രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കോവിഡാനന്തര കാലഘട്ടത്തില്‍ അനുഭവിക്കേണ്ടിവന്ന സാമ്പത്തിക ഞെരുക്കത്തിന്റെ ഫലമായി മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി (എംഎന്‍ആര്‍ഇജിഎസ്)യുടെ സുഗമമായ നടത്തിപ്പ് ഗുരുതരമായ പ്രതിസന്ധി നേരിട്ടുവരുന്നതായ റിപ്പോര്‍ട്ടുകള്‍ നിത്യേന പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പദ്ധതി നടത്തിപ്പിനാവശ്യമായ വേതനത്തിനും മറ്റു സൗകര്യങ്ങള്‍ക്കുമായി കോടികളാണ് ചെലവാക്കേണ്ടിവരുന്നത്. ഈ പ്രശ്നത്തിന്റെ പ്രാധാന്യം ഏറെ വൈകിയാണെങ്കിലും മനസിലാക്കിയും സുപ്രീം കോടതിയുടെ കൂടി ഇടപെടലുണ്ടാകുമെന്ന ആശങ്കയുടെ സാധ്യത കണക്കിലെടുത്തുമായിരിക്കണം, ഒരു ഇടക്കാല സഹായ നടപടിയായി 10,000 കോടി രൂപ അധിക സഹായം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഈ തുക വ്യത്യസ്ത സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാകുന്നതിനു മുമ്പുതന്നെ പ്രശ്നം കൂടുതല്‍ ഗുരുതരാവസ്ഥയിലായിക്കഴിഞ്ഞിരുന്നു. കാരണം, 24 സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും ബാലന്‍സ് ഷീറ്റുകള്‍ നവംബര്‍ 25ന് പുറത്തുവന്നതോടെ മനസിലാക്കാന്‍ കഴിഞ്ഞത് ഈ ഇനത്തിലുള്ള അവയുടെ ബാധ്യത 9,888 കോടി രൂപയിലേക്ക് കുതിച്ചുയര്‍ന്നു കഴിഞ്ഞിരിക്കുന്നു എന്നാണ്. ലഭ്യമായ 10,000 കോടി രൂപയ്ക്കുള്ള അധിക സഹായം പോലും നാമമാത്രമായ തോതിലെങ്കിലും സംസ്ഥാനങ്ങള്‍ക്ക് ഗുണം ചെയ്യുകയുണ്ടായില്ല എന്നര്‍ത്ഥം. ഇന്ത്യയിലെ ഗ്രാമീണമേഖലയെ കാര്‍ന്നുതിന്നുകൊണ്ടിരുന്ന തൊഴിലില്ലായ്മയും വരുമാനത്തകര്‍ച്ചയും ക്രയശേഷിക്കുറവും ജീവിതക്ലേശങ്ങളും പാന്‍ഡെമിക്ക് ഏല്പിച്ച കനത്ത ആഘാതത്തിന്റെ പ്രതിഫലം അത്രക്ക് ഗുരുതരമായിരുന്നു. ഇപ്പോള്‍ ഇതാ തീര്‍ത്തും അപ്രതീക്ഷിതമായി ഒമിക്രോണ്‍ എന്ന കോവിഡ് 19ന്റെ പുതിയൊരു മാരക വകഭേദം പൊട്ടിപ്പുറപ്പെട്ടിരിക്കുകയുമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് രാജ്യത്തെ അറിയപ്പെടുന്ന സാമൂഹ്യശാസ്ത്ര – ധനശാസ്ത്ര വിദഗ്ധന്മാരായ ജീന്‍ഡേസ്, പ്രഭാത് പട്നായിക്, മഹേന്ദ്രദേവ്, പ്രൊണാബ് സെന്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഈ പ്രശ്നത്തില്‍ അദ്ദേഹത്തിന്റെ അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒരു കത്തെഴുതിയിരിക്കുന്നു (ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് 18 നവംബര്‍ 2021) യുപിഎ ഭരണകൂടം അധികാരത്തിലിരുന്നപ്പോള്‍ നടപ്പാക്കിയ രണ്ടു സുപ്രധാന നിയമങ്ങള്‍ ഭക്ഷ്യസുരക്ഷാ നിയമവും എംഎന്‍ആര്‍ഇജിഎസും ആയിരുന്നല്ലോ. ഇന്ത്യയിലെ ജനത മൊത്തത്തിലും ഗ്രാമീണ ജനത സവിശേഷമായും ദാരിദ്ര്യവും പട്ടിണിയും നേരിടേണ്ടിവരുമ്പോള്‍ തൊഴിലും വരുമാനവും ഭക്ഷണവും ഉറപ്പാക്കേണ്ടത് ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ പരമോന്നത ലക്ഷ്യങ്ങളാണല്ലോ. നിലവിലുള്ള ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ രണ്ടു പദ്ധതികളും അവ വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങള്‍ നിയമാനുസൃതം തന്നെ നടപ്പാക്കുകയും വേണം. നാമമാത്ര, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പുനരുദ്ധാരണത്തിനും ശാക്തീകരണത്തിനും മോഡി സര്‍ക്കാരിന്റെ പ്രത്യേക ശ്രദ്ധ അനിവാര്യമാണെന്നും ഈ ധനശാസ്ത്രജ്ഞന്മാര്‍ സംയുക്ത പ്രസ്താവനയിലൂടെ പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുകയാണുണ്ടായത്. എന്നാല്‍, ധനകാര്യ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ബജറ്റില്‍ നീക്കിവച്ച തുകയ്ക്കു പുറമെ അധികമായി അനുവദിക്കപ്പെട്ട തുകയും കൂടിയുണ്ടായാലും പ്രശ്നത്തിന്റെ ഗുരുതരാവസ്ഥയില്‍ അയവുണ്ടാവുക എളുപ്പമാവില്ലെന്നതാണ് ഇന്നത്തെ സംസ്ഥാന സര്‍ക്കാരുകളുടെ ധനസ്ഥിതി. പാന്‍ഡെമിക്കിന്റെ വ്യാപകമായ ആഘാതത്തില്‍ നിന്നും ഗ്രാമീണ മേഖലയ്ക്ക് ആശ്വാസം കിട്ടുക എളുപ്പമാവാനിടയില്ല. തൊഴിലിനും വരുമാനത്തിനുമുള്ള ഡിമാന്‍ഡ് ഉയര്‍ന്നുകൊണ്ടുതന്നെയിരിക്കും. അതോടൊപ്പം ഫണ്ടിന്റെ ഞെരുക്കവും തുടരുമെന്ന നിലക്ക് ചെയ്ത പണിക്ക് വേതനം കൃത്യമായി കിട്ടുന്ന കാര്യവും പരുങ്ങലിലാവും.
ഇത്രയൊക്കെയാണെങ്കിലും പാന്‍ഡെമിക്കിന്റെ കാലഘട്ടത്തില്‍ തെല്ലെങ്കിലും ആശ്വാസമായിരുന്നത് തൊഴിലുറപ്പ് പദ്ധതിയിലൂടെ കിട്ടിവന്നിരുന്ന താണനിലവാരത്തിലുള്ള വേതനനിരക്കായിരുന്നെങ്കില്‍തന്നേയും അത് വലിയൊരു ആശ്വാസം തന്നെയായിരുന്നു. ബിഹാര്‍, തെലങ്കാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ തൊഴിലിനും വേതനത്തിനുമുള്ള