21 May 2024, Tuesday

സാഹിത്യ അക്കാഡമിക്കെതിരായ പ്രതിഫല വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് ചുള്ളിക്കാട്

Janayugom Webdesk
തിരുവനന്തപുരം
February 4, 2024 12:20 pm

സാഹിത്യ അക്കാഡമിക്കെതിരായ പ്രതിഫല വിവാദത്തില്‍ ഖേദം അറിയിച്ച് ബാലചന്ദ്രന്‍ ചുളളിക്കാട്. സാഹിത്യ അക്കാഡമിക്കെതിരെയല്ല തന്റെ കുറിപ്പെന്ന് ബാലചന്ദ്രന്‍ ചൂള്ളിക്കാട് കെ സച്ചിദാനന്ദനോട് വ്യക്തമാക്കി.തന്റെ കുറിച്ച് ദുര്‍വ്യഖ്യാനം ചെയ്തതായി ചുള്ളിക്കാട് അറിയിച്ചെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു. ചുള്ളിക്കാടിനുണ്ടായ പ്രശ്‌നത്തില്‍ സങ്കടമുണ്ടെന്നും അര്‍ഹിക്കുന്ന പ്രതിഫലം നല്‍കാതിരുന്നത് അഡ്മിനിസ്‌ട്രേഷന്റെ പ്രശ്നമാണെന്നും ഇന്നലെ സച്ചിദാനന്ദന്‍ പറഞ്ഞിരുന്നു. ചുരുങ്ങിയ ഫണ്ട് കൊണ്ടാണ് സാഹിത്യോത്സവം നടക്കുന്നത്.

ചുള്ളിക്കാട് ഉന്നയിച്ചത് പൊതുവായ പ്രശ്‌നമാണെന്നും ഇതിനെ ഒരു വ്യക്തി പ്രശ്‌നമായി കാണുന്നില്ലെന്നും അക്കാഡമി അധ്യക്ഷന്‍ പറഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്രാ സാഹിത്യോത്സവത്തില്‍, 3500 രൂപ ടാക്സി കൂലി ചെലവാക്കി എത്തിയ തനിക്ക് പ്രതിഫലമായി കിട്ടിയത് 2400 രൂപ മാത്രമാണെന്നാണ് എഴുത്തുകാരന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞത്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സുഹൃത്ത് സിഐസിസി ജയചന്ദ്രനാണ് കവിയെ ഉദ്ധരിച്ച് ഇക്കാര്യം ഫേസ്ബുക്കില്‍ എഴുതിയത്. അക്കാദമി ക്ഷണിച്ചത് അനുസരിച്ച് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാനാണ് ചുള്ളിക്കാട് എത്തിയത്.

ജനുവരി 30ന് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാന്‍ അക്കാഡമി ക്ഷണിച്ചു. കൃത്യസമയത്ത് സ്ഥലത്ത് എത്തുകയും വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂര്‍ സംസാരിക്കുകയും ചെയ്തു.50 വര്‍ഷം ആശാന്‍കവിത പഠിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാല്‍ മനസ്സാക്കിയ കാര്യങ്ങളാണ് പറഞ്ഞതെന്നും പ്രതിഫലമായി എനിക്കു നല്‍കിയത് രണ്ടായിരത്തിനാനൂറു രൂപയാണെന്നും പോസ്റ്റില്‍ പറയുന്നു.

എറണാകുളത്തുനിന്ന് തൃശൂര്‍വരെ വാസ് ട്രാവല്‍സിന്റെ ടാക്‌സിക്ക് വെയ്റ്റിംഗ് ചാര്‍ജ്ജും ഡ്രൈവറുടെ ബാറ്റയുമടക്കം 3500 രൂപ ചെലവായി. 1100 രൂപ ഞാന്‍ നല്‍കിയത് സീരിയലില്‍ അഭിനയിച്ചു ഞാന്‍ നേടിയ പണത്തില്‍നിന്നാണ്. സാഹിത്യ അക്കാഡമിയില്‍ അംഗമാകാനോ, മന്ത്രിമാരില്‍ നിന്ന് കുനിഞ്ഞുനിന്ന് അവാര്‍ഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാന്‍ വന്നിട്ടില്ല. ഒരിക്കലും വരികയുമില്ല.

മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നല്‍കുന്ന മലയാളികളേ, സാഹിത്യ അക്കാഡമി വഴി എനിക്കു നിങ്ങള്‍ കല്‍പിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദിയുണ്ടെന്നും നിങ്ങളുടെ സാംസ്‌കാരികാവശ്യങ്ങള്‍ക്കായി ദയവായി മേലാല്‍ എന്നെ ബുദ്ധിമുട്ടിക്കരുതെന്നും കുറിപ്പില്‍ പറയുന്നു.

Eng­lish Summary:
Chul­likad express­es regret over remu­ner­a­tion con­tro­ver­sy against Sahitya Akademi

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.