സാമ്പത്തിക തകര്‍ച്ചയില്‍ കേരളത്തിന്റെ റൂട്ട്മാപ്പ്

സി ആര്‍ ജോസ്‌പ്രകാശ്

സാമ്പത്തിക തകർച്ചയുടെ റൂട്ടുമാപ്പ്; ഭാഗം 2

Posted on April 10, 2020, 4:50 am

കൊറോണക്കാലത്ത് ഇന്ത്യയില്‍ ഏറ്റവും ചലനാത്മകമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കേരളമാണ്. അതിന്റെ വിശദാംശങ്ങള്‍ ആവര്‍ത്തിക്കേണ്ടതില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍, ജനങ്ങളിലെത്തേണ്ട ഏതെങ്കിലും സേവനത്തില്‍, മുടക്കം ഉണ്ടാകുന്നില്ല എന്ന് സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. എന്നാല്‍ കൊറോണക്കാലം നീണ്ടുപോയാല്‍ കേരളം എങ്ങനെ മുന്നോട്ടുപോകും? കൊറോണക്കാലം പിന്നിട്ടാലും സാമ്പത്തിക തകര്‍ച്ചയെ എങ്ങനെ തരണം ചെയ്യും? കേന്ദ്രസര്‍ക്കാര്‍ അവരുടെ മുന്നിലുള്ള അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തി, അതിന്റെ പ്രയോജനം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കുകൂടി കെെമാറുമോ?

സ്വന്തം നിലയില്‍, പുതിയ വഴികള്‍ കണ്ടെത്തി പ്രതിസന്ധി മറികടക്കുവാന്‍ കേരള സര്‍ക്കാരിനാകുമോ? ഇത്തരം ചോദ്യങ്ങള്‍ക്ക് വേഗത്തില്‍ ഉത്തരം കണ്ടെത്തുക ആര്‍ക്കും സാധ്യമായ കാര്യമല്ല. 2018–19 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ വളര്‍ച്ചാനിരക്ക്, കേന്ദ്രത്തെക്കാള്‍ മെച്ചപ്പെട്ടതായിരുന്നു; 7.5 ശതമാനം. ഒരാളുടെ ശരാശരി ദേശീയ വരുമാനം 93,655 രൂപയാണെങ്കില്‍, കേരളത്തില്‍ ഒരാളുടെ ശരാശരി വരുമാനം 1,48,078 രൂപയാണ്. ആയുര്‍ദെെര്‍ഘ്യം, സാക്ഷരത തുടങ്ങി കേരളം കെെവരിച്ച, ദേശീയതലത്തില്‍ തന്നെയുള്ള നേട്ടങ്ങള്‍ ഒട്ടനവധിയാണ്. ‘കിഫ്ബി‘എന്ന പരീക്ഷണവും ‘കേരള ബാങ്ക്’ രൂപീകരണവും വിജയത്തിലേക്ക് നീങ്ങുന്നുണ്ട്. എന്നാല്‍ നിലവിലുള്ള സാമ്പത്തികരംഗത്തെ റൂട്ട്മാപ്പ് തയ്യാറാക്കിയാല്‍ ചിത്രം ഒട്ടും ശോഭനമല്ല. പുതിയ സാമ്പത്തികവര്‍ഷത്തില്‍ കേരളത്തിന്റെ വരവ് 1,14,635 കോടി രൂപയാണ്. 29,575 കോടി രൂപ കടമെടുക്കും. അതുള്‍പ്പെടെ ആകെ വരവ് 1,42,210 കോടി രൂപയാണ്. ഇതില്‍ 32,388 കോടി ജിഎസ്‌ടിയിലൂടെയും 23,263 കോടി സെയില്‍ടാക്സ് ‑വാറ്റിലൂടെയും 4306 കോടി സ്റ്റാമ്പ്-രജിസ്ട്രേഷനിലൂടെയും 3968 കോടി വാഹന നികുതിയിലൂടെയും 2800 കോടി എക്സെെസിലൂടെയും 376 കോടി ലാന്റ് റവന്യൂവിലൂടെയും ലഭിക്കുന്നതാണ്. 14,587 കോടി രൂപ നികുതി ഇതര വരുമാനമായി ലഭിക്കും. കേന്ദ്ര സര്‍ക്കാരില്‍ നിന്നും സെന്‍ട്രല്‍ ജിഎസ്‌ടി വിഹിതമായി 6059 കോടിയും കോര്‍പ്പറേഷന്‍ ടാക്സ് വിഹിതമായി 6142 കോടിയും ഇന്‍കംടാക്സ് വിഹിതമായി 5805 കോടിയും കസ്റ്റംസ് വിഹിതമായി 1613 കോടിയും എക്സെെസ് ഡ്യൂട്ടി വിഹിതമായി 1213 കോടിയും ഒരു വര്‍ഷം ലഭിക്കും. ഇതിനുപുറമെ പ്ലാന്‍ ഇന്‍— എയിഡായി 9187 കോടിയും നോണ്‍-പ്ലാന്‍ ഇനത്തില്‍ 2506 കോടിയും കേന്ദ്രസര്‍ക്കാരില്‍ നിന്നു ലഭിക്കും. സര്‍ക്കാരിന്റെ മൊത്തം വരവില്‍ 47 ശതമാനം നികുതിയിലൂടെയും 10 ശതമാനം നികുതിഇതര വരുമാനത്തിലൂടെയും 23 ശതമാനം മൂലധന വരുമാനത്തിലൂടെയും 20 ശതമാനം കേന്ദ്രസര്‍ക്കാരിലൂടെയും ലഭിക്കുന്നതാണ്. കേരളത്തിന്റെ ഒരു വര്‍ഷത്തെ ആകെ ചെലവ് 1,44,265 കോടി രൂപയാണ്. ഇതില്‍ ശമ്പളത്തിന് 33,024 കോടിയും പെന്‍ഷന് 20,970 കോടിയും പലിശയ്ക്ക് 19,850 കോടിയും ഗ്രാന്റ്-ഇന്‍-എയിസിന് 3201 കോടിയും സബ്സിഡിക്ക് 2054 കോടിയും വേജസിന് 1059 കോടിയും ചെലവിടുന്നു.

