വീട്ടിപ്പോയേ’ന്ന് പറഞ്ഞ് ഓടിക്കാന്‍ നോക്ക്യാലും അവള്‍ കൂട്ടാക്കില്ല.

ക്രിസ്മസ്സിന്‍റെ തലേന്നാ പുല്‍ക്കൂടുണ്ടാക്കല്‍. പുല്‍ക്കൂടിന്‍റെ ആശാന്‍ കൊച്ചേ ട്ടനെങ്കിലും അതൊരു കൂട്ടുപ്രയത്നമാണ്. വീടിന്‍റെ മുകളിലേക്ക് പടര്‍ത്തിയ വല്ല്യമുല്ലച്ചോട്ടില്‍ പൂഴിമണല്‍ നിരത്തും, അതിനുമേല്‍ പലകവെച്ച്, മുളയും വൈക്കോലും കൊണ്ടുണ്ടാക്കിയ പുല്‍ക്കൂട് വെക്കും. പറമ്പില്‍ മെത്തപ്പോ ലെ പടര്‍ന്നുപ്പിടിച്ച കറുകപ്പുല്ല് മണ്ണേപ്പാടെ ചെത്തിക്കൊണ്ടുവന്ന് പുല്‍ക്കൂടി ന്‍റെ രണ്ടുവശത്തും വയ്ക്കും. അപ്പഴാ പുല്‍ക്കൂട്ടിലേക്കുള്ള മണലിട്ട വഴി തെളിയുന്നത്. ചിരട്ട കൊണ്ടുള്ള കിണറും പാറക്കല്ലടുക്കിവെച്ചുള്ള മലയും മലേന്നൊഴുകണ അരുവിയും വാഴയിലതണ്ടുകൊണ്ടുള്ള വേലിയും ഈര്‍ക്കി ലികൊണ്ടുള്ള വെള്ളപെയ്ന്‍റടിച്ച പടിപ്പുരയുമുണ്ടാക്കും. പിന്നെ പനയോല യും മാവിന്‍റെ കൊമ്പും പുല്‍ക്കൂടിന്‍റെ പുറകില്‍ ചുമരിനോടുചേര്‍ത്തു മുല്ലയില്‍ കെട്ടിവയ്ക്കും. ഇനി പുല്‍ക്കൂട് അലങ്കരിക്കലാണ്. പുല്‍ക്കൂടിന്‍റെ അകം വെള്ളത്തുണികൊണ്ട് പൊതിയും. വെള്ളടവ്വലില്‍ ഉണ്ണീശ്ശോന്‍റെ രൂപ വും പുറകില്‍ കന്യകമാതാവിന്‍റേം യൌസേപ്പുപിതാവിന്‍റേം രൂപവും വയ്ക്കും. പുല്‍ക്കൂട്ടില്‍ കൊച്ചുബള്‍ബിടും. വര്‍ണ്ണകടലാസ്സോണ്ട് തൊങ്ങലു ണ്ടാക്കി പുല്‍ക്കൂട്ടിലും മരക്കൊമ്പിലും തൂക്കും. എല്ലാം കഴിയുമ്പോള്‍ പുല്‍ക്കൂട് മനോഹരമാകും. പുല്‍ക്കൂട് കാണാന്‍ വരുന്നോര് ‘ജോസേട്ടാ കിണറുണ്ടാക്കീതെങ്ങനെ, അരുവീണ്ടാക്കീതെങ്ങനേ’ന്നൊക്കെ ചോദിക്കുമ്പോള്‍ നിറഞ്ഞ ചിരിയോടൊരു നില്പ്പുണ്ട് കൊച്ചേട്ടന്.

