8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 1, 2025
December 27, 2024
December 26, 2024
December 26, 2024
December 22, 2024
December 21, 2024
December 20, 2024
December 20, 2024
December 15, 2024
December 13, 2024

പ്രകൃതിദുരന്തത്തിലെ രക്ഷാമാർഗം

Janayugom Webdesk
പ്രൊഫ. കെ അരവിന്ദാക്ഷൻ
October 17, 2024 4:30 am

2024 ജൂലെെ 30ന് വയനാട് ജില്ലയിൽ കേരള സംസ്ഥാനത്തിന്റെ ഇതഃപര്യന്തമില്ലാത്ത പ്രകൃതിദുരന്തം ഉണ്ടായി. 400ൽപരം മനുഷ്യജീവനുകളാണ് നിമിഷങ്ങൾക്കകം പൊലിഞ്ഞത്. കോടിക്കണക്കിന് രൂപയുടെ ഭൗതികനാശനഷ്ടവും തദ്ദേശവാസികൾക്ക് പേറേണ്ടതായും വന്നു. 2019ൽ മലപ്പുറം ജില്ലയിലെ കവളപ്പാറയിലും വയനാട്ടിലെ തന്നെ പുത്തുമലയിലും ഉരുൾപൊട്ടലുകളുണ്ടായി. 2020ൽ കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും ഇടുക്കിയിലെ കൊക്കയാറിലും പ്രകൃതിദുരന്തങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടായി. പ്രകൃതിദുരന്തങ്ങളുടെ കണക്കെടുത്താൽ നമുക്ക് കാണാൻ കഴിയുക ഇന്ത്യയിലെ വിവിധ ഭൂപ്രദേശങ്ങളിലെ 3,782 മണ്ണിടിച്ചിലുകളിൽ 2,239 എണ്ണവും നടന്നത് കേരളത്തിലായിരുന്നു. ഇതേപ്പറ്റിയെല്ലാം നല്ല ബോധ്യമുള്ളവരാണ് മോഡി സർക്കാർ. കാരണം, ഈ കണക്കുകൾ 2022 ജൂലെെയിൽ കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് തന്നെയാണ് പാർലമെന്റിൽ രേഖാമൂലം നിരത്തിയത്. കേരള സർക്കാരിനും ഇതെല്ലാം ബോധ്യമുണ്ടാകും. എന്നിട്ടും വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാനായി പിആർ വകുപ്പ് ലക്ഷങ്ങൾ മുടക്കി മാധ്യമങ്ങളിൽ നടത്തുന്ന പരസ്യ വാചകങ്ങൾ തീർത്തും വിരോധാഭാസമാണ്. ‘എന്റെ കേരളം എത്ര സുന്ദരം’ ‘എന്റെ കേരളം എന്നും സുന്ദരം’ എന്നിവയാണിത്. എപ്പോഴെല്ലാം പ്രകൃതിദുരന്തങ്ങളുണ്ടായിട്ടുണ്ടോ, ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കുടുങ്ങിപ്പോയ വിദേശ ടൂറിസ്റ്റുകളെ പ്രത്യേക സുരക്ഷാവലയങ്ങൾ തീർത്ത് രക്ഷിക്കേണ്ടതായി വന്നിട്ടുണ്ട്. വിദേശ ടൂറിസ്റ്റുകൾക്ക് ‘സുന്ദരമോ’ സുഖകരമോ ആയ അനുഭവങ്ങളായിരിക്കില്ല, അത്തരം സന്ദർഭങ്ങളിൽ ഉണ്ടായിക്കാണുക. ഇത്തരമൊരു പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന കണക്കിലെടുത്ത് ശാസ്ത്രീയവും ഭൗമശാസ്ത്രപരവും നിഷ്പക്ഷവുമായൊരു അടിസ്ഥാനത്തിൽ പഠനം നടത്തി ശുപാർശകൾ സമർപ്പിക്കാൻ ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയത്.

