26 April 2024, Friday

ക്രീമിലെയര്‍: സാമ്പത്തിക സ്ഥിതി മാത്രം മാനദണ്ഡമാക്കരുതെന്ന് സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
August 25, 2021 10:53 pm

പിന്നാക്ക വിഭാഗങ്ങളിലെ മേല്‍ത്തട്ട് പരിധി (ക്രീമിലെയര്‍) തിട്ടപ്പെടുത്തുന്നതിന് സാമ്പത്തിക സ്ഥിതി മാത്രം മാനദണ്ഡമാക്കരുതെന്ന് സുപ്രീം കോടതി.

ഹരിയാനാ സര്‍ക്കാര്‍ മേല്‍ത്തട്ട് നിര്‍ണയത്തിന് സാമ്പത്തിക സ്ഥിതി മാത്രമാണ് മാനദണ്ഡമാക്കിയത്. ഇത് ഗുരുതരമായ വീഴ്ചയാണ്, കോടതി വിലയിരുത്തി. ഇത് അടിസ്ഥാനമാക്കിയുള്ള 2016 ഓഗസ്റ്റ് 17ലെ ഉത്തരവ് ജസ്റ്റിസ് എല്‍ നാഗേശ്വര റാവു, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന ബെഞ്ച് മാറ്റിവച്ചു.

മൂന്നുലക്ഷം രൂപ പ്രതിവര്‍ഷം വരുമാനമുള്ള മാതാപിതാക്കളുടെ മക്കള്‍ക്ക് സംവരണാനുകൂല്യങ്ങൾക്കെല്ലാം അര്‍ഹതയുണ്ടാകും. മൂന്നു ലക്ഷത്തിനും മുകളില്‍ ആറുലക്ഷം വരെ വരുമാനമുള്ള മാതാപിതാക്കളുടെ മക്കള്‍ക്ക് സംവരണാനുകൂല്യങ്ങളില്‍‍ ശേഷിക്കുന്ന സീറ്റുകളില്‍ അര്‍ഹതയുണ്ടാകും. ഒബിസി വിഭാഗങ്ങളില്‍ ആറുലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ മേല്‍ത്തട്ട് വിഭാഗത്തിലുള്ളവരായി പരിഗണിക്കപ്പെടും. ഇവര്‍ ആനുകൂല്യങ്ങള്‍ക്ക് പുറത്താകും. ഇത്തരം നടപടിക്രമങ്ങളെ കൊടിയ ലംഘനമായാണ് കോടതി ചൂണ്ടിക്കാട്ടിയത്.

തെലങ്കാനയിൽ വനിതകള്‍ക്ക് 33.3 ശതമാനം

ഹൈദരാബാദ്: തെലങ്കാന സര്‍ക്കാര്‍ സംസ്ഥാന സര്‍വീസുകളില്‍ വരുന്ന ഒഴിവുകളില്‍ 33.3 ശതമാനം വനിതകള്‍ക്കായി മാറ്റിവച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ഈ തീരുമാനം. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു ഉത്തരവ് അനുസരിച്ച് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് അനുവദിച്ച 10 ശതമാനം സംവരണത്തിന്റെ അടിസ്ഥാനത്തിൽ തെലങ്കാനയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത്തരക്കാര്‍ക്ക് പ്രവേശനം ഉറപ്പാക്കാനായി ഓരോ വിഭാഗത്തിലും സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ ധാരണയായി.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് അനുവദിച്ച സംവരണശതമാനത്തില്‍ 33.3 ശതമാനം പ്രാരംഭ നിയമനങ്ങളും സേവനങ്ങളും വനിതകള്‍ക്കുമാത്രമായി മാറ്റിവച്ചിരിക്കുകയാണ്, ചീഫ് സെക്രട്ടറി സൊമേഷ് കുമാര്‍ പറഞ്ഞു. പ്രതിവര്‍ഷം എട്ടുലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ ഇത്തരം സംവരണത്തിന് അര്‍ഹരാണ്.

 

Eng­lish Sum­ma­ry: Creamy lay­er: Supreme Court says finan­cial sta­tus alone should not be the criterion

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.