27 April 2024, Saturday

ഭരണകൂടം ‘ഭയകൂട’മാകുമ്പോൾ

അജിത് കൊളാടി
വാക്ക്
March 9, 2024 4:45 am

വ്യക്തിയും സമൂഹവും ബന്ധപ്പെടുന്ന പല മാധ്യസ്ഥങ്ങളിൽ ഒന്നു മാത്രമാണ് ഭരണകൂടം. അതിനപ്പുറത്ത് വിപണിയുണ്ട്, മതമുണ്ട്, പൗരസമൂഹമുണ്ട്, പൊതുമണ്ഡലമുണ്ട്. ഇവയെല്ലാം അതിവർത്തിക്കുന്ന പ്രതിഭാസമാണ് ഭരണകൂടം എന്നത് അതേക്കുറിച്ചുള്ള ചരിത്രത്തിലെ ഏറ്റവും അധീശത്വപരമായ വായനയാണ്. ഈ വിശ്വാസത്തെ ചോദ്യം ചെയ്യാൻ ഭരണകൂടം അനുവദിക്കാറില്ല. വിപണി പലപ്പോഴും ഭരണകൂടമുക്തമായി നിൽക്കുന്നത്, ഭരണകൂടവും വിപണിയും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ മുതലാളിത്ത സമൂഹത്തിൽ നിലനിൽക്കുന്ന പരിമിതമായ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായതുകൊണ്ടാണ്. മതത്തിന് പ്രാമുഖ്യം കൊടുക്കുന്ന സമൂഹങ്ങളിൽ പലപ്പോഴും മതത്തിനും വിപണിയുടെ അത്രതന്നെയോ അതിലും ശക്തമായതോ ആയ ബന്ധം ഭരണകൂടവുമായുണ്ടാകാം. എന്നാൽ പൗരസമൂഹത്തിന് പലപ്പോഴും ഭരണകൂടത്തിനുമേൽ ഒരു നൈതിക പ്രതിപക്ഷമെന്ന അവസ്ഥയേ കൈവരിക്കാൻ സാധിക്കാറുള്ളു. ഭരണകൂടത്തെ ജനാധിപത്യപരമാക്കുന്നതിൽ ഏറ്റവും വലിയ പങ്കുണ്ടാവുന്നത് പൗരസമൂഹത്തിനു കൂടുതൽ പങ്കാളിത്തം ലഭിക്കുമ്പോഴാണ്. ഭരണകൂടത്തിന്റെ അമിതാധികാര പ്രവണതകളോടുള്ള ചെറുത്തുനില്പ്, മതത്തിനും വിപണിക്കും ഭരണകൂടത്തിനുമേൽ ഉണ്ടാക്കുന്ന അമിതമായ സ്വാധീനത്തോടു കൂടിയുള്ള യോജിപ്പില്ലായ്മ, മനുഷ്യാവകാശത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടം ഇവയെല്ലാം പൊതുമണ്ഡലത്തിൽ സജീവമാകുക പൗരസമൂഹത്തിന്റെ പ്രവർത്തനഫലമായാണ്. വർത്തമാനകാലഭരണകൂടം പൗരസമൂഹത്തിന്റെ എതിർപ്പുകളെ, വ്യത്യസ്ത അഭിപ്രായങ്ങളെ അടിച്ചമർത്തുന്നു. ഭരണകൂടത്തെ ചോദ്യം ചെയ്യുക എന്നത് അസാധ്യമാക്കിക്കൊണ്ടിരിക്കുന്നു. ജനാധിപത്യത്തെ മൂലധനാധിപത്യമാക്കുന്ന പ്രക്രിയകൾ ധൃതിയിൽ നടക്കുന്നു.


