November 27, 2022 Sunday

Related news

November 26, 2022
November 25, 2022
November 25, 2022
November 25, 2022
November 22, 2022
November 20, 2022
November 20, 2022
November 18, 2022
November 18, 2022
November 17, 2022

കോവിഡ് കേസുകള്‍ കൂടുന്നു, മാസ്‌ക് ഉറപ്പായും വയ്ക്കണം: ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിവാര യോഗം

Janayugom Webdesk
June 9, 2022 9:11 pm

കേരളത്തില്‍ ആകമാനം കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നുവെന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിവാര അവലോകന യോഗം വിലയിരുത്തി. എറണാകുളം നഗരത്തിലെ ടിപിആര്‍ നിരക്ക് 18.2 ശതമാനമായി ഉയര്‍ന്നു. ഇത് സൂചിപ്പിക്കുന്നത് കോവിഡ് വളരെ വേഗം വ്യാപിക്കുന്നു എന്നാണ്.മഴക്കാലവും സ്‌കൂള്‍ തുറക്കലും കൂടി ആവുമ്പോള്‍ ഇത്തരം വൈറസുകള്‍ അതിവേഗം വ്യാപിക്കുക പതിവാണ്. മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന ഇന്‍ഫ്‌ലുവെന്‍സ മുതലായ റെസ്പിറേറ്ററി വൈറസുകളുടെ കൂട്ടത്തില്‍ ഇപ്പോള്‍ കോവിഡ് ഒപ്പം കൂടിയിട്ടുണ്ട് എന്ന് ശിശുരോഗ വിദഗ്ദ്ധര്‍ പ്രത്യേകം ചൂണ്ടിക്കാട്ടി. പൊതുവെ കുട്ടികളില്‍ ജലദോഷം ചുമ എന്നീ ലക്ഷണങ്ങള്‍ പലപ്പോഴും കോവിഡ് മൂലം ആകുന്നുണ്ട്. കുട്ടികളില്‍ ഗുരുതര രോഗം ഉണ്ടായിട്ടില്ല. എന്നാല്‍ സ്‌കൂളില്‍ നിന്നും വൈറസ് വീട്ടിലെത്താന്‍ സാധ്യത ഉണ്ട്, വീട്ടില്‍ പ്രായമായവര്‍ ഉണ്ടെങ്കില്‍ പ്രത്യേകം രോഗം പിടിപെടാതെ സൂക്ഷിക്കണം.

ആശുപത്രികളില്‍ കോവിഡ് കിടപ്പു രോഗികള്‍ കൂടി വരുന്നുവെന്നും, ചിലര്‍ക്ക് ഗുരുതരം ആവുന്നുണ്ടെന്നും , പ്രത്യേകിച്ചും പ്രായക്കൂടുതല്‍, അനുബന്ധരോഗം ഉള്ളവര്‍ക്കെന്നും യോഗം വിലയിരുത്തി. ഗുരുതര രോഗമില്ലാത്തവര്‍, പ്രത്യേകിച്ചും രണ്ടു ഡോസെങ്കിലും വാക്സിന്‍ എടുത്തവര്‍, മുന്‍പുള്ളത് പോലെ തന്നെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതി. മുതിര്‍ന്ന പൗരന്മാര്‍, രോഗാതുരത കൂടിയവര്‍ രോഗ ലക്ഷണങ്ങള്‍ കൂടിയാല്‍ ആശുപത്രിയില്‍ പോകേണ്ടതാണ്. ആശുപത്രി കിടക്കകള്‍ അവശ നിലയില്‍ ഉള്ളവര്‍ക്കായി ഒഴിഞ്ഞു വച്ചാല്‍ അഥവാ പെട്ടെന്ന് രോഗികളുടെ സംഖ്യയില്‍ വര്‍ദ്ധനവുണ്ടായാലും പ്രയാസം കൂടാതെ തരണം ചെയ്യാന്‍ സാധിക്കും.

അഞ്ചു ദിവസത്തിലും അധികം നീണ്ടുനില്‍ക്കുന്ന കടുത്ത പനി, ക്ഷീണം,ശ്വാസം മുട്ട് അല്ലെങ്കില്‍ ഓക്സിജന്‍ സാച്ചുറേഷന്‍ കുറവ് കടുത്ത ചുമ ഇവ ഉള്ളവര്‍ ഡോക്ടറെ നേരില്‍ കണ്ട് ചികിത്സ തേടേണ്ടതാണ്.അനാവശ്യ ചികിത്സകള്‍, മരുന്നുകള്‍ ഒഴിവാക്കുക. വാക്സിന്‍ എടുത്തവരില്‍ മരുന്നു കൂടാതെ തന്നെ ചികിതസിക്കാവുന്നതാണ്; ആന്റിബയോട്ടിക്കുകള്‍ പൊതുവെ വേണ്ടി വരാറില്ല. ഇത്തരം മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം കഴിക്കുക.