ഈ സമിതിയുടെ ചെയർമാൻ, നാഷണൽ സെന്റർ ഓഫ് എർത്ത് സയൻസ് സ്റ്റഡീസ് എന്ന സ്ഥാപനത്തിന്റെ മുൻ ശാസ്ത്രജ്ഞൻ ഡോ. ജോൺ മത്തായി ആയിരുന്നു. വയനാട് ജില്ലയിലും മലപ്പുറം ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങളിലും നിരവധി ദിവസങ്ങളിൽ നേരിട്ട് സഞ്ചരിച്ച് ദുരന്തത്തിന്റെ നേർച്ചിത്രം കണ്ട് മനസിലാക്കുക മാത്രമല്ല, മുണ്ടക്കെെ-ചൂരൽമല മേഖലകളിലെ തദ്ദേശീയരായ സാധാരണക്കാരിൽ നിന്നും അവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള നിർദേശങ്ങൾ കേൾക്കുകയും നിവേദനങ്ങൾ ശേഖരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതുമായൊരു റിപ്പോർട്ടാണ് അധികൃതർക്ക് മുന്നിൽ സമർപ്പിച്ചിട്ടുള്ളത്. ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന കാതലായൊരു ശുപാർശ, പരിസ്ഥിതി ലോലപ്രദേശമെന്ന് ഇതിനകം തന്നെ കണ്ടെത്തി അക്കമിട്ട് നിരത്തിയിരിക്കുന്ന പ്രദേശങ്ങളിൽ യാതൊരുവിധ നിർമ്മാണ പ്രവർത്തനങ്ങളോ, മനുഷ്യന്റെ ഇടപെടലുകളോ പാടില്ല എന്നതാണ്. 2024 സെപ്റ്റംബർ 25ന് സമർപ്പിക്കപ്പെട്ട റിപ്പോർട്ടിന്റെ തലവാചകം, ‘വയനാട് ജില്ലയിലെ മുണ്ടക്കെെ-ചൂരൽമല ഉരുൾപൊട്ടലുകൾ: ഒരു സമഗ്രപഠനം’ എന്നാണ്. ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത് 107.5 ഹെക്ടർ സുരക്ഷിത നിർമ്മാണാവശ്യങ്ങൾക്ക് അനുയോജ്യമല്ലെന്നും 104 ഹെക്ടർ പ്രദേശം ഇതിനകം തന്നെ ഉരുൾപൊട്ടലിന് വിധേയമാക്കപ്പെട്ടിട്ടുമുണ്ട് എന്നുമാണ്. ഉരുൾപൊട്ടലുകളുടെ പ്രഭവസ്ഥാനങ്ങളിൽ നിന്നും താഴേക്ക് മുണ്ടക്കെെ ലോവർ പ്രെെമറി സ്കൂൾ വരെ ഒഴുകിയെത്തിയ മാലിന്യ ശേഖരം 25 ലക്ഷം ഘനമീറ്റർ‑ക്യുബിക്ക് മീറ്റർ വരെയുണ്ടായിരുന്നു. അതേ അവസരത്തിൽ പ്രഭവ കേന്ദ്രങ്ങളിലെ മാത്രം മാലിന്യശേഖരം മൂന്ന് ലക്ഷം ക്യുബിക്ക് മീറ്റർ വരെയുമായിരുന്നു. ഇതെല്ലാം ഒരു ഏകദേശ കണക്ക് മാത്രമേ ആകുന്നുള്ളു. കൃത്യതയോടെയുള്ള വിവരശേഖരണം സാധ്യമാകണമെങ്കിൽ വിവിധ മേഖലകളുടെ സൂക്ഷ്മതല പരിശോധനയും പഠനവും അനിവാര്യമാണ്. ഇത്തരം പഠനങ്ങളും വിശകലനവും ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുകളും ഏറെക്കുറെ സ്ഥിരപ്രതിഭാസങ്ങളാണെന്ന് ഗാഡ്ഗിൽ കമ്മിറ്റി കണ്ടെത്തിയിരിക്കുന്ന പശ്ചിമഘട്ട മേഖലയിലെ മുഴുവൻ പരിസ്ഥിതിലോല ഭൂപ്രദേശങ്ങളിലും നടത്തുകതന്നെ വേണ്ടിവരും.