ഇതുകൂടി വായിക്കൂ: സ്ത്രീവിരുദ്ധ ഏകാധിപത്യ ഭരണകൂടങ്ങള്‍


പല രാഷ്ട്രീയ പാർട്ടികളുടെയും ഓളിഗാർക്കിക് സ്വഭാവം (അധികാരം ഏതാനും ചിലരിൽ ഒതുങ്ങി നിൽക്കുന്ന രീതി) മൂലധന കേന്ദ്രീകരണ പ്രക്രിയയെ എളുപ്പമാക്കുന്നു. മിക്കവാറും പാർട്ടികളിൽ കേന്ദ്രീകൃത അധികാരഘടന നിലനിൽക്കുന്നു. ഇത്തരം സംവിധാനങ്ങളെ മൂലധനശക്തികൾക്ക് എളുപ്പത്തിൽ സ്വാധീനിക്കാനാവും. ഉദാരവൽക്കരണ നയത്തിന്റെ ലക്ഷ്യം തന്നെ സ്വകാര്യ മൂലധനത്തെ വിട്ടുവീഴ്ചയില്ലാതെ പ്രോത്സാഹിപ്പിക്കുക എന്നതാണല്ലൊ. ജനാധിപത്യത്തെ നിഹനിക്കാനുള്ള ആയുധമായിരുന്നു തെരഞ്ഞെടുപ്പ് ബോണ്ട് സ്കീം. സ്വകാര്യ മൂലധനവും രാഷ്ട്രീയ സംഭാവനയും തമ്മിലുള്ള ബന്ധത്തെ അതിശക്തമാക്കി ഈ ബോണ്ടുകൾ. ഇതോടെ അജ്ഞാത ഉറവിടങ്ങളിൽ നിന്ന് വലിയ സംഭാവനകൾ രാഷ്ട്രീയ പാർട്ടികളിലേക്ക് ഒഴുകി. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് രാജ്യം ഭരിക്കുന്ന ബിജെപിയാണ്. അതിസമ്പന്നന്മാർക്ക് മാത്രമേ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ജനപ്രതിനിധികൾ ആകാനും സാധിക്കുകയുള്ളു എന്ന സ്ഥിതി ദൃഢമാക്കി ഈ സംവിധാനം. ഇപ്പോൾ ബഹുമാനപ്പെട്ട സുപ്രീം കോടതി ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കിയത് ജനാധിപത്യത്തിന് ആശ്വാസകരമാണ്. ഇന്ന് കേന്ദ്ര ഭരണകൂട ചെയ്തികളുടെ ഫലമായി ഇന്ത്യൻ ജനാധിപത്യത്തിനുമേലുള്ള പേറ്റന്റ് ജനങ്ങൾക്ക് (വി ദ പീപ്പിൾ) നഷ്ടപ്പെട്ടു. ഇതിനെ ന്യായീകരിക്കുന്ന രാഷ്ട്രീയമാണ് ഇന്ന് നിലവിലുള്ളത്. ഭരണകൂടത്തെ ശക്തിപ്പെടുത്തുകയും ജനങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്ന രാഷ്ട്രീയം. അതുമൂലം ഭരണകൂടം ‘ഭയകൂടങ്ങൾ’ ആകുന്നു. ഭയവും പ്രചാരവേലയും സമാസമം ചേർത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ മനഃസാക്ഷിയുടെ പ്രതിപുരുഷനായി ഭരണകൂടം അവതരിച്ചുകൊണ്ടിരിക്കുന്നു. അസഹിഷ്ണുതയാണ് സഹിഷ്ണുത എന്ന് അവർ ആവർത്തിച്ച് പ്രഖ്യാപിക്കുന്നു.


