16 November 2024, Saturday
KSFE Galaxy Chits Banner 2

ഖനി,ധാതു നിയമഭേദഗതി അനുവദിക്കരുത്

Janayugom Webdesk
August 3, 2022 5:00 am

നികൾ, ധാതുക്കൾ എന്നിവയുടെ വികസന, നിയന്ത്രണ നിയമത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ഭേദഗതികളിൽ കേരളവും സംസ്ഥാനത്തെ ധാതു അധിഷ്ഠിത വ്യവസായങ്ങളും ആശങ്കയിലാണ്. നിർദിഷ്ട നിയമം പാരിസ്ഥിതിക ദുർബല തീരദേശത്തിനും അവിടങ്ങളിലെ ജനജീവിതത്തിനും കനത്ത ഭീഷണിയാവും. 1954 ലെ മൂലനിയമത്തിന്റെയും തുടർന്ന് പ്രാബല്യത്തിൽ വന്ന ഭേദഗതികളുടെയും അന്തഃസത്തക്ക് നിരക്കാത്തതാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതും പാർലമെന്റിന്റെ പരിഗണനയ്ക്കു വരുന്നതുമായ നിർദിഷ്ട ഭേദഗതികളെന്ന് സംസ്ഥാനങ്ങളും പരിസ്ഥിതി സംഘടനകളും ട്രേഡ് യൂണിയനുകളും വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. ധാതു സമ്പത്തിനെ സംബന്ധിച്ച നിലവിലുള്ള നിയമങ്ങളെയും ധാരണകളെയും അട്ടിമറിച്ച് അവയുടെ നിയന്ത്രണം കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാക്കാൻ ലക്ഷ്യംവച്ചുള്ള നിയമ ഭേദഗതി മറ്റു പല മേഖലകളിലും എന്നതുപോലെ സംസ്ഥാനങ്ങളുടെ വിഭവശേഷി കൈയടക്കാനും അതുവഴി രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തെ തകർക്കാനുമുള്ള മോഡിസർക്കാരിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. അത് ഭരണഘടനാ വിരുദ്ധവും തന്ത്രപ്രധാനങ്ങളായ ധാതുസമ്പത്തിന്റെ നിയന്ത്രണം സ്വകാര്യ മൂലധനത്തിന് അടിയറ വയ്ക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും.
കേരളത്തിന്റെ നീണ്ടകര മുതൽ കൊച്ചിവരെയുള്ള തീരദേശ മേഖല ധാതുസമ്പത്തുകൊണ്ട് സമൃദ്ധമാണ്. അതിനെ ആശ്രയിച്ചു നിലനിൽക്കുന്ന പ്രമുഖ സംസ്ഥാന പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളാണ് ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡും കേരളാ മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡും. പുതിയ നിയമ ഭേദഗതികൾ നിലവിൽ വരുന്നതോടെ അവയുടെ മുഖ്യ അസംസ്കൃതവസ്തു സ്രോതസ് അന്യാധീനമാകുമെന്ന ആശങ്ക അസ്ഥാനത്തല്ല.


ഇതുകൂടി വായിക്കൂ: മഹാമാരിക്കു മുമ്പിലും മനസിലിരിപ്പ് കോര്‍പ്പറേറ്റ് പ്രീണനം


തീരദേശത്തെ മണൽ നിക്ഷേപത്തെ ആശ്രയിച്ചാണ് മേല്പറഞ്ഞ രണ്ടു വ്യവസായങ്ങളും നിലനിൽക്കുന്നത്. അവയ്ക്കുവേണ്ടി നടന്നുവരുന്ന മണൽഖനനം ഇപ്പോൾത്തന്നെ വിവാദ വിഷയമാണ്. അശാസ്ത്രീയമായ മണൽ ഖനനവും, ഖനനശേഷം അവശേഷിക്കുന്ന മണൽ സുരക്ഷിതമായും പാരിസ്ഥിതിക സൗഹൃദപരമായും നിക്ഷേപിക്കുന്നതും തര്‍ക്കവിഷയമാണ്. അനേകം പേർക്ക് പ്രത്യക്ഷവും പ­രോക്ഷവുമായി തൊഴിൽ നൽകുന്ന സംരംഭങ്ങൾ എന്ന നിലയിലും കേരളത്തിന്റെ വ്യാ­വസായിക വളർച്ചയിൽ അവയ്ക്കുള്ള പങ്കുമാണ് അവിടെ നിലനിൽക്കുന്ന സാമൂഹിക സമവായത്തിന്റെ കാതൽ. കേ­ന്ദ്രസർക്കാർ കൊണ്ടുവരാനുദ്ദേശിക്കുന്ന നിയമഭേദഗതി സാമൂഹിക ലക്ഷ്യങ്ങളെക്കാൾ ഉപരി മൂലധന താല്പര്യങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. രാജ്യത്തെ പൊതുമേഖലാ സംരംഭങ്ങളെ ഒന്നൊന്നായി കോർപറേറ്റ് താല്പര്യങ്ങൾക്കു അടിയറവയ്ക്കുന്ന മോഡി സർക്കാരിന് ഇ­ക്കാര്യത്തിൽ മറിച്ച് എന്തെങ്കിലും താല്പര്യം ഉണ്ടാവുക വയ്യ. കടൽമണലിലെ അമൂല്യങ്ങളായ ധാതുസമ്പത്തിലാണ് കോ­ർപറേറ്റ് ലാഭക്കണ്ണുകൾ. അവയിൽ ആണവായുധ നിർമ്മാണത്തിനുള്ള തോറിയം ഉൾപ്പെടെ അടങ്ങിയിരിക്കുന്നു.
തന്ത്രപ്രധാനമായ അത്തരം ധാതുസമ്പത്ത് സ്വകാര്യ മൂലധന താല്പര്യങ്ങൾക്കു വിട്ടുനൽകാനുള്ള ഏതുനീക്കവും രാജ്യതാല്പര്യത്തിന് മാത്രമല്ല മാനവിക മൂല്യങ്ങൾക്കുതന്നെ വിരുദ്ധമാണ്. അപൂർവങ്ങളായ ധാതുസമ്പത്തിന്റെ വിവേകപൂർണവും വിവേചനപരവുമായ ഉപയോഗമായിരിക്കും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ജനങ്ങളുടെയും ഉത്തമ താല്പര്യങ്ങൾക്ക് അനുയോജ്യം.


ഇതുകൂടി വായിക്കൂ: ജൈവവൈവിധ്യ നിയമം ഔഷധ കുത്തകകൾക്ക് വഴിമാറുമോ?


നിർദിഷ്ട നിയമഭേദഗതി സംബന്ധിച്ച കേരളത്തിന്റെ ഉത്ക്കണ്ഠ ഇതിനകം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കടൽമണലിൽ നിന്നുള്ള ധാതുക്കളെ ആശ്രയിച്ചു നിലനില്‍ക്കുന്ന വ്യവസായങ്ങളിലെ തൊഴിലാളികൾ കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ ഇന്നലെ പാർലമെന്റ് മാർച്ച് സംഘടിപ്പിച്ച് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയും ഉണ്ടായി. നിയമഭേദഗതിയിൽ ഉൾപ്പെട്ടിട്ടുള്ള ജനാധിപത്യ വിരുദ്ധതയും അതിൽ പതിയിരിക്കുന്ന ഭരണഘടനയ്ക്കും ഫെഡറൽ തത്വങ്ങൾക്കും എതിരായ ഭീഷണിയും യാതൊരു കാരണവശാലും അവഗണിക്കപ്പെട്ടുകൂടാ. സംസ്ഥാനങ്ങളുടെ വിഭവസ്രോതസുകൾ ഒന്നൊന്നായി കൈയടക്കാനുള്ള നരേന്ദ്രമോഡി സർക്കാരിന്റെ നീക്കങ്ങൾ വകവച്ചുനല്കുന്നതിന്റെ അപകടം എന്തെന്ന് ജിഎസ്‌ടി നൽകിയപാഠം നമുക്ക് മുന്നിലുണ്ട്. ഭിക്ഷാപാത്രങ്ങളുമായി മോഡി സർക്കാരിന്റെ വാതിൽക്കൽ കാത്തുകെട്ടിക്കിടക്കാന്‍ ഇനി അനുവദിച്ചുകൂടാ. സംസ്ഥാനങ്ങളുടെയും ജനതകളുടെയും ആത്മാഭിമാനത്തിന്റെ പ്രശ്നം കൂടിയാണിത്. കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളും കേരള നിയമസഭയും ഒറ്റക്കെട്ടായി സംസ്ഥാനത്തിന്റെ ഉത്തമ താല്പര്യങ്ങൾക്ക് എതിരായ ഈ കേന്ദ്രനീക്കത്തെ എതിർത്ത് പരാജയപ്പെടുത്തണം.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.