19 June 2024, Wednesday

സംഘ്പരിവാർ രാഷ്ട്രീയത്തെ ചെറുക്കാൻ മനസുവലുതാക്കുക

തായ്‌വേരു തൊട്ട് ഇലഞരമ്പുവരെയും വിഷം
അജിത് കൊളാടി
വാക്ക്
November 4, 2023 4:58 am

നുഷ്യരിൽ ധർമ്മബോധമുള്ളവർ രാപ്പകൽ ധർമ്മസമരം നടത്തേണ്ട കാലമാണിത്. പക്ഷെ ധർമ്മബോധം ലവലേശവുമില്ലാത്ത കാലവുമാണിത്. നാം ഉദാസീനതയോടെ നോക്കി കാണേണ്ട ഒരവസ്ഥയല്ല ഇത്. ഇന്നു വിഷവൃക്ഷം എന്നു പറഞ്ഞാൽ ആ പറച്ചിലിന് ബലം പോരാ. കൊടും വിഷം എന്നു പറഞ്ഞാൽ പോലും പോരാ. വേരു തൊട്ട് ഇലയുടെ ഞരമ്പുവരെ അധർമ്മവും അസത്യവും അസഹിഷ്ണുതയും വിഷമായി ഒഴുകുന്നു.
ഇന്ന് രാജ്യം ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ നേതാക്കൾ അസത്യം മാത്രമെ പറയുന്നുള്ളു. വിഷം ചീറ്റി കൊണ്ട് ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രവൃത്തികളെ ചെയ്യുന്നുള്ളു. ധനം നേടണം, അധികാരം നേടണം, അവ നിലനിർത്തണം എന്ന ചിന്ത മാത്രം കൈമുതലായുള്ളവർ, അധർമ്മ വൃക്ഷത്തെ പൂജിക്കുകയും അതിനു വെള്ളം നനയ്ക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. അധർമ്മ വൃക്ഷത്തിന്റെ ചില്ലകൾ ജനതയെ കെട്ടിവരിഞ്ഞ് നശിപ്പിച്ച്, എല്ലിൻ കഷണങ്ങൾ വലിച്ചെറിയുന്ന കാലമാണ് അവരുടെ ചിന്തയിൽ.
സംസ്കാരം വളർന്നു സംസ്കാരമല്ലാതായി തീരുന്ന അവസ്ഥയിലാണ് നാം. ഇന്ന് അന്തിമ സംസ്കാരമാണ് നടക്കുന്നത്. പ്രാഥമിക സംസ്കാരങ്ങൾ പരാജയപ്പെടുമ്പോൾ അന്ത്യ സംസ്കാരം വിജയിച്ചു വാഴുന്നു. ഇവിടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് മനുഷ്യന്റെ നന്മയോ മഹിമയോ ഒന്നുമല്ല, അവന്റെ സൗന്ദര്യമാണ്.
