രാജ്യത്തിന്റെ മതേതര ഘടന തകർക്കുന്നതിനുള്ള സംഘ്പരിവാർ ശ്രമങ്ങളിൽ ഏറ്റവും മുന്നിട്ടുനിൽക്കുന്നത് ആരാധനാലയങ്ങൾ സംബന്ധിച്ച് അനാവശ്യ തർക്കങ്ങൾ സൃഷ്ടിക്കുകയും അതിന്റെ പേരിൽ നടത്തുന്ന കലാപങ്ങളുമാണ്. ബാബറി മസ്ജിദ് അതിന്റെ പാരമ്യമായിരുന്നു. എന്നാൽ ബാബറി മസ്ജിദ് തകർത്തിടത്ത് പുതിയ ക്ഷേത്രം പ്രവർത്തനമാരംഭിച്ചിട്ടും ആ കലാപരിപാടി അവസാനിപ്പിച്ചിട്ടില്ല. ബാബറി മസ്ജിദ് രാമജന്മഭൂമി തർക്കം നിൽക്കേതന്നെ കാശി, മഥുര ഉൾപ്പെടെ ബാക്കിയുണ്ടെന്ന് സംഘ്പരിവാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇനിയൊരു ആരാധനാലയത്തിന്റെ പേരിലും തർക്കമുണ്ടാകരുതെന്ന ധാരണയിൽ 1991ലെ ആരാധനാലയ നിയമം രാജ്യത്തുണ്ടായത്. സ്വാതന്ത്ര്യം ലഭിച്ച 1947 ഓഗസ്റ്റ് 15ന് ആരാധനാലയങ്ങളുടെ സ്വഭാവം എന്തായിരുന്നോ, ആ സ്ഥിതി തുടരണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ഈ നിയമം. എങ്കിലും മഥുരയും കാശിയും മാത്രമല്ല പുതിയ പുതിയ തർക്കങ്ങൾ ആർഎസ്എസും തീവ്ര ഹിന്ദുത്വ സംഘടനകളും ആവർത്തിച്ചുകൊണ്ടിരുന്നു.
കൂടാതെ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് വ്യവഹാരങ്ങൾക്കും തുടക്കമിട്ടു. ഈ ഹർജികൾ യഥാസമയം പരിഗണിച്ച് തീർപ്പ് കല്പിക്കുന്നതിൽ കാലതാമസമുണ്ടായതിനാൽ തർക്കങ്ങൾ ഒന്നിൽ നിന്ന് പലതായി വ്യാപിക്കുകയും ചെയ്തു. ഗ്യാൻവാപി, സംഭാൽ തുടങ്ങിയ പത്ത് മുസ്ലിം ആരാധനാലയങ്ങളുടെ പേരിലും തർക്കമുന്നയിച്ച് കോടതികളിൽ ഹർജികൾ നൽകി. ചില കോടതികൾ ഹർജിക്കാർക്കനുകൂലമായ വിധികൾ പുറപ്പെടുവിക്കുന്ന സ്ഥിതിയുമുണ്ടായി. ഈ ഘട്ടത്തിലാണ് 1991ലെ ആരാധനാലയ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത ഹർജികൾ വീണ്ടും സുപ്രീം കോടതി സജീവ പരിഗണനയ്ക്കെടുത്തത്. 1991ൽ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന പ്രസ്തുത നിയമത്തോട് നിലവിലുള്ള ബിജെപി സർക്കാരിന്റെ നിലപാട് അറിയിക്കാതിരുന്നതായിരുന്നു പരിഗണന വൈകുന്നതിന് പ്രധാന കാരണമായത്. 2020 മുതൽ പല തവണ നിലപാട് അറിയിക്കണമെന്നാവശ്യപ്പെട്ടുവെങ്കിലും അതിന് തയ്യാറായില്ല. ഇതിനിടെ പുതിയ പുതിയ തർക്കങ്ങൾ കുത്തിപ്പൊക്കിക്കൊണ്ടുവരികയും അതാതിടങ്ങളിൽ സംഘർഷത്തിനും കലാപങ്ങൾക്കും കാരണമാകുകയും ചെയ്തു. ഇതിൽ ഏറ്റവും കൂടുതൽ ഉത്തർപ്രദേശിലായിരുന്നു. സംഭാലിലെയും മഥുരയിലെയും ഷാഹി, ഫത്തേപൂരിലെ ജാമി ദർഗ, ബദൗനിലെ ഷംസി, ലഖ് നൗവിലെ ടീലെ വാലി, ജോൻപൂരിലെ അതാന, വാരാണസിയിലെ ഗ്യാൻവാപി മസ്ജിദുകൾ എന്നിവയാണ് അവ. ഇതിന് പുറമേ ഡൽഹിയിലെ ഖുവത്തുൽ ഇസ്ലാം, രാജസ്ഥാനിലെ അജ്മീർ ദർഗ, മധ്യപ്രദേശിലെ കമാൽ മൗല തുടങ്ങിയ മുസ്ലിം പള്ളികൾക്കു നേരെയും അവകാശമുന്നയിച്ചു. ഇതിനിടെയാണ് കഴിഞ്ഞ ഡിസംബറിൽ ആരാധനാലയ നിയമം സംബന്ധിച്ച ഹർജികൾ പരിഗണിച്ച സുപ്രീം കോടതി സുപ്രധാന നിർദേശം പുറപ്പെടുവിച്ചത്. മസ്ജിദുകളിലെ സർവേകൾ അടക്കമുള്ള നടപടികൾ സുപ്രീം കോടതി ഡിസംബർ 12നുള്ള വിധിയിൽ വിലക്കി. പുതിയ ഹർജികൾ സ്വീകരിക്കരുതെന്ന് കീഴ്‌ക്കോടതികൾക്ക് നിർദേശം നൽകുകയും ചെയ്തു. എന്നാൽ സംഭാലിലെയും ഗ്യാൻവാപിയിലെയും മസ്ജിദുകൾ സംബന്ധിച്ച തർക്ക ഹർജികൾ പിന്നീടും പരിഗണിച്ചുകൊണ്ട് സുപ്രീം കോടതി വിധി കാറ്റിൽ പറത്തുന്ന സമീപനമാണ് ചില കോടതികളിൽ നിന്നെങ്കിലും ഉണ്ടാകുന്നത്. ഏറ്റവും ഒടുവിൽ സംഭാൽ ഷാഹി ജുമാ മസ്ജിദിനെ തർക്കസ്ഥലമായി പ്രഖ്യാപിച്ചിരിക്കുകയാണ് അലഹബാദ് ഹൈക്കോടതി.
