8 May 2024, Wednesday

Related news

May 8, 2024
May 8, 2024
May 8, 2024
May 8, 2024
May 7, 2024
May 7, 2024
May 7, 2024
May 7, 2024
May 7, 2024
May 6, 2024

കെ സുധാകരന്റെ സെമികേഡര്‍ നിര്‍ദ്ദേശം; കേരളത്തില്‍ പ്രായോഗികമാകില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

പുളിക്കല്‍ സനില്‍രാഘവന്‍
September 13, 2021 5:29 pm

കോണ്‍ഗ്രസ് ഇന്ന് ദേശീയതലത്തില്‍ പോലും രാഷട്രീയ നിലനില്‍പ്പിനായി കേഴുകയാണ്. കോണ്‍ഗ്രസിന്‍റെ നേതാക്കളും, ജനപ്രതിനിധികളും ബിജെപിയിലേക്ക് ചേക്കേറുന്നു. ഒരു ദേശീയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാന്‍ കഴിയാതെ നട്ടം തിരിയുകയാണ്, മുന്നോട്ട് വെയ്ക്കാന്‍ രാഷട്രീയ നയങ്ങള്‍ ഇല്ലാതെ ഉഴലുന്നു. ഇങ്ങനെയുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേരള ഘടകത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് കെ.സുധാകരനേയും, വി ഡി സതീശനെയും ഹൈക്കമാന്‍ഡ് നിയമിച്ചിരിക്കുന്നത്.

സംഘടനാ തലത്തിൽ വരുത്താൻ പോകുന്ന പരിഷ്‌കാരങ്ങളെ കുറിച്ചാണ് കേരളത്തിലെ കോൺഗ്രസിലെ ഇപ്പോഴത്തെ പ്രധാന ചർച്ച. എന്നാൽ അതേ ചൊല്ലി വലിയ വിമർശനവും ഉയരുന്നുണ്ട്.കെ സുധാകരൻ കോൺഗ്രസിനെ ഒരു സെമി കേഡർ പാർട്ടിയാക്കാൻ പോകുന്നു എന്ന വാർത്തകളാണ് വരുന്നത്. നെയ്യാർ ഡാമിൽ ഡിസിസി അധ്യക്ഷൻമാർക്കായി നടത്തിയ ക്യാംപിൽ ആയിരുന്നു ഇത് സംബന്ധിച്ച മാർഗ്ഗ രേഖകൾ തയ്യാറാക്കിയത്. അത് അന്ന് തന്നെ മാധ്യമങ്ങളിൽ വലിയ വാർത്തയാവുകയും ചെയ്തിരുന്നു. കോൺഗ്രസിന്റെ രക്ഷാമാർഗ്ഗം എന്ന നിലയിൽ ആയിരുന്നു പലരും ഇതിനെ നിരീക്ഷിച്ചത്. പുതിയ നേതൃത്വം വന്നതിന് പിറകെ പാർട്ടിയിൽ പരസ്പരമുള്ള ആശയ വിനിമയവും ചർച്ചകളും കുറഞ്ഞു എന്ന ആക്ഷേപം നിലനിൽക്കുമ്പോൾ തന്നെയാണ് ഈ വിമർശനവും ഉയരുന്നത്. ഫുൾ ടൈം പാർട്ടി പ്രവർത്തകർക്ക് വേതനം, കടുത്ത അച്ചടക്ക നടപടി, നേതാക്കളെ നിരീക്ഷിക്കാൻ സംവിധാനം, മേൽ തട്ടിൽ നിന്ന് താഴേക്കുള്ള റിപ്പോർട്ടിങ് തുടങ്ങി അനവധി പദ്ധതികളാണ് കെ സുധാകരന്റെ മുന്നിലുള്ളത്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രിസല്‍ ഇതു നടക്കുമോയെന്ന ചോദ്യം പ്രസക്തമാണ്. കോണ്‍ഗ്രസ് എന്നത് ഒരു ആള്‍ക്കൂട്ടമാണെന്നത് ഏറെക്കുറേ ഈ രാജ്യവും രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രവും അംഗീകരിച്ചിട്ടുള്ള ഒരു വസ്തുതയാണ്.