“റഷ്യൻ റൂലെ” എന്ന ഏറ്റവും ഭയാവഹവും ഉത്തേജകവുമായ ഒരു കളിയെക്കുറിച്ച് കേട്ടിട്ടില്ലെ. കൈത്തോക്കിൽ ഒരു ഉണ്ട മാത്രം ഇട്ട് സിലിണ്ടർ തിരിച്ച് സ്വന്തം തലയ്ക്കു നേരെ വെടിവയ്ക്കുന്ന കളി. എത്രാമതു കാഞ്ചി അമർത്തുമ്പോഴാണ് ഉണ്ട പൊട്ടുക എന്ന് ആർക്കും പറയാനാവില്ല. അന്തിമമായ ഭാഗ്യപരീക്ഷണമാണ് അത്. മാരകമായ യാദൃച്ഛികതയുടെ നിർദ്ദയ വിനോദം. അതാണ് കേന്ദ്ര മന്ത്രി, കേരളത്തിൽ കളിക്കാൻ നോക്കിയത്. പക്ഷെ മതസാഹോദര്യം ജീവിത തപസാക്കി മാറ്റിയ ജനത അതിനെ തള്ളിക്കളഞ്ഞു.
രാജ്യത്തിന്റെ ഏതു വീഥിയിലും നീതിധർമ്മങ്ങളുടെ നിത്യവധം നടന്നു കൊണ്ടിരിക്കുന്നു. നാടു മുന്നോട്ടു പോകുന്നു എന്ന് രാജ്യം ഭരിക്കുന്നവരും നരകത്തിലേക്ക് എന്ന് രാജ്യത്തിലെ ജനങ്ങളും പറയുന്നു. വിശ്വാസം സംരക്ഷിക്കാൻ അനുയായികളുടെ ജീവൻ തുലയ്ക്കുവാൻ കച്ചകെട്ടി പുറപ്പെട്ട മതങ്ങൾ ഈ ശ്മശാന ഘോഷയാത്രയുടെ തൊട്ടു പിന്നിലത്തെ നിരയില്‍ പ്രാർത്ഥനകളും മന്ത്രഘോഷങ്ങളും തക്ബീർ ധ്വനികളും മുഴക്കിക്കൊണ്ട് അണിനിരക്കുന്നു. ജീവിതോദ്യാനത്തിൽ സംസ്കാരസൂനങ്ങൾ വിരിയാൻ വർഗീയതയുടെ വക്താക്കൾ അനുവദിക്കില്ല. വിരിയുന്നുണ്ടെങ്കിൽ അവയുടെ അടിയിൽ പല്ലവങ്ങൾ കാർന്നുതിന്നുന്ന തടിച്ചുരുണ്ട പുഴുക്കൾ കൂടുകെട്ടി കഴിയുന്നു. അവ തിന്നു വീർത്തു വീങ്ങി ഒടുക്കം മഹാവിഷ നാഗമായ തക്ഷകനാവുകയും സംസ്കാരത്തിന്റെ നെറുകയിൽ ഉഗ്രഫണമുയർത്തി കൊത്തുകയും ചെയ്യുന്നു. ഇത്തരം വിഷം വമിപ്പിക്കുന്ന ഫാസിസ്റ്റുകൾ, വലതുപക്ഷ തീവ്രവാദികൾ ലക്ഷ്യമിടുന്നത് ജനങ്ങളെ വിഭജിക്കുക എന്നതാണ്. മതത്തിന്റെയും ജാതിയുടെയും പേരിൽ ധ്രുവീകരണം ഉണ്ടാക്കുക എന്നതാണ്.


