March 21, 2023 Tuesday

Related news

March 20, 2023
March 15, 2023
March 15, 2023
March 15, 2023
March 13, 2023
March 13, 2023
March 13, 2023
March 12, 2023
March 10, 2023
March 9, 2023

സുധാകരനെതിരെ പടയൊരുക്കം

ഹൈക്കമാന്‍ഡിന് എംപിമാരുടെ പരാതി 
അധ്യക്ഷനാകാന്‍ കൊടിക്കുന്നിലും അടൂർ പ്രകാശും
സ്വന്തം ലേഖകൻ
കൊച്ചി
December 30, 2022 10:30 pm

കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ കെ സുധാകരന്റെ പ്രവർത്തനം വന്‍പരാജയമെന്ന് ഹെെക്കമാന്‍ഡിന് കേരളത്തിൽ നിന്നുള്ള എംപിമാരുടെ പരാതി. രണ്ട് എംപിമാർ മാത്രമാണ് പരാതി നൽകുന്നതിൽ നിന്ന് വിട്ടുനിന്നതെന്നാണ് വിവരം. നിലവിലെ നേതൃത്വവുമായി മുന്നോട്ട് പോയാൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നാണ് പരാതിയിൽ പറയുന്നു. ആരോഗ്യപ്രശ്നങ്ങൾ മൂലം സുധാകരന് സംസ്ഥാനത്ത് നിറഞ്ഞുനിന്നു പ്രവർത്തിക്കാനാകുന്നില്ലെന്നും ആക്ഷേപമുണ്ട്. കെ സുധാകരൻ നിരന്തരമായി വിവാദം ഉണ്ടാക്കുന്നത് പാർട്ടിക്ക് വലിയ ദോഷം ചെയ്യുമെന്നാണ് എംപിമാരുടെ പക്ഷം. ഏറ്റവും ഒടുവിൽ മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങളും സുധാകരനെതിരെ തിരിയാൻ എംപിമാരെ പ്രേരിപ്പിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സംഘടനയിലെ ദൗർബല്യങ്ങൾ ചൂണ്ടിക്കാട്ടി കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

കോൺഗ്രസിനെ സെമി കേഡർ പാർട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച കെ സുധാകരൻ അധ്യക്ഷപദവിയിലെത്തി ഒരു വർഷം പിന്നിടുമ്പോൾ സംസ്ഥാനത്തിന്റെ പല ഭാഗത്തും സംഘടനാ സംവിധാനം ദുർബലമാണ്. കോൺഗ്രസിന്റെ സുരക്ഷിത മണ്ഡലങ്ങളിൽ പോലും വിമതനീക്കം തകൃതിയായി നടക്കുന്നു എന്നതടക്കം സുധാകരനെതിരെ ആരോപണങ്ങൾ ശക്തമാണ്. പാർട്ടിയിലെ പുനഃസംഘടന പൂർത്തിയാക്കാനായില്ലെന്ന വിമർശനവുമുണ്ട്. നിലപാട് പരസ്യമാക്കുന്നില്ലെങ്കിലും സംസ്ഥാനത്തെ ചില മുതിർന്നനേതാക്കൾക്കും സുധാകരന്റെ പ്രവർത്തനത്തിൽ തൃപ്തി ഇല്ല. അനാരോഗ്യമെന്ന കാരണത്താൽ കെ സുധാകരനെ നീക്കുന്നതിൽ സംസ്ഥാനനേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നതയില്ലെങ്കിലും പകരം ആര് എന്നതിൽ ഏക അഭിപ്രായം ഇല്ല.

എം പിമാരായ കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ് ഉൾപ്പടെയുള്ളവര്‍ അധ്യക്ഷ സ്ഥാനത്തിനായി രംഗത്തുണ്ട്. നിലവിലെ സമവാക്യങ്ങൾ അനുസരിച്ച് കൊടിക്കുന്നിലിന് നറുക്ക് വീഴാനാണ് സാധ്യത. കൊടിക്കുന്നിലിനെ അധ്യക്ഷപദവിയിലേക്ക് പരിഗണിക്കുന്നതിൽ കെ മുരളീധരന് അടക്കം അതൃപ്തിയുണ്ട്. എന്നാൽ കെ സുധാകരനെ അധ്യക്ഷപദവിയിൽ നിന്ന് മാറ്റണമെന്ന ആവശ്യം അദ്ദേഹവും തള്ളുന്നില്ല. സംസ്ഥാനത്തെ കാര്യങ്ങളിൽ നിലവിൽ ഇടപെടാൻ ഇല്ലെന്നാണ് കെ സി വേണുഗോപാലിന്റെ നിലപാട്.

അതുകൊണ്ടുതന്നെ കെ സുധാകരനെതിരെയുള്ള പരാതി വേണുഗോപാൽ മുഖവിലയ്ക്ക് എടുത്തിട്ടില്ല. കൊടിക്കുന്നിൽ വന്നാൽ പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാകുമെന്ന് ഒരു വിഭാഗം വാദിക്കുന്നുണ്ട്. കഴിഞ്ഞ നവംബറിൽ രണ്ടാം തവണയും കെ സുധാകരനെ പ്രസിഡന്റായി നിയമിച്ചുകൊണ്ടുള്ള കെപിസിസി പുനഃസംഘടനയ്ക്ക് എഐസിസി തത്വത്തിൽ അംഗീകാരം നൽകിയതാണ്. സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെയടക്കം പിന്തുണയോടെയാണ് ഇക്കാര്യത്തിൽ അന്ന് ധാരണയായത്. എന്നാൽ പിന്നീട് നിരന്തരം വിവാദ നായകനായതോടെ പ്രഖ്യാപനം വൈകി.

Eng­lish Sum­ma­ry: con­gress lead­ers demand­ed to remove k sudhakaran
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.