21 December 2024, Saturday
KSFE Galaxy Chits Banner 2

യുപിയില്‍ മത്സരം ഹിന്ദു ആരെന്ന് ബോധ്യപ്പെടുത്താന്‍

പ്രത്യേക ലേഖകന്‍
January 7, 2022 7:30 am

നിര്‍ണായകമായ നിരവധി തെരഞ്ഞെടുപ്പുകളുടെ വേദികൂടിയാണ് പുതുവര്‍ഷം. ഏഴ് നിയമസഭകളിലേക്കും എഴുപത്തിയഞ്ചോളം രാജ്യസഭാ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന വര്‍ഷം. കേന്ദ്രഭരണം നിര്‍വഹിക്കുന്ന ബിജെപിക്കും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിനും സംസ്ഥാന ഭരണം കയ്യാളുന്നതും സ്വപ്നം കാണുന്നവരുമായ ഒട്ടേറെ ദേശീയ‑പ്രാദേശിക കക്ഷികള്‍ക്കും അതിനിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പുകളെന്ന് നിസംശയം പറയാം. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നടക്കേണ്ട ഉത്തര്‍പ്രദേശ്, മണിപ്പുര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികള്‍‍ ഉടന്‍ പ്രഖ്യാപിക്കും. ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലായിരിക്കും. ഇന്ത്യന്‍ പാര്‍ലമെന്റിലെ 25 ശതമാനം അംഗങ്ങളും ഈ ഏഴ് സംസ്ഥാനങ്ങളില്‍ നിന്നുമാണ്. ഇക്കാരണത്താല്‍ത്തന്നെ ഇന്ത്യയുടെ രാഷ്ട്രീയമാറ്റങ്ങള്‍ എങ്ങനെ എന്ന് രണ്ടായിരത്തി ഇരുപത്തിരണ്ട് നിശ്ചയിക്കും. ഉത്തര്‍പ്രദേശ് തന്നെയാണ് ഇതില്‍ പ്രധാനം. യുപി പിടിച്ചാല്‍ ഇന്ത്യഭരിക്കാം എന്നാണ് രാഷ്ട്രീയമണ്ഡലം പറയാറുള്ളത്. യുപിയുടെ ചരിത്രവും അത് തെളിയിക്കുന്നു. 403 ആണ് യുപി നിയമസഭയിലെ അംഗസംഖ്യ. നിലവിലെ ബലാബലം അനുസരിച്ച് 312 സീറ്റാണ് ബിജെപിക്കുള്ളത്. രണ്ടാം കക്ഷിയായ സമാജ്‌വാദി പാര്‍ട്ടി(എസ്‌പി)ക്ക് 47ഉം ബിഎസ്‌പിക്ക് 19 ഉം അംഗങ്ങളുമാണ് ഉള്ളത്. ദീര്‍ഘകാലം യുപി ഭരിച്ച കോണ്‍ഗ്രസിന് നിലവിലുള്ളത് ഏഴ് എംഎല്‍എമാരാണ്. കോണ്‍ഗ്രസിനും തൊട്ടുമുകളിലാണ് അപ്‌നാദള്‍ എന്ന കക്ഷിക്ക് നിയമസഭയിലുള്ളത്. ഒമ്പത് എംഎല്‍എമാര്‍. ഹൈന്ദവവോട്ടുകളില്‍ കണ്ണുംനട്ടാണ് ബിജെപിയും കോണ്‍ഗ്രസും എസ്‌പിയും ബിഎസ്‌പിയുമെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തുടങ്ങിയിരിക്കുന്നത്. തെ‍രഞ്ഞെടുപ്പ് അടുത്തെ­ങ്കിലും