പനി, ചുമ, ജലദോഷ ലക്ഷണങ്ങള്‍ ഉള്ളവര്‍ യാതൊരു കാരണവശാലും സ്‌കൂളിലോ ജോലിക്കോ പോകരുത്, രോഗ വ്യാപനം നിയന്ത്രിക്കാന്‍ ഇത് ഏറെ പ്രധാനമാണ്.കോവിഡ് വെറും ജലദോഷപ്പനിയല്ല , ശരീരത്തിലെ പല അവയവങ്ങള്‍ക്കും തകരാറുണ്ടാക്കാന്‍ കഴിവുള്ള വൈറസാണ്. ഇതു പ്രായക്കാരായാലും ഇത് പിടിപെടാതെ സൂക്ഷിക്കുന്നത് എല്ലാം കൊണ്ടും നല്ലതാണ്.ജനങ്ങള്‍ക്കികടയില്‍ മാസ്‌ക് ഉപയോഗം കുറയുന്നതായി നിരീക്ഷണമുണ്ട്, ജാഗ്രതക്കുറവും പ്രകടമാണ്. പൊതുസ്ഥലങ്ങളില്‍, പ്രത്യേകിച്ചും അകത്തളങ്ങളില്‍ മാസ്‌ക് ഒഴിവാക്കരുത്. എല്ലാവരും സഹകരിച്ചാല്‍ ഇത് നാലാം തരംഗം ആകാതെ കോവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കും.

BA.4 BA .5 BA .2 എന്നീ ഒമൈക്രോണ്‍ വകഭേദങ്ങളാണ് ഇന്ത്യയില്‍ ഇതര സംസ്ഥാനങ്ങളില്‍ കണ്ടെത്തിയിട്ടുള്ളതെങ്കിലും വിശദമായ ജീനോമിക് പഠനങ്ങള്‍ ചെയ്യാതെ പുതിയ വേരിയന്റുകള്‍ നിലയുറപ്പിച്ചിട്ടുണ്ടോ എന്നു പറയാന്‍ സാധ്യമല്ല. അന്താരാഷ്ട്ര യാത്രികര്‍ കൂടുതലുള്ള സംസ്ഥാനമാണ് കേരളം, മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള വേരിയന്റുകള്‍ എളുപ്പം എത്തിപ്പെടുന്നതും ഇതു പോലെയുള്ള പ്രദേശങ്ങളില്‍ ആകാം.

കോവിഡ് മൂലം അഥവാ അഡ്മിറ്റ് ചെയ്യേണ്ടി വന്നാല്‍ അതാത് ആശുപത്രികളില്‍ ചെയ്യാവുന്നതാണ്. എല്ലാവരെയും മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്യേണ്ട ആവശ്യമില്ല, തിരക്കു കുറയ്ക്കാനും രോഗികള്‍ക്ക് അസൗകര്യം ഒഴിവാക്കാനും ഇതുപകരിക്കുമെന്നും യോഗം വിലയിരുത്തി. ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷനെ പ്രതിനീധീകരിച്ച് ഡോ. രാജീവ് ജയദേവന്‍, ഡോ. മരിയ വര്‍ഗീസ്, ഡോ. സണ്ണി പി ഓരത്തേല്‍, ഡോ. അനിത തിലകന്‍, ഡോ. പവന്‍ മധുസുധന്‍, ഡോ. രാജലക്ഷ്മി അര്‍ജുന്‍, ജില്ലാ ഭരണകൂടത്തെ പ്രതിനിധീകരിച്ച് ഡോ. വി.ജയശ്രീ, കെ.ജി.എം.ഒ.എയുടെ പ്രതിനിധികളായി ഡോ.സോഫിയ ഫിലിപ്പ്, ഡോ.കെ.എ ദീപ, ഡോ. ടി.എസ്.അനീഷ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ.സജിത്ത് ജോണ്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ രണ്ട് വര്‍ഷമായി മുടങ്ങാതെ നടക്കുന്ന പ്രതിവാര കോവിഡ് അവലോകന യോഗം നടന്നു വരുന്നു. ഇതില്‍ പല മേഖലകളില്‍ നിന്നുള്ള ശാസ്ത്രീയമായ വിവരങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്.

Eng­lish Summary:Covid cas­es are on the rise, and the mask must be kept: the week­ly meet­ing of health workers
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.