ഇതുംകൂടി വായിക്കൂ: ഗ്രൂപ്പില്ലാതെ കെപിസിസി ഉണ്ടാക്കാൻ മുന്നിട്ടിറങ്ങിയ സുധാകരന് ലഭിച്ചത് ഗ്രൂപ്പുകളുടെ കൂട്ടലിസ്റ്റ്


അതിനെ ചലനാത്മകമാക്കുന്നത് ചില നേതാക്കളും, ചില സംഭവ വികാസങ്ങളും ഒക്കെയാണ്. അങ്ങനെയുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയെ കേരളത്തില്‍ ഒരു സെമി കേഡര്‍ സംവിധാനമാക്കുമെന്നാണ് കെ സുധാകരന്‍ പറയുന്നത്. അതിന് അദ്ദേഹത്തിന്റെ കൈവശമുള്ളത്, അച്ചടക്കത്തിന്റെ വാള്‍ തന്നെയാണ്. ഇത് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രായോഗികമാണോ എന്ന ചോദ്യം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ചോദിക്കുന്നുണ്ട്.കോണ്‍ഗ്രസ് പോലെ ഒരു പാര്‍ട്ടിയ്ക്ക് സാധ്യമാവുന്നതല്ല മാര്‍ഗ്ഗരേഖയിലെ ഒട്ടുമിക്ക നിര്‍ദ്ദേശങ്ങളും. ഭാരവാഹികള്‍ക്ക് അവരുടെ ചുമതലകള്‍ യൂണിറ്റ് തലം മുതല്‍ സംസ്ഥാന തലം വരെ വീതിച്ചുനല്‍കും എന്നതാണ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ ഒന്ന്. ഇക്കാര്യങ്ങള്‍ കൃത്യമായി പരിശോധിക്കുമെന്നും കൃത്യമായി പണിയെടുക്കാത്തവരെ സ്ഥാനങ്ങളില്‍ നിന്ന് മാറ്റും എന്നും ആണ് സുധാകരന്‍ വ്യക്തമാക്കിയത്.

എന്നാല്‍, യൂണിറ്റ് തലം മുതല്‍ സംസ്ഥാന തലം വരെ ഓരോ ഭാരവാഹിക്കും ഇപ്പോള്‍ തന്നെ ചുമതലകള്‍ സംബന്ധിച്ച് പാര്‍ട്ടിയില്‍ കൃത്യമായ ചുമതലകളും ഉത്തരവാദിത്തങ്ങളും ഉള്ളത് തന്നെയാണ്. മേല്‍ കമ്മിറ്റികള്‍ക്ക് അത് വിലയിരുത്താനുള്ള ബാധ്യതയും ഉണ്ട്. എന്നാല്‍ ആര്, ആരെ വിലയിരുത്തും എന്നതാണ് കോണ്‍ഗ്രസിലെ പ്രധാന പ്രശ്‌നം. ചുമതലകള്‍ കൃത്യമായി നിര്‍വ്വഹിക്കാത്തവരെ സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ തുടങ്ങിയാല്‍, ഇപ്പോഴത്തെ അവസ്ഥയില്‍ കോണ്‍ഗ്രസില്‍ അതൊരു അവസാനമില്ലാത്ത തുടര്‍ പ്രവര്‍ത്തനം ആയിമാറും എന്നാണ് പലരും വിലയിരുത്തുന്നത്.അച്ചടക്കമില്ലായ്മയാണ് കെ സുധാകരന്‍ ഉയര്‍ത്തിക്കാണിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം. കെപിസിസി അധ്യക്ഷന്‍ ആകുന്നതിന് മുമ്പുള്ള സുധാകരന്റെ പാര്‍ട്ടി അച്ചടക്കത്തെ കുറിച്ച് അദ്ദേഹം ഒരു സ്വയം വിമര്‍ശനമെങ്കിലും നടത്തേണ്ടതാണെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ വലിയൊരു വിഭാഗത്തിനുണ്ട്. അന്ന് സുധാകരന്‍ കാത്തുസൂക്ഷിക്കാത്ത അച്ചടക്കത്തിന്റെ പേരിലാണ് ഇപ്പോള്‍ മുതിര്‍ന്ന നേതാക്കളെ അടക്കം ഭീഷണിപ്പെടുത്തുന്നത് എന്നൊരു പരാതിയും ശക്തമാണ്.എന്നാല്‍ സുധാകരന്‍ പറയുന്നത് പ്രകാരം, പുതിയ സാഹചര്യത്തില്‍ അത് സാധ്യമല്ല. വിമര്‍ശനം എന്തായാലും അത് പാര്‍ട്ടി ഫോറങ്ങളില്‍ മാത്രമേ പറയാന്‍ പാടുള്ളു. ഫേസ്ബുക്കിലോ മറ്റ് സാമൂഹ്യ മാധ്യമങ്ങളിലോ ഇത്തരത്തില്‍ അഭിപ്രായം പറഞ്ഞ് പാര്‍ട്ടിയേയും നേതാക്കളേയും അവഹേളിച്ചാല്‍, മുഖം നോക്കാതെ നടപടി എടുക്കുമെന്നും പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്.


