കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മാസ്ക്ക് നിർബന്ധമാക്കിയെങ്കിലും മുൻകരുതൽ എടുക്കാതെ ജനങ്ങൾ. കോവിഡ് കേസുകൾ വർധിച്ചതോടെയാണ് വീണ്ടും മാസ്ക്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. മാസ്ക്ക് ധരിച്ചില്ലെങ്കിൽ അഞ്ഞൂറ് രൂപ പിഴയീടാക്കാനും തീരുമാനിച്ചിരുന്നു. ദുരന്ത നിവാരണ ആക്ടും അനുബന്ധ നിയമങ്ങളും അനുസരിച്ച് കേസെടുക്കുമെന്നാണ് ഉത്തരവ്. എന്നാൽ പൊതുസ്ഥലങ്ങളിലും ചടങ്ങുകളിലും തൊഴിലിടങ്ങളിലും വാഹന യാത്രകളിലുമൊന്നും ഭൂരിഭാഗം പേരും മാസ്ക്ക് ധരിക്കാൻ തയ്യാറാകുന്നില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരക്കേറുമ്പോൾ പോലും മാസ്ക്ക് പൂർണ്ണമായും ഒഴിവാക്കിയും താടിയ്ക്ക് താഴെ ധരിച്ചുമാണ് പലരുമെത്തുന്നത്. ബസ്സുകളിലും കടകളിലും ജീവനക്കാർ പോലും മാസ്ക്ക് ധരിക്കുന്നില്ല. നിറഞ്ഞ സദസ്സിൽ പ്രദർശനം നടക്കുന്ന സിനിമകൾ മാസ്ക്ക് ധരിക്കാതെയാണ് ഭൂരിഭാഗവും ആസ്വദിക്കുന്നത്. സ്വകാര്യ വാഹന യാത്രകളിലും ജോലി സ്ഥലത്തും പൂർണ്ണമായും മാസ്ക്ക് ഒഴിവാക്കിയ സ്ഥിതിയാണുള്ളത്. ഇത് രോഗവ്യാപനം കൂടാൻ കാരണമാകുമെന്ന് ആരോഗ്യപ്രവർത്തകർ വ്യക്തമാക്കുന്നു.
നേരത്തെ കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ കേന്ദ്ര നിർദ്ദേശം പാലിച്ച് കേരളവും നിയന്ത്രണങ്ങൾ പിൻവലിച്ചിരുന്നു. മാസ്ക്കും സാമൂഹ്യ അകലവും പാലിക്കണമെന്ന ഉപദേശം മാത്രമാണുണ്ടായിരുന്നത്. കേസുകളടുക്കുന്നതും പിഴയീടാക്കുന്നതും നിർത്തിവെച്ചിരുന്നു. എന്നാൽ ഇതോടെ ആളുകൾ മാസ്ക്ക് പൂർണ്ണമായും ഒഴിവാക്കുകയായിരുന്നു. പുതിയ സാഹചര്യത്തിൽ നഗരത്തിൽ കോർപ്പറേഷൻ ആരോഗ്യ സ്ക്വാഡ് പരിശോധന കർശനമാക്കിയിട്ടുണ്ട്. രാവിലെയും വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും കർശന പരിശോധനയാണ് നടത്തിവരുന്നത്. നിലവിൽ മാസ്ക്ക് ധരിക്കാത്തതിന് പിഴ ഈടാക്കൽ തുടങ്ങിയിട്ടില്ല. ബോധവത്ക്കരണം മാത്രമാണ് നടത്തുന്നത്. നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ വരും ദിവസങ്ങളിൽ പിഴ ഈടാക്കലടക്കം കർശന നടപടികൾ സ്വീകരിക്കും.
കോവിഡ് സെല്ലുകൾ പഴയ പോലെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും വാക്സിനേഷനും ബൂസ്റ്റർ ഡോസും നൽകിവരുന്നുണ്ടെന്നും കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. എസ് ജയശ്രീ വ്യക്തമാക്കി. ബൂസ്റ്റർ ഡോസ് എടുക്കാൻ ജനങ്ങൾ പലപ്പോഴും വിസമ്മതം കാണിക്കുന്നുണ്ട്. ആരോഗ്യ വിഭാഗവും ആശാവർക്കർമാരും ജനങ്ങളെ കാര്യങ്ങൾ ധരിപ്പിക്കുന്നുണ്ട്. മാസ്ക്ക് ഉൾപ്പെടെ ഉപയോഗിച്ച് കൂടുതൽ കരുതലോടെ തന്നെ മുന്നോട്ട് പോകണമെന്നും അവർ വ്യക്തമാക്കി.
English Summary: Covid: Mask is mandatory but people do not take precautions
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.