രാത്രിയായാ ഉണ്ണിയെ എതിരേല്‍ക്കാനുള്ള ഒരുക്കായി. ‘പാതിരപ്പൂക്കള്‍ വിടര്‍ന്നു വിഹായസ്സില്‍..’ എന്ന പാട്ടുപാടി ഉണ്ണിയേംകൊണ്ട് കരോള്‍സംഘ മെത്തും. ബേബിചേട്ടനും ആന്‍റണിമാഷുമാണ് പ്രധാന ഗായകര്‍, കൂട്ടത്തില്‍ പോളച്ചന്‍ചേട്ടനും പോസുമുണ്ട്. പ്രെട്രോള്‍മാക്സ് തോളിലേറ്റിയ തോമന്‍ ചേട്ടന്‍ മുമ്പേ വരും. ഉണ്ണിയെ കൊണ്ടുവന്നു ടീപ്പോയില്‍ വെക്കുമ്പോള്‍ അമ്മ പ്രാര്‍ത്ഥന ചൊല്ലും, ഉണ്ണിയെ തൊട്ടുമുത്തി നേര്‍ച്ചയിടും. കരോള്‍ സംഘത്തിന് ചായയും റെസ്ക്കും കൊടുക്കും. എല്ലാം കഴിഞ്ഞ് ഉണ്ണിയും കരോള്‍സംഘവും പാട്ടും അകന്നുപോവുമ്പോ അമ്മ പറഞ്ഞുതന്ന കഥയുടെ ചുരുള്‍ നിവരും. ഏതോ രാജ്യത്ത് തണുപ്പുള്ള രാത്രിയില്‍ പിറന്നുവീണ ഉണ്ണിശ്ശോന്‍റെ ഭംഗ്യോള്ള മുഖം തെളിയും. പാട്ടുപാടണ ആട്ടിടേരും പൂജ്യ സാധനോമായി തൊഴുതുനിക്കണ രാജാക്കന്മാരും ആകാശത്ത് കാവല്‍നിക്ക ണ നക്ഷത്രവും കണ്മുമ്പില്‍ കാണും. മരങ്ങളില്‍ മഞ്ഞുകണങ്ങള്‍ പെയ്തു വീഴും. മനസ്സ് ഭക്തിനിര്‍ഭരമാകും.
എല്ലാരുംകൂടി പാതിരാകുര്‍ബാനക്ക് പോയാല്‍ പള്ളീലെ പുല്‍ക്കൂടും നക്ഷ ത്രവും കാണും. രാത്രി പന്ത്രണ്ടുമണിക്ക് അച്ചന്‍ ഉണ്ണീടെ രൂപമുയര്‍ത്തുമ്പഴാ പിറവി. പിന്നെ പാട്ടും പ്രാര്‍ത്ഥനെം തുടരെ മണിയടിക്കലും, വെടീംപടക്കോം പൊട്ടലും ആകെ ശബ്ദകോലാഹലമായി. അപ്പോ എല്ലാരും കൈക്കൂപ്പിപ്പിടി ച്ച് മുട്ടുമ്മേനില്‍ക്കും. അതുകഴിഞ്ഞാ കുഞ്ഞമ്മിണി ഉറക്കം തൂങ്ങിത്തുട ങ്ങും. തൂങ്ങിതൂങ്ങി പള്ളിയകത്ത് കിടന്നുറങ്ങും. കുര്‍ബാന കഴിഞ്ഞ് ഉറക്ക പ്പിച്ചോടെ വീട്ടിലേക്ക്. വീട്ടിലെത്ത്യാ നോമ്പുവീട്ടാതെ കുഞ്ഞേട്ടനും കൊച്ചേട്ട നും ഉറങ്ങില്ല. പോസും ബേവിയും വന്നപ്പാടെ കിടക്കും. തേങ്ങാക്കൊത്തിട്ട, തേങ്ങവറുത്തരച്ച ഇറച്ചിക്കറി പ്ലേറ്റില്‍ കൊണ്ടുവച്ച് ‘ഞാന്‍ പോയി കിട ക്കാണ് പിള്ളേ’ന്ന്‍ പറഞ്ഞ് അമ്മ പോകും. പിന്നെയതും കഴിച്ച് വര്‍ത്ത്വാനാ യി. അപ്പഴും കുഞ്ഞമ്മിണി ഉറക്കച്ചടവോടെ അതും നോക്കീരിക്കും. കുഞ്ഞ മ്മിണിയെ തോണ്ടിവിളിച്ച് ‘ദേ ഇന്നത്തെ കലാപരിപാട്യൊക്കെ തീര്‍ന്നു, ഇനി പോയ് ചാച്ചോ’ന്ന്‍ പറയും കൊച്ചേട്ടന്‍.