ഇതുകൂടി വായിക്കൂ: സ്ത്രീവിരുദ്ധ ഏകാധിപത്യ ഭരണകൂടങ്ങള്‍


ജനാധിപത്യം തീരെ ദുർബലമാകുന്നു. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ അവർ കാണില്ല. അവരുടെ ശ്രദ്ധ ഭൂരിപക്ഷ‑ന്യൂനപക്ഷ സമുദായങ്ങളെ ശത്രുപാളയത്തിൽ തളച്ചിടുക എന്നതാണ്. അവർ നുണകളെ നേരിട്ടും സമൂഹമാധ്യമങ്ങൾ വഴിയും പ്രചരിപ്പിക്കുന്നു. വൈകാരികമായി മാത്രം ഭരണാധികാരി സംസാരിക്കുന്നു. പച്ചക്കള്ളങ്ങൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ചരിത്രം ദുർവ്യാഖ്യാനിച്ച് ചിന്തകളിൽ വിഷം കലർത്തുന്നു. ജനങ്ങളോടാണ് പ്രതിബദ്ധത എന്ന് വൈകാരികമായി പറയുകയും കോർപറേറ്റുകളെയും അതിസമ്പന്നരെയും തന്റെ ചിറകിനടിയിൽ സംരക്ഷിച്ചു നിർത്തുകയും ചെയ്യുന്നു. പട്ടിണിയും തൊഴിലില്ലായ്മയും സാമ്പത്തിക സാമൂഹിക അസമത്വവും ക്രമാതീതമായി വർധിക്കുന്നു. ഇതെല്ലാം അമിതാധികാര ഭരണകൂടത്തെ ശക്തിപ്പെടുത്തുന്ന പ്രക്രിയകളാണ്. സംഘ്പരിവാർ ഭരണകൂടം പൗരാവകാശങ്ങൾ, ഭരണഘടന, സ്വാതന്ത്ര്യം, സാഹോദര്യം, വ്യക്തിയുടെ അന്തസ് എന്നിവയെല്ലാം ചവിട്ടിമെതിക്കുന്നു. വ്യക്തിപൂജ ഇഷ്ടപ്പെടുന്ന ഭരണാധികാരികളിൽ സാമ്യതയുണ്ട്. അവരെല്ലാം ഏകാധിപതികളോ സമഗ്രാധിപത്യ ഉപാസകരോ ആണ്. പല പാർട്ടികളും നേതാക്കളും ഇന്ന് ജനാധിപത്യത്തെ മഹത്തരമായി കാണുന്നില്ല. മഹാന്മാരായ നേതാക്കൾ ജീവിതത്തെ ഊതിവീർപ്പിച്ചവരോ അവനവനെ അസാധാരണവല്‍ക്കരിച്ചവരോ അല്ല. അവര്‍ പ്രവർത്തിച്ചത്, അത്ഭുതകരമായ നേട്ടങ്ങൾ കൈവരിച്ചത് പബ്ലിക് റിലേഷൻ ക്യാമ്പയിൻ നടത്തിയിട്ടോ, ആത്മപ്രശംസയിലൂടെയോ അല്ല. അവർ പ്രകടനപരതയുടെ സൂചിക തേടി പോകാറില്ല, കെട്ടുകഥകൾ സൃഷ്ടിക്കില്ല. ആത്മവിശ്വാസമില്ലാത്തവരും തങ്ങൾ അപൂർണരാണെന്നു തോന്നുന്നവരുമാണ് ഇത്തരം