23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 19, 2024
December 16, 2024
November 11, 2024
November 7, 2024
September 29, 2024
September 11, 2024
September 10, 2024
September 10, 2024
September 9, 2024

നെഹ്രുവില്‍ നിന്ന് രാഹുലിലേക്കുള്ള അകലം

Janayugom Webdesk
December 14, 2021 4:25 am

ജീവിതം നിര്‍ണയിക്കുന്നതില്‍ വ്യത്യസ്തമായ മതങ്ങളും നാനാ ജാതി വിഭാഗങ്ങളും പ്രമുഖമായ പങ്കുവഹിക്കുന്നൊരു രാജ്യമാണ് ഇന്ത്യ. അതേക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിട്ടും ജന്മംകൊണ്ട് ഹിന്ദുവായിരിക്കുമ്പോഴും മതേതരത്വത്തിന്റെ വഴികളിലൂടെ സഞ്ചരിച്ചൊരു പൂര്‍വികന്റെ പേരായിരുന്നു നെഹ്രു എന്നത്. നൂല്‍പാലമാണെന്നറിഞ്ഞിട്ടും അദ്ദേഹം മതേതരത്വത്തിന്റെ വഴികളിലൂടെ തന്നെ സഞ്ചരിക്കുവാനും അടിയുറച്ച കോണ്‍ഗ്രസുകാരനായിരിക്കുമ്പോഴും സോഷ്യലിസ്റ്റ് ആശയങ്ങളെ ഉള്‍ക്കൊള്ളുവാനും ശ്രമിച്ചു. മരണത്തിനപ്പുറവും ഹിന്ദു ആചാരങ്ങളെ വെടിയണമെന്ന് അദ്ദേഹത്തിന് ശാഠ്യമുണ്ടായിരുന്നുവെങ്കിലും മരണാനന്തരം അത് നിറവേറ്റുന്നതില്‍ അനന്തരഗാമികള്‍ നീതി പുലര്‍ത്തിയില്ലെന്നത് അവരുടെ കുടുംബകാര്യമായി അവഗണിക്കാം. പക്ഷേ അദ്ദേഹത്തിന്റെ ആശയങ്ങളെ അത്രയും ഉപേക്ഷിച്ചുകൊണ്ട് കോണ്‍ഗ്രസ് നെഹ്രുവില്‍ നിന്ന് ഇതിനകം തന്നെ എത്രയോ അകലെയായിരിക്കുന്നു. അതിന്റെ ദൂരമെത്രയെന്ന് ഒരിക്കല്‍ കൂടി അളക്കുന്നതിനുള്ള അവസരമൊരുക്കുകയാണ് നെഹ്രുവിന്റെ പ്രപൗത്രന്‍ ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നെഹ്രുവിന്റെ ആശയങ്ങളോടും നിലപാടുകളോടും ചേര്‍ന്നുനില്ക്കുവാനുള്ള ബാധ്യത കുടുംബാംഗങ്ങളെങ്കിലും പ്രകടിപ്പിക്കുമെന്നാണ് നാം കരുതിയിരുന്നത്. എന്നാല്‍ അധികാരത്തിലെത്തുന്നതിനും എത്തിയപ്പോഴും മകള്‍ ഇന്ദിരയാണെങ്കിലും ഇന്ദിരയുടെ മകന്‍ രാജീവാണെങ്കിലും നെഹ്രുവിന്റെ നയങ്ങളെ പരണത്തുവച്ചുകൊണ്ടാണ് മുന്നോട്ടുപോയതെന്നത് നേര്‍ക്കാഴ്ചയാണ്. ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നതിലേക്ക് നയിക്കുന്ന സംഭവ പരമ്പരകളില്‍ രാജീവും നരസിംഹറാവുവും ഉള്‍പ്പെടെയുള്ള കോണ്‍‍ഗ്രസ് ഭരണാധികാരികളുടെ നിസംഗ ഭാവത്തിന് വലിയ പങ്കുണ്ടായിരുന്നു. കോണ്‍ഗ്രസ് സ്വീകരിച്ച മൃദുഹിന്ദുത്വ സമീപനമാണ് മ­തേ­തര ഭാരതത്തിന്റെ ഭരണത്തിലേക്ക് ബിജെപിയെന്ന തീവ്ര ഹിന്ദുത്വ പ്ര­സ്ഥാനത്തെ എത്തിച്ചതെന്നതും നിരാകരിക്കാനാവാത്തതാണ്.

