പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ് അതിനിര്‍ണായകമാണ്. മതനിരപേക്ഷതയും ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും പൗരാവകാശങ്ങളും നിലനില്‍ക്കണമോ എന്ന് നിശ്ചയിക്കുന്ന പരമ പ്രധാന തെരഞ്ഞെടുപ്പ്. സംഘ്പരിവാര ശക്തികള്‍ ഒരിക്കല്‍ കൂടി അധികാരത്തിലെത്തിയാല്‍ പൊതു തെരഞ്ഞെടുപ്പ് തന്നെ ഇല്ലായ്മ ചെയ്യപ്പെടുന്ന ദുരന്താവസ്ഥയിലേക്ക് ഇന്ത്യാ മഹാരാജ്യം കൂപ്പുകുത്തും. സ്വേച്ഛാധിപത്യത്തിന്റെയും സവര്‍ണ പൗരോഹ്യത്തിന്റെയും മണ്ണായി ഇന്ത്യ എന്ന സൗവര്‍ണ ഭൂമി മാറ്റപ്പെടും.
“പള്ളിമണികളും പനിനീര്‍ക്കിളികളും പള്ളിയുണര്‍ത്തും നാട്, ഈ നാട് നല്ല നാട്”
ആ നല്ലനാട് സംഘ്പരിവാര ഫാസിസ്റ്റുകളുടെ ദുരാഗ്രഹ ദുര്യോധന ദുഷ്ടഭരണത്താല്‍ അപ്രത്യക്ഷമാകും. മതവിദ്വേഷത്തിന്റെയും വെറിയുടെയും അധമരാഷ്ട്രീയമാണ് ബിജെപി പ്രചരിപ്പിക്കുന്നത്. ഏറ്റവും ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ റാലിയില്‍ പറഞ്ഞു ഇന്ത്യയെ ബിജെപി അധികാരത്തിലെത്തിയില്ലെങ്കില്‍ പാകിസ്ഥാന് വില്‍ക്കുമെന്ന്, ഇന്ത്യയിലെ അമ്മമാരുടെയും സഹോദരിമാരുടെയും താലിമാല അവര്‍ക്ക് പണയം വയ്ക്കുമെന്ന്. ഈ വംശവിദ്വേഷ, മതവിദ്വേഷ പ്രസംഗത്തിന് പച്ചക്കൊടി പാറിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷനെയാണ് വര്‍ത്തമാനകാല ഇന്ത്യ കാണുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങള്‍ പോലും സംഘ്പരിവാര കുടീരത്തിലെ അടിമ നുകം പേറുന്നവരായി.
‘മാ! നിഷാദ’ അരുതേ കാട്ടാളാ- എന്ന് ആദികവി ‘രത്നാകരന്‍’ എന്ന വാല്മീകി ശാസിച്ചു, കൊക്കുരുമ്മി നില്‍ക്കുന്ന ക്രൗഞ്ചമിഥുന പക്ഷികള്‍ക്കുനേരെ വേടന്‍ അമ്പെയ്യാന്‍ ഒരുങ്ങുമ്പോള്‍ ഹൃദയ വൃഥയോടെ വാല്മീകി പാടി, മാ! നിഷാദ എന്ന്. ഇന്ന് വര്‍ഗീയ ഫാസിസ്റ്റുകള്‍ ക്രൗര്യതയോടെ നിലയുറപ്പിക്കുമ്പോള്‍ മാ! നിഷാദ എന്ന് നാം ഉച്ചത്തില്‍ പറയണം.
നാനാത്വത്തില്‍ ഏകത്വത്തെ ഇല്ലായ്മ ചെയ്യുകയും ഏകമത മേധാവിത്വത്തിന്റെയും സവര്‍ണ ഹിന്ദു പൗരോഹിത്യത്തിന്റെ മണ്ണാക്കി ഇന്ത്യയെ മാറ്റുകയും ചെയ്യുന്ന ഹീനവൃത്തികള്‍ക്കെതിരായി പ്രതിഷേധവും പ്രക്ഷോഭവും പ്രതിരോധവും തീര്‍ക്കേണ്ട തെരഞ്ഞെടുപ്പാണിത്.
പൗരാവകാശ നിയമ ഭേദഗതിയിലൂടെ മഹാഭൂരിപക്ഷം ഭാരതീയരെ പൗരത്വമില്ലാത്തവരാക്കി മാറ്റുകയാണ് സംഘ്പരിവാര ഭരണകൂടം. ആദ്യം മുസ്ലിങ്ങളെ പിടികൂടും പിന്നാലെ സിഖുകാരെയും പാഴ്സികളെയും അതിനു പിന്നാലെ ജൈനരെയും ബൗദ്ധരെയും പിടികൂടും. അതിനും പിന്നാലെ രക്തവിശുദ്ധിയില്ലെന്ന് അവര്‍ കല്പിച്ചിരിക്കുന്ന മഹാഭൂരിപക്ഷം ഹിന്ദുക്കളും. ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘ ചാലകായ അവരുടെ പ്രഥമഗണനീയ ആചാര്യന്‍ മാധവ് സദാശിവ് ഗോള്‍വാള്‍ക്കറുടെ പൗരത്വ സിദ്ധാന്തം നടപ്പാക്കാനാണ് പൗരാവകാശ നിയമ ഭേദഗതി കൊണ്ടുവരുന്നത്.