ഇതുകൂടി വായിക്കൂ:  സംഘ്പരിവാർ പരീക്ഷണശാലയിലെ വ്യാജ നിർമ്മിതികൾ


പണ്ടേ വ്യാസൻ പറഞ്ഞു ജനങ്ങളുടെ കൂടെ ഉണ്ടാകുന്നത് മൃത്യു മാത്രമായിരിക്കുമെന്ന്. മഹാഭാരതത്തിന്റെ അവസാനം അദ്ദേഹം പറഞ്ഞു, ഞാൻ പറയുന്നത് ആരും കേൾക്കുന്നില്ല എന്ന്. കേൾക്കാത്തതു കൊണ്ട് വ്യാസൻ കരയുന്നു. അതാരും കേട്ടില്ല. ഇപ്പോഴും വ്യാസൻ കരഞ്ഞുകൊണ്ടിരിക്കുന്നു.
ഓരോ ദിവസം കഴിയും തോറും ഇന്ത്യക്കാരടക്കമുള്ള ലോകം സ്വാതന്ത്ര്യ സ്വർഗത്തിൽ നിന്ന് അകലുന്നു. നീതിയും ന്യായവും സമാധാനവും ചുരുക്കം ചില ഭാഗ്യശാലികളുടെതായി മാറി. പാലസ്തീനിൽ നാം ഇതു കാണുന്നു. സ്വാതന്ത്ര്യത്തിന്റെ മർദനം നടക്കുന്നു എല്ലായിടത്തും. വിഷത്തിന്റെ അലകടൽ ഇന്ത്യയെ വിഴുങ്ങുന്നു. ഗാന്ധിജി, മഹാഭാരതത്തിലെ വിദുരരെപ്പോലെ ഭാവി ഭയാനകമാകുമെന്ന് അന്നേ പ്രവചിച്ചു.
ഇന്ന് ഭരണകൂടാധികാരത്തിന്റെ രാഷ്ട്രീയവും ജനതയുടെ അധികാരത്തിന്റെ രാഷ്ട്രീയവും പരസ്പരവിരുദ്ധങ്ങളാണ്. ഭരണകൂട ശക്തികൾ മിക്കവാറും രാജ്യങ്ങളിൽ ഇന്നു മനുഷ്യരിൽ ഭയവും വെറുപ്പും ശത്രുതയും സൃഷ്ടിക്കുന്നതിലൂടെയാണ് പ്രവർത്തിക്കുന്നത്.
മുഖംമൂടികൾ വിലപ്പോകാതെ വരുന്ന ഭരണകൂടാധികാരം പുറത്തെടുക്കുന്ന അതിന്റെ നഗ്നവും വികൃതവുമായ മുഖമാണ് ഫാസിസം. രാഷ്ടീയ സമരത്തേയും, രാഷ്ട്രീയ ബോധത്തേയും അടിച്ചമർത്തുന്നതിന് വേണ്ടി ജനങ്ങളിൽ വെറുപ്പിന്റെ വിഷം നിറച്ചുകൊണ്ട് ആഭ്യന്തര കലാപം അഴിച്ചുവിടുന്നതിലാണ് ഫാസിസ്റ്റുകളുടെ എക്കാലത്തേയും ശ്രദ്ധ. മണിപ്പൂരിലും ഗുജറാത്തിലും മറ്റും നമ്മൾ അതു കണ്ടു. ഗാന്ധി ഘാതകരുടെ രാഷ്ട്രീയത്തിനെതിരെ പോരാടാൻ, വെറുപ്പിന്റെ സ്ഥാനത്ത് സ്നേഹവും സാഹോദര്യവും രാഷ്ട്രീയ ശക്തികളായി പ്രവർത്തിക്കുന്ന ജനങ്ങളുടെ സ്വാധികാരം സാക്ഷാത്കരിക്കപ്പെടണം. ജനകീയാധികാരങ്ങളുടെ സർഗാത്മകമായ നൂതന പോരാട്ടങ്ങൾ ഈ കാലത്ത് ആവശ്യമാണ്.
രാജ്യം പരീക്ഷിച്ചുണ്ടാക്കിയ വലിയ ഒരു സംസ്കാരത്തിന്റെ ബോധം നമ്മൾ പ്രതിധ്വനിപ്പിക്കണം. കേരളത്തിന്റെ മതേതര സംസ്കാരം നിരന്തരം അതിലേർപ്പെടുമ്പോൾ വർഗീയ കോമരങ്ങൾക്ക് അസഹിഷ്ണുത ഉണ്ടാകുന്നത് സ്വാഭാവികം.