 


ഇതുകൂടി വായിക്കൂ: നെഹ്രുവിനെ തമസ്കരിക്കുന്നവരും ഗ്രൂപ്പ് മാനേജര്‍മാരുടെ കോണ്‍ഗ്രസും


 

ബിജെപി പിന്തുടരുന്ന ജനവിരുദ്ധ നയങ്ങളെ കോണ്‍ഗ്രസിന് എ­തിര്‍ക്കുവാന്‍ കഴിയാതെ പോകുന്നതും നെ­ഹ്രുവിനെ മറന്നുകൊണ്ട് അവര്‍ നടപ്പിലാക്കിയ സാമൂഹ്യ — സാമ്പത്തിക നയങ്ങളായിരുന്നു. എന്നിട്ടും ഇന്ത്യയുടെ രക്ഷയ്ക്കായി നയം മാറ്റുന്നതിനോ പുനര്‍വിചിന്തനത്തിനോ കോണ്‍ഗ്രസ് തയാറാകുന്നില്ലെന്നത് വിസ്മയം തന്നെ. മരണാസന്നമായിരിക്കുന്ന കോണ്‍ഗ്രസിനെ രക്ഷിക്കണമെന്ന് ആ പാര്‍ട്ടിക്കകത്തുള്ളവര്‍ക്കുപോലും താല്പര്യമില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. അല്ലെങ്കില്‍ ബിജെപിയുടെ ബി ടീമോ ബിജെപിക്ക് പകരം ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്ന എ ടീം തന്നെയോ ആകുന്നതിന് ആ പാര്‍ട്ടിയുടെ ഇപ്പോഴത്തെ മുഖമായ രാഹുല്‍ ഗാന്ധി ശ്രമിക്കില്ലായിരുന്നു. ഹിന്ദു കുടുംബത്തില്‍ പിറന്നിട്ടും ക്ഷേത്രങ്ങളെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളില്‍ നിന്നും നെഹ്രു അകറ്റിനിര്‍ത്തിയിരുന്നു. ഒരു മതേതര രാജ്യമായ ഇന്ത്യയുടെ രാഷ്ട്രപതി ക്ഷേത്ര ദര്‍ശനം നടത്തുന്നതിനോടു പോലും അദ്ദേഹം ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. അങ്ങനെയൊരു പൂര്‍വിക പാരമ്പര്യമുള്ള രാഹുല്‍ ഗാന്ധി പക്ഷേ ഏത് റാലിക്കു മുന്നോടിയായും ക്ഷേത്രദര്‍ശനം പതിവാക്കുന്നു. അതാതിടങ്ങളിലെ ക്ഷേത്രങ്ങളിലെത്തുമ്പോള്‍ ഹൈന്ദവാചാരങ്ങളുടെ പൂണൂലുകളും ഭസ്മക്കുറികളും അണിയുന്നു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ജയ്‌പൂരില്‍ കോണ്‍ഗ്രസ് റാലിയില്‍ അദ്ദേഹം നടത്തിയ പ്രസംഗം. ഇവിടെ മൃദുഹിന്ദുത്വമല്ല കഠിന ഹിന്ദുത്വം തന്നെയാണ് കോണ്‍ഗ്രസിന്റെ വഴിയെന്നാണ് അദ്ദേഹം അടിവരയിടുന്നത്. ഹിന്ദുത്വ വാദികളെ പുറത്താക്കി ഹിന്ദുക്കളെ അധികാരത്തിലെത്തിക്കണം, 2014 മുതല്‍ രാജ്യം ഭരിക്കുന്നത് ഹിന്ദുത്വ വാദികളാണ്, അതിനുപകരം ഹിന്ദുക്കളെ തിരിച്ചുകൊണ്ടുവരണം എന്നൊക്കെയായിരുന്നു അമ്മ സോണിയയും സഹോദരി പ്രിയങ്കയും ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് റാലിയില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍.

