26 April 2024, Friday

Related news

February 3, 2024
August 31, 2023
April 28, 2023
October 9, 2022
October 9, 2022
October 6, 2022
October 4, 2022
September 14, 2022
September 12, 2022
August 24, 2022

ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ രൂപീകരണം:ശിവസേന സമര്‍പ്പിച്ച ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

Janayugom Webdesk
July 11, 2022 12:45 pm

മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ രൂപീകരണത്തിന് എതിരെ ശിവസേന സമര്‍പ്പിച്ച ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കില്ല എന്ന് സുപ്രീംകോടതി അറിയിച്ചു. കോടതി തീരുമാനം വരുന്നത് വരെ സ്പീക്കര്‍ ഒരു തീരുമാനവും എടുക്കരുത് എന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. എതിര്‍ ചേരിയിലെ എം എല്‍ എമാരെ അയോഗ്യരാക്കുന്നതിനായി സമര്‍പ്പിച്ച ഹര്‍ജി നോട്ടീസ് അടിയന്തരമായി പരിഗണിക്കാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു. ഒന്നിലധികം ഹര്‍ജികള്‍ ഉള്‍പ്പെടുന്ന വിഷയത്തില്‍ ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടേണ്ടതുണ്ടെന്നും ഇത് ലിസ്റ്റ് ചെയ്യാന്‍ കുറച്ച് സമയമെടുക്കുമെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. 

നാല് ജുഡീഷ്യല്‍ ഉത്തരവുകളുണ്ടായിട്ടും വിഷയം പട്ടികപ്പെടുത്തിയിട്ടില്ലെന്ന് ഉദ്ധവ് താക്കറെ ക്യാമ്പിനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും അഭിഷേക് മനു സിംഗ്വിയും വാദിച്ചു. ഉദ്ധവ് താക്കറെയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെയും നേതൃത്വത്തിലുള്ള ക്യാമ്പുകളില്‍ നിന്നുള്ള ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.ഷിന്‍ഡെ ക്യാമ്പിലെ 15 നിയമസഭാംഗങ്ങള്‍ക്കുള്ള അയോഗ്യതാ നോട്ടീസുമായി ബന്ധപ്പെട്ട ഒരു ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. അന്ന് നിയമസഭയില്‍ സ്പീക്കര്‍ ഇല്ലാത്തതിനാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാളാണ് നോട്ടീസ് നല്‍കിയത്.

ഉദ്ധവ് താക്കറെ വിഭാഗം ചീഫ് വിപ്പായി നിയമിച്ച സുനില്‍ പ്രഭു, ഷിന്‍ഡെയേയും അദ്ദേഹത്തിന്റെ ക്യാമ്പിലെ 15 എം എല്‍ എമാരെയും നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് മറ്റൊരു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഏകനാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കുന്നതിനെതിരെയും ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു. ഷിന്‍ഡെയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയുടെ തീരുമാനത്തെ ചോദ്യം ചെയ്താണ് മറ്റൊരു ഹര്‍ജി. ഷിന്‍ഡെ ക്യാമ്പിലെ ഭരത് ഗോഗാവാലെയെ നിയമസഭയില്‍ സേനയുടെ പുതിയ ചീഫ് വിപ്പായി അംഗീകരിക്കാനുള്ള പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറുടെ തീരുമാനത്തെയും താക്കറെയുടെ നേതൃത്വത്തിലുള്ള വിഭാഗം എതിര്‍ത്തിരുന്നു.

അതേസമയം തങ്ങളാണ് യഥാര്‍ത്ഥ ശിവസേനയാണെന്നാണ് ഏക്‌നാഥ് ഷിന്‍ഡെയും കൂട്ടരും അവകാശപ്പെടുന്നത്. എന്നാല്‍ 23.01.2018‑ന് ശിവസേനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലാണ് യഥാര്‍ത്ഥ ശിവസേന രാഷ്ട്രീയ പാര്‍ട്ടി നിലനില്‍ക്കുന്നത് എന്ന് താക്കറെ ക്യാംപ് സുപ്രീം കോടതിയെ അറിയിച്ചു. ഇന്ന് ഉദ്ധവ് താക്കറെ പാര്‍ട്ടി എം പിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

പാര്‍ട്ടി എം പിമാരില്‍ എത്ര പേര്‍ താക്കറെയ്‌ക്കൊപ്പമുണ്ട് എന്ന് ഇതില്‍ നിന്ന് വ്യക്തമാകും. ഏകനാഥ് ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെയും ശിവസേന എംപിയാണ്. രണ്ടാഴ്ചത്തെ രാഷ്ട്രീയ പോരാട്ടത്തിനൊടുവില്‍ ജൂണ്‍ 30‑നാണ് ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസിനെ ഉപമുഖ്യമന്ത്രിയാക്കി ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭയിലെ വിശ്വാസവോട്ടെടുപ്പില്‍ 55 ശിവസേന എം എല്‍ എമാരില്‍ 40 പേരും അദ്ദേഹത്തെ പിന്തുണച്ചിരുന്നു

Eng­lish Summary:Eknath Shinde gov­ern­ment for­ma­tion: Supreme Court will not con­sid­er peti­tions filed by Shiv Sena immediately

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.