1.14 ലക്ഷം കോടി രൂപ മാത്രം ഒരു വര്‍ഷം വരുമാനമുള്ള കേരള സര്‍ക്കാരിന്റെ കടം, ബജറ്റ് കണക്കുപ്രകാരം 2,98,724 കോടി രൂപയാണ്. ഇതിന് മൊത്തം വരവിന്റെ 18.62 ശതമാനം പലിശ നല്‍കണം. ഇതില്‍ 1,68,904 കോടി മാര്‍ക്കറ്റില്‍ നിന്നുള്ളതാണ്. സെക്യൂരിറ്റി ബോണ്ട് നല്‌കി 18,799 കോടിയും ബാങ്കുകളില്‍ നിന്ന് 5168 കോടിയും കേന്ദ്രത്തില്‍ നിന്നും 9842 കോടിയും പിഎഫ്, ചെറുകിട സമ്പാദ്യം എന്നിവയില്‍ നിന്നും 89,373 കോടിയും റിസര്‍വ് ഫണ്ടില്‍ നിന്ന് 2436 കോടിയും ഡിപ്പോസിറ്റുകളില്‍ നിന്ന് 4101 കോടിയും കണ്ടിജന്റ് ഫണ്ടില്‍ നിന്ന് 100 കോടിയും ചേര്‍ന്നതാണ് മൊത്തം കടം. ബജറ്റില്‍ പ്രതീക്ഷിക്കുന്ന വരുമാനത്തിന്റെ കണക്കുകള്‍ തലകീഴായി മറിയുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഓരോ സാമ്പത്തികവര്‍ഷവും അവസാനിക്കുമ്പോഴാണ് ഖ­ജ­നാവില്‍ കൂടുതല്‍ പണമെത്തുന്നത്. എന്നാല്‍ 2019–20 സാമ്പത്തികവര്‍ഷം അവസാനിക്കുന്ന ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് കൊറോണ വെെറസ് വിളയാട്ടം നടത്തിയത്. അതിന്റെ ഫലമായി സര്‍ക്കാരിന്റെ മിക്ക വരുമാന സ്രോതസുകളും പൂര്‍ണമായോ ഭാഗികമായോ അടയ്ക്കപ്പെട്ടു. ഈ അവസ്ഥയിലാണ്, കേരളം പുതിയ സാമ്പത്തികവര്‍ഷത്തിലേക്ക് കടന്നിരിക്കുന്നത്. ഖജനാവില്‍ ഇനി എങ്ങനെയാണ് പണം എത്തുന്നത്? ജിഎസ്‌ടി നടപ്പിലാക്കുന്നതിന് മുന്‍പ് നികുതി വരുമാനത്തില്‍ ഓരോ വര്‍ഷവും 18 ശതമാനം വരെ വര്‍ധനവുണ്ടാകുമായിരുന്നു. അത് 22 ശതമാനം വരെ എത്തിക്കുന്നതിനുള്ള തീവ്ര പരിശ്രമത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് നോട്ടുനിരോധനം ഇടിത്തീപോലെ കടന്നുവരുന്നത്. അതിന്റെ മുറിവുണങ്ങും മുന്‍പ്, ഒരു തയ്യാറെടുപ്പും കൂടാതെ ജിഎസ്‌ടി കടന്നുവന്നു.

