11 April 2024, Thursday

ഏറ്റവും ഒടുവിൽ

എ വി സത്യേഷ്കുമാർ
June 5, 2022 7:13 am

പച്ചച്ചായമടിച്ച ഗേറ്റിൽ ‘പ്രതീക്ഷ’ എന്ന വീട്ടുപേര് മരത്തടി കൊണ്ട് തീർത്തിട്