രാവിലെ കള്ളപ്പവും തേങ്ങാപ്പാലൊഴിച്ച കോഴിക്കറീമാണ്. ഉച്ചക്ക് ആഘോ ഷമായ തീറ്റവട്ടങ്ങളാണ്. അമ്മസ്പെഷ്യല്‍ പോര്‍ക്കിറച്ചീണ്ടാകും. അമ്മേം കൊച്ചേട്ടനും മാത്രേ പോര്‍ക്കിറച്ചി കഴിക്കൂ. ‘കുപ്പീല്ലേടാ’ന്ന്‍ ചോദിക്കും അപ്പന്‍. ‘പിന്നില്ലാതേ’ന്നു പറഞ്ഞു കുപ്പി പൊക്കിക്കാട്ടും വല്ല്യേട്ടന്‍. വിളമ്പു കാരന്‍ വല്ല്യേട്ടനാണ്, ഗ്ലാസില്‍ കുറച്ചു മദ്യമൊഴിച്ച് നിറയെ വെള്ളോഴിച്ച് എല്ലാര്‍ക്കും കൊടുക്കും. കുടിക്കണോര്ടെ മുഖം കണ്ടാലറിയാം കഷായം കുടിക്കണപോലെ. പോസ് ഒന്നു മൊത്ത്യോള്ളൂ, തല വെറപ്പിച്ചിറക്കി. ബേവി ഓടിപ്പോയി തുപ്പിക്കളഞ്ഞു. ‘വേണ്ടെ’ന്നു പറഞ്ഞിട്ടും ഗ്ലാസില്‍ വിരല്‍ മുക്കി കുഞ്ഞമ്മിണീടേ വായില്‍ വച്ചുകൊടുത്തു കൊച്ചേട്ടന്‍. ‘വേണ്ട. ഒരു രസോല്ല്യ,ന്ന്‍ പറഞ്ഞു അവള്‍. പിന്നെ നോക്കുമ്പോ പോസ് ചിരിയോട് ചിരി.! ‘ങാ പോസിനേറ്റൂ’ന്ന് കുഞ്ഞേട്ടന്‍. കൊച്ചേട്ടന് അപ്പത്തന്നെ ‘കിടക്ക ണം’ന്ന്‍.! വല്ല്യേട്ടന് മിണ്ടാട്ടോല്ല്യ. ‘വല്ല്യേട്ടന്‍ കിറുങ്ങീ’ന്ന്‍ കൊച്ചുകൊച്ചേട്ടന്‍. അപ്പന്‍റെ കണ്ണു ചോന്നു. അപ്പഴേക്കും കുഞ്ഞേട്ടന്‍ ഇംഗ്ലിഷുകാരനായി, പറേ ണതെല്ലാം ഇംഗ്ലിഷ്.! കൊച്ചുകൊച്ചേട്ടന്‍ മഹാവാചാലനായി, ലോകകാര്യം പറയാന്‍ തുടങ്ങി. നിനക്കു തലക്കുപിടിച്ചു, നീ കിറുങ്ങി, ഫിറ്റായി…ചേട്ടന്മാര്‍ പരസ്പരം പറഞ്ഞു. ‘ജോസേ നീ വേഗം ഭക്ഷണം കഴിച്ചേ അപ്പോ തളര്‍ച്ച മാറൂടാ’ന്ന്‍ കൊച്ചേട്ടനോട് മന്ദത മാറിയ വല്ല്യേട്ടന്‍റെ ഉപദേശം. അപ്പഴും പോസ് ചിരിയാണ്. എല്ലാം നോക്കി താടിക്ക് കൈയ്യും കൊടുത്തിരിക്ക്യാണ് അമ്മ. ആ നെഞ്ചീന്നും ‘ന്‍റെ മക്കളെ മദ്യത്തിനടിമയാക്കല്ലേ‘ന്നൊരു പ്രാര്‍ത്ഥന വായിച്ചെടുക്കാം. സഹോദരങ്ങള്‍ തമ്മിലുള്ള തീവ്രസ്നേഹത്തിന്‍റെ വേരു കള്‍ കുഞ്ഞമ്മിണീല് ആഴ്ന്നിറങ്ങിയ സന്ദര്‍ഭങ്ങളായിരുന്നു അത്. അങ്ങനെ ചിരിച്ചും തമ്മില്‍ കളിയാക്കീം അക്കൊല്ലത്തെ ക്രിസ്മസ്സ് ആഘോഷത്തിന്‍റെ പരിസമാപ്തിയായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.