8 May 2024, Wednesday

Related news

May 7, 2024
May 7, 2024
May 7, 2024
May 7, 2024
May 7, 2024
May 7, 2024
May 7, 2024
May 6, 2024
May 6, 2024
May 6, 2024

ബിജെപിയില്‍ മുഖ്യമന്ത്രിയാകാന്‍ മത്സരം; കമല്‍നാഥിനെയിറക്കി കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
October 8, 2023 9:33 pm

നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ മധ്യപ്രദേശില്‍ മുഖ്യമന്ത്രിമാരാകാന്‍ ബിജെപിയില്‍ മത്സരം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി താനായിരിക്കുമെന്ന സൂചന നല്‍കി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ കഴിഞ്ഞദിവസം രംഗത്തുവന്നു. തൊട്ടുപിന്നാലെ, താന്‍ തന്നെയാകും മുഖ്യമന്ത്രിയെന്ന പ്രഖ്യാപനം ശിവ്‌രാജ് സിങ് ചൗഹാനും നടത്തി.അതേസമയം പിസിസി അധ്യക്ഷൻ കൂടിയായ കമൽനാഥ് ആയിരിക്കും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന പ്രഖ്യാപനവുമായി രൺദീപ് സുർജേവാല. ആരാണോ പാർട്ടി അധ്യക്ഷൻ അദ്ദേഹമായിരിക്കും മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്ഥാനാർത്ഥികളെ സംബന്ധിച്ച് അന്തിമ ചർച്ച നടന്നിട്ടില്ലെന്ന് കമൽനാഥ് വ്യക്തമാക്കി. ‘പല പേരുകളും യോഗത്തിൽ ചർച്ചയായി. 140 സീറ്റുകൾ സംബന്ധിച്ചാണ് ചർച്ച നടന്നത്’ എന്നും അദ്ദേഹം പറഞ്ഞു. 

ബിജെപിയിലാകട്ടെ നിലവിലെ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ വീണ്ടും മത്സരിക്കുമോ എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. അദ്ദേഹത്തെ ഒഴിവാക്കിയാണ് ഇതുവരെയുള്ള സ്ഥാനാര്‍ത്ഥിപ്പട്ടിക. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിജയവര്‍ഗിയ അടക്കമുള്ളവര്‍ക്ക് സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ കണക്കുകൂട്ടുന്നത്. ഒന്നിലേറെ കേന്ദ്രമന്ത്രിമാര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഇവര്‍ക്ക് പുറമേ ജ്യോതിരാദിത്യ സിന്ധ്യയും മത്സരിക്കാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ശിവ്‌രാജ് സിങ് ചൗഹാന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാതിരിക്കുന്നത്. ഇതിനിടെയാണ് വിജയവര്‍ഗിയയുടെ അവകാശവാദം. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ കേവലം എംഎല്‍എ എന്നതിലുപരി ഭോപ്പാലില്‍ തനിക്ക് വലിയ ഉത്തരവാദിത്തങ്ങള്‍ പാര്‍ട്ടി കരുതിവച്ചിട്ടുണ്ടെന്നാണ് കൈലാഷ് വിജയവര്‍ഗിയ പറഞ്ഞത്. ഇന്‍ഡോര്‍ ഒന്ന് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് കൈലാഷ്.

വെള്ളിയാഴ്ച ദിൻഡോരിയിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ശിവ്‌രാജ് സിങ് ചൗഹാൻ മുഖ്യമന്ത്രി താന്‍ തന്നെയാകുമെന്ന് സൂചിപ്പിച്ചത്. ‘ഞാൻ നടത്തുന്നത് നല്ല സർക്കാരാണോ മോശം സർക്കാരാണോ എന്ന് നിങ്ങള്‍ തീരുമാനിക്കണം. ഈ സർക്കാർ മുന്നോട്ട് പോകണോ വേണ്ടയോ, നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി തുടരണമോ എന്നും നിങ്ങള്‍ തീരുമാനിക്കണം’ എന്ന ചോദ്യമാണ് ചൗഹാന്‍ ഉന്നയിച്ചത്. അനുയായികളുടെ അനുകൂലമറുപടിയും ഉണ്ടായി.
രണ്ടുദിവസം മുമ്പ് ധാർ ജില്ലയിൽ ഒരു റാലിയെ അഭിസംബോധനചെയ്തുകൊണ്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വാധ്ര, ശിവ്‌രാജ് ചൗഹാൻ വീണ്ടും മുഖ്യമന്ത്രിയാകില്ലെന്ന് പ്രഖാപിച്ചിരുന്നു. അതിന് പ്രതികരണമായിട്ടാണ് ചൗഹാന്റെ ചോദ്യമെങ്കിലും സൂചന വ്യക്തമാണ്. ബിജെപിയിലെ എല്ലാ നേതാക്കളും മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. സംസ്ഥാനത്തെ ഭരണ വിരുദ്ധ വികാരത്തെ തടയിടാന്‍ പുകമറകള്‍ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സ്ഥാനമോഹികളായ നേതാക്കള്‍ തന്നെയായിരിക്കും ബിജെപിയുടെ പരാജയത്തിന് കാരണമാകുക എന്ന് കോണ്‍ഗ്രസ് മാധ്യമ വിഭാഗം ചുമതലക്കാരന്‍ കെ കെ മിശ്ര പറഞ്ഞു.
നാല് തെരഞ്ഞെടുപ്പുകളില്‍ ഇതാദ്യമായാണ് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ മത്സരത്തിനിറങ്ങുന്നത്. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, ഫഗന്‍ സിങ് കുലസ്തെ, പ്രഹ്ലാദ് പട്ടേല്‍ എന്നിവരുള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ക്ക് ടിക്കറ്റ് നല്‍കിയിട്ടുമുണ്ട്. ചൗഹാന് സീറ്റ് നല്‍കാത്തത് ഭരണവിരുദ്ധ വികാരം മറയ്ക്കാനാണ് എന്നാണ് സൂചന.

Eng­lish Summary:Contest to become Chief Min­is­ter in BJP; Con­gress field­ed Kamal Nath
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.