ആരാണ് നല്ല ‘ഹിന്ദു’ എന്ന മത്സരത്തിലാണ് നിലവില്‍ യുപിയിലെ കോണ്‍ഗ്രസും ബിജെപിയും. ഇതര കക്ഷികളില്‍ പലതും ഇതേ മത്സരത്തിലേര്‍പ്പെട്ടിരിക്കുകയാണ്. മു­ഖ്യമന്ത്രി ആദിത്യനാഥ് താന്‍ പങ്കെടുക്കുന്ന പാര്‍ട്ടി പരിപാടികളില്‍ മാത്രമല്ല, ഔദ്യോഗിക യോഗങ്ങളില്‍പ്പോലും ‘ഗര്‍വ് സേ കഹോ ഹം ഹിന്ദു ഹേ’ (നാം ഹിന്ദുക്കളാണെന്ന് ആത്മാഭിമാനത്തോടെ പറയുക) എന്ന് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അടിപതറിയ അമേഠിയില്‍ ആദിത്യനാഥ് തന്റെ ‘ഹിന്ദുത്വം’ വീണ്ടും വീണ്ടും സ്ഥാപിക്കാന്‍ കഴിഞ്ഞ ദിവസം ശ്രമിച്ചത് ശ്രദ്ധിക്കപ്പെട്ടു. ആദിത്യനാഥും സാക്ഷാല്‍‍ നരേന്ദ്രമോഡിയും അമിത്ഷായുമെല്ലാം അമേഠിയുടെ മണ്ണിലിറങ്ങുമ്പോള്‍ രാഷ്ട്രീയത്തിനപ്പുറം ‘ഹിന്ദു’ എന്ന തുറുപ്പുചീട്ട് ഇറക്കുന്നുവെന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ശ്രദ്ധിക്കുന്നത്. ബിജെപിയുടെ ഈ നേതൃത്രയത്തോട് അമേഠിയടക്കം പലയിടങ്ങളില്‍നിന്നുമുള്ള സമ്മിശ്രപ്രതികരണമാണ് വിശകലനങ്ങള്‍ക്ക് വിധേയമാക്കുന്നത്. ബിജെപിയുടെയും സംഘപരിവാറിന്റെയും തീവ്രഹിന്ദുത്വം യുപിയില്‍ എണ്ണിയാലൊടുങ്ങാത്തത്ര ഇരകളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഹിന്ദു-മുസ്‌ലിം വേര്‍തിരിവില്ലാതെ കഴിയുന്ന ഗ്രാമീണരില്‍ മഹാഭൂരിപക്ഷവും ബിജെപിയില്‍ നിന്നകലുന്നു എന്നതാണ് വാസ്തവം. ചില ഗ്രാമങ്ങള്‍ യഥാര്‍ത്ഥ ഹിന്ദുത്വം തേടുന്നുവെന്ന മാധ്യമവിലയിരുത്തലുകള്‍ ബിജെപി ദേശീയ നേതൃത്വത്തെ അങ്കലാപ്പിലാക്കുന്നതിനൊപ്പം അക്രമത്തിനും പ്രേരിപ്പിക്കുന്നുവെന്ന് കാണാം. ഹിന്ദുത്വവാദികള്‍ ഏറെയുള്ള ഗ്രാമങ്ങളില്‍ നിന്ന് യാഥാസ്ഥിതിക കുടുംബങ്ങള്‍ സ്വസ്ഥമായ ഇടങ്ങള്‍തേടി അകലുന്നു. യുപിയിലെ ഹിന്ദു കുടുംബങ്ങള്‍ അരക്ഷിതാവസ്ഥയിലാണെന്നത് ആരേക്കാളും തങ്ങളെയാണ് ബാധിക്കുന്നതെന്ന ആശങ്കയാണ് ബിജെപിയെ നയിക്കുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെ പ്രവര്‍ത്തിക്കുന്ന സര്‍വേ സംഘങ്ങളും പാര്‍ട്ടി കേന്ദ്രങ്ങളും നല്‍കുന്ന വിവരങ്ങളാണ് അവരെ അലട്ടുന്നത്.


