26 April 2024, Friday

Related news

April 11, 2024
April 6, 2024
April 2, 2024
March 20, 2024
March 13, 2024
March 13, 2024
March 11, 2024
March 1, 2024
February 6, 2024
February 4, 2024

തമിഴ്നാട്ടില്‍ ഡിഎംകെ തരംഗം

Janayugom Webdesk
ചെന്നൈ
February 22, 2022 10:20 pm

തമിഴ്‌നാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പത്ത് വര്‍ഷത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് വന്‍നേട്ടം. നേരത്തെ എഐഎഡിഎംകെയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്ന മേഖല പോലും ഡിഎംകെ തൂത്തുവാരി. ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്‍ വന്‍ ഭൂരിപക്ഷത്തില്‍ ഡിഎംകെ പിടിച്ചെടുത്തു. 200 സീറ്റുകളില്‍ 146 സീറ്റുകള്‍ ഡിഎംകെ നേടി.
കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ തൂത്തുവാരിയ പടിഞ്ഞാറൻ തമിഴ്‌നാട്ടിൽ 75 ശതമാനം സീറ്റുകളിലും എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ വിജയിച്ചു. തുടര്‍ച്ചയായ രണ്ട് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് അധികാരത്തിലിരുന്ന എഐഎഡിഎംകെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. അതേസമയം കോയമ്പത്തൂര്‍ മേഖലയിലെ പത്ത് സീറ്റുകളിലും വിജയിക്കാന്‍ എഐഎഡിഎംകെയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രദേശത്തെ സിംഹഭാഗം സീറ്റുകളും ഡിഎംകെ നേടി. വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തിയ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ദ്രാവിഡ മോഡല്‍ ഭരണത്തിനുള്ള അംഗീകാരമാണ് ലഭിച്ചിരിക്കുന്നതെന്നും അഭിപ്രായപ്പെട്ടു.
ചെന്നൈ ഉള്‍പ്പെടെയുള്ള 21 നഗരങ്ങളിലാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. 138 മുനിസിപ്പാലിറ്റികളില്‍ നിന്നും 490 ടൗൺ പഞ്ചായത്തുകളില്‍ നിന്നുമായി 12,000 ത്തിലധികം അംഗങ്ങളെയാണ് തെരഞ്ഞെടുക്കുക. മധുര, തേനി, വെല്ലൂര്‍, ഈറോഡ്, കരൂര്‍, തഞ്ചാവൂര്‍, കോയമ്പത്തൂര്‍ നഗരസഭകളിലും ഡിഎംകെ മുന്നിലാണ്. നാഗര്‍കോവില്‍, തിരുനെല്‍വേലി, തൂത്തുക്കുടി, കുംഭകോണം, ശിവകാശി, ദിണ്ടിഗല്‍, തിരുച്ചി നഗരസഭകളിലും ഡിഎംകെയാണ് മുന്നില്‍.
കഴിഞ്ഞ അഞ്ച് വര്‍ഷമായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നില്ല ഭരണം നടത്തിയിരുന്നത്. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഇല്ലാത്തതിനാൽ പ്രത്യേക ഉദ്യോഗസ്ഥർക്കായിരുന്നു നഗരസഭകളിൽ ഔദ്യോഗിക ചുമതല.
കോര്‍പറേഷനുകളിലെ ആകെ 1,374 വാര്‍ഡുകളില്‍ ഇതുവരെ 425 എണ്ണത്തില്‍ ഡിഎംകെയും 75 എണ്ണത്തില്‍ എഐഎഡിഎംകെയും വിജയിച്ചു. മുനിസിപ്പാലിറ്റികളിലെ 3,843ല്‍ 1,832ല്‍ ഡിഎംകെ വിജയിച്ചിട്ടുണ്ട്. 494 എണ്ണം എഐഎഡിഎംകെ നേടി. ടൗണ്‍ പഞ്ചായത്തുകളില്‍ 7,621ല്‍ 4261ല്‍ ഡിഎംകെ വിജയം ഉറപ്പിച്ചു കഴിഞ്ഞു. സിപിഐക്ക് 13 കോര്‍പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനങ്ങളും 25 നഗരസഭാ കൗണ്‍സിലര്‍ സ്ഥാനങ്ങളും ലഭിച്ചു. 1,178 ആണ് എഐഎഡിഎംകെയുടെ നില.
സഖ്യകക്ഷിയായ എഐഎഡിഎംകെയെ പുറത്താക്കി ഒറ്റയ്ക്ക് മത്സരിച്ച ബിജെപിക്കും തെരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.

Eng­lish Sum­ma­ry: DMK wave in Tamil Nadu

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.