26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 15, 2024
December 15, 2024
December 13, 2024
December 9, 2024
November 30, 2024
November 22, 2024
November 9, 2024
November 6, 2024
November 6, 2024

ഡല്‍ഹിയും ‘ആം ആദ്മി’ രാഷ്ട്രീയവും

റെജി കുര്യന്‍
September 23, 2024 4:30 am

ആം ആദ്മി പാര്‍ട്ടിയിലെ അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയായി ചുമതലയേറ്റിരിക്കുന്നു. അഴിമതിക്കെതിരെ അണ്ണാ ഹസാരെയുടെ തണലില്‍ നടത്തിയ സമരമുഖത്തു നിന്നുമാണ് അന്നത്തെ കോണ്‍ഗ്രസ് ഭരണത്തിനെതിരെ ബിജെപിയുടെ ഗ്രൂപ്പ് ബിയായി എഎപി ഉദയം ചെയ്തത്. അണ്ണാ ഹസാരെയെന്ന ഗാന്ധിയനെ മുന്‍നിര്‍ത്തി പോരാട്ടം നടത്തി വിജയിച്ചുകയറിയ ബിജെപിയാകട്ടെ അധികാരത്തിലെത്തിയതോടെ സൗകര്യപൂര്‍വം അദ്ദേഹത്തെ ഒഴിവാക്കി. ബിജെപി പിന്തുണയോടെ ഉയര്‍ന്നുവന്ന എഎപി, കാലക്രമത്തില്‍ രൂപീകരണകാലത്തെ പിന്തുണക്കാരായ ബിജെപിക്ക് വെല്ലുവിളിയാകുകയും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നും ചേരാതെയും പ്രതിപക്ഷ വിശാല കൂട്ടായ്മയില്‍ പങ്കാളിയാകുകയും ചെയ്തു.
എഎപി എന്നത് ഒരു രാഷ്ട്രീയപരീക്ഷണമായിരുന്നു. അണ്ണാ ഹസാരെയ്ക്കപ്പുറം അഴിമതിവിരുദ്ധ സമരത്തില്‍ ഉയര്‍ത്തിക്കാട്ടാന്‍ പാകത്തിനുള്ള നേതൃനിരയോ ഭരണപാടവമോ ഇല്ലാതിരുന്നിട്ടും ഇടത്തരക്കാരായ ആള്‍ക്കൂട്ടം ചേര്‍ന്ന് സംഘടന രൂപീകരിച്ചു. പിന്നീടിങ്ങോട്ട് പാര്‍ട്ടി അടിവച്ചടിവച്ച് മുന്നേറുകയാണുണ്ടായത്. തങ്ങളുടെ കൈപ്പിടിയില്‍ ഒതുങ്ങി നില്‍ക്കുമെന്ന് കരുതിയ ബിജെപിക്കും സംഘ്പരിവാറിനും കണക്കുകള്‍ പിഴച്ചെന്നു മാത്രമല്ല, വെല്ലുവിളിയായി മാറുകയും ചെയ്തു.