ഇതുകൂടി വായിക്കാം; ഭരണകൂടവും മതവും ഇന്ത്യയിൽ


സംഘപരിവാറിലെ തീവ്രഹിന്ദു സംഘടനകളും അവയുടെ നേതാക്കളും നടത്തുന്ന പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും ജനങ്ങളെ ബിജെപിയില്‍ നിന്നകറ്റുന്നുണ്ട്. മുഖ്യ മന്ത്രി ആദിത്യനാഥിന്റെ ചില നേരങ്ങളിലെ ആക്രോശങ്ങളും അഭിപ്രായങ്ങളും വിനയാവുന്നുവെന്ന വാര്‍ത്തകളും നിരന്തരം പുറത്തുവരുന്നു. എന്നാല്‍ ബിജെപി ഇതര കക്ഷികളെല്ലാം തന്നെ യുപിയിലെ ജനങ്ങളുടെ യഥാര്‍ത്ഥ മനസ് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയാറാവുന്നുമുണ്ട്. ഇടതുപാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിധ്യമറിയിക്കാനുള്ള ശ്രമങ്ങളിലാണ് ഇക്കുറിയും. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ മേഖലാ എക്സിക്യൂട്ടീവ് യോഗം വിധാന്‍സഭയിലെ 60 സീറ്റുകളി‍ല്‍ മത്സരിക്കാന്‍ തീരുമാനമെടുത്തിരിക്കുകയാണ്. ബിജെപിയുമായി നേരിട്ടുള്ള മത്സരത്തിനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരുങ്ങുന്നത്. മറ്റ് ജനാധിപത്യ പാര്‍ട്ടികളുമായി ഐക്യമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കാനും തീരുമാനമുണ്ട്. തെരഞ്ഞെടുപ്പിനായി പണവും സര്‍ക്കാര്‍ സംവിധാനവും ദുരുപയോഗം ചെയ്യുന്നത് തുറന്നുകാട്ടുന്നതിനുള്ള ജനകീയ പ്രക്ഷോഭത്തിനും യുപിയിലെ സിപിഐ തീരുമാനമെടുത്തതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഡോ. ഗിരീഷ് പറയുന്നു. അതേസമയം, യുപിയില്‍ സടകുടഞ്ഞെഴുന്നേല്‍ക്കാനുള്ള സകല ശ്രമങ്ങളും നടത്തുകയാണ് കോണ്‍ഗ്രസ്. തങ്ങളിവിടെ ഉണ്ടെന്ന് ബോധ്യപ്പെടുത്താനുള്ള കോണ്‍ഗ്രസിന്റെ പെ­ടാപ്പാട് ചിലകേന്ദ്രങ്ങളില്‍ ഫലം ചെയ്യുന്നുണ്ടെന്നാണ് യുപി വാര്‍ത്തകള്‍. എന്നാല്‍ പ്രിയങ്ക ഗാന്ധിയടക്കമുള്ളവരുടെ ഹിന്ദുത്വ നിലപാടും നയവും വോട്ടര്‍മാരെ ആശങ്കപ്പെടുത്തുന്നു എന്നും കാണാം. ‘ബിജെപിയുടെ ചൈനാക്കടയിലെ കാള’ അല്ല കോണ്‍ഗ്രസെന്ന് സ്വയം പാടിനടക്കുന്ന ഒട്ടനവധി നേതാക്കളാണ് യുപിയില്‍. ബിജെപിയേക്കാള്‍ കോണ്‍ഗ്രസ് യുപിയില്‍ ഭയക്കുന്നത് സമാജ്‌വാദി പാര്‍ട്ടിയെ ആണെന്നതിന്റെ തെളിവുകള്‍ ഇവര്‍ അടിക്കടി പ്രസ്താവനകളിലൂടെ പുറത്തുവിടുന്നുമുണ്ട്. വീണ്ടും മുഖ്യമന്ത്രിപദം സ്വപ്നം കാണുന്ന എസ്‌പി നേതാവ് അഖിലേഷ് യാദവ് ആകട്ടെ, ആവശ്യത്തിലേറെ ഹിന്ദു അജണ്ടചേര്‍ത്താണ് തെരഞ്ഞെടുപ്പ് ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുന്നത്. ‘മഥുരയിലെ ശ്രീകൃഷ്ണഭഗവാന്‍ തന്റെ സ്വപ്നത്തില്‍ എല്ലാ രാത്രിയിലും പ്രത്യക്ഷപ്പെടുന്നു’ എന്ന ആമുഖമാണ് എവിടെയും നടത്തുന്നത്. രാഹുല്‍ ഗാന്ധി അമേഠിയിലെത്തി പറയുന്നതും ദേശീയ രാഷ്ട്രീയമോ ജനകീയ പ്രശ്നങ്ങളോ അല്ല. ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള അന്തരം സംബന്ധിച്ച് രാഹുലിന് അമേഠിയിലെ ജനങ്ങളോട് പറയേണ്ടിവരുന്നു. രാമനും കൃഷ്ണനും ഹിന്ദുവാണെങ്കില്‍ രാവണനും കംസനും ഹിന്ദുത്വമാണെന്ന് ഉദാഹരണം നിരത്തുകയാണ് അമേഠിയില്‍ തോല്‍വിയറിഞ്ഞ കോണ്‍ഗ്രസിന്റെ ദേശീയമുഖം. രാഹുല്‍ ആകസ്മിക ഹിന്ദുവാണ്, താനാണ് യഥാര്‍ത്ഥ ഹിന്ദു എന്ന് പിറകെ എത്തി ആദിത്യനാഥും പറയുന്നു. ഈവിധം രാഷ്ട്രീയം മറന്നുള്ള വര്‍ഗീയ കസര്‍ത്തുകളെ ആഴത്തില്‍ നോക്കിക്കാണുന്നവരല്ല യുപിയുടെ ഗ്രാമീണര്‍ എന്നതാണ് ഇവരുടെ വിജയം. എന്നാല്‍ ഇക്കുറി സ്ഥിതിമാറുമെന്നാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സമാജ്‌വാദി പാര്‍ട്ടിയുടെയും നേതാക്കളുടെ ഭീതിപുരണ്ട മുഖങ്ങള്‍ പറഞ്ഞുതരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.