ഗോള്‍വാള്‍ക്കര്‍ ‘വിചാരധാര’യില്‍ എഴുതി: ഇന്ത്യ എന്നാല്‍ ഹിന്ദുവിന്റെ രാഷ്ട്രം. ഹിന്ദുവെന്നാല്‍ രക്തവിശുദ്ധിയുള്ള ഹിന്ദു. രക്തവിശുദ്ധി ആര്യന്റെ രക്തത്തിനു മാത്രം. ബ്രാഹ്മണ ക്ഷത്രിയ രക്തത്തിനേ വിശുദ്ധിയുള്ളു. അവരുടേതാണ് ഇന്ത്യ. അതല്ലാത്തവര്‍ ഒന്നുകില്‍ ഇന്ത്യ വിട്ടുപോകണം. അല്ലെങ്കില്‍ പൗരാവകാശമില്ലാതെ അടിമകളെപ്പോലെ കഴിഞ്ഞുകൂടണം. ആ അടിമക്കൂട്ടങ്ങള്‍ക്കായി വന്‍ കാരാഗൃഹങ്ങള്‍ നിര്‍മ്മിക്കുന്ന തിരക്കിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
രാജ്യത്തിന്റെ പൊതു സ്വത്താകെ വില്‍ക്കുന്നു. നമ്മുടെ വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, റെയില്‍വേ ട്രാക്കുകള്‍, തുറമുഖങ്ങള്‍, കപ്പല്‍ നിര്‍മ്മാണശാലകള്‍, കല്‍ക്കരി പാടങ്ങള്‍, എണ്ണപ്പാടങ്ങള്‍, പൊതുമേഖലാ ബാങ്കുകള്‍, എല്‍ഐസി ഉള്‍പ്പെടെയുള്ള ഇന്‍ഷുറന്‍സ് മേഖല സര്‍വതും വിറ്റഴിക്കുന്നു. എല്ലാം കുത്തക മുതലാളിമാര്‍ക്ക്. ഇതിനെല്ലാം കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അഡാനിക്ക് വിറ്റഴിച്ചപ്പോള്‍ സഹര്‍ഷം സ്വാഗതം ചെയ്തത് ശശി തരൂരും കോണ്‍ഗ്രസുമാണ്.
ഇലക്ടറല്‍ ബോണ്ടുവഴി വമ്പന്‍ അഴിമതിയെ നിയമവല്‍ക്കരിക്കുകയും ചെയ്തു നരേന്ദ്രമോഡിയും കൂട്ടരും. 3,00,006 കോടി രൂപ ബിജെപിയുടെ അക്കൗണ്ടിലെത്തി. കോണ്‍ഗ്രസും ഒട്ടും പിന്നിലായിരുന്നില്ല. കുംഭകോണ, കുത്തകമുതലാളിമാരില്‍ നിന്ന് ഇലക്ടറല്‍ ബോണ്ട് വാങ്ങാത്ത രണ്ട് രാഷ്ട്രീയ കക്ഷികളേയുള്ളു. അത് സിപിഐയും സിപിഐ(എം)ഉം മാത്രം.
വര്‍ഗീയ ഫാസിസ്റ്റ് നയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പണ്ഡിറ്റ് നെഹ്രുവിന്റെ കാലത്ത് മതനിരപേക്ഷതയുടെ പതാക വാനംമുട്ടെയുയര്‍ത്തി. നെഹ്രുവിന്റെ യുഗം അസ്തമിച്ചതോടെ കോണ്‍ഗ്രസിന്റെ മതേതര മുഖവും മരിച്ചു. ഏതെല്ലാം ഘട്ടങ്ങളില്‍ ഭൂരിപക്ഷ‑ന്യൂനപക്ഷ വര്‍ഗീയതയുമായി സന്ധി പ്രഖ്യാപിക്കുവാന്‍ കഴിയുമോ ആ ഘട്ടങ്ങളിലെല്ലാം അവരെ ആലിംഗനം ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി.
നെഹ്രു തര്‍ക്ക ഭൂമിയെന്ന് പറഞ്ഞു പൂട്ടിയിട്ട ബാബറി മസ്ജിദ് 1985ല്‍ സംഘ്പരിവാറിന് ശിലാന്യാസത്തിന് തുറന്നുകൊടുത്തത് രാജീവ് ഗാന്ധി. 464 വര്‍ഷക്കാലത്തെ പാരമ്പര്യമുണ്ടായിരുന്ന ബാബറി മസ്ജിദ് അഞ്ചര മണിക്കൂര്‍ കൊണ്ട് മണ്‍തരികളാക്കിയതും താഴികക്കുടങ്ങള്‍ നിലം പൊത്തിയതും കോണ്‍ഗ്രസ് നേതാവ് നരസിംഹ റാവു രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍. ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡി 2002ല്‍ ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ മൂവായിരത്തിലേറെ മനുഷ്യരെ ഒരു മതത്തില്‍ പിറന്നുപോയി എന്നതിന്റെ പേരില്‍ കൊന്നുതള്ളി. ആ വംശഹത്യാപരീക്ഷണം നടക്കുമ്പോള്‍ എവിടെയായിരുന്നു കോണ്‍ഗ്രസ്. അന്ന് മോഡി പറഞ്ഞു ഗുജറാത്ത് ഒരു പരീക്ഷണശാല മാത്രം. നാളെ ഗുജറാത്ത് എവിടെയും ആവര്‍ത്തിക്കപ്പെടും. ഇന്ത്യ മുഴുവന്‍ ഗുജറാത്ത് വംശഹത്യാ പരീക്ഷണശാലകള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ സന്ധി പ്രഖ്യാപിക്കുന്ന കോണ്‍ഗ്രസല്ല, ‘മാ! നിഷാദ!’ എന്ന് ഉച്ചത്തില്‍ വിളിച്ചുപറയാന്‍ ഇടതുപക്ഷമാണ് അനിവാര്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.