ഇതുകൂടി വായിക്കൂ: സംഘ്പരിവാർ ചരിത്ര നിർമ്മിതി യുജിസി വഴി


ജനാധിപത്യ ഭരണക്രമത്തിനകത്തും സ്വേച്ഛാധികാരങ്ങൾ ബലം നേടുന്ന ഇന്നത്തെ ലോകത്ത് എല്ലാവർക്കും അടിസ്ഥാന സൗകര്യങ്ങളും സ്വച്ഛതയും ഉറപ്പുവരുത്താനുള്ള പോരാട്ടങ്ങൾ ആണ് വേണ്ടത്. വ്യക്തിസ്വാതന്ത്ര്യം, രാഷ്ട്രീയ സാമൂഹ്യവിമർശനം എന്നിവ അനുവദിക്കുന്നു എന്ന് അഭിമാനിക്കുന്ന രാജ്യങ്ങളിൽ പോലും ഭിന്നരാഷ്ട്രീയത്തെ, വ്യത്യസ്ത അഭിപ്രായത്തെ നിഷ്ഠുരമായി അടിച്ചമർത്തുന്നു. ഈ ശൈലി ഇന്ന് രാഷ്ട്രീയ പ്രസ്ഥാനങ്ങളും അനുകരിക്കുന്നു.
ജീവിതനിലവാരം സംസ്കാരത്തേയും, ജ്ഞാനത്തേയും നീതിബോധത്തേയും ആശ്രയിച്ചാണ് നിലനിൽക്കുക എന്നത് ഒരു ദർശനമാണ്. മൂല്യങ്ങളാണ് ജീവിതനിലവാരത്തിന്റെ യഥാർത്ഥ ഘടകം. ഇന്ന് അതിസമ്പന്നന്റെ സംസ്കാരവും പാവങ്ങളുടെ സംസ്കാരവും തമ്മിലുള്ള സംഘർഷമാണ് ലോകം മുഴുവൻ. സാമൂഹ്യ സാമ്പത്തിക അസമത്വം ഭീതിജനകമായി വർധിക്കുന്നു. ഈ അന്തരം നിലനിർത്തുക എന്നതാണ് ഫാസിസ്റ്റുകളുടെയും മൂലധന ശക്തികളുടെയും രാഷ്ട്രീയം. ഒരു വലിയ ജനവിഭാഗത്തെ പാർശ്വവൽക്കരിച്ചും അവർക്ക് എല്ലാ നീതിയും അവകാശവും നിഷേധിച്ചും, ഒരു ശത്രുവിനെ നിരന്തരം സൃഷ്ടിച്ചും ആണ് ഫാസിസം പ്രവർത്തിക്കുക.
ഗാന്ധിവധം എന്നു പറയുന്നത് ഒരു ചെറിയ സംഭവമല്ല. ഗാന്ധിയെ കൊന്നവർക്ക് അന്ന് ഇന്ത്യക്കാർ വോട്ടു ചെയ്യില്ല. ക്രമേണ ആ മനോഭാവം അവർ മാറ്റിയെടുത്തു. ജനങ്ങൾക്കിടയിൽ അവർ സ്വാധീനം ഉറപ്പിച്ചു. അത് മതബോധത്തെ പിടികൂടിക്കൊണ്ടാണ് ചെയ്തത്. ഗാന്ധി ജീവിച്ചിരുന്ന കാലത്ത് ഇവർക്ക് അത് കഴിയാതിരുന്നതിന്റെ കാരണം ശരിയായ മതബോധം ഗാന്ധിയിലുണ്ടായിരുന്നതുകൊണ്ടാണ്. അതു മതിയായിരുന്നു ഇന്ത്യക്കാർക്ക്. ഗാന്ധി എല്ലാ മതങ്ങളെയും സ്നേഹിച്ചു ബഹുമാനിച്ചു. അതിന് വലിയ ഇടം നേടിക്കൊടുത്തു ഗാന്ധിജി. ഇന്ന് ആ ഇടം, ഫാസിസ്റ്റുകൾ ഇല്ലാതാക്കി. മതദർശനങ്ങളെ ദുർവ്യാഖ്യാനം ചെയ്ത്, ചരിത്രത്തെ വികൃതമായി വ്യാഖ്യാനിച്ച് അവർ ജനങ്ങൾക്കിടയിൽ അസഹിഷ്ണുതയും ശത്രുതയും വിദ്വേഷവും വളർത്തി. ഇത്തരം ബീഭത്സമായ പ്രവൃത്തികളെ നിരന്തരം തടയാനാണ് കാലം നമ്മളോട് ആവശ്യപ്പെടുന്നത്.


