ജീവിതത്തെ അത്രമേൽ സ്നേഹിച്ച
നിന്നെ അത്രയധികം പേടിച്ച
ഒരാളെപ്പോഴാണ്
നിന്നിൽ എത്തിച്ചേരാൻ
കൊതിക്കുക ???
ആൾക്കൂട്ടത്തിൽ
ഒറ്റയ്ക്കാവുമ്പോഴോ ???
കാതുകളിൽ
തീയെരിയുമ്പോഴോ ???
പെയ്തൊഴിയാനാവാതെ കരിമുകിൽ
മിഴികളിൽ ഒളിച്ചിരിക്കുമ്പോഴോ ???
വാക്കുകൾ അന്തരീക്ഷത്തിൽ
ഉത്തരമില്ലാതെ അലയുമ്പോഴോ ???
കൈവിരലുകളിലെ വിടവുകൾ
വലുതാകുമ്പോഴോ ???
———————-
ന്യായീകരണങ്ങൾ എത്രയാണ് ?
എത്ര വേഗമാണ് കണ്ടെത്തുന്നത് ?
ഇഷ്ടമില്ലാതെ,
താല്പര്യമില്ലാതെ,
നിർബ്ബന്ധത്തിന് വഴങ്ങി
ചെയ്യേണ്ടി വരുമ്പോൾ,
മനസ് വല്ലാതെ കയ്ക്കുമ്പോൾ,
ഒഴിവാക്കാൻ,
കാരണങ്ങൾ കണ്ടെത്താൻ
മനസേ .…
നീയെത്ര മിടുക്കിയാണ് !!
——————–
നുണക്കുഴികൾ നിറയെ പ്രണയവുമായി
ഞാൻ പോകും വഴിയിൽ
കാത്തു നിൽക്കാമെന്ന്
നീയെന്നെ മോഹിപ്പിച്ചില്ലേ ?
ഒറ്റക്കൽ മൂക്കുത്തിയണിഞ്ഞ്,
മിഴികളിൽ പ്രണയമഷിയെഴുതി,
നിന്നോടു പറയാനുള്ള പരിഭവങ്ങൾ
ചുണ്ടിൽ പൂട്ടിവച്ച്,
നിമിനേരക്കാഴ്ചയ്ക്ക് കൊതിച്ചുള്ള
എന്റെ യാത്രകൾ …
പൂക്കാത്ത മാഞ്ചോട്ടിൽ
വീഴാത്ത മാമ്പഴത്തിനായി
വെറുതെയുള്ള
എന്റെ കാത്തിരിപ്പുകൾ …
മിഴിനീരിനാൽ മറഞ്ഞ
നിരത്തിലൂടെ
നിരാശയോടെ മടങ്ങുമ്പോൾ
കാതിൽ പെയ്തിറങ്ങിയോ
എനിക്കേറ്റം പ്രിയമുള്ള പാദചലനം??
ഒന്നു വിളിക്കാനാവാതെ,
നിന്നടുത്ത് ഓടിയെത്തുവാനാവാതെ
ഞാനെന്തേ നിശ്ചലയായി
നിന്നു പോയത് ??
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.