26 April 2024, Friday

സർക്കാർ അധികാരത്തിലേറിക്കഴിഞ്ഞാൽ മുന്നിലുള്ളത് ജനങ്ങൾ മാത്രം: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
September 20, 2021 10:01 pm

പാവപ്പെട്ട ആളുകളുടെ കാര്യങ്ങൾക്ക് മന്ത്രിമാർ മുൻഗണന നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ഐഎംജിയിൽ നടക്കുന്ന മന്ത്രിസഭാംഗങ്ങൾക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിമാരുടെ മുന്നിലെത്തുന്ന ചില കടലാസുകൾ അങ്ങേയറ്റം പാവപ്പെട്ടവരുടേതായിരിക്കും. ഇതിന് മുൻഗണന നൽകുന്നു എന്നത് ഈ സർക്കാരിന്റെ ഏറ്റവും വലിയ പ്രത്യേകതയായി കാണണം. തെരഞ്ഞെടുപ്പിൽ ചേരി തിരിഞ്ഞ് മത്സരിച്ചു. സർക്കാരിനെ അധികാരത്തിലേറ്റാനും അധികാരത്തിലേറ്റാതിരിക്കാനും ശ്രമിച്ചവരുണ്ട്. എന്നാൽ സർക്കാർ അധികാരത്തിലേറിക്കഴിഞ്ഞാൽ ഈ രണ്ടു ചേരികളുമില്ല. പിന്നീട് മുന്നിലുള്ളത് ജനങ്ങൾ മാത്രമാണ്. അപ്പോൾ ഏതെങ്കിലും തരത്തിലെ പക്ഷപാതിത്വം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. 

മന്ത്രിമാർക്ക് ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചതിന്റെ അനുഭവ പരിചയം ഉണ്ടാവും. ഭരണപരമായ കാര്യങ്ങളിൽ മന്ത്രിമാരെപ്പോലെതന്നെ ഉദ്യോഗസ്ഥരുടെ പങ്കും പ്രധാനമാണ്. ഉദ്യോഗസ്ഥർക്ക് മാത്രമായി കാര്യങ്ങൾ നടപ്പാക്കാനാവില്ല. ഉദ്യോഗസ്ഥരുടെ അഭിപ്രായം നല്ലതാണെന്ന് കണ്ടാൽ അത് മന്ത്രിമാർ സ്വീകരിക്കണം. കേരളത്തിന്റെ അഭിമാന പദ്ധതിയായ ലൈഫിന്റെ ആശയം മുന്നോട്ടു വച്ചത് ഒരു ഉദ്യോഗസ്ഥനായിരുന്നു. മുഖ്യമന്ത്രി പറഞ്ഞു.പലതരം അഭിപ്രായങ്ങൾ വരുമ്പോൾ ഏത് സ്വീകരിക്കണമെന്ന് ആശയക്കുഴപ്പം ഉണ്ടായേക്കാം. അതിന് കൃത്യമായ നിയമങ്ങളും ചട്ടങ്ങളും അറിഞ്ഞിരിക്കുക പ്രധാനമാണ്. എന്നാൽ കാലഹരണപ്പെട്ട ചട്ടങ്ങള്‍ക്ക് പകരം പുതിയവ വേണ്ടി വരും. പ്രവർത്തനങ്ങൾക്കിടയിൽ വരുന്ന പ്രതിസന്ധികളെ സമചിത്തതയോടെ തരണം ചെയ്യണം. മുൻ സർക്കാരിന്റെ കാലത്തേതു പോലെ ഓരോ വർഷവും പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കണം. നൂറുദിന കര്‍മ്മപരിപാടികൾ നല്ലരീതിയിൽ വിജയിപ്പിക്കാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാർ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ, ഐഎംജി ഡയറക്ടർ കെ ജയകുമാർ, മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി മിർ മുഹമ്മദ് അലി എന്നിവർ സംബന്ധിച്ചു.

മൂന്നു ദിവസത്തെ പരിശീലനമാണ് ഐഎംജിയിൽ നടക്കുന്നത്. മുൻ ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖർ ഭരണസംവിധാനത്തെക്കുറിച്ച് വിശദീകരിച്ചു. ദുരന്തനിവാരണ വേളകളിലെ വെല്ലുവിളികളെക്കുറിച്ച് യുഎൻ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി ജനീവയിൽ നിന്ന് ഓൺലൈനിൽ മന്ത്രിമാരുമായി സംവദിച്ചു. ഒരു ടീമിനെ നയിക്കുന്നത് സംബന്ധിച്ച് ഐഐഎം മുൻ പ്രൊഫസറും മാനേജീരിയൽ കമ്മ്യുണിക്കേഷൻ കൺസൾട്ടന്റുമായ പ്രൊഫ. മാത്തുക്കുട്ടി എം മോനിപ്പള്ളി സംസാരിച്ചു.

ഐഎംജിയിൽ ആരംഭിച്ച മന്ത്രിസഭാംഗങ്ങൾക്കുള്ള പരിശീലന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
eng­lish summary;cm says,When the gov­ern­ment comes to pow­er, only the peo­ple are ahead
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.