27 April 2024, Saturday

വാഹനവിപണിക്ക് കോവിഡ് മാന്ദ്യം

 കോവിഡിന് മുമ്പുള്ളതിൽ നിന്ന് 15 ശതമാനം കുറവ് 
 വില്പനയിൽ മുന്നിൽ കൊമേഴ്‌സ്യൽ വാഹനങ്ങൾ
 വാഹനങ്ങളുടെ എണ്ണത്തിൽ തിരുവനന്തപുരം ഒന്നാമത് 
ജെനീഷ് അഞ്ചുമന
കൊല്ലം
July 2, 2023 9:36 pm

കോവിഡ് മാന്ദ്യത്തിന്റെ ആലസ്യത്തിൽ നിന്ന് ഇനിയും മുക്തി നേടാനാകാതെ സംസ്ഥാനത്തെ വാഹനവിപണി. 2019 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 15 ശതമാനം വില്പനയാണ് നിലവിൽ കുറവുള്ളത്. 2020ൽ 30 ശതമാനത്തോളം വില്പന കുറഞ്ഞതിന് ലോക്ഡൗണും മറ്റും കാരണമായതായി വിലയിരുത്താനാകുമെങ്കിലും തുടർന്നുള്ള വർഷങ്ങളിലൊന്നും 2019ന് സമാനമായ വില്പനയുണ്ടായിട്ടില്ല. ഈ വർഷം പകുതി പിന്നിടുമ്പോഴും കണക്കുകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.

2019ൽ സംസ്ഥാനത്താകെ 9.14 ലക്ഷം വാഹനങ്ങളാണ് പുതുതായി നിരത്തിലിറങ്ങിയത്. എന്നാൽ കഴിഞ്ഞ വർഷം ഇത് 7.84 ലക്ഷം മാത്രമായി ചുരുങ്ങി. ഈ വർഷം ജൂൺ അവസാനം വരെ 3.71 ലക്ഷം വാഹനങ്ങളാണ് പുതുതായി രജിസ്റ്റർ ചെയ്തത്. അതേസമയം വിൽക്കുന്ന വാഹനങ്ങളിൽ ഏറ്റവും കൂടുതൽ കൊമേഴ്‌സ്യൽ വാഹനങ്ങളാണെന്നതും പ്രത്യേകതയാണ്. 2019ൽ സംസ്ഥാനത്താകെ ഒരു ലക്ഷത്തോളം വാഹനങ്ങളാണ് കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ നടത്തിയിട്ടുള്ളതെങ്കിൽ ഈ വർഷം പകുതി പിന്നിടുമ്പോൾ 2.33 ലക്ഷം പെർമിറ്റുകൾ നൽകിയിട്ടുണ്ട്.

സ്വകാര്യ വാഹനങ്ങളോടുള്ള കമ്പം കുറഞ്ഞതായാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതൽ വാഹനങ്ങൾ വിറ്റഴിക്കുന്ന തിരുവനന്തപുരത്ത് ആർടി ഓഫിസിൽ ഇക്കൊല്ലം രജിസ്റ്റർ ചെയ്ത 16491 വാഹനങ്ങളിൽ 10010 എണ്ണവും കൊമേഴ്‌സ്യൽ വാഹനങ്ങളാണ്. ഇതിൽ കാലാവധി പൂർത്തിയാക്കിയ സ്വകാര്യ ബസുകൾക്ക് പകരമായി മാറ്റിയവയും ഉൾപ്പെടും.
മോട്ടോർ വാഹന വകുപ്പിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാഹനങ്ങളുള്ളത് തിരുവനന്തപുരം ആർടിഒ പരിധിയിലാണ്. 7.51 ലക്ഷം വാഹനങ്ങളാണ് അവിടെയുള്ളത്. രണ്ടാം സ്ഥാനം കോഴിക്കോടും (5.79 ലക്ഷം) മൂന്നാം സ്ഥാനം എറണാകുളം (5.24) ആർടിഒ പരിധിക്കുമാണ്. തൃശൂർ (5.09 ലക്ഷം), കൊല്ലം (5.08 ലക്ഷം) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്. മുൻ വർഷത്തെ കണക്കുകൾ പ്രകാരം വാഹന വില്പനയിൽ മുന്നിലുള്ളത് തിരുവനന്തപുരവും രണ്ടും മൂന്നും സ്ഥാനം യഥാക്രമം എറണാകുളം, കൊല്ലം ആർടിഒകളുമാണ്.

സംസ്ഥാനത്തെ വാഹനവിപണി

(വർഷം- പുതിയ വാഹനങ്ങളുടെ എണ്ണം- കൊമേഴ്‌സ്യൽ/ട്രാൻസ്‌പോർട്ട് പെർമിറ്റ്)

2019 9,14,266 1,00,190
2020 6,40,855 59,256
2021 7,65,784 74,871
2022 7,83,921 1,89,100
2023 3,71,395 2,33,964

Eng­lish Summary:Covid reces­sion for auto market
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.