30 April 2024, Tuesday

മസ്തിഷ്ക പ്രക്ഷാളനം ഫാസിസത്തിന്റെ വഴി

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
April 12, 2024 4:30 am

‘പട്ടിണിയായ മനുഷ്യാ
നീ പുസ്തകം കയ്യിലെടുത്തോളൂ
പുത്താനൊരായുധമാണ്, നിനക്കത്
പുസ്തകം കയ്യിലെടുത്തോളൂ’.
ഞങ്ങൾ എഐഎസ്എഫ് പ്രവർത്തകർ 1999ലെ വാജ്പേയ് സർക്കാരിന്റെ വിദ്യാഭ്യാസ കാവിവൽക്കരണത്തിനെതിരെ, വർഗീയഫാസിസ്റ്റുകൾ വെടിയുണ്ടകൾക്ക് ഇരയാക്കിയ ഗാന്ധിജിയുടെ ചിരസ്മരണകൾ ഉണർന്നു തുടിക്കുന്ന തിരുവനന്തപുരം ഗാന്ധി പാർക്കിൽ നിന്ന് പ്രയാണം ആരംഭിച്ച 16 വിദ്യാത്ഥിനികളുടെ പോരാട്ട ജാഥ ഉദ്ഘാടനം ചെയ്തത് പികെവി. സമുന്നത സാന്നിധ്യം ഒഎൻവി. രക്തസാക്ഷി സ്മരണകൾ ഇരമ്പുന്ന കയ്യൂരിന്റെ മണ്ണിന് തൊട്ടടുത്ത് കാഞ്ഞങ്ങാട്ട് കലാജാഥ സമാപിക്കുമ്പോൾ വിദ്യാർത്ഥി ലക്ഷങ്ങൾ മാത്രമല്ല പൊതുസമൂഹമാകെ അത് മാറോട് ചേർത്തുപിടിച്ചു.


ഇതുകൂടി വായിക്കൂ; സമ്പദ്ഘടനയുടെ വീഴ്ചയും പട്ടിണിയുടെ വാഴ്ചയും


‘പുസ്തകം ചുട്ടുകരിച്ചോളൂ എന്ന് വിഹ്വലതയോടെ ചൊല്ലുന്ന കഥാപാത്രങ്ങൾ ചുട്ടുകരിക്കപ്പെടുന്ന പാഠപുസ്തകങ്ങൾ ജീവിത പാഠപുസ്തകങ്ങൾ എന്ന് അടയാളപ്പെടുത്തുകയും ചെയ്തു. കലാജാഥയിലെ പെൺകൊടികൾ പാടിച്ചോദിച്ചു- ‘എന്തിനു ചോരപ്പുഴകൾ ഒഴുക്കുന്നെന്റെ കിടാങ്ങൾ നിങ്ങൾ…’ വർഗീയ ഫാസിസം, മുഖംമൂടിയില്ലാതെ വരുന്ന കാലത്ത് പെരുമ്പുഴയുടെ ഈ ഗാനശകലം പ്രസക്തമായിരുന്നു. പി ഭാസ്കരന്‍, ഒഎൻവി, തിരുനല്ലൂര്‍, കണിയാപുരം, പി കെ ഗോപി, എം എം സചീന്ദ്രന്‍, കുരീപ്പുഴ, ബിച്ചു തിരുമല, ബിനോയ് വിശ്വം, ഏഴാച്ചേരി രാമചന്ദ്രന്‍, വിശ്വമംഗലം സുന്ദരേശന്‍ എന്നിവരെല്ലാം ഗാനങ്ങളെഴുതി. എല്ലാം മതനിരപേക്ഷതയുടെ മാനവികഗീതങ്ങൾ.
വാജ്പേയ് സർക്കാരിന്റെ കാലത്ത് മാനവവിഭവശേഷി മന്ത്രിയായിരുന്ന മുരളി മനോഹർ ജോഷി സർവകലാശാലകളിൽ ജ്യോതിഷം ഐച്ഛിക വിഷയമായി പഠിപ്പിക്കാൻ നിശ്ചയിച്ചതിലൂടെ കാവിവൽക്കരണത്തിന് തുടക്കം കുറിച്ചു. ഒരു പതിറ്റാണ്ട് കാലമായി നരേന്ദ്ര മോഡിയും വിദ്യാഭ്യാസ വർഗീയ, ഫാസിസവൽക്കരണം അതിഗൂഢവും ആസൂത്രിതവുമായി നടപ്പിലാക്കുന്നു. വർഗീയ ഫാസിസത്തിന്റെ ഇരുണ്ട ഇടനാഴികൾ സൃഷ്ടിക്കുന്ന മോഡി നയിക്കുന്ന സംഘ്പരിവാര്‍ ഭരണകൂടത്തിനു കീഴില്‍ വിദ്യാഭ്യാസ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളാകെ കാവിവല്‍‌ക്കരണത്തിന്റെയും സ്വേച്ഛാധിപത്യവല്‍‌ക്കരണത്തിന്റെയും വർഗീയ ഫാസിസവൽക്കരണത്തിന്റെയും ദുരന്ത നുകങ്ങൾ പേറുകയാണ്. സ്കൂൾതലം മുതൽ സർവകലാശാലാതലം വരെ പാഠപുസ്തകങ്ങളെ വികലമാക്കുകയും വികൃതമാക്കുകയും ചെയ്യുന്നവർ നരേന്ദ്ര മോഡിയുടെ ജീവചരിത്രം ഗുജറാത്തിലെ പള്ളിക്കൂടങ്ങളിൽ പഠിപ്പിക്കുന്നു.
ഡാർവിനെയും പരിണാമ സിദ്ധാന്തത്തെയും മുമ്പേ തിരസ്കരിച്ചവർ യുഗപ്രഭാവരായ രാഷ്ട്രപിതാവ് ഗാന്ധിജിയെയും നെഹ്രുവിനെയും തമസ്കരിക്കുകയും ചെയ്തു. ഗാന്ധി ഘാതകനായ ഗോഡ്സെയെ പാഠപുസ്തകങ്ങളിൽ വാഴിച്ചു.