ഇതുകൂടി വായിക്കൂ: ഇന്ത്യയുടെ വിജയം അനിവാര്യമാണ്


ആരെയും അതിശയിപ്പിക്കും വിധം കേരളത്തിൽ ഉയർന്ന് നിൽക്കുന്നു മാനവികതയുടെ മുഖം എന്നത് മതമൗലികവാദികളെ അലോരസപ്പെടുത്തുന്നു. നാനാ മത വിശ്വാസങ്ങളിലൂടെ ജീവിതം നയിക്കുന്ന ഒരു ജനതയെ പ്രതിലോമ ശക്തികൾക്ക് വിട്ടുകൊടുക്കാതെ അവരുടെ വിശ്വാസത്തിന്റെ ശക്തികളെ എങ്ങിനെ വിമോചകമായ രാഷ്ട്രീയശക്തിയായി പരിവർത്തിപ്പിക്കാമെന്നതിന് തെളിവാണ് ആധുനിക ഇന്ത്യയുടെ ചരിത്രം തന്നെ. കോടിക്കണക്കിനു വരുന്ന നാനാമതവിശ്വാസികളുടെ ജീവിതശക്തികളെ സ്വാതന്ത്ര്യവാഞ്ഛയിലേക്ക് തുറന്നു വിട്ട ഒരു പ്രക്രിയ കൂടി ആയിരുന്നു സ്വാതന്ത്ര്യ സമരം എന്ന് ഓർക്കണം.
ദീർഘവും ത്യാഗപൂർണവുമായ നവോത്ഥാന രാഷ്ട്രീയ സമരങ്ങളിലൂടെ കേരള ജനതയാർജ്ജിച്ച രാഷ്ട്രീയവും ധാർമ്മികവുമായ അന്തഃശക്തിയും, ആരോഗ്യവും തകർക്കുക എന്നതാണ് പ്രതിലോമ രാഷ്ട്രീയ ശക്തികളുടെ, കേന്ദ്രമന്ത്രി പുംഗവന്മാരുടെ ലക്ഷ്യം. അത്ര ഭീഷണമാണ് നമ്മളും നമ്മുടെ വരും തലമുറകളും നേരിടുന്ന വെല്ലുവിളി. ഇതിനെ ചെറുക്കാൻ കേരളം അതിന്റെ എല്ലാ സാംസ്കാരിക ശക്തികളെയും സിദ്ധികളെയും പുറത്തെടുത്തു കൊണ്ട് രംഗത്തു വരണം.
ഇന്ത്യൻ ജനാധിപത്യത്തിന്റെ തിളങ്ങുന്ന ഉള്ളടക്കം ഓരോ കാലത്തും മുകളിലൂടെ വന്നു പോയ ഭരണകൂടാധിപത്യങ്ങളെ ചെറുത്തു കൊണ്ട് താഴെത്തട്ടിൽ ജീവിതം നയിച്ച ഇന്ത്യൻ സമൂഹങ്ങളുടെ സമാന്തര അധികാരത്തിന്റെ സ്വച്ഛന്ദ ശക്തികളാണ്. ആ ശക്തികളെ ചേർത്തു പിടിച്ചുവേണം ഇടതുപക്ഷം വർഗീയതക്കെതിരെ പോരാടാൻ. ഭരണകൂടത്തിന്റെ ഏകാധിപത്യത്തെ, അപ്രമാദിത്വത്തെ ചെറുക്കുന്ന പരസ്പര സ്നേഹത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ജനങ്ങളുടെ സമാന്തര സ്വാധികാരത്തിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയെ ശിഥിലമാക്കുകയും അങ്ങിനെ അവരെ ഭിന്നിപ്പാക്കുകയും അടിമപ്പെടുത്തുകയും ചെയ്യുന്ന ഭരണ വർഗ ഫാസിസത്തോടാണ് ആണ് ഇന്ന് ഇന്ത്യൻ ജനത നേർക്കുനേർ നിൽക്കുന്നത്. ആഗോള സാമ്രാജ്യത്വത്തിന് സാമന്ത വൃത്തി ചെയ്യുന്ന ഒരു കടുത്ത യാഥാസ്ഥിതിക ശക്തിയാണ് ഇന്ത്യയിലെ ഭരണ വർഗം. ഇന്ത്യൻ ജനതയുടെ സഹജമായ ജനാധിപത്യ വാഞ്ഛകളെ ഏറ്റെടുക്കുന്നതിനും വികസിപ്പിക്കുന്നതിനും ഉള്ള വഴികൾ കണ്ടെത്തുക എന്നതാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കടമ. ജനങ്ങളുടെ ജനാധിപത്യ ശക്തി വികസിപ്പിക്കലാണ് ഇടതുപക്ഷത്തിന്റെ ശക്തി വികസിപ്പിക്കൽ.
മനസ് വലുതാക്കുക എന്നതാണ് ജീവിതത്തിന്റെ പ്രാഥമികവും ഏറ്റവും പുണ്യവുമായ കടമ. മനസ് വലുതാക്കാൻ തയ്യാറല്ല എന്ന് ശഠിക്കുന്നവരാണ് മതമൗലികവാദികൾ, മൂലധനശക്തികൾ എന്നിവർ. അവർ രൂപപ്പെടുത്തുന്ന പ്രാകൃത രാഷ്ട്രീയത്തിനെതിരെ മനസ് വലുതാക്കി അസന്ദിഗ്ധ പോരാട്ടം നടത്തുക എന്നതാണ് എന്നും ഇടതുപക്ഷത്തിന്റെ വഴി.