ഒരു ഉപഭോക്തൃ സംസ്ഥാനമായതിനാല്‍ ജിഎസ്‌ടിയില്‍ ഓരോ വര്‍ഷവും 20 ശതമാനത്തില്‍ അധികം വളര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷ ഉണര്‍ന്നു. 14 ശതമാനം വളര്‍ച്ച ഉറപ്പാക്കുമെന്നും അതില്‍ കുറവു വന്നാല്‍, ആ തുക ജിഎസ്‌ടി നഷ്ടപരിഹാരമായി കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന ഉറപ്പുകൂടി ഉണ്ടായപ്പോള്‍ എല്ലാവര്‍ക്കും ആത്മവിശ്വാസമുണ്ടായി. പക്ഷെ എന്താണ് സംഭവിച്ചത്? 2019–20 സാമ്പത്തിക വര്‍ഷം രാജ്യത്തെ ജിഎസ്‌ടി വരുമാനത്തില്‍ 17 ശതമാനം വര്‍ധനവുണ്ടാകുമെന്നായിരുന്നു കേന്ദ്ര ബജറ്റില്‍ പറഞ്ഞിരുന്നത്. എ­ന്നാല്‍ ഉണ്ടായ വര്‍ധനവ് വെറും 3.81 ശതമാനം മാത്രം. ഈ ഇനത്തില്‍ കേരളത്തിന് കിട്ടേണ്ട നഷ്ടപരിഹാര തുകയായ 3,198 കോടി എന്നു കിട്ടുമെന്നുറപ്പില്ല. അതോടൊപ്പം കിട്ടേണ്ട ‘കേന്ദ്ര ജിഎസ്‌ടി’ വിഹിതം എപ്പോള്‍ കിട്ടുമെന്നും പറയാനാകില്ല. കേരളത്തിന്റെ റവന്യൂ കമ്മി 31,939 കോടിയാണ്. ഇത് നികത്തുന്നതിന് 15-ാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം 15,323 കോടി കിട്ടണം. അതില്‍ കിട്ടിയത് 1,277 കോടി മാത്രം. കൊറോണയുമായി ബന്ധപ്പെട്ട ദുരന്ത നിവാരണത്തിന് 11,092 കോടി ഏപ്രില്‍ മൂന്നിന് സംസ്ഥാനങ്ങള്‍ക്കനുവദിച്ചു. ജനസംഖ്യാനുപാതികമായി, കേരളത്തിന് 304 കോടി കിട്ടേണ്ടതായിരുന്നു. കിട്ടിയത് 157 കോടി മാത്രം. അതിലും കുറവു വരുത്തി കേരളത്തിന്റെ ജിഡിപിയുടെ 20 – 23 ശതമാനം സ്വാധീനം ചെലുത്തുന്നത് വിദേശ മലയാളികള്‍ അയയ്ക്കുന്ന പണമാണ്. അതില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ് സൂചന. ജിഎസ്‌ടി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തുക സംസ്ഥാനത്തിന് കിട്ടേണ്ടത് സെയില്‍ടാക്സ്-വാറ്റ് കുടിശികയിലൂടെയാണ്. ഇതിലൂടെ എത്ര തുക കിട്ടുമെന്ന് പറയാനാകില്ല. രജിസ്ട്രേഷനിലൂടെയുള്ള വരുമാനം 25 ശതമാനത്തിന് താഴേക്ക് പോകാനാണ് സാധ്യത. പെട്രോളിയം ഉല്പന്നങ്ങളുടെ വില്‍പ്പന 10 ശതമാനത്തിനും താഴെയായിരിക്കുന്നു. വാഹന നികുതിയില്‍ വന്‍ കുറവുണ്ടാകും. എക്സെെസ് നികുതിയില്‍ നിന്നുള്ള വരുമാനം പൂര്‍ണമായി നിലയ്ക്കുകയാണ്. നികുതി ഇതര വരുമാനങ്ങളും കുത്തനെ കുറയുന്നു. ലോട്ടറി വരുമാനം ശൂന്യതയിലായി. ടൂറിസം മേഖല സ്തംഭിച്ചു. ജനസംഖ്യാനുപാതികമായി കേന്ദ്രവിഹിതത്തി­ന്റെ 2.77 ശതമാനം കേരളത്തിന് കിട്ടേണ്ടതാണ്. എന്നാല്‍ കിട്ടിയത് 1.90ശതമാനം മാത്രം. 22,212 കോടി കിട്ടേണ്ട സ്ഥാനത്ത് 15,236 കോടി മാത്രം വകയിരുത്തി.