സാധാരണക്കാരന്റെ പാര്‍ട്ടി എന്ന പരിവേഷം എടുത്തണിയുകയും അത്തരക്കാരെ വിജയിപ്പിച്ചെടുക്കുകയും ചെയ്തത് പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് തടസങ്ങള്‍ സൃഷ്ടിച്ചു തുടങ്ങിയതോടെ കരുതലോടെ നീങ്ങിത്തുടങ്ങി. അണ്ണാ ഹസാരെയുമായി അഭിപ്രായ ഭിന്നതയിലൂടെ കെജ്‌രിവാളും അനുയായികളും ചേര്‍ന്ന് 2012ല്‍ രൂപീകരിച്ച എഎപി ഇപ്പോള്‍ ഡല്‍ഹിക്കു പുറമെ പഞ്ചാബും ഭരിക്കുന്ന പാര്‍ട്ടിയായി മാറി. 2023ല്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ ദേശീയ പാര്‍ട്ടി പദവി നല്‍കുകയും ചെയ്തു. പാര്‍ട്ടി വിപുലീകരണത്തിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും കമ്മിറ്റികള്‍ക്ക് തുടക്കമിട്ടു. ഇതിന്റെ അനുരണനം കേരളത്തിലും ഉണ്ടായി.
ആരുടെയും സ്വന്തമല്ലാത്ത, എന്നാല്‍ എല്ലാവരുടെയും സ്വന്തമായ ഡല്‍ഹി രാജ്യത്തിന്റെ പരിച്ഛേദമാണ്. ഡല്‍ഹിയിലെ ജനഹിതം അതുകൊണ്ടുതന്നെ രാജ്യത്തിന്റെ ജനഹിതത്തിനൊപ്പമേ മുന്നേറൂ. ഇത് മനസിലാക്കിയുള്ള പരീക്ഷണങ്ങളാണ് എഎപി നടത്തിയത്. അതിലവര്‍ക്ക് വിജയം കാണാന്‍ കഴിഞ്ഞെന്ന് തെരഞ്ഞെടുപ്പു ഫലങ്ങള്‍ വ്യക്തമാക്കുന്നു. പരമ്പരാഗതപാര്‍ട്ടികള്‍ പഴയ തന്ത്രങ്ങളുമായി ജനങ്ങളെ സമീപിക്കുമ്പോള്‍ എഎപിയുടെ യൗവനക്കാര്‍ ദ്രുതഗതിയില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് അത് നടപ്പാക്കുന്നു. അതിന്റെ ഗുണം അവര്‍ക്ക് ലഭിക്കുന്നുമുണ്ട്. മാത്രമല്ല കേന്ദ്രീകൃത അഭിപ്രായ ക്രോഡീകരണത്തിനു പകരം വികേന്ദ്രീകൃത അഭിപ്രായങ്ങള്‍ തേടാനും അവ സമന്വയിപ്പിച്ച് സുപ്രധാന തീരുമാനങ്ങളിലേക്ക് എത്താനും കഴിയുന്നതും അവരുടെ വിജയമാണ്. മൈക്രോ, മാക്രോതലത്തില്‍ ശക്തമായ അഭിപ്രായ സര്‍വേകള്‍ എഎപി വെടിപ്പായാണ് നടപ്പിലാക്കുന്നത്.