ഇതുംകൂടി വായിക്കൂ: സുധാകരന്റെ പദ്ധതികൾ ഹൈക്കമാൻഡ് നിർദേശത്തിന് എതിരെ; വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഗ്രൂപ്പുനേതാക്കൾ


ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയങ്ങളോട് കടുത്ത വിയോജിപ്പുള്ളവര്‍, മുമ്പ് അതെല്ലാം തുറന്ന് പറഞ്ഞിട്ടുള്ളവരാണ്. പാര്‍ട്ടി നിലപാടല്ല തനിക്ക് ഇക്കാര്യത്തില്‍ എന്ന് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞിട്ടുണ്ട്. അടുത്തത് ഗ്രൂപ്പിസത്തിന്റെ മുകളിലാണ് സുധാകരന്റെ പുതിയ നിയമം. ഗ്രൂപ്പിസം പൂര്‍ണമായും അവസാനിപ്പിക്കണം എന്നാണ് അന്ത്യശാസനം. ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ചാല്‍ ഗൗരവമായ പ്രതികരണങ്ങളും നടപടികളും ഉണ്ടാകും എന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഗ്രൂപ്പുകള്‍ കൊണ്ട് അടിത്തറ ഉണ്ടാക്കിയ ഒരു പാര്‍ട്ടിയില്‍ ആണ് ഇനി ഗ്രൂപ്പ് യോഗങ്ങള്‍ നടത്തിയാല്‍ കടുത്ത നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് എന്ന് കൂടി ഓര്‍ക്കണം. ഈ പ്രഖ്യാപനം നടത്തിയ കെ സുധാകരന്‍ പോലും ഗ്രൂപ്പിന്റെ ഭാഗമായി നിന്ന ആളായിരുന്നല്ലോ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും വരെ നടപടിയ്ക്ക് വിധേയരാക്കിക്കളയും എന്നൊരു ധ്വനി കൂടിയുണ്ട് കെ സുധാകരന്റെ മാര്‍ഗ്ഗരേഖയില്‍.


ഇതുംകൂടി വായിക്കൂ: ആ അഞ്ഞൂറിൽ ഞങ്ങളില്ലെന്ന് അന്ന് പറഞ്ഞവർ ഇന്ന് അതിനും മുകളിൽ, കോവിഡ്‌ മാനദണ്ഡങ്ങൾ കാറ്റിൽപറത്തി സുധാകരന്റെ സ്ഥാനാരോഹണം


ഐക്യത്തെ ഹനിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ എത്ര വലിയവര്‍ നടത്തിയാലും നടപടിയുണ്ടാകും എന്ന് പറയുന്നത് ഉമ്മന്‍ ചാണ്ടിയേയും ചെന്നിത്തലയേയും ലക്ഷ്യംവച്ചാണെന്ന് പലപല വിഷയങ്ങള്‍ സുധാകരന്‍ മാര്‍ഗ്ഗരേഖയില്‍ ഉന്നയിക്കുന്നുണ്ട്. ഇരട്ടപ്പദവി മുതല്‍ ഫ്‌ലക്‌സ് രാഷ്ട്രീയം വരെയുണ്ട് അതില്‍. ഇതിലൊക്കെ കെ സുധാകരനും കൂടി മറുപടി പറയേണ്ടതാണ് കേരളത്തിലെ സമീപകാല കോണ്‍ഗ്രസ് ചരിത്രം എന്നതും പ്രവര്‍ത്തകരിലെങ്കിലും ചര്‍ച്ചയാകുന്ന ഒരു കാര്യമാണ്. മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേതനം നല്‍കുക എന്നതൊക്കെ കോണ്‍ഗ്രസില്‍ എത്രമാത്രം പ്രായോഗികമാകുമെന്നും, അതില്‍ നടക്കുന്ന തട്ടിപ്പുകളുടെ പേരില്‍ പാര്‍ട്ടി വീണ്ടും പഴി കേള്‍ക്കേണ്ടി വരില്ലേ എന്നും സംശയിക്കുന്നവരും കുറവല്ല. കോണ്‍ഗ്രസില്‍ മേല്‍പറഞ്ഞ തരത്തിലുള്ള നവീകരണ, പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍, എന്തായി തീരം എന്നുംസംശയിക്കുന്നു. ആദ്യം സംഘടനാപരമായ, അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്. അതിന് ശേഷം മാത്രമേ ഇത്തരം കടുത്ത മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്യാവൂ എന്നാണ് കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗത്തിന്റെ നിലപാട്. കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഒരു യാഥാര്‍ത്ഥ്യമാണ്. പാര്‍ട്ടി യോഗങ്ങള്‍ ചേര്‍ന്നില്ലെങ്കിലും ഗ്രൂപ്പ് യോഗം ചേരും. എന്നാല്‍ സുധാകരിന്‍റെ പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്ന കാര്യം യാഥാര്‍ത്ഥ്യമാകില്ലെന്ന നിലപാടിലുമാണവര്‍.

Eng­lish Sum­ma­ry : con­gress work­ers say semi­cadre sys­tem pro­posed by k sud­hakaran wont work­out in kerala

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.