ഇതുകൂടി വായിക്കൂ;  അഴിമതിയുടെ ഹിമാലയം കച്ചത്തീവില്‍ മറയില്ല


പന്ത്രണ്ടാം ക്ലാസിലേക്കുള്ള പുതിയ അധ്യയന വർഷത്തിലെ ചരിത്ര പാഠപുസ്തകത്തിൽ നാഷണൽ കൗൺസിൽ ഫോർ എജ്യുക്കേഷൻ റിസർച്ച് ആന്റ് ട്രെയിനിങ് (എന്‍സിആര്‍ടി)കുത്തിനിറച്ചത് സംഘ്പരിവാര ദർശനങ്ങളും ബിജെപിയുടെ കുത്സിത വിഭജന വിദ്വേഷ രാഷ്ട്രീയവും ഉള്‍ച്ചേർന്നതാണ്. മോഹൻജദാരോ-ഹാരപ്പ സംസ്കാരത്തെ തിരസ്കരിക്കുകയും ദ്രാവിഡ സംസ്കൃതിയെ തമസ്കരിക്കുകയും ചെയ്ത് ആര്യന്മാര്‍ ഇന്ത്യയിലേക്ക് കടന്നു വന്നവരല്ലെന്നു പഠിപ്പിക്കുമ്പോൾ മാധവ് സദാശിവ ഗോൾവാൾക്കർ വിചാരധാരയിലൂടെ മുന്നോട്ടുവച്ച ആശയം പുതുമസ്തിഷ്കങ്ങളിൽ കുത്തിനിറയ്ക്കുകയാണ്. ആര്യാധിനിവേശത്തിന് മുമ്പുള്ള ഹാരപ്പ‑മോഹൻജദാരോ-സിന്ധു സാംസ്കാരിക പൈതൃക സ്രഷ്ടാക്കളെ വേദകാല പിന്മുറക്കാർ എന്ന് ചരിത്രത്തെ വക്രീകരിക്കുകയാണ് മോഡിയുടെ പാഠനിർമ്മാണ ശാലകൾ.
464 വർഷക്കാലത്തെ പാരമ്പര്യമുണ്ടായിരുന്ന ബാബറി മസ്ജിദ് അഞ്ചരമണിക്കൂർ കൊണ്ടാണ് സംഘപരിവാരം തകർത്തത്. അതിന് കോൺഗ്രസ് കൂട്ടുനിന്നത് ചരിത്ര പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു. മുഗള ഭരണകാലവും ചരിത്ര പാഠങ്ങളിൽ നിന്ന് തിരസ്കരിക്കപ്പെട്ടു. ഇടതുപക്ഷ രാഷ്ട്രീയത്തെയും 12-ാം ക്ലാസിലെ രാഷ്ട്രീയ പുസ്തകത്തിൽ മാറ്റിയെഴുതി. ദരിദ്രരുടെയും അധഃസ്ഥിത വിഭാഗങ്ങളുടെയും പക്ഷത്ത് നിലകൊള്ളുകയും അവരുടെ ക്ഷേമത്തിനായി വാദിക്കുകയും ചെയ്യുന്നവർ എന്ന നിർവചനം മാറ്റി മത്സരാധിഷ്ഠിത വിപണിക്ക് പകരം ഭരണകൂട പിന്തുണയുള്ള സമ്പദ്ഘടനയെ പിന്തുണയ്ക്കുന്നവരാണ് എന്ന ചരിത്രാഭാസം എഴുതിച്ചേർത്തു.
ഹിറ്റ്ലറായിരിക്കണം മാതൃക എന്ന് വിചാരധാരയിലൂടെ ഉദ്ഘോഷിച്ചത് ഗോൾവാൾക്കറാണ്. ചെറുപ്പത്തിലേ പിടികൂടുക, മസ്തിഷ്ക പ്രക്ഷാളനം വഴി എന്ന് പറഞ്ഞതും ഹിറ്റ്ലർ. മോഡി ചരിത്രത്തെ കീഴ്മേൽ മറിച്ച് സംഘ്പരിവാര ഫാസിസ്റ്റ് അജണ്ടയിലൂടെ പ്രാഥമികതലം മുതൽ ഉന്നത ബിരുദതലം വരെ അത് നടപ്പാക്കുന്നു. “കൊണ്ടുപോകില്ല ചോരന്മാർ കൊടുക്കും തോറും ഏറിടും” എന്ന് മഹാകവി ഉള്ളൂർ വിദ്യയെക്കുറിച്ചെഴുതി. ഇന്ന് വംശഹത്യാ പരീക്ഷണശാലകൾ ഒരുക്കുന്ന കൊടും ചോരന്മാർ വിദ്യയെ ചോരക്കണ്ണുകളോടെ കവർന്നെടുക്കുന്നു, കൊലപ്പെടുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.