ഡിമാന്‍ഡ് പൂര്‍ണമായതോതില്‍ തൃപ്തിപ്പെടുത്തുന്നതില്‍ 20 ശതമാനം വരെ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. പദ്ധതി ഉറപ്പുനല്കുന്നത് പരമാവധി 100 തൊഴില്‍ ദിനങ്ങളാണെന്നതുതന്നെ പ്രശ്നത്തിന്റെ ഗൗരവം വെളിവാക്കാന്‍ പര്യാപ്തമാണ്. അതായത്, പ്രതിവര്‍ഷം ഇത്രക്കുപോലും ദിവസങ്ങളില്‍ വേതന വരുമാനം വഴിയുള്ള ആനുകൂല്യം കിട്ടുന്നില്ലെന്ന സ്ഥിതിവിശേഷം ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്തതാണ്. ഇതില്‍ യാതൊരുവിധ നീതീകരണവുമില്ല. കേന്ദ്ര സര്‍ക്കാര്‍ പ്രശ്നത്തിന്റെ ഗൗരവസ്വഭാവം മനഃപൂര്‍വം കുറച്ചു കാണുന്നതിന്റെ ഫലമായിട്ടാകാം ഓരോ വര്‍ഷവും യഥാര്‍ത്ഥ വസ്തുതകള്‍ പരിശോധന വിധേയമാക്കുന്നതിനു മുമ്പുതന്നെ തൊട്ടുമുമ്പുള്ള വര്‍ഷത്തിനെ അപേക്ഷിച്ച് നാമമാത്രമായൊരു വര്‍ധന മാത്രം ബജറ്റ് വിഹിതത്തില്‍ വരുത്തുന്നത്. ഇത് ശരിയായ രീതിയല്ല. കേന്ദ്ര ധനമന്ത്രി പുതിയ ബജറ്റ് രേഖ തയാറാക്കുമ്പോള്‍ പരിശോധിക്കേണ്ടത് മുന്‍ വര്‍ഷത്തെ ബജറ്റ് നീക്കിയിരിപ്പു തുകയല്ല. യഥാര്‍ത്ഥത്തില്‍ ഓരോ സംസ്ഥാനവും കേന്ദ്ര ഭരണ പ്രദേശവും നടത്തിയിരിക്കുന്ന ചെലവിന്റെ തുകയാണ്. ഉദാഹരണത്തിന് 2021–22 ലെ ബജറ്റ് നീക്കിയിരിപ്പ് 73,000 കോടി രൂപ മാത്രമായിരുന്നെങ്കില്‍ 2020–21 ലെ പുതുക്കിയ ചെലവ് 1,11,500 കോടി രൂപയായിരുന്നു എന്ന് നോക്കുക. ഇതിന്റെ ഫലമായി സംഭവിച്ചിരിക്കുന്നതെന്താണെന്നോ? 2021–22 ലേക്കുള്ള തുകയില്‍ നാലിലൊരു ഭാഗവും മുന്‍വര്‍ഷങ്ങളിലെ ബാധ്യതകള്‍ കൊടുത്തുതീര്‍ക്കുന്നതിനായിട്ടാണ് ചെലവിട്ടത്. ചുരുക്കത്തില്‍ തൊഴിലുറപ്പു പദ്ധതി അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രശ്നം, ബജറ്റ് വിഹിതം നീക്കിവയ്ക്കുന്നതില്‍ വന്നുചേരുന്ന അപാകതകളും അശാസ്ത്രീയ സമീപനവുമാണെന്ന് വ്യക്തമാകുന്നു. മാത്രമല്ല, പദ്ധതിയുടെ അന്തിമ ഫലം യഥാര്‍ത്ഥത്തില്‍ തൊഴിലും ജീവിതമാര്‍ഗവും ലഭ്യമാക്കാന്‍ അര്‍ഹതയുള്ളവര്‍ക്ക് ആശ്വാസം നല്കാന്‍ പര്യാപ്തമാണോ എന്ന് ഉറപ്പുവരുത്തുന്നതിനേക്കാള്‍ അതില്‍ നിന്നും എത്രമാത്രം രാഷ്ട്രീയ നേട്ടം കൊയ്തെടുക്കാന്‍ കഴിയുമെന്നതിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തുന്നത്. സ്വാഭാവികമായും ഇതുപോലൊരു പദ്ധതി വിഭാവനം ചെയ്തപ്പോള്‍ ലക്ഷ്യമിട്ടിരുന്നതൊന്നും അതിന്റെ നടത്തിപ്പില്‍ വന്നിരിക്കുന്ന താളംതെറ്റലുകളുടെ ഫലമായി നേടിയെടുക്കാന്‍ കഴിയാതെപോയി എന്നതാണ് വസ്തുത. അതുപോലെതന്നെ ലക്ഷ്യവും നേട്ടവും തമ്മില്‍ ഒരു ഘട്ടം വരെ അന്തരം തുടരുമെന്ന സ്ഥിതി വന്നെങ്കിലും രാഷ്ട്രീയമായി തിരിച്ചടി ഭയന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിലവിലുണ്ടായിരുന്ന ഒരു സമാശ്വാസ പദ്ധതിയുടെ കാലാവധി 2022 മാര്‍ച്ച് വരെ നീട്ടാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്നയോജനയുടെ കാര്യമാണിവിടെ സൂചിപ്പിക്കുന്നത്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഔപചാരിക ഗ്രാമീണ മേഖലകളിലെ തൊഴിലില്ലായ്മയ്ക്കുള്ള നേരിയൊരു ആശ്വാസമെങ്കിലും നല്കുന്നുണ്ടെന്ന് അതിന്റെ കാലാവധി നാലാമതൊരു വട്ടം കൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനമെടുത്തതിലൂടെ കേന്ദ്ര മോഡി സര്‍ക്കാര്‍ സ്വയം സമ്മതിച്ചിരിക്കുകയാണ്. മുന്‍ യുപിഎ സര്‍ക്കാരിനെ കുടത്ത ഭാഷയില്‍ അവസരം കിട്ടുമ്പോഴൊക്കെ വിമര്‍ശിക്കാന്‍ മടിച്ചുനില്ക്കാതിരിക്കുന്ന മോഡിയും ബിജെപിയുമാണ് കോവിഡ് 19 അടിച്ചേല്പിച്ച കനത്ത സാമ്പത്തികാഘാതത്തില്‍ നിന്നും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മോചിപ്പിക്കുക ലക്ഷ്യമിട്ട് നടപ്പാക്കാന്‍ അതേ സര്‍ക്കാരിന്റെ പ്ലാഗ്ഷിപ്പ് പദ്ധതിതന്നെ മുന്നോട്ടുന്നിട്ടുള്ളത് എന്നത് ചരിത്രത്തിന്റെ നിയോഗമായിരിക്കാനേ സാധ്യതയുള്ളു. ജീവല്‍ പ്രധാനമായൊരു തൊഴില്‍ദാന വികസന പദ്ധതിയെന്ന നിലയില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്തുവിലകൊടുത്തും വിജയിപ്പിക്കാതെ സാധ്യമല്ല. കോവിഡ് 19ന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വരവോടെ സാമ്പത്തിക വികസന മേഖലയില്‍ കൂടുതല്‍ ഗുരുതരമായ പ്രതിസന്ധികള്‍ പൊട്ടിപ്പുറപ്പെടുമെന്ന ആശങ്കയുടെ പുതിയൊരു പശ്ചാത്തലവും ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നു. ഇത്തരമൊരു പശ്ചാത്തലവും ഇന്ത്യയെപ്പോലെ തൊഴിലില്ലായ്മ രൂക്ഷമായി നിലവിലുള്ള വികസ്വര രാജ്യങ്ങളില്‍ എംഎന്‍ആര്‍ഇജിഎസ് പോലുള്ള തൊഴില്‍ദാന പദ്ധതികള്‍ കൂടുതല്‍ പ്രസക്തിയാര്‍ജിക്കുകതന്നെ ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.