കഴിഞ്ഞ സാമ്പത്തിക വര്‍ഷം അഞ്ച് പ്രദേശിക പാര്‍ട്ടികള്‍ക്ക് മാത്രം ഇലക്ട്രറല്‍ ബോണ്ട് വഴി ലഭിച്ചത് 250.60 കോടി രൂപ. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിപ്പബ്ലിക് (എഡിആർ) ആണ് രാജ്യത്തെ 31 പ്രാദേശിക പാര്‍ട്ടികളുടെ 2020–21 സാമ്പത്തിക വർഷത്തെ വരവ് ചെലവ് കണക്കുകളുടെ പട്ടിക പുറത്തുവിട്ടത്.
തെരഞ്ഞെടുപ്പ് കമ്മിഷന് പാര്‍ട്ടികള്‍ സമര്‍പ്പിച്ചിട്ടുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം പ്രധാനപ്പെട്ട അഞ്ച് പ്രാദേശികപാര്‍ട്ടികളുടെ ആകെ വരുമാനം 434.255 കോടിയാണ്. ഇലക്ടറല്‍ ബോണ്ട് ഉള്‍പ്പെടെ പ്രാദേശിക പാര്‍ട്ടികളുടെ വരുമാനത്തിന്റെ 82.03 ശതമാനമാണിത്. 47.34 ശതമാനവും ലഭിച്ചത് ഇലക്ട്രല്‍ ബോണ്ട് വഴിയാണ്. 31 പാര്‍ട്ടികളുടേയും ആകെ വരുമാനം 529.41 കോടിയാണ്. ചെലവ് 414.028 കോടിയും.
പട്ടികയില്‍ ഏറ്റവും മുന്നില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നേതൃത്വം നൽകുന്ന ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) ആണ്. 150 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഡിഎംകെയുടെ വരവെങ്കിൽ 218 കോടി രൂപയാണ് ചെലവ്. വരുമാനത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് ആണ് രണ്ടാമത്. 107.99 കോടി രൂപ. മൂന്നാം സ്ഥാനത്തെത്തിയ ബിജു ജനതാദളിന്റെ വരുമാനം 73.34 കോടി രൂപയാണ്. ജെഡിയു(65.31 കോടി), ടിആര്‍എസ് (37.65 കോടി).
ആകെ കയ്യിലുള്ള തുകയിൽ 99 ശതമാനവും ചെലവഴിക്കാത്ത പാർട്ടിയെന്ന ഖ്യാതി വൈഎസ്ആർ കോൺഗ്രസിന് സ്വന്തമാണ്. തൊട്ടുപിന്നിലുളള ബിജെഡി 88 ശതമാനം പണവും ചെലവഴിക്കാത്തപ്പോൾ അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം 88 ശതമാനവും ചെലവഴിച്ചിട്ടില്ല. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി (ടിഡിപി) 51 കോടി രൂപ ചെലവഴിച്ചപ്പോള്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ തെലങ്കാന രാഷ്ട്രീയ സമിതി(ടിആർഎസ്) 22 കോടി രൂപയാണ് ചെലവഴിച്ചത്.
ദേശീയ പാര്‍ട്ടികളില്‍ ബിജെപി മാത്രം വരവ് ചിലവുകണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റില്‍ നല്‍കിയിട്ടില്ല. സിപിഐ ഉള്‍പ്പെടെ മറ്റ് ഏഴ് ദേശീയപാര്‍ട്ടികള്‍ 2020–21 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് കമ്മിഷന് നല്‍കിയിട്ടുണ്ട്. 2021 ഒക്ടോബര്‍ 31 ആയിരുന്നു ഇതിനുള്ള അവസാന ദിവസം.
രാജ്യത്തെ 54 പ്രാദേശിക പാര്‍ട്ടികളില്‍ 23 പാര്‍ട്ടികളും ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. രാഷ്ട്രീയ ജനതാദള്‍, സമാജ്‌വാദി പാര്‍ട്ടി, ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടികളും ഓഡിറ്റ് റിപ്പോര്‍ട്ട് ഇതുവരെ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.