26 April 2024, Friday

കയർസമരം പിൻവലിച്ചു; തിങ്കളാഴ്ച മുതൽ കയറ്റുമതി വ്യവസായികൾ കയർ ഉൽപ്പന്നങ്ങൾക്ക് ഓർഡർ നൽകും

Janayugom Webdesk
June 11, 2022 7:17 pm

ആലപ്പുഴ: ചേർത്തല — അമ്പലപ്പുഴ താലൂക്കുകളിൽ 17 ദിവസമായി ചെറുകിട കയർ ഫാക്ടറി ഉടമാ സംയുക്ത സമരസമിതി നടത്തിവന്ന സമരം പിൻവലിച്ചു. തിങ്കളാഴ്ച മുതൽ കയർ കോർപറേഷൻ മുഖേന കയറ്റുമതി വ്യവസായികൾ കയർ ഉൽപന്നങ്ങൾക്ക് ഓർഡർ നൽകും. മന്ത്രി പിരാജീവ് വിളിച്ചു ചേർത്ത യോഗത്തിൽ, ആവശ്യങ്ങളോട് അനുഭാവപൂർവമായ സമീപനം സ്വീകരിച്ചതോടെയാണ് സമരം താൽക്കാലികമായി പിൻവലിക്കാൻ തീരുമാനിച്ചതെന്ന് സമരസമിതി ചെയർമാൻ കെ ആർ ഭഗീരഥൻ, കൺവീനർമാരായ എം പി പവിത്രൻ, കെ ആർ രാജേന്ദ്രപ്രസാദ് എന്നിവർ പറഞ്ഞു.

ഗ്രീവൻസ് കമ്മിറ്റി യോഗം ചേർന്ന് വില സംബന്ധിച്ച പരാതി പരിഹരിക്കും, കുടിശിക നൽകാനുള്ള തുക രണ്ടാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കും, മാനേജീരിയൽ സബ്സിഡി വിതരണം ചെയ്യും, വിപണി വിപുലീകരണ ധനസഹായം നൽകും തുടങ്ങിയ കാര്യങ്ങളാണ് സമര സമിതിക്ക് അനുകൂലമായി തീരുമാനിച്ചത്. കയറ്റുമതി വ്യവസായികളുമായും ട്രേഡ് യൂണിയൻ പ്രതിനിധികളുമായും മന്ത്രി ചർച്ച നടത്തി. കയർ കോർപറേഷൻ ചെയർമാൻ ജി വേണുഗോപാൽ, കയർ ഡയറക്ടർ വി ആർ വിനോദ്, കയർ ക്ഷേമനിധി ബോർഡ് ചെയർമാൻ ജി ഗണേശൻ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജോൺ ചാക്കോ, വി ആർ പ്രസാദ്, വിവേക് വേണുഗോപാൽ, എം അനിൽകുമാർ, വി എം ഹരിഹരൻ, പി എൻ സുധീർ, ഡി സനൽകുമാർ, ആർ സുരേഷ്, അക്കരപ്പാടം ശശി, പി വി രമേശൻ തുടങ്ങിയവർ പങ്കെടുത്തു.

കയർ മേഖലയിലെ ഗൗരവമാർന്ന പ്രതിസന്ധിയുടെ അടിസ്ഥാന പ്രശ്നം മനസ്സിലാക്കി പരിഹാരം കാണുന്നതിന് വിദഗ്ധ സമിതി പഠനം നടത്തുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ചെറുകിട കയർഫാക്ടറി ഉടമാ സംയുക്ത സമര സമിതിയുടെ പണിമുടക്കിനെ തുടർന്ന് വിളിച്ചു ചേർത്ത യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പുതിയകാലത്തിന്റെ മാറ്റത്തിനനുസരിച്ച് കയർമേഖലയെ പരിഷ്കരിച്ച് ഉൽപ്പാദനക്ഷമത വർധിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. മേഖലയെ ആഴത്തിൽ പരിശോധനയ്ക്കും പഠനത്തിനും വിധേയമാക്കും. ഇതിനായി വിദഗ്ധസമിതിക്ക് രൂപംനൽകും. പരമ്പരാഗത വ്യവസായങ്ങളെ ഇ‑കൊമേഴ്സിലേക്ക് മാറ്റും. ഈ സർക്കാർ അധികാരത്തിലേറിയശേഷം കയർമേഖലയിൽ ആകെ 145.82 കോടിരൂപ ചെലവഴിച്ചു. നിലവിൽ 58,000 ക്വിന്റൽ കയർ സംഭരിച്ചിട്ടുണ്ട്. ലോക കമ്പോളത്തിൽ കേരളത്തിന്റെ കയറുൽപ്പന്നങ്ങൾക്കാണ് ആവശ്യക്കാരുള്ളത്.

മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ തൊഴിലാളികളും ട്രേഡ്യൂണിയനുകളും ഉടമകളും മാറിച്ചിന്തിക്കേണ്ട സമയം കഴിഞ്ഞു. രണ്ടാംകയർ പുനസംഘടനയാണ് കയർമേഖലയെ തകർച്ചയിൽനിന്ന് സംരക്ഷിച്ചത്. കെട്ടിക്കിടക്കുന്ന ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് ഓണത്തിന് വിപുലമായ പരിപാടി നടത്തും. തൊഴിലുറപ്പ് പദ്ധതിയിൽ കയർഭൂവസ്ത്രത്തിനായി 46.86 ലക്ഷത്തിന്റെ ഓർഡർ ലഭിച്ചിട്ടുണ്ട്. ചകിരി, കയർ, ഉൽപ്പന്നങ്ങളുടെ വിലനിർണയത്തിന് തിങ്കളാഴ്ച കയർ കോർപറേഷനിൽ ഗ്രീവൻസ് കമ്മിറ്റി യോഗം ചേരുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.