ഇതുകൂടി വായിക്കൂ: മതം നോക്കി തല്ലിച്ചോ?


മനുഷ്യരെ ഫാസിസ്റ്റ് ഭരണകൂടത്തിന് കീഴ്പ്പെടുത്തി നിർത്തിയിരിക്കുന്ന അടഞ്ഞ സ്വത്വരൂപങ്ങളിൽ നിന്ന് വിമോചകമായ ഒരു ജനാധിപത്യ കർത്തൃത്വത്തിന്റെ പുതിയ ബന്ധരൂപങ്ങൾക്കുള്ള ജീവിതത്തിന്റെ തുറക്കലിന് മുൻകൈ എടുക്കേണ്ടത് ഇടതുപക്ഷ മതേതര ശക്തികളാണ്. ബന്ധുക്കളേയും സുഹൃത്തുക്കളെയും മാത്രം സ്നേഹിച്ചിരുന്നതിൽ നിന്ന് അപരിചിതരെ സ്നേഹിക്കാൻ കഴിയുന്ന മനുഷ്യരായി മാറണം. അപരിചിതനെയും അന്യനെയും ഉള്‍ക്കൊള്ളുന്ന ഒരു ജൈവ രാഷ്ട്രീയശക്തിയായി ഇടതുപക്ഷം നിലനിൽക്കണം ഫാസിസത്തിനെതിരെ പോരാടാൻ. അപരനോടുള്ള സ്നേഹത്തിലൂടെ ഓരോരുത്തരും പരസ്പരം ശക്തരാവുകയും, അനുക്ഷണം നവീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു തുറന്ന ബന്ധഘടനയുള്ള സമൂഹം പ്രവർത്തനനിരതമാകുന്നു. ഇത് സംഘ്പരിവാറിനും മറ്റു മതമൗലികവാദികൾക്കും ഒരിക്കലും രുചിക്കില്ല.
അതുകൊണ്ടു തന്നെ ശക്തമായ, അസന്ദിഗ്ധമായ പോരാട്ടം അനുസ്യൂതം നടത്തണം സങ്കുചിത മനസ്കാരായ വർഗീയ, പ്രതിലോമശക്തികൾക്കെതിരെ. നാം മനുഷ്യർ ഒന്നാണ് എന്ന ഉജ്വല സന്ദേശം ഉയർത്തിപ്പിടിക്കുന്നു കേരളം എന്നും. തിന്മയോടുള്ള അഭിനിവേശം വളർന്നു വരുമ്പോൾ ഹൃദയത്തിലെ നന്മയുടെ ഈർപ്പം നഷ്ടപ്പെടാതെ സൂക്ഷിക്കുക. ഫാസിസത്തിനെതിരെ, വീട്ടുവീഴ്ചയില്ലാതെ, മാനവികതയെ നെഞ്ചോട് ചേർത്ത്, പോരാടാൻ ജനത രാജ്യത്തെ പല ഭാഗങ്ങളിലും തയ്യാറാകുന്ന ചിത്രങ്ങൾ നാം കാണുന്നു. അതിന്റെ മുന്നിൽ മനസ് വലുതാക്കി, മറ്റുള്ളവർക്ക് വഴികാട്ടിയായി ഇടതുപക്ഷ മതേതര പ്രസ്ഥാനങ്ങൾ ഉണ്ടാകണം. ജനത അത് ആവശ്യപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.