മുഖ്യമന്ത്രി പദം ഒഴിയാനും അതിഷിയെന്ന വനിതയെ മുഖ്യമന്ത്രിപദത്തിലേക്ക് കൊണ്ടുവരാനും എഎപി തീരുമാനിച്ചത് കെജ്‌രിവാളിന് ജാമ്യം ലഭിച്ച് രണ്ടുദിവസത്തിനുള്ളിലല്ലെന്ന് വ്യക്തം. ഇത് കണക്കുകൂട്ടിയുള്ള പുതിയ പരീക്ഷണമാണ്. അധികാരവും പാര്‍ട്ടിയും രണ്ടു തട്ടിലാക്കി മാറ്റുകയെന്ന തന്ത്രം. അതിന് കെജ്‌രിവാള്‍ മുഖ്യമന്ത്രിപദം ഒഴിഞ്ഞേ മതിയാകൂ. സുപ്രീം കോടതി മദ്യനയക്കേസില്‍ അനുവദിച്ച ഇടക്കാല ജാമ്യവ്യവസ്ഥകള്‍ പ്രകാരം കെജ്‌രിവാളിന് മുഖ്യമന്ത്രി എന്ന നിലയില്‍ കടമകള്‍ നിര്‍വഹിക്കാന്‍ കഴിയില്ല എന്ന സ്ഥിതിയും സംജാതമായി. കോടതി മുന്നോട്ടുവച്ച ജാമ്യവ്യവസ്ഥകള്‍ പ്രകാരം പേരിനൊരു മുഖ്യമന്ത്രി എന്നല്ലാതെ ഓഫിസിന്റെ അധികാരം കയ്യാളാനാകില്ല. ജാമ്യവ്യവസ്ഥകള്‍ പ്രകാരം ഒതുങ്ങേണ്ട അവസ്ഥയില്‍ എല്‍ജി സക്സേന വീണ്ടും അപ്രമാദിത്വത്തിനു മുതിരാനുള്ള സാധ്യതകൂടി മുന്നില്‍ക്കണ്ടാണ് കെജ്‌രിവാളിന്റെ രാജി എന്ന് നിയമ വിദഗ്ധരും അടിവരയിടുന്നു. ഈ സാഹചര്യത്തിലാണ് അതിഷിയെന്ന പുതിയ മുഖ്യമന്ത്രിയെ ഇറക്കി എഎപി പുതിയ പരീക്ഷണത്തിന് തുടക്കമിട്ടിരിക്കുന്നത്.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള ബിജെപിയുടെ രാഷ്ട്രീയക്കളി അവര്‍ക്കു തന്നെ മറുപണിയാക്കാനാണ് എഎപിയുടെ നീക്കം. എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങിയവയെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ രാഷ്ട്രീയ വൈരം തീര്‍ക്കുകയാണെന്ന ആക്ഷേപം വര്‍ഷങ്ങളായി ഉയരുന്നതാണ്. കേന്ദ്രത്തില്‍ മുന്നേ അധികാരത്തിലിരുന്ന സര്‍ക്കാരുകള്‍ ഇതിന്റെ സാധുതകള്‍ പ്രയോജനപ്പെടുത്തിയിരുന്നെങ്കിലും മോഡി ഭരണമാണ് പരമാവധി ഉപയോഗപ്പെടുത്തുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഗോവ തെരഞ്ഞെടുപ്പും അനുബന്ധകാര്യങ്ങളുമാണ് ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ആക്ഷേപങ്ങളും ശക്തമാക്കിയത്. മദ്യനയത്തില്‍ 2021–22ലാണ് മാറ്റങ്ങള്‍ വരുത്തിയത്. സര്‍ക്കാര്‍-സ്വകാര്യ മേഖലയിലായിരുന്ന ഡല്‍ഹിയിലെ ചില്ലറമദ്യവില്പനയില്‍ നിന്നും സര്‍ക്കാര്‍ പിന്‍വലിയുകയും പൂര്‍ണമായും സ്വകാര്യ മേഖലയ്ക്ക് കൈമാറുകവഴി സര്‍ക്കാരിന്റെ വരുമാനത്തില്‍ വര്‍ധനവ് വരുത്തുകയുമായിരുന്നു ലക്ഷ്യം. എക്സെെസ് വകുപ്പ് കൈകാര്യം ചെയ്ത ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പുതിയ മദ്യനയം. ഇതിലൂടെ 9,500 കോടി രൂപയുടെ വരുമാന നേട്ടം ഉണ്ടായെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍ മദ്യവില്പനക്കാരില്‍ നിന്നും ലഭിച്ച കൈക്കൂലിപ്പണമാണ് ഗോവ തെരഞ്ഞെടുപ്പിനായി എഎപി വിനിയോഗിച്ചതെന്ന് ആക്ഷേപമുയര്‍ന്നു.
പുതുക്കിയ മദ്യനയത്തിന്റെ ഭാഗമായി തുറന്ന ചില്ലറവില്പന കേന്ദ്രങ്ങള്‍ തമ്മില്‍ കനത്ത മത്സരമായിരുന്നു അക്കാലത്ത്. ബ്ലാക് ഡോഗ് പോലുള്ള ബ്രാന്റുകള്‍ ഒന്നെടുത്താല്‍ ഒന്നു സൗജന്യം എന്ന നിലവരെയുണ്ടായി. പുതിയ മദ്യ നയപ്രകാരം സ്വകാര്യ റീട്ടെയില്‍ കടകള്‍ നിശ്ചിതതുക ഫീസായി ഒടുക്കണം. അവര്‍ വിറ്റഴിക്കുന്ന മദ്യത്തിന്റെ അളവ് സര്‍ക്കാരിനെ ബാധിക്കുന്നില്ല. അതുകൊണ്ടാണ് വില്പനത്തോത് ഉയര്‍ത്താന്‍ സൗജന്യങ്ങള്‍ നല്‍കി കടകള്‍ കുടിയന്മാരെ മാടി വിളിച്ചത്.
മദ്യനയവുമായി ബന്ധപ്പെട്ട കേസിലാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പിന്നീട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും അറസ്റ്റിലാകുന്നത്. കെജ്‌രിവാളിനെതിരെ ഇഡി ചുമത്തിയ കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും ജയിലില്‍ കഴിയുന്നതിനിടെ സിബിഐ കേസില്‍ വീണ്ടും കസ്റ്റഡിയിലായി. ഈ രണ്ടു കേസുകളില്‍ ജാമ്യം ലഭിച്ചതോടെയാണ് ഒരാഴ്ച മുമ്പ് ജയില്‍മോചിതനായത്.

