5 October 2024, Saturday
KSFE Galaxy Chits Banner 2

Related news

August 30, 2024
August 8, 2024
July 20, 2024
June 14, 2024
May 18, 2024
May 12, 2024
May 6, 2024
March 13, 2024
March 12, 2024
March 4, 2024

കോവിഡ് കേസുകളില്‍ ആശങ്ക: 1.40 ലക്ഷം കേസുകൾ പിൻവലിക്കുന്നു

വത്സന്‍ രാമംകുളത്ത്
തിരുവനന്തപുരം
December 2, 2022 10:27 pm

കോവിഡ് കാലത്ത് രജിസ്റ്റർ ചെയ്ത 1,40,000ത്തിലേറെ കേസുകൾ പിൻവലിക്കുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ കൺവീനറായി നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം കുറയ്ക്കുന്നതിനുള്ള ലോക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ യാത്രകൾ നടത്തിയതിനും കൂട്ടംകൂടിയതിനും സാമൂഹിക അകലം പാലിക്കാതിരുന്നതിനടക്കം കേസെടുത്തിരുന്നു. മാസ്ക് ഒഴിവാക്കി പുറത്തിറങ്ങിയതും കേസിന് കാരണമായി. വിദേശങ്ങളിൽ നിന്നെത്തിയവർക്കുള്ള നിർദ്ദേശങ്ങൾ ലംഘിച്ച് ക്വാറന്റൈനിൽ കഴിയാതെ പുറത്തിറങ്ങിയവരും കേസുകളിൽ കുടുങ്ങി. ഐപിസി 188-ാം വകുപ്പ് പ്രകാരം ആറു മാസം വരെ ജയിൽ ശിക്ഷയും 1000 രൂപ പിഴയും ഈടാക്കുന്നതായിരുന്നു കേസുകളിലെ കുറ്റം. സർക്കാർ ഉത്തരവുകൾ ലംഘിക്കൽ, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പെരുമാറൽ, ദുരന്തനിവാരണം തുടങ്ങിയ വിവിധ വകുപ്പുകളിലാണിത്. കേസുകളില്‍ അകപ്പെട്ടവരില്‍ പലരും ഇതുമൂലം പ്രയാസത്തിലായി.

മിക്കയിടങ്ങളിലും പിഴ ഒടുക്കിയിട്ടും കേസില്‍ നിന്ന് ഊരിപ്പോരാനാവാതെ വിവിധ പരീക്ഷ, വിദേശ യാത്ര എന്നിവയിലെല്ലാം പ്രതിസന്ധികളുണ്ടായത് പരാതികളായി മാറി. ഇതേ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചത്. നിയമ വകുപ്പ് സെക്രട്ടറി, ഡിജിപി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. കേസുകളുടെ സ്വഭാവവും മറ്റും സമിതി പരിശോധിച്ചു. ഗുരുതര സ്വഭാവമില്ലാത്ത കേസുകളാണ് കോവിഡ് ഘട്ടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് സമിതിയുടെ വിലയിരുത്തല്‍. ഇത്തരം കേസുകള്‍ പിന്‍വലിക്കുന്നതില്‍ നിയമതടസമില്ലെന്നും സമിതി ചൂണ്ടിക്കാട്ടി. സമിതിയുടെ ശുപാര്‍ശയനുസരിച്ച് കേസ് പിന്‍വലിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ സർക്കാർ ഇന്നലെ പുറത്തിറക്കി.

സുപ്രീം കോടതിയുടെ വിധിയിലെ നിർദ്ദേശങ്ങളനുസരിച്ചും അതാത് കോടതിയുടെ അനുമതിയോടെയും കേസുകൾ പിൻവലിക്കാമെന്ന് സര്‍ക്കാര്‍ ഡിജിപിക്ക് നല്കിയ നിർദ്ദേശത്തില്‍ പറയുന്നു. കോടതി വ്യവഹാരങ്ങളില്‍ നിന്ന് കക്ഷികളെ വിടുതലാക്കുന്നതിനുള്ള നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂട്ടർമാരെ ചുമതലപ്പെടുത്താനും ഉത്തരവിലുണ്ട്. ഇതോടെ വലിയൊരു വിഭാഗം ആളുകള്‍ക്കാണ് ആശ്വാസമാകുന്നത്. അതേസമയം, കോവിഡ് വ്യാപനം വീണ്ടും സജീവമായി നിലനില്‍ക്കുന്നതിനാല്‍ പൊതുഇടങ്ങളില്‍ മാസ്ക് ഉപയോഗിക്കണമെന്നും ആശുപത്രിയടക്കമുള്ള മേഖലകളില്‍ സാമൂഹിക അകലം പാലിക്കണമെന്നുമുള്ള ആരോഗ്യവകുപ്പിന്റെ ഉത്തരവ് പ്രാബല്യത്തിലുണ്ട്. ഇത് ലംഘിക്കപ്പെട്ടാല്‍ കേസെടുക്കാമെന്ന നിര്‍ദ്ദേശം നിലനില്‍ക്കുന്നതായും ആഭ്യന്തരവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: Con­cern over Covid cas­es: 1.40 lakh cas­es withdrawn
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.