2018 മുതല്‍ ഇതുവരെ 16,000 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വിറ്റഴിച്ചതായി വിവരാവകാശ രേഖ. ബോണ്ടുകള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കിയതിനുശേഷം 29 തവണകളായി 15,956.31 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകളാണ് വിറ്റഴിച്ചത്.
കമ്മിഷന്‍ ഇനത്തില്‍ 13.50 കോടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് ലഭിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു. വിവരാവകാശ പ്രവര്‍ത്തകനും മുന്‍ നാവിക ഉദ്യോഗസ്ഥനായ ലോകേഷ് ബത്ര നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ഇലക്ടറല്‍ ബോണ്ടുകള്‍ പുറത്തിറക്കാനും വില്‍ക്കാനും അനുമതിയുള്ളത് എസ്ബിഐക്ക് മാത്രമാണ്. കമ്മിഷന്‍, പ്രിന്റിങ്, പദ്ധതി നടത്തിപ്പ്, മറ്റ് ചെലവുകള്‍ തുടങ്ങിയ ഇനത്തിലാണ് എസ്ബിഐക്ക് 13.50 കോടി നേടിയത്. എന്നാല്‍ ഇലക്ടറല്‍ ബോണ്ട് വാങ്ങുന്നവര്‍ ബാങ്കിന് യാതൊരു സര്‍വീസ് ചാര്‍ജുകളും നല്‍കേണ്ടതില്ലെന്നതാണ് പദ്ധതിയുടെ വിരോധാഭാസമെന്ന് ലോകേഷ് ബത്ര പറഞ്ഞു. രാജ്യത്തെ നികുതിദായകരായ പൗരന്മാരാണ് ഈ തുക നല്‍കേണ്ടിവരുന്നത്. നികുതിയില്ലാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണപ്പിരിവ് നടത്താനുള്ള മാര്‍ഗമാണ് 2018ലെ ഇലക്ടറല്‍ ബോണ്ട് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
23.88 കോടി വിലമതിക്കുന്ന 194 ബോണ്ടുകള്‍ പണമാക്കിമാറ്റിയിട്ടില്ലെന്നും ഈ തുക പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടിലേക്ക് (പിഎംഎന്‍ആര്‍എഫ്) മാറ്റിയതായും രേഖകള്‍ വ്യക്തമാക്കുന്നു. 2017 ഏപ്രില്‍ മുതല്‍ 22 മാര്‍ച്ച് വരെ 2,065.69 കോടി രൂപ പിഎംഎന്‍ആര്‍എഫില്‍ ലഭിച്ചിട്ടുണ്ട്.
പേരുവെളിപ്പെടുത്താതെ രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് പണമൊഴുക്കാനുള്ള ഇലക്ടറല്‍ ബോണ്ടിനെതിരെ തുടക്കം മുതല്‍ പ്രതിപക്ഷപാര്‍ട്ടികളും ആക്ടിവിസ്റ്റുകളും ശബ്ദമുയര്‍ത്തിയിരുന്നു. ബോണ്ട് വാങ്ങുന്നവരുടെ വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കേണ്ടതില്ലെന്ന അനുകൂല വിധി മോഡി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിന്ന് വാങ്ങിയെടുക്കുകയും ചെയ്തു.
രാജ്യത്തെ ഏതൊരു പൗരനും ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങാന്‍ കഴിയും. ഒരു വ്യക്തിക്ക് ഒറ്റയ്ക്കോ സംയുക്തമായോ ബോണ്ടുകള്‍ വാങ്ങാം. ബോണ്ടുവഴി ബിജെപിക്കാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടായിട്ടുള്ളത്. ആകെ ബോണ്ടിന്റെ 57 ശതമാനം വരുന്ന 9200 കോടിയും ബിജെപിക്കാണ് ലഭിച്ചത്. 10 ശതമാനമാണ് കോണ്‍ഗ്രസിന് ലഭിച്ചതെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
English Summary: Electoral Bond: 16,000 crore contribution in six years
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.