നടപടികളിൽ ഏർപ്പെടുക. സമ്പദ്ഘടനയെ തകർക്കുക, പാർലമെന്റിനോട് അനാദരവ് പ്രകടിപ്പിക്കുക, ഭരണഘടനയെ തീർത്തും അവഗണിക്കുക, എതിരഭിപ്രായങ്ങളെ ഗളഗസ്തം ചെയ്യുക, ജനങ്ങളോട് സത്യസന്ധത പുലർത്താതിരിക്കുക തുടങ്ങിയവയൊക്കെ ഭരണകൂടം നിരന്തരം ചെയ്യുന്നു. 2014ൽ പറഞ്ഞ സാമ്പത്തിക പുരോഗതി, തൊഴിലവസരം സൃഷ്ടിക്കൽ, സ്വിസ് ബാങ്കിൽ നിന്ന് പണം തിരികെയെത്തിക്കൽ, ദാരിദ്ര്യ നിർമ്മാർജനം, ജനങ്ങളുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കൽ തുടങ്ങിയ വാഗ്ദാനങ്ങളൊക്കെ വളരെ വിദഗ്ധമായി വഴിയിൽ ഉപേക്ഷിച്ചു. മറിച്ച് അവർ ജനങ്ങൾക്ക് കൊടുത്തത് ഹിന്ദുത്വ ആശയങ്ങൾ മാത്രമാണ്. ഭൂരിപക്ഷ വിഭാഗങ്ങളുടെ ഭരണം എന്ന ഒറ്റ ബിന്ദുവിൽ കേന്ദ്രീകരിച്ചുകൊണ്ട് നീതി, തുല്യത, പരസ്പരം പങ്കിടുന്ന ജീവിതം എന്നിവയെ നിരാകരിച്ച്, ജീവിതത്തിന്റെ ഉദാത്ത മൂല്യങ്ങളെ പൈശാചികമായി ഇല്ലാതാക്കുന്ന തന്ത്രങ്ങൾ സ്വീകരിക്കുന്നു. ജാതി വർഗ വ്യത്യാസങ്ങൾക്കപ്പുറം ഭൂരിപക്ഷം ഹിന്ദുക്കളും ഏകതാനമായ ആൾക്കൂട്ട ജനാധിപത്യത്തെ അംഗീകരിച്ചു കഴിഞ്ഞു. ഏതു സാമൂഹിക വിഭാഗത്തിലും അനുസരണയുള്ള, അടിമ മനോഭാവക്കാരെ എല്ലാവർക്കും ഇഷ്ടമാണ്. ചോദ്യങ്ങൾ ചോദിക്കുന്നവരെ ഇഷ്ടമല്ല. ഇന്ന് ചോദ്യം ചെയ്യുന്നവരാണ് അക്രമിപ്പിക്കപ്പെടുന്നത്. പ്രശ്നം കൂടുതൽ മൗലികമാണ്, ആഴത്തിലുള്ളതാണ്. ഈ തിരിച്ചറിവുകളിൽ നിന്ന് ഊർജവും ആർജവവും ഉൾക്കൊള്ളുന്നവർ ഉയർന്നു വരണം ഭയത്തെ ഇല്ലാതാക്കാൻ. ഭരണകൂടം പറയുന്നത് നിങ്ങൾക്കുവേണ്ടി ഞങ്ങൾ ചിന്തിക്കുന്നുണ്ട്, പിന്നെയെന്തിനാണ് നിങ്ങൾ ചിന്തിക്കുന്നത് എന്നാണ്. ഞങ്ങൾ ആവിഷ്കരിക്കുന്ന പരിപാടികളിൽ പങ്കെടുക്കുക, ഗുണഭോക്താക്കളാകുക അതുമതി എന്നവർ തീരുമാനിക്കുന്നു.