6976 കോടി രൂപയുടെ കുറവ്. വെള്ളപ്പൊക്ക ദുരന്തം നേരിട്ടപ്പോള്‍ സൗജന്യറേഷന്‍ നല്‍കാന്‍ കേരളത്തിന് നല്‍കിയിരുന്ന അരിയുടെ വിലയായ 205.81 കോടി രൂപ ഉടന്‍ നല്‍കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. തുടക്കം മുതല്‍ ദേശീയപാത വികസനത്തിന്റെ പൂര്‍ണ ചെലവ് വഹിച്ചിരുന്നത് കേന്ദ്രസര്‍ക്കാരായിരുന്നു. എന്നാല്‍ ഇപ്പോള്‍ പറയുന്നത്, കേരളത്തില്‍ ദേശീയപാതയുടെ വികസനം വേണമെങ്കില്‍ ചെലവിന്റെ ഒരു ഭാഗം കേരളം നല്‍കണമെന്നാണ്. മറ്റു വഴികളില്ലാതെ കേരളം ഇതംഗീകരിക്കുകയും തുക കെെമാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കൂടുതല്‍ കടമെടുത്തെങ്കിലും മുന്നോട്ടുപോകാനുള്ള മാര്‍ഗവും കേന്ദ്രം തടഞ്ഞു. ജിഡിപിയുടെ മൂന്ന് ശതമാനം കെടമെടുക്കാന്‍ മാത്രമേ കേരളത്തിനവകാശമുള്ളു. പുതിയ സാഹചര്യത്തില്‍ ഇത് നാല് ശതമാനം ആയി ഉയര്‍ത്തണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിരസിച്ചിരിക്കുന്നു. 1948 മുതല്‍ നിലവിലുള്ള ‘പ്രധാനമന്ത്രി ദേശീയ ആശ്വാസനിധി‘യിലേക്ക് ആയിരക്കണക്കിന് കോടി ഈ ദുരന്തകാലത്ത് എത്തേണ്ടതാണ്. അതിന്റെ വിഹിതം കേരളത്തിനും കിട്ടുമായിരുന്നു. എന്നാലിപ്പോള്‍ പുതിയ ഒരു നിധി- പ്രധാനമന്ത്രിയുടെ കരുതല്‍നിധി-രംഗത്തു വന്നിരിക്കുന്നു. മാര്‍ച്ച് 28ന് ശേഷം വലിയ തുകകള്‍ എത്തിയതെല്ലാം ഈ നിധിയിലാണ്. ഈ നിധി, പ്രധാനമന്ത്രിക്ക് ഇഷ്ടപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് മാത്രം നല്‍കാനാകും. കേരളത്തിനെന്തു കിട്ടുമെന്ന് കാത്തിരുന്നു കാണാം. സഹായിച്ചില്ലെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടലില്‍ എത്തും. കശുവണ്ടി വ്യവസായം, കള്ളുചെത്തു വ്യവസായം, കെെത്തറി, കാര്‍ഷിക, റബര്‍, മത്സ്യമേഖലകള്‍ ഇവിടെയെല്ലാം സര്‍ക്കാര്‍ സഹായമെത്തിയില്ലെങ്കില്‍ ലക്ഷങ്ങളുടെ ജീവിതം വഴിമുട്ടും. സര്‍ക്കാരിന്റെ വരവ് കുത്തനെ കുറയുമ്പോള്‍ തന്നെ, ചെലവില്‍ യാതൊരു കുറവും ഉണ്ടാകുന്നില്ല. എന്നു മാത്രമല്ല, അത് കുതിച്ചുയരുകയും ചെയ്തുകൊണ്ടിരിക്കുന്നു.