മുമ്പ് അധികാരത്തില്‍ നിന്നും കോണ്‍ഗ്രസിനെ തള്ളിയിറക്കാന്‍ ഒരേ മുറിയില്‍ കിടന്നുറങ്ങിയ എഎപിക്ക് ബിജെപി രാപ്പനി ഏതാണ്ട് ബോധ്യമുണ്ട്. ഇത് മുതലാക്കി അവര്‍ക്കെതിരെ തിരിച്ചടിക്കാനാണ് കെജ്‌രിവാളിന്റെ നീക്കം. മുഖ്യമന്ത്രി എന്ന നിലയിലുള്ള എല്ലാ സൗകര്യങ്ങളും ഒഴിവാക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയായിരിക്കെ റെയില്‍ ഭവന്റെ മുന്നിലെ റൗണ്ട് എബൗട്ടിനു സമീപം സമരമെന്ന ആയുധവുമായി കൊടുംതണുപ്പില്‍ പ്രതിരോധം ഉയര്‍ത്തിയ കെജ്‌രിവാളിന്റെ പുതിയ നീക്കങ്ങള്‍ എന്തായാലും ബിജെപിക്ക് ലാഘവത്തോടെ തള്ളിക്കളയാനാകില്ല.
ഡല്‍ഹിയുടെ ചരിത്രത്തില്‍ കോണ്‍ഗ്രസിന്റെ ഷീലാ ദീക്ഷിത്, ബിജെപിയുടെ സുഷമാ സ്വരാജ് എന്നീ വനിതാ മുഖ്യമന്ത്രിമാരുടെ പട്ടികയിലേക്ക് അതിഷി മര്‍ലേന സിങ്ങിന്റെ പേരും ചേര്‍ക്കപ്പെട്ടു. അതിഷി ചില്ലറക്കാരിയല്ല. മുഖ്യമന്ത്രിപദത്തിന് ഏതര്‍ത്ഥത്തിലും അര്‍ഹയും യോഗ്യയുമാണ്. എഎപിയുടെ തീരുമാനം ഇത് അടിവരയിടുന്നു. മനീഷ് സിസോദിയയ്ക്ക് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ജയിലിലായപ്പോള്‍ ഡല്‍ഹി ഭരണം കൊണ്ടു നടന്ന വനിതാരത്നം. മാര്‍ക്സിന്റെയും ലെനിന്റെയും പേരുകള്‍ ചേര്‍ത്ത് സ്വന്തം ഇനീഷ്യല്‍ മര്‍ലേനയാക്കിയവള്‍. പാര്‍ട്ടി സ്ഥാപക നേതാക്കളില്‍ ഒരാള്‍. ഇതിനെല്ലാം പുറമെ സിസോദിയ, വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിച്ചപ്പോള്‍ ഉപദേശക പദവിയിലിരുന്ന് ഡല്‍ഹി വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനുള്ള എഎപി സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിലെ നെടുംതൂണായി നിന്നവള്‍.

കാല്‍ക്കാജി മണ്ഡലത്തില്‍ നിന്നും ഡല്‍ഹി നിയമസഭയിലേക്കെത്തിയ അതിഷി 43 എന്ന പ്രായത്തില്‍ പതംവന്ന രാഷ്ട്രീയക്കാരിയാണ്. പഞ്ചാബി പാരമ്പര്യമുള്ള രജ്പുത് കുടുംബം. പോരാളിയുടെ വീര്യം സിരകളില്‍ പാരമ്പര്യമായി ലഭിച്ചവള്‍. ഡല്‍ഹിയില്‍ ജനിച്ച് പഠിച്ചുവളര്‍ന്നവള്‍ ഒക്സ്ഫോര്‍ഡ് ഉള്‍പ്പെടെ രണ്ട് സര്‍വകലാശാലകളില്‍ നിന്നും ഉന്നത വിദ്യാഭ്യാസം, വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെ. കളിയറിയാവുന്ന, കഴിവുള്ളവളാണ് അതിഷി എന്നതിനാലാകാം മുഖ്യമന്ത്രി പദത്തിലേക്ക് അവരുടെ പേര് നിര്‍ദേശിച്ചപ്പോള്‍ മറ്റംഗങ്ങള്‍ അവകാശ വാദങ്ങള്‍ ഉന്നയിക്കാതെ പോയത്. എഎപി വളര്‍ത്തിയ മറ്റൊരു വനിതാ അംഗമായ മുന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷയും രാജ്യസഭാംഗവുമായ സ്വാതി മലിവാളിനെപ്പോലെ, സംഘടനയെ ബിജെപിക്കായി ഒറ്റുകൊടുക്കാത്ത കറതീര്‍ന്ന പാര്‍ട്ടിക്കാരിയാണ് അതിഷി.
കോണ്‍ഗ്രസിനു പിന്നില്‍ സോണിയാ ഗാന്ധിയെന്ന ചാലകശക്തി നിലനില്‍ക്കുന്നു. അതേസമയം ബിജെപിയിലാകട്ടെ അത്തരത്തില്‍ ഉയര്‍ത്തിക്കാട്ടാന്‍ ദേശീയതലത്തില്‍ അംഗീകാരമുള്ള വനിതാ നേതാക്കളില്ലെന്നത് വാസ്തവം. ഇവിടെയാണ് അതിഷിയെന്ന, പുതിയ ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രസക്തി.

(അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.