ഇതുകൂടി വായിക്കൂ: അന്ധത നടിക്കുന്ന ഭരണകൂടം


ഭരണഘടനയല്ല, ഫാസിസ്റ്റ് മനോഭാവമാണ് ശിക്ഷ വിധിക്കുന്നതും നടപ്പാക്കുന്നതും. അന്യായങ്ങളോട് ഭരണകൂടം നിസംഗത പാലിക്കുന്നു. ആൾക്കൂട്ട കൊലപാതകങ്ങളിൽ, വംശഹത്യയിൽ, മരണങ്ങളോടുള്ള ഇല്ലിബറൽ ഭരണകൂടത്തിന്റെ നിസംഗത കാണാം. അത് അവരുടെ രാഷ്ട്രീയ നിലപാടിന്റെ നിദർശനമാണ്. ഭൂരിപക്ഷമതത്തിന്റെ സ്വാധീനം എക്കാലത്തും ഇന്ത്യയിൽ ഉണ്ടായിരുന്നു. എന്നാൽ ഭരണഘടന അതിനെ ചെറുക്കുന്ന വലിയ നൈതിക ശക്തിയായിരുന്നു. ഇന്ന് പ്രത്യക്ഷമായി ഭരണഘടനാ നിന്ദ നടക്കുന്നു. അത്തരം സാഹചര്യം നമ്മുടെ രാഷ്ട്ര സ്വഭാവത്തെ തികച്ചും ജനാധിപത്യവിരുദ്ധമായ സമഗ്രാധിപത്യത്തിലേക്ക് നയിക്കുകയാണ്. സമഗ്രാധിപത്യത്തിലേക്കോ ഫാസിസത്തിലേക്കോ രാഷ്ട്രീയ വ്യവസ്ഥ നീങ്ങുന്നതിന്റെ ആദ്യ ലക്ഷണങ്ങൾ നേതൃവാഴ്ത്തലുകളിലാണ് കാണുക. രാജ്യത്ത് പലയിടത്തും അത് കാണുന്നു. നേതാക്കളുടെ അപദാനങ്ങളിലേക്ക് മാത്രം ചുരുങ്ങാത്ത ഒരു വ്യവഹാര രീതി അനുവർത്തിക്കാത്ത വ്യക്തികളെയും ചിന്താധാരകളെയും ഭരണകൂടം ഉന്മൂലനം ചെയ്യുന്നു. അങ്ങനെ ഭരണകൂടം ഭയകൂടമായി നിലനില്‍ക്കുന്നു. മൈക്കിൾ ഫൂക്കോയുടെ ‘ഹിസ്റ്ററി ഓഫ് സെക്ഷ്വാലിറ്റി’ എന്ന പ്രബന്ധ പരമ്പരയുടെ ഒന്നാം വാള്യത്തിൽ അദ്ദേഹം നടത്തുന്ന നിരീക്ഷണം പ്രസക്തമാണ്. “ചിന്തയിൽ നിന്നും രാഷ്ട്രീയ വിശകലനങ്ങളിൽ നിന്നും നാമിന്നും രാജാവിന്റെ തല വെട്ടിക്കളഞ്ഞിട്ടില്ല “. ഈ രാജാവാണ് പലപ്പോഴും പല നേതാക്കളുടെയും ശരീരത്തിലേക്ക് പരകായ പ്രവേശം ചെയ്യുന്നത്. രാജാവിന്റെ മനസിൽ സൈനിക ബോധം ഉള്ളതുകൊണ്ടാണ് വ്യത്യസ്ത ചിന്തകളെ അക്രമിക്കുന്നത്. അത്തരം രാജാക്കന്മാർ ഭയം പടർത്തുന്നു. രാജാധികാരവും പരമാധികാരവും നിഗ്രഹ രാഷ്ട്രീയമായി മാറുന്നതിന്റെ കാരണം വ്യക്തിതലത്തിൽ നിന്ന് നേതൃത്വം എന്ന സങ്കല്പത്തെ മാറ്റാൻ കഴിയാത്തതുകൊണ്ടാണ്. ജനാധിപത്യ വിരുദ്ധമായ ചിന്തകളുടെ ഗഹനതയിൽ കയറിക്കൂടിയിരിക്കുന്ന പ്രതിലോമ വീക്ഷണം യഥാർത്ഥത്തിൽ വ്യക്തി കേന്ദ്രീകൃതമായ നേതൃത്വ സങ്കല്പമാണ്. ഫാസിസത്തെ പരാജയപ്പെടുത്താൻ ഇതിനെതിരായ ചിന്തകൾ പ്രവഹിക്കണം. ജനാധിപത്യം ജീവിതത്തിന്റെ വായുവാണ്. അത് മനുഷ്യരെ ഒന്നായി കാണുന്ന, തുല്യതയിൽ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രമാണ്. ജനാധിപത്യം ഭയം വിതറില്ല, സ്നേഹവും സാഹോദര്യവും ആണ് വിതറുക. ജനാധിപത്യം വീണ്ടെടുക്കാനുള്ള അചഞ്ചലമായ പോരാട്ടത്തിനുള്ള സമയമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.