പലിശയടവ് ഒരു ദിവസത്തേക്കുപോലും മാറ്റിവയ്ക്കാനാകില്ല. കൊറോണ ദുരന്തം നേരിടാന്‍ എത്ര ആയിരം കോടി രൂപ അധികമായി ചെലവഴിക്കേണ്ടിവരുമെന്ന് ആര്‍ക്കും പറയാനാകില്ല. അതിഥി തൊഴലാളികളുടെ കാര്യങ്ങള്‍ കൂടി ഇപ്പോള്‍ ഏറ്റെടുക്കേണ്ടിവന്നിരിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്കരണം, പെന്‍ഷന്‍ പരിഷ്കരണം, ആരോഗ്യ ഇന്‍ഷുറന്‍സ്, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ മാറ്റം വരുത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ 2020ല്‍ നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ തന്നെ ഉറപ്പു നല്‍കിയിട്ടുള്ളതാണ്. ക്ഷാമബത്ത കുടിശിക നല്‍കേണ്ടതുണ്ട്. റോഡുകളുടെ നവീകരണം ഉള്‍പ്പെടെ വികസനരംഗത്ത് വലിയ കുതിച്ചുചാട്ടം ലക്ഷ്യമിട്ട വര്‍ഷമാണിത്. പക്ഷെ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്, ശമ്പളവും പെന്‍ഷനും അടക്കം എല്ലാം മുടങ്ങുന്ന അവസ്ഥയിലാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടില്‍, നന്മയുള്ള ധാരാളം പേര്‍ സഹായധനമെത്തിക്കും. സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും അവരില്‍ ഭൂരിപക്ഷം പേരും മുഖ്യമന്ത്രി ആവശ്യപ്പെട്ട പ്രകാരം സംഭാവന നല്‍കും. ഇതൊക്കെ ആശ്വാസകരം തന്നെ.

പക്ഷെ കേരളം എത്തിനില്‍ക്കുന്ന സാമ്പത്തിക തകര്‍ച്ചയെ മറികടക്കുവാന്‍ ഇതൊന്നുംകൊണ്ട് കഴിയില്ല. കേരളത്തിന്റെ ഒരു മാസത്തെ ശരാശരി ചെലവ് 12,000 കോടി രൂപയില്‍ അധികമാണ്. ശമ്പളം, പെന്‍ഷന്‍, സാമൂഹ്യ ക്ഷേമ പെന്‍ഷന്‍, പലിശ ഇതിനുമാത്രം ഒരു മാസം 7,050 കോടി രൂപ വേണം. അതിനാല്‍, 30,000 – 40,000 കോടി രൂപയെങ്കിലും അടിയന്തിരമായി ഖജനാവിലെത്തിയില്ലെങ്കില്‍, കേരളം ഗുരുതരമായ പ്രതിസന്ധിയില്‍ എത്തിച്ചേരുമെന്നാണ് സമ്പദ്ഘടനയുടെ റൂട്ട്മാപ്പ് നല്‍കുന്ന സൂചന. ഈ പ്രതിസന്ധി മറികടക്കുന്നതിനുള്ള 15 നിര്‍ദേശങ്ങള്‍ മാര്‍ച്ച് 28ന് ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ മുന്നോട്ടുവച്ചിരുന്നു. ഈ നിര്‍ദേശങ്ങളും ഇതുപോലെ ഉയര്‍ന്നുവരുന്ന മറ്റു നിര്‍ദേശങ്ങളും ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യപ്പെടുകയും യുക്തമായ തീരുമാനങ്ങള്‍ ഭരണതലത്തില്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യേണ്ട അടിയന്തിരഘട്ടം മുന്നില്‍ എത്തി നില്‍ക്കുകയാണ്.

(അവസാനിച്ചു)

YOU MAY ALSO LIKE THIS VIDEO