രണ്ടാഴ്ചത്തേക്ക് ഉള്ള പെട്രോള്‍ ഇന്നടിച്ചതു കൊണ്ട് വിലക്കയറ്റത്തില്‍ നിന്ന് രക്ഷപ്പെട്ടെന്ന് പറയുന്ന ഗൃഹനാഥന്‍ . അതു കേട്ട് വീട്ടമ്മയ്ക്കൊപ്പം തെല്ലൊരാശ്വാസത്തോടെ ചിരിക്കുന്ന ഇത്തിരി കുഞ്ഞന്‍ കോവിഡ്. സിനിമാ മേഖലയിലുള്ളവരുടെ സംസാരങ്ങള്‍ കേട്ട് നിശബ്ദമായി ഇരുന്നിട്ട് ഒടുവില്‍ ഇവരെയൊക്കെ നിയന്ത്രിക്കുന്നത് ഞങ്ങളാ എന്ന് നിഷ്കളങ്കമായി പറയുന്ന കൊറോണ സ്ത്രീധനത്തെ കുറിച്ച് കേള്‍ക്കുമ്പോള്‍ പൊട്ടിച്ചിരിക്കുന്നു. വീടുകളിലും പാര്‍ട്ടി ഓഫീസുകളിലും പൊലീസ് സ്റ്റേഷനിലും റോഡരികിലും ബിവറേജിലും സൂപ്പര്‍ മാര്‍ക്കറ്റിലും എന്തിനേറെ കല്യാണ വീട്ടിലും കൊറോണ കറങ്ങിയടിച്ചു നടപ്പുണ്ട്. എല്ലാ സംഭവങ്ങള്‍ക്കും സാക്ഷിയാകുന്ന വൈറസ് ഇതിനോടൊക്കെ മനുഷ്യരെ പോലെ പ്രതികരിച്ചാല്‍ എങ്ങനെയിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ?. അതറിയണമെങ്കില്‍ ‘പുളിമധുരം’ നോക്കിയാല്‍ മതി. കാണുന്ന ഏതൊരാളുടെയും ചുണ്ടില്‍ പുഞ്ചിരി വിരിയിക്കുന്ന കാര്‍ട്ടൂണുകളാണ് വൈലോപ്പിള്ളി സംസ്കൃത ഭവനില്‍ നടക്കുന്ന ‘പുളിമധുര’ത്തിലുള്ളത്.
രസകരമായ അവതരണവും ആറ്റിക്കുറുക്കിയ വാക്കുകളും മൂര്‍ച്ചയുള്ള വരയും കൊണ്ട് ഇന്നത്തെ ഓരോ സംഭവത്തെയും ആകര്‍ഷകമായി അവതരിപ്പിച്ചിരിക്കുകയാണ് കാര്‍ട്ടൂണിസ്റ്റും കേരള കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്‍മാനുമായ പുളിമാത്ത് പ്രതാപന്‍. ലോക്ഡൗണാണ് വൈറസിന്റെ കണ്ണിലെ കാഴ്ചകളെ കുറിച്ച് ചിന്തിക്കാന്‍ പ്രതാപനെ പ്രേരിപ്പിച്ചത്. അടച്ചിടല്‍ കാലമായ 2020 ഏപ്രില്‍ 13 മുതല്‍ ദിവസവും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനായി വൈറസിന്റെ കണ്ണിലെ കാഴ്ചകള്‍ കാര്‍ട്ടൂണ്‍ രൂപത്തില്‍ വരച്ചു തുടങ്ങി. അങ്ങനെ വരച്ചു കൊണ്ടിരുന്ന കാര്‍ട്ടൂണുകളില്‍ നിന്ന് തെരഞ്ഞെടുത്ത 56 സൃഷ്ടികളാണ് പ്രദര്‍ശനത്തിലുള്ളത്. കണ്ടുപരിചയിച്ച ആനുകാലികങ്ങളിലെ കാര്‍ട്ടൂണുകള്‍ക്കപ്പുറം ആകര്‍ഷകമാണ് പ്രതാപന്റെ കാര്‍ട്ടൂണുകള്‍. പരിചിത മുഖങ്ങളും വാര്‍ത്തകളുമാണ് കാര്‍ട്ടൂണിലുള്ളത്.
എക്സ്പ്രഷന്റെയും പ്രൊഫഷണലിസത്തിന്റെയും അനാട്ടമിയുടെയും ഉദാഹരണമാണ് ഓരോ വരകളുമെന്ന് പറയാം. കുറിക്ക് കൊള്ളുന്ന നര്‍മവും മൂര്‍ച്ചയുമുള്ള സംഭാഷണങ്ങളും അദ്ദേഹത്തിന്റെ വരകളെ വേറിട്ടതാക്കുന്നു. രാവിലെ 10 മണി മുതല്‍ വൈകിട്ട് ആറര വരെയാണ് കോവിഡ് കാലത്തെ ചിരിയും ചിന്തയും ചേര്‍ത്ത് ഒരുക്കിയിരിക്കുന്ന ഏകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനം നടക്കുന്നത്. കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഇന്ന് അവസാനിക്കും.
1979ല്‍ ആദ്യ കാര്‍ട്ടൂണ്‍ വാരികയായ മാമാങ്കത്തിലാണ് കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. തുടര്‍ന്ന് ആനുകാലികങ്ങളില്‍ സ്ഥിരം പംക്തികളായും അല്ലാതെയും കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചു. ജനയുഗം വാരികയിലും കാര്‍ട്ടൂണുകള്‍ വരച്ചിരുന്നു. മറ്റ് ദിനപത്രങ്ങളിലും കാര്‍ട്ടൂണ്‍ കോളം കൈകാര്യം ചെയ്തിട്ടുണ്ട്.
കൂടാതെ മുംബൈയിലെ അമൃത ഭാരതി സിന്‍ഡിക്കേറ്റിനു വേണ്ടി വരച്ച ടിങ്കു എന്ന കാര്‍ട്ടൂണ്‍ പരമ്പര ഇന്ത്യയിലെ വിവിധ ഭാഷാ പത്രങ്ങളില്‍ പ്രസിദ്ധികരിച്ചു. ഓ ഫാബി എന്ന മലയാള സിനിമയ്ക്കു വേണ്ടി അസിസ്റ്റന്റ് ആനിമേറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ എസ് പിള്ള സ്മാരക പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കി. ഭാര്യ ശ്രീലത. അഖില്‍ പ്രതാപ്, അതുല്‍ പ്രതാപ്, വിഷ്ണുപ്രിയ എന്നിവരാണ് മക്കള്‍.
ENGLISH SUMMARY:Corona travels around Kerala:Cartoonist pulmath prathapan
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.