4 May 2024, Saturday

Related news

May 2, 2024
April 30, 2024
April 28, 2024
April 27, 2024
April 25, 2024
April 24, 2024
April 24, 2024
April 23, 2024
April 22, 2024
April 22, 2024

വര്‍ഗ്ഗസമരം തോല്‍ക്കില്ല; ഉജ്വലമായ സമര മാതൃക തീര്‍ത്ത് വിജയശ്രീലാളിതരായി കര്‍ഷകര്‍ ഗ്രാമങ്ങളിലേക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
December 11, 2021 3:55 pm

വര്‍ഗ്ഗ സമരം ഒരിക്കലും തോല്‍ക്കില്ലെന്ന് തെളിഞ്ഞിരിക്കുകയാണ് രാജ്യത്ത് വീണ്ടും. നരേന്ദ്രമോഡി സര്‍ക്കാര്‍ വിവാദമായ മൂന്നു കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ തയ്യാറായി. പ്രക്ഷോഭത്തിലുണ്ടായിരുന്ന കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യമാണ് ഇതിലൂടെ വെളിവായത്.
തങ്ങളുടെ നിലനില്‍പ്പിനായി സന്ധിയില്ലാത്ത പോരാട്ടമാണ് രാജ്യത്തെ കര്‍ഷകര്‍ നയിച്ചത്. കാര്‍ഷിക ബില്ലുകള്‍പിന്‍വലിക്കില്ലെന്ന മോഡിസര്‍ക്കാരിന്‍റെ തീരുമാനത്തെയാണ് അന്നം തരുന്നവര്‍ മാറ്റി മറിച്ചത്. പ്രക്ഷോഭത്തിനു മുന്നില്‍ മോഡിസര്‍ക്കാര്‍ അടിയറവ് പറഞ്ഞ് മുട്ടുകുത്തി. ഉജ്വലമായ സമര മാതൃക തീര്‍ത്ത് വിജയം നേടിയ കര്‍ഷകര്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിക്കാന്‍ തുടങ്ങി.

വഴിയോരങ്ങളില്‍ പ്രത്യേക സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് മടക്കം. കര്‍ഷക പ്രക്ഷോഭങ്ങളുടെ ചൂട് ഏറ്റുവാങ്ങിയ ഒരു സമൂഹമാണ് തങ്ങളുടെ ഗ്രാമങ്ങളിലേക്ക് മടങ്ങുന്നത്. ഡല്‍ഹിയുടെ അതിര്‍ത്തികളായ സിംഘു, ഗാസിയാബാദ്, തിക്രി എന്നിവിടങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി സമരത്തിലായിരുന്നു കര്‍ഷകര്‍. വിവാദമായ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി എത്തിയ കര്‍ഷക സമരക്കാരെ, ഖലിസ്താനികള്‍, ഭീകരവാദികള്‍ തുടങ്ങിയ പദപ്രയോഗങ്ങളുമായി ബിജെപി നേതാക്കള്‍ വിമര്‍ശിച്ചിരുന്നു.

എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ലക്ഷ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് തീരുമാനിച്ച കര്‍ഷകര്‍ക്ക് മുമ്പില്‍ ഒടുവില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അടിയറവ് പറഞ്ഞു. കര്‍ഷകരുടെ ആവശ്യം കണക്കിലെടുത്ത് മൂന്ന് കാര്‍ഷിക പരിഷ്‌കരണ നിയമങ്ങളും റദ്ദാക്കി. പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച ബില്ല് പാസാക്കി. സമരക്കാര്‍ക്കെതിരെ എടുത്ത ആയിരക്കണക്കിന് കേസുകള്‍ പിന്‍വലിക്കാമെന്ന് ഉറപ്പും നല്‍കി.

വിളകളുടെ താങ്ങുവില നിശ്ചയിക്കുന്നതുള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ക്ക് ഒരു കമ്മിറ്റിയെ നിയോഗിക്കാനും തീരുമാനിച്ചു. ഇതോടെയാണ് ശനിയാഴ്ച രാവിലെ മുതല്‍ കര്‍ഷകര്‍ സമര ഭൂമിയില്‍ നിന്ന് മടങ്ങാന്‍ തുടങ്ങിയത്. സമര ഭൂമിയിലെ ടെന്റുകള്‍ പൊളിച്ചുനീക്കാന്‍ തുടങ്ങിയിരുന്നു.വിജയ മാര്‍ച്ച് നടത്തി ഗ്രാമങ്ങളിലേക്ക് മടങ്ങാനായിരുന്നു കര്‍ഷകരുടെ ആദ്യ തീരുമാനം. വെള്ളിയാഴ്ചയാണ് മാര്‍ച്ച് പദ്ധതിയിട്ടിരുന്നത്.

എന്നാല്‍ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ അപ്രതീക്ഷിത വിയോഗം കാരണം മാര്‍ച്ച് ശനിയാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് കാര്‍ഷിക പരിഷ്‌കരണ നിയമം റദ്ദാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത്. എന്നാല്‍ കര്‍ഷകര്‍ സമരം പിന്‍വലിക്കാന്‍ അന്ന് തയ്യാറായില്ല. താങ്ങുവില സംബന്ധിച്ച ഉറപ്പ് വേണമെന്നായിരുന്നു അവരുടെ പ്രധാന ആവശ്യം. കര്‍ഷകര്‍ക്കെതിരായ കേസുകള്‍ റദ്ദാക്കണമെന്നു അവര്‍ ആവശ്യപ്പെട്ടു.

Eng­lish Summary:Class strug­gle will not be defeat­ed; The peas­ants returned to the vil­lages vic­to­ri­ous after a bril­liant mod­el of struggle

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.