മനുഷ്യോല്പത്തി ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വികസനത്തിന്റെ ഭാഗമാക്കപ്പെടുമ്പോൾ മണ്ണിന്റെ അമിതമായ ചൂഷണത്തിലേക്ക് നയിച്ചേക്കാം. ഈ സാധ്യത തീർത്തും ഒഴിവാക്കപ്പെടേണ്ടതാണ്. ഭൂമിയും ഭൂമിയുടെ ഉപരിതല വിഭവങ്ങളും ഭൂമിക്കടിയിലുള്ള അദൃശ്യമായ വിഭവങ്ങളും വളരെ ശ്രദ്ധാപൂർവം മാത്രമേ വിനിയോഗിക്കപ്പെടാൻ പാടുള്ളു. സ്വന്തം വാസസ്ഥലങ്ങളോടൊപ്പം സമീപപ്രദേശങ്ങളുടെ സംരക്ഷണവും തുല്യപ്രാധാന്യത്തോടെ പരിഗണിക്കപ്പെടുകയും വേണം. വികസനമെന്നത് ഒറ്റപ്പെട്ടൊരു പ്രക്രിയയായി കാണുന്നതിനു പകരം അതിന്റെ സമഗ്രതയിൽ കാണുകയാണ് വേണ്ടത്. മനുഷ്യാധ്വാനശക്തി വിനിയോഗിച്ചുള്ള ചെറുകിട കാർഷികവൃത്തികളല്ലാതെ, തോട്ട കൃഷി സമ്പ്രദായങ്ങളൊന്നും പ്രോത്സാഹിപ്പിച്ചുകൂടാ. കാർഷികാവശ്യങ്ങളുടെയും മനുഷ്യവാസയോഗ്യമായ നിർമ്മിതികളുടെയും മറവിൽ നദികളുടെസ്വാഭാവിക ഒഴുക്കിന് പ്രതിബന്ധം സൃഷ്ടിക്കുന്ന വിധത്തിൽ ബണ്ടുകളോ, കോൺക്രീറ്റ് നിർമ്മിതികളോ അനുവദിക്കരുത്. ചെങ്കുത്തായ മലകളോട് ചേർന്ന് റോഡുകൾ നിർമ്മിക്കുകയും വലുതും ചെറുതുമായ മോട്ടോർ വാഹനങ്ങൾ ടൺ കണക്കിന് ലോഡുകളുമായി അവയിലൂടെ രാപ്പകൽ ഭേദമില്ലാതെ അതിവേഗം സഞ്ചരിക്കുകയും ചെയ്യുന്നതിന്റെ ഭവിഷ്യത്ത് കർണാടക സംസ്ഥാനത്തെ ഷിരൂരിൽ സംഭവിച്ച ദുരന്തത്തിലൂടെ നമുക്ക് ബോധ്യമാകേണ്ടതാണ്. ഡോ. ജോൺ മത്തായി സമിതിയുടെ മറ്റൊരു പ്രധാന നിര്‍ദേശം മണ്ണിടിച്ചിൽ സാൗധ്യതകൾ ഏറെയുള്ള പ്രദേശങ്ങളിലെ നിർമ്മിതികൾക്ക് സ്ഥിരതയുറപ്പാക്കണമെങ്കിൽ ബയോ എൻജിനീയറിങ് വെെദഗ്ധ്യം കണക്കിലെടുക്കേണ്ടതുണ്ട് എന്നാണ്. പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെ തടസങ്ങളൊന്നുമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്ന നദികളുടെ സംരക്ഷണവും വയനാടിന്റെ ദുരന്തബാധിത പ്രദേശങ്ങളുടെ പുനരധിവാസ, പുനർ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമാക്കാതിരുന്നുകൂടാ. സമാനമായൊരു നയസമീപനമാണ് സമീപജില്ലകളായ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളുടെയും കോട്ടയം, ഇടുക്കി പത്തനംതിട്ട ജില്ലകളുടെയും പരിസ്ഥിതിലോല പ്ര­ദേശങ്ങൾക്കും ബാധകമാക്കേണ്ടത്. ഡോ. ജോൺ മത്തായി ചെയർമാനും പ്രദീപ് ജി എസ് (ഹസാർഡ് ആന്റ് റിസ്ക് അനലിസ്റ്റ് കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയിലെ ശാസ്ത്രജ്ഞന്‍) കൺവീനറുമായ സമിതി, വിഷയത്തിന്റെ അടിയന്തര സ്വഭാവവും ഗൗരവവും കണക്കിലെടുത്ത് ഒരു മാസത്തിനകംതന്നെ അതിന്റെ റിപ്പോർട്ട്, വിശദമായ ശുപാർശകൾ സഹിതം സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരിക്കുകയുമാണ്. എന്നാ­ൽ, ഇതുകൊണ്ടൊന്നും സർക്കാരിന്റെ സജീവശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനാകില്ല. അഷ്ടമുടി കായല്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായൊരു പ്രശ്നത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച അലംഭാവപൂർവമായ സമീപനത്തെത്തുടർന്ന് നാഷണൽ ഗ്രീൻ ട്രിബ്യൂണൽ, സർക്കാരിനുമേൽ ചുമത്തിയ 10,000രൂപ പിഴയുടെ കാര്യം മാത്രം പരിശോധിച്ചാൽ മതിയാകും. ദേശീയ ഹരിത ട്രിബ്യൂണൽ ചെയർപേഴ്സൺ പ്രകാശ് ശ്രീവാസ്തവ, ജുഡീഷ്യല്‍ അംഗം അരുൺകുമാർ ത്യാഗി, വിദഗ്ധാംഗം എ സെന്തിൽ വേൽ എന്നിവരടങ്ങിയ സമിതിയാണ് നിശ്ചിത കാലാവധിക്കകം പ്രതിവിധി കണ്ടെത്താത്തതിന്റെയും അതിനോടകം സ്വീകരിച്ച നടപടികൾ സംബന്ധമായ റിപ്പോർട്ട് സമർപ്പിക്കാത്തതിന്റെയും പേരിൽ പിഴ ചുമത്താൻ നിർബന്ധിതമായതെന്നോർക്കുക. സമീപകാലത്ത്കൊച്ചി കോർപ്പറേഷനും സമീപ മുനിസിപ്പൽ പ്രദേശങ്ങളും ഗ്രാമപഞ്ചായത്തുകളും അടങ്ങുന്ന മുഴുവൻ ഭൂപ്രദേശങ്ങളിലെയും ജനങ്ങളുടെ കുടിവെള്ള സ്രോതസായ പെരിയാർ നദീജലം ഉപയോഗശൂന്യമാക്കപ്പെട്ടത് വെളിപ്പെട്ടത് മത്സ്യങ്ങളുടെ കൂട്ടക്കുരുതിയെത്തുടർന്നായിരുന്നല്ലോ. പെരിയാർ നദീതീരത്തുള്ള ഒരു ഡസനിലേറെ രാസവള നിർമ്മാണശാലകളിൽ നിന്നുമുള്ള രാസമാലിന്യം അതേപടി ഒഴുക്കിവിട്ടതിനെ തുടർന്നായിരുന്നു ഇത്. ഈ രാസവള കമ്പനികളുടെ കൂട്ടത്തിൽ വമ്പൻ സ്വകാര്യ രാസനിർമ്മാണ സ്ഥാപനവും സർക്കാർ ഉടമസ്ഥതയിലുള്ള ടിസിസി പോലുള്ള സ്ഥാപനങ്ങളും ഉൾപ്പെടുന്നുണ്ട്. തുടക്കത്തിൽ അലംഭാവപൂർവമായ സമീപനം സ്വീകരിച്ചിരുന്ന സംസ്ഥാന – ജില്ലാ ഭരണകൂടങ്ങളും ഏറെക്കുറെ നിർജീവാവസ്ഥയിലായിരുന്ന പൊല്യൂഷൻ കൺട്രോൾ ബോർഡും (പിസിബി) അതിശക്തമായ ജനരോഷത്തെ തുടർന്ന് ഇടപെടൽ നടത്തിയപ്പോഴേക്ക് സ്ഥിതിഗതികൾ പിടിവിട്ടുപോയിരുന്നു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ കടുത്ത ശാസനയും മുന്നറിയിപ്പും കൂടി ആയതോടെ സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ മുൻകയ്യോടെ കൊച്ചിയിലെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മഹാത്മാഗാന്ധി സർവകലാശാല, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജി (കുസാറ്റ്) എന്നിവിടങ്ങളിലെ പരിസ്ഥിതി വിദഗ്ധന്മാരുടെയും സംയുക്താഭിമുഖ്യത്തിൽ ഒരു സമഗ്രപഠനത്തിന് തയ്യാറെടുക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതമാവുകയാണുണ്ടായത്. ഈ സമിതി രാസമാലിന്യം മൂലമുണ്ടാകുന്ന പരിസ്ഥിതി നാശവും ശുദ്ധജല മലിനീകരണവും തടയുന്നതിനാവശ്യമായ കൂടുതൽ ആധികാരികമായ ശുപാർശകൾ സംസ്ഥാന സർക്കാരിന് താമസിയാതെ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെല്ലാം പുറമെയാണ് നാഷണൽ ഗ്രീൻ ട്രിബ്യൂണൽ (എൻജിടി) കേരളത്തിലെ കുന്നിന്‍പ്രദേശ ജില്ലകളിലെ കയ്യേറ്റങ്ങൾ സംബന്ധമായ റിപ്പോർട്ടിനായി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന പരിസ്ഥിതി വകുപ്പ് സമർപ്പിച്ചതും ഈയിടെയുണ്ടായ വയനാട് ദുരന്തവുമായി ബന്ധപ്പെട്ടുള്ളതുമായ റിപ്പോർട്ടിന്റെ പരിഗണനയ്ക്കുശേഷമുള്ള എൻജിടിയുടെ തുടർനടപടിയുടെ ഭാഗമാണിത്. എൻജിടിയുടെ ദക്ഷിണമേഖലാ ബെഞ്ചാണ് ഈ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

ട്രിബ്യൂണലിന്റെ ജുഡീഷ്യൽ അംഗം പുഷ്പസത്യനാരായണ, വിദഗ്ധാംഗം സത്യഗോപാൽ കോർലാപതി എന്നിവരുടേതാണ് ഈ നിർദേശം. 2024ജൂലൈ 30ന് വയനാട് ജില്ലയിൽ നടന്ന ഗുരുതരമായ മണ്ണിടിച്ചലുകൾ സംബന്ധമായ റിപ്പോർട്ട് കിട്ടിയതിനെ തുടർന്നായിരുന്നു ഈ നടപടി എന്നത് ശ്രദ്ധേയമാണ്. പരിസ്ഥിതിലോല പ്രദേശങ്ങൾ സംബന്ധിച്ചുള്ള കൃത്യമായൊരു ചിത്രം ഒരു അധിക റിപ്പോർട്ടെന്ന നിലയിൽ അയച്ചുകൊടുക്കാൻ എൻജിടി 2024ഓഗസ്റ്റ് രണ്ടിന് ഇറക്കിയ ഉത്തരവിലൂടെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. നിസാരമായൊരു നിർദേശമല്ലാ ഇതെന്ന് വ്യക്തമാണെന്നതിനാൽ സംസ്ഥാന സർക്കാരിന് ഇത് അവഗണിക്കുക പ്രയാസമായിരിക്കും. ഇതോടൊപ്പം ജില്ല – സംസ്ഥാന ഭരണാധികാരികൾക്ക് അലംഭാവ പൂർവമായ സമീപനം തുടരനാവാത്തവിധം ശക്തമായ പ്രതിഷേധമാണ് പിഡിബി എന്ന അലങ്കാര സ്ഥാപനത്തിനെതിരായി പുരുഷൻ ഏലൂർ നേതൃത്വം നല്കുന്ന പെരിയാർ മലിനീകരണ വിരുദ്ധ സമിതിയുടെ പ്രത്യക്ഷസമരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.