26 April 2024, Friday

സ്ത്രീകൾക്കെതിരായ ഹീനമായ അതിക്രമങ്ങളെ കോടതി സാധൂകരിക്കുന്നത് ആശങ്കയുളവാക്കുന്നു: വനിതാകമ്മിഷന്‍

Janayugom Webdesk
തിരുവനന്തപുരം
August 17, 2022 6:10 pm

വസ്ത്രധാരണം പോലെ തികച്ചും വൈയക്തികമായ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് സ്ത്രീകൾക്കു നേരെയുള്ള ഹീനമായ ആക്രമണങ്ങളെ സാധൂകരിക്കുന്ന നിലയിലേക്ക് കോടതികൾ ചെന്നെത്തുന്നു എന്നത് വളരെ ആശങ്കയുണർത്തുന്ന കാര്യമാണെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി.
സാഹിത്യകാരനും സാമൂഹിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിൽ ജാമ്യം അനുവദിച്ചു കൊണ്ട് കോഴിക്കോട് സെഷൻസ് കോടതി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് തികച്ചും നിർഭാഗ്യകരമാണ്. “പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്‌ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ സെക്ഷൻ 354 എ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ല”, എന്നാണ് ഉത്തരവിൽ പറയുന്നത്. 

ജാമ്യം നൽകുന്ന വേളയിൽ ജാമ്യത്തിനായുള്ള സാഹചര്യങ്ങൾ പരിഗണിക്കുക എന്നതിലുപരി കേസ് നിലനിൽക്കുന്നതല്ല എന്ന് തീർപ്പാക്കി ജാമ്യം നൽകുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. തെളിവുകൾ ഹാജരാക്കി വിചാരണ നടക്കുന്നതിനു മുൻപു തന്നെ ഇത്തരം പരാമ‍ർശങ്ങൾ നടത്തുന്നതു വഴി ഫലത്തിൽ പരാതിക്കാരിയുടെ ആരോപണങ്ങളെ തള്ളിക്കളയുകയാണ് കോടതി ചെയ്യുന്നത്. ഇത് ലൈംഗികാതിക്രമം പോലെ ഗൗരവകരമായ കേസുകളിൽ വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്.

ഗുജറാത്ത് വംശഹത്യാ കാലത്തു നടന്ന ബിൽക്കിസ് ബാനു കേസിലെ പ്രതികളെ മുഴുവനായും വെറുതേ വിട്ടു കൊണ്ടുള്ള ഗുജറാത്ത് സർക്കാർ നടപടിയെക്കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് ഇങ്ങ് കേരളത്തിലും ഇത്തരമൊരു സംഭവം നടന്നിരിക്കുന്നത്. രാജ്യത്തെ സ്ത്രീസമൂഹത്തിന് ആശങ്കയുണർത്തുന്ന ഇത്തരം നടപടികളിൽ ഒരു വീണ്ടുവിചാരം അത്യാവശ്യം തന്നെയാണെന്നും സതീദേവി വ്യക്തമാക്കി.

Eng­lish Sum­ma­ry: Court legit­imi­sa­tion of heinous vio­lence against women wor­ri­some: Com­mis­sion on Women

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.