റമദാൻ വ്രതാനുഷ്ഠാനത്തിന്റെ മുന്നോടിയായി മസ്ജിദ് കെട്ടിടങ്ങൾ ചായം പൂശുന്നതിനുള്ള ഹർജികൾ പരിഗണിച്ചാണ് തർക്ക ക്ഷേത്രമെന്ന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. നൂറ്റാണ്ടുകളായി മുസ്ലിങ്ങൾ ആരാധനാലയമായി ഉപയോഗിച്ചുവന്നിരുന്ന സ്ഥാപനത്തെ തർക്ക സ്ഥലമെന്ന് വിധിക്കുന്നത് ഫലത്തിൽ തീവ്ര ഹിന്ദുത്വ സംഘടനകൾക്ക് അനുകൂലമാണ്. മസ്ജിദിൽ തർക്കസ്ഥലം എന്ന് രേഖപ്പെടുത്താനും ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. യഥാർത്ഥത്തിൽ സുപ്രീം കോടതിയെ വെല്ലുവിളിക്കുന്ന സമീപനമാണ് അലഹബാദ് ഹൈക്കോടതിയിൽ നിന്നുണ്ടായിരിക്കുന്നത്. മസ്ജിദ് ഭാരവാഹികളിൽ നിന്ന് പുതിയ ഹർജി സ്വീകരിച്ചതുതന്നെ കോടതിയലക്ഷ്യമായി കരുതേണ്ടതാണ്. അതിന് പുറമേയാണ് ഇത്തരമൊരു വിധി പുറപ്പെടുവിച്ച നടപടി. പുതിയ ഹർജികൾ സ്വീകരിക്കരുതെന്ന നിർദേശം സുപ്രീം കോടതി ഡിസംബറിൽ നൽകുമ്പോൾ 10 മുസ്ലിം പള്ളികൾക്ക് മേൽ അവകാശം ഉന്നയിച്ച് 18 ഹർജികൾ വിവിധ കോടതികൾക്ക് മുമ്പിലുണ്ടായിരുന്നു. ഈ ഹർജികളിലെല്ലാം തുടർനടപടികൾ തടയുകയും ചെയ്തതാണ്. അതിലൊന്നായിരുന്നു സംഭാലിലെ മസ്ജിദ് സംബന്ധിച്ച് നിലനിൽക്കുന്ന കേസുകൾ. എന്നിട്ടും ഇത്തരം വിധികൾ പുറപ്പെടുവിക്കുന്നത് കോടതിയോടുള്ള അനാദരവെന്നല്ല, വെല്ലുവിളിയാണ് എന്നാണ് പറയേണ്ടത്. നമ്മുടെ രാജ്യത്തെ ചില കോടതികൾ പോലും ബിജെപി സർക്കാരിന് കീഴിൽ കാവിവൽക്കരിക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഇത്തരം നടപടികളിലൂടെ വ്യക്തമാക്കപ്പെടുന്നത്. ഭരണകൂട നീതികേടുകളുടെ കെടുതികൾ അനുഭവിക്കുകയും ഭരണഘടനാ മൂല്യങ്ങള്‍ തകർക്കപ്പെടുകയും മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുകയും ചെയ്യുന്ന ഘട്ടത്തിൽ പൗരന്റെ അത്താണിയാകേണ്ടത് നമ്മുടെ നീതിന്യായ സംവിധാനങ്ങളാണ്, കോടതികളാണ്. അതുകൊണ്ട് ഈ വിഷയങ്ങളിൽ ഫലപ്രദമായി ഇടപെട്ട് നടപടി സ്വീകരിക്കുന്നതിന് സുപ്രീം കോടതി തയ്യാറാകേണ്ടതാണ്. കോടതികളിലുള്ള സാധാരണക്കാരന്റെ വിശ്വാസം നിലനിർത്തുന്നതിന് അത് അനിവാര്യവുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.