8 May 2024, Wednesday

നഗര വികസനത്തിനും പരിസ്ഥിതി ആഘാത പഠനം നിര്‍ബന്ധം

Janayugom Webdesk
ന്യൂഡല്‍ഹി
January 12, 2023 4:00 pm

നഗര വികസന പ്രോജക്ടുകള്‍ക്കു മുമ്പ് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി സുപ്രീം കോടതി. ക്രമരഹിതമായ നഗരവികസനത്തിന്റെ ഫലമായി പരിസ്ഥിതിക്ക് സംഭവിക്കുന്ന നാശത്തെക്കുറിച്ച് സര്‍ക്കാരുകള്‍ ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു. 

നഗരവികസന പ്രോജക്ടുകള്‍ക്ക് അനുമതി നൽകുന്നതിന് മുമ്പ് പരിസ്ഥിതി ആഘാത വിലയിരുത്തൽ പഠനങ്ങൾ നടക്കുന്നുണ്ടെന്ന് സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണം. ഇതിനായി ആവശ്യമായ വ്യവസ്ഥകള്‍ രൂപീകരിക്കാനും ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, ബി വി നാഗരത്ന എന്നിവര്‍ നിര്‍ദേശിച്ചു.

ചണ്ഡീഗഢിലെ വടക്കന്‍ സെക്ടറിലെ വീടുകളുടെ ഓരോ നിലവീതം വില്‍ക്കാന്‍ അനുമതി നല്‍കിയ 2021ലെ പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹര്‍ജി. ലെ കോർബ്യൂസിയർ എന്നറിയപ്പെടുന്ന സ്വിസ്-ഫ്രഞ്ച് വാസ്തുശില്പി ചാൾസ്-എഡ്വാർഡ് ജീനറെറ്റ് രൂപകല്പന ചെയ്ത നഗരത്തിന്റെ ചില ഭാഗങ്ങളെ സംബന്ധിച്ചായിരുന്നു ഉത്തരവ്.
ഇത്തരം നിര്‍മ്മാണങ്ങള്‍ ചണ്ഡീഗഢിന്റെ സ്വഭാവത്തെ മാറ്റിമറിയ്ക്കുമെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇത് നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് അമിതഭാരം ചുമത്തുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചണ്ഡീഗഢ് ഫേസ് ഒന്നിലെ കെട്ടിടങ്ങളുടെ വിഘടനം സുപ്രീം കോടതി റദ്ദാക്കി. പ്രദേശത്തെ കെട്ടിടങ്ങളുടെ നിലകളുടെ എണ്ണം മൂന്നില്‍ കൂടരുതെന്നും കോടതി ഉത്തരവിട്ടു. ജോഷിമഠിലെ നിലവിലെ അവസ്ഥയും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 

Eng­lish Summary:Environmental impact study is also manda­to­ry for urban development
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.