 


ഇതുകൂടി വായിക്കൂ: ചരിത്രത്തെ വികൃതമാക്കരുത്‌


 

രാഹുലിന്റെ പ്രസ്താവനയെ കയറിപ്പിടിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിക്കഴിഞ്ഞു. ഇനി അവര്‍, കോണ്‍ഗ്രസും ബിജെപിയും ഹിന്ദുക്കളുടെ അട്ടിപ്പേറവകാശത്തെ കുറിച്ച് ചര്‍ച്ച കൊഴുപ്പിക്കും. അവിടെ ദാരിദ്ര്യവും തൊഴിലില്ലായ്മയും ആരോഗ്യ പരിപാലന സാഹചര്യങ്ങളില്ലാത്തതും ഉള്‍പ്പെടെയുള്ള മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ ചര്‍ച്ചാ വേദികളില്‍ നിന്ന് അപ്രത്യക്ഷമാകും. അതുതന്നെയാണ് ബിജെപി ആഗ്രഹിക്കുന്നതും. താന്‍ ഹിന്ദുവാണെങ്കിലും ഹിന്ദുത്വ വാദിയല്ലെന്ന് വ്യക്തമാക്കുന്ന രാഹുല്‍, മഹാത്മജിയെയും ഗോഡ്സെയെയും ഉദാഹരിച്ചാണ് ഹിന്ദു, ഹിന്ദുത്വവാദി എന്നിവ തമ്മിലുള്ള അന്തരം വിശദീകരിച്ചത്. ഗാന്ധിജി ഹിന്ദുമാത്രമാണെന്നും അദ്ദേഹത്തെ വധിച്ച ഗോഡ്സെയാണ് ഹിന്ദുത്വവാദിയെന്നുമായിരുന്നു രാഹുലിന്റെ നിര്‍വചനം. വാച്യാര്‍ത്ഥത്തില്‍ അത് ശരിയുമാണ്. പക്ഷേ ഹിന്ദുവായിരിക്കുമ്പോഴും ഇന്ത്യയില്‍ ഹിന്ദുക്കളുടെ ഭരണം വേണമെന്ന് വാശിപിടിച്ച ഹിന്ദുവായിരുന്നില്ല മഹാത്മാ ഗാന്ധി. ഹിന്ദുവാണെന്ന് അവകാശപ്പെട്ടുകൊണ്ട് രാഹുല്‍, ഹിന്ദുക്കളുടെ ഭരണം കൊണ്ടുവരണമെന്ന ഏറ്റവും വിഭാഗീയമായ ചിന്തയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ നെഹ്രു എന്ന പ്രപിതാമഹനില്‍ നിന്നുമാത്രമല്ല ഗാന്ധിജിയില്‍ നിന്നുപോലും അദ്ദേഹം ഏറെ അകലെ എത്തിയിരിക്കുന്നു. രാജ്യം രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്ന കോണ്‍ഗ്രസിനകത്തുള്ളവരെ പോലും നിരാശപ്പെടുത്തുകയാണ് രാഹുല്‍ എന്ന നേതാവ്. ജീര്‍ണമായ ഇത്തരം നിലപാടുകളാണ് കോണ്‍ഗ്രസിനെ ഈ പരുവത്തിലാക്കിയതെന്ന് രാഹുലിനെ ആരാണ് പറഞ്ഞു ബോധ്യപ്പെടുത്തുക.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.