19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 19, 2024
November 9, 2024
October 18, 2024
August 27, 2024
July 12, 2024
June 30, 2024
May 2, 2024
March 27, 2024
March 26, 2024

കേരളം ഭരണഘടനാ സാക്ഷരതയിലേക്ക്

സഫി മോഹൻ എം ആർ
November 27, 2022 4:30 am

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി 75 വർഷത്തിന് ശേഷവും ഭരണഘടനാ സാക്ഷരത അതിന്റെ യഥാർത്ഥ അർത്ഥത്തിൽ ജനങ്ങളിൽ എത്തിക്കുവാൻ കഴിഞ്ഞിട്ടില്ല എന്നത് ഒരു വാസ്തവമാണ്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തിൽ വളരെ പിന്നോട്ട് പോയപ്പോൾ കേരളം രാജ്യത്തിന് മാതൃകയാവുകയാണ്. ഭരണഘടനാ സാക്ഷരത കേരളത്തിൽ നടപ്പിലാക്കുന്നതിന് വേണ്ടി തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് പരിശ്രമം തുടങ്ങിക്കഴിഞ്ഞു. കേരള നിയമസഭയുടെ ഭാഗമായ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്റ് പാർലമെന്ററി സ്റ്റഡി സെന്ററും കുടുംബശ്രീ മിഷനും ചേർന്ന് കുടുംബശ്രീ മാസ്റ്റർ ട്രെയിനേഴ്സിന് ഭരണഘടനാ സാക്ഷരതയിൽ പ്രത്യേക പരിശീലനം നല്കുകയും ഭരണഘടനാ ദിനത്തില്‍ മൂന്ന് ലക്ഷം കുടുംബശ്രീ പ്രവർത്തകർക്ക് ഭരണഘടന അവകാശങ്ങളെക്കുറിച്ച് ക്ലാസുകളെടുക്കുകയും ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കേരള ലിറ്ററസി മിഷനും ഈ വഴിക്കാണ് മുന്നോട്ട് പോകുന്നത്. ചിറയിൻകീഴ് എംഎൽഎ വി ശശിയുടെ നേതൃത്വത്തിൽ ചിറയിൻകീഴ് മണ്ഡലത്തിൽ ഭരണഘടനാ പഠനകേന്ദ്രം 2020‑ൽ നിലവിൽ വന്നിരുന്നു. ഇതിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ഡലത്തിലെ മുഴുവൻ കോളജുകളിലും സ്കൂളുകളിലും ഭരണഘടനാ സാക്ഷരതയുമായി ബന്ധപ്പെട്ട പരിപാടികൾ നടന്നുവരികയാണ്. സംസ്ഥാനത്ത് കിലയുടെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളിലും ഭരണഘടനാ സാക്ഷരത യത്നത്തിന് തുടക്കമായിട്ടുണ്ട്. കൊല്ലം ജില്ലാ പഞ്ചായത്ത് ഇതിനകം ഭരണഘടനാ സാക്ഷരത പരിപാടികൾ ജില്ലയിൽ ഉടനീളം സംഘടിപ്പിച്ചുകഴിഞ്ഞു. എഐടിയുസിയുടെ മുഖപത്രമായ ട്രേഡ് യൂണിയൻ ഭരണഘടനാ സാക്ഷരതയ്ക്ക് കൂടുതൽ മുൻതൂക്കം നൽകുമ്പോൾ സി കെ ചന്ദ്രപ്പൻ സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് ഭരണഘടനയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് സെമിനാറുകൾ സംഘടിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകുന്നു. ഇന്ത്യയെ ഒരു യഥാർത്ഥ പരമാധികാര സ്ഥിതസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി നിലനിർത്തേണ്ട ഓർമ്മപ്പെടുത്തലാണ് ഭരണഘടനാ സാക്ഷരതയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.


ഇതുകൂടി വായിക്കൂ: മുന്നേറാം ഭരണഘടനയുടെ വെളിച്ചത്തിൽ


ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഇന്ത്യയെ താങ്ങിനിർത്തുന്നത് ഭരണഘടന ആയതുകൊണ്ടുതന്നെ അത് സംരക്ഷിക്കുകയെന്നത് പരമപ്രധാനമാണ്. പ്രത്യേകിച്ച് അതിനുനേരെ അകത്തും പുറത്തും നിന്ന് വലിയതോതിലുള്ള വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലത്ത്. ഭരണഘടന ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി മാറ്റുമ്പോൾ രാജ്യത്തെ പൗരന്മാർക്ക് നീതിയും സ്വാതന്ത്ര്യവും തുല്യതയും ഭരണഘടന ഉറപ്പുനല്കുന്നു. സുസ്ഥിരമായ ഒരു ഭരണസംവിധാനവും സുതാര്യമായ ഒരു ഭരണരീതിയും ഭരണഘടനയുടെ വാഗ്ദാനമാണ്. ഭരണകൂടങ്ങൾ ഭരണഘടന അവകാശങ്ങളെ സംരക്ഷിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതിന് കൂടിയാണ് ഓരോ പൗരനും ഭരണഘടനാ സാക്ഷരത നേടേണ്ടത് അനിവാര്യമാക്കുന്നത്. ഭരണഘടന മൂല്യങ്ങളായ മതനിരപേക്ഷത, സ്ഥിതിസമത്വരാഷ്ട്രം എന്നീ ആശയങ്ങളാണ് ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നത്. ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിച്ചുകൊണ്ട് മറ്റ് മതങ്ങളെ ശത്രുക്കളായി കാണുന്ന സമീപനം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരാണ്. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നു എന്നത് മാത്രമല്ല അവരെ ഒറ്റപ്പെടുത്തുവാനും ബോധപൂർവമുള്ള ശ്രമങ്ങൾ നടന്നുവരുന്നു. രാജ്യത്തെ കർഷകരും തൊഴിലാളികളും കർഷക‑തൊഴിലാളി വിരുദ്ധനിയമങ്ങൾ കാരണം പ്രതിസന്ധി നേരിടുമ്പോൾ അവരുടെ അവകാശങ്ങൾ ലംഘിക്കപ്പെടുകയോ എടുത്തുമാറ്റപ്പെടുകയോ ആണ് ചെയ്യുന്നത്. രാജ്യത്തെ കർഷകസമരങ്ങൾ ഇതിനെതിരായുള്ള ചെറുത്തുനില്പായിരുന്നു. ഒരു സ്ഥിതിസമത്വ ഭരണഘടന നല്കുന്ന സാമൂഹിക സുരക്ഷയും നീതിയും നിരാകരിക്കുന്ന തൊഴിലാളി നിയമങ്ങളാണ് ലേബർ കോഡ് എന്ന പേരിൽ രാജ്യത്ത് നിലവിൽ വന്നിരിക്കുന്നത്. ഇത്തരം ചൂടേറിയ പ്രശ്നങ്ങൾക്ക് നടുവിലും രാജ്യദ്രോഹക്കുറ്റം സുപ്രീം കോടതി മരവിപ്പിച്ചതും സുപ്രീം കോടതിയുടെ പ്രവർത്തനങ്ങൾ രാജ്യത്തെ പൗരന്മാർക്ക് വീക്ഷിക്കാൻ പറ്റുന്ന രീതിയിൽ സുതാര്യമാക്കിയതും ഭരണഘടനയെ സ്നേഹിക്കുന്നവരെ സംബന്ധിച്ച് ശുഭകരമായ വാര്‍ത്തയാണ്. ഭരണഘടനയെന്നത് ജനാധിപത്യം, മതേതരത്വം, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാന പ്രമാണമാണ്. അതുകൊണ്ടുതന്നെ ഭരണഘടനാ സാക്ഷരതയ്ക്ക് പ്രാധാന്യമേറുന്നു എന്നതിനാലാണ് കേരളത്തില്‍ അതിനുള്ള വിപുലമായ യത്നങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഇക്കാര്യത്തിലും ബദല്‍ സൃഷ്ടിക്കുകയാണ് നമ്മുടെ സംസ്ഥാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.