12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 12, 2024
September 11, 2024
September 11, 2024
September 10, 2024
September 9, 2024
September 9, 2024
September 8, 2024
September 5, 2024
September 4, 2024
September 3, 2024

ചുവന്ന് നിറഞ്ഞു: മനുഷ്യസാഗരം തീര്‍ത്ത് ജനലക്ഷങ്ങള്‍ , സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം

അബ്‌ദുള്‍ ഗഫൂര്‍
വിജയവാഡ
October 14, 2022 10:53 pm

മഴവില്‍രാശിയില്‍ ചോപ്പുപടര്‍ന്ന ചക്രവാളത്തെയും ആവേശത്തിരയില്‍ ഇരമ്പിയാര്‍ത്ത മനുഷ്യസാഗരത്തെയും സാക്ഷിയാക്കി സിപിഐ ജനമുന്നേറ്റത്തിന്റെ മറ്റൊരു ഗാഥയ്ക്ക് തുടക്കമേകി. ആന്ധ്രാദേശത്തിന്റെ നാനാദിക്കുകളില്‍ നിന്ന് ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍ മനുഷ്യസാഗരം തീര്‍ത്തു. വര്‍ഗീയതയുടെയും വിഭജനത്തിന്റെയും ഇരുള്‍ പടരുന്ന വര്‍ത്തമാനത്തില്‍ പ്രകാശഗോപുരമായി ചെങ്കൊടി പറക്കുന്നുവെന്ന് അവരാര്‍ത്തു. അതീവ നിര്‍ണായകമായ രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും ചരിത്രത്തില്‍ സുപ്രധാനമാകുന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് സമാനതകളില്ലാത്ത ജനമുന്നേറ്റത്തോടെ തുടക്കമായി. അക്ഷരാർത്ഥത്തിൽ വിജയവാഡ നഗരം ചുവന്നുനിറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം മുതൽ നഗരത്തിലേക്ക് റാലിയിൽ പങ്കെടുക്കുന്നതിന് ജനങ്ങൾ ഒഴുകിത്തുടങ്ങിയിരുന്നു. ഇന്നലെ രാവിലെ മുതൽ ജനപ്രവാഹത്തിന് ശക്തിയും വേഗവും ഏറി.

നഗരത്തിൽ കാണുന്ന വഴികളെല്ലാം ചുവപ്പണിഞ്ഞ് കുടുംബങ്ങൾക്ക് ഒപ്പം എത്തിയവരുടെ സഞ്ചാരപഥങ്ങൾ ആയി. രാവിലെ മുതൽ തന്നെ പ്രവർത്തകർ നഗരത്തിലേക്ക് പ്രവഹിച്ചു തുടങ്ങിയിരുന്നു. വാഹനങ്ങളിലും കാൽനടയായും ഏഴിടങ്ങളിൽ നിന്ന് പുറപ്പെട്ട പ്രത്യേക തീവണ്ടികളിലുമായാണ് പതിനായിരക്കണക്കിന് പ്രവർത്തകർ നഗരത്തിൽ എത്തിയത്. ഉച്ചയ്ക്ക് മൂന്നുമണിയോടെ ബിആർടിഎസ് റോഡ് ചത്വരത്തിൽ കേന്ദ്രീകരിച്ച് പൊതുപ്രകടനം ആരംഭിച്ചു. ഏറ്റവും മുൻനിരയിലായി 24-ാം പാർട്ടി കോൺഗ്രസിന്റെ പ്രതീകമായി 24 ചെങ്കൊടികളുമേന്തി ചുവപ്പണിഞ്ഞ യുവതികള്‍ സഞ്ചരിച്ചു. പിന്നിലായി വാദ്യമേളങ്ങളും നാടൻ കലാരൂപങ്ങളും നീങ്ങി. പ്രധാന ബാനറിന് പിന്നിലായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ബിനോയ് വിശ്വം, കെ നാരായണ, പല്ലബ്സെൻ ഗുപ്ത, അമർജിത്ത് കൗർ, ബാലചന്ദ്ര കാങ്കോ, പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടറി സ്വപൻ ബാനർജി, ആന്ധ്രാപ്രദേശ് സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണ, ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രകടനമായി മുന്നോട്ടു നീങ്ങി.

നാഥ് എമിൻഗുഡി റോഡ്, ഫ്ലൈഓവർ, ഫ്രൂട്ട്സ് മാർക്കറ്റ്, ജി എസ് രാജു റോഡ്, മുതയൽ പേട്ട് വഴി എംബിപി സ്റ്റേഡിയത്തിൽ സജ്ജീകരിച്ച സി രാജേശ്വര്‍ റാവു നഗറില്‍ പ്രകടനം എത്തുമ്പോഴേക്കും മൈതാനം ജനനിബിഡമായിരുന്നു. തുടർന്ന് ആരംഭിച്ച പൊതുസമ്മേളനം കേന്ദ്ര സെക്രട്ടേറിയറ്റംഗം കെ നാരായണയുടെ അധ്യക്ഷതയിൽ പാര്‍ട്ടി ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്തു. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിന് 16 രാജ്യങ്ങളിൽ നിന്ന് എത്തിയ 17 കമ്മ്യൂണിസ്റ്റ്, വർക്കേഴ്സ് പാർട്ടികളുടെ പ്രതിനിധികളും പൊതുസമ്മേളന വേദിയിൽ സന്നിഹിതരായിരുന്നു. ആന്ധ്രാപ്രദേശ് പ്രജാനാട്യ മണ്ഡലത്തിലെ കലാകാരന്മാർ അവതരിപ്പിച്ച സാംസ്കാരിക പരിപാടികളോടെയാണ് പൊതുസമ്മേളനം ആരംഭിച്ചത്. കനത്ത മഴയെ തുടർന്ന് പൊതുസമ്മേളനം അവസാനിപ്പിച്ചുവെങ്കിലും തുടര്‍ന്ന് പ്രശസ്ത തെലുങ്ക് ചലച്ചിത്രഗായകന്‍ വന്ദേമാതരം ശ്രീനിവാസ അവതരിപ്പിച്ച വിപ്ലവഗാനം സദസിനെ ഇളക്കി മറിച്ചു. ശാരീരിക അവശതകള്‍ക്കിടയിലും റാലിയെ അഭിവാദ്യം ചെയ്യാന്‍ മുന്‍ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി എത്തിയത് പ്രവര്‍ത്തകരില്‍ കൂടുതല്‍ ആവേശമായി. പ്രകടനത്തിലും പൊതുസമ്മേളനത്തിലും പങ്കെടുക്കുന്നതിനെത്തിയ പതിനായിരങ്ങള്‍ക്ക് സമ്മേളന നടപടികള്‍ വീക്ഷിക്കുവാന്‍ നഗരിയില്‍ പടുകൂറ്റന്‍ എല്‍ഇഡി സ്ക്രീനുകള്‍ സജ്ജീകരിച്ചിരുന്നു. വന്‍ ജനാവലിയായി നഗരത്തിലെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സുഗമമായ സഞ്ചാര സൗകര്യമൊരുക്കുവാന്‍ ആന്ധ്രാ പൊലീസ് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.

പാട്ടും നൃത്തവും നാടന്‍കലകളും തീര്‍ത്തത് ഉത്സവം

വിജയവാഡ: പാട്ടും നൃത്തനൃത്യങ്ങളുമായി സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് പൊതുസമ്മേളനം ഉത്സവപ്രതീതി പകര്‍ന്ന സാംസ്കാരികാഘോഷം കൂടിയായി. പ്രകടനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ജനനിബിഡമായ സി രാജേശ്വര്‍ റാവു നഗറില്‍ ഉച്ചയോടെ കലാ സാംസ്കാരിക പരിപാടികള്‍ തുടങ്ങിയിരുന്നു. ആന്ധ്ര പ്രദേശ് പ്രജാനാട്യ മണ്ഡലത്തിലെ നൂറുകണക്കിന് കലാകാരന്മാർ അവതരിപ്പിച്ച സാംസ്കാരിക പരിപാടികള്‍ സദസിനെ ഇളക്കിമറിച്ചു. പൊതുസമ്മേളന വേദിയില്‍ പ്രശസ്ത തെലുങ്ക് ചലച്ചിത്രഗായകന്‍ വന്ദേമാതരം ശ്രീനിവാസ അവതരിപ്പിച്ച വിപ്ലവഗാനങ്ങള്‍ ചെങ്കൊടികള്‍ വീശിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയും സ്വീകരിച്ച ആയിരങ്ങള്‍ സമ്മേളനത്തെ സാംസ്കാരികോത്സവമാക്കി.

വേദിയില്‍ മാത്രമല്ല സദസിന്റെ പല ഭാഗങ്ങളിലും പാട്ടും നാടന്‍ കലാപരിപാടികളും അരങ്ങേറി. നൂറിലേറെ കുട്ടികള്‍ ചേര്‍ന്ന് അവതരിപ്പിച്ച ആസാദി ഗാനത്തിന്റെ നൃത്ത ശില്പം പ്രത്യേക ആകര്‍ഷണമായിരുന്നു. നൂറോളം കലാകാരികള്‍ അവതരിപ്പിച്ച നൃത്തവും തെലുങ്കിന് പുറമേ തമിഴ്, മലയാളഭാഷകളിലും കേരളത്തിലെ പുന്നപ്ര — വയലാര്‍ ഉള്‍പ്പെടെയുള്ള സമരകേന്ദ്രങ്ങളെ ആസ്പദമാക്കിയുള്ള ഗാനങ്ങളും ശ്രദ്ധേയമായി. ചുവപ്പണിഞ്ഞ സ്ത്രീകളും കുട്ടികളും വേദിക്കരികില്‍ വച്ച് നിര്‍മ്മിച്ച പൂക്കുടകളാണ് വിദേശ പ്രതിനിധികളടക്കം വേദിയിലെത്തിയവര്‍ക്ക് സമ്മാനിച്ചത്. മഴയെ തുടര്‍ന്ന് പൊതുസമ്മേളനം ഡി രാജയുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം അവസാനിപ്പിച്ചുവെങ്കിലും കലാപരിപാടികളും വിപ്ലവഗാനങ്ങളും തുടര്‍ന്നു.

Eng­lish Sum­ma­ry: CPI’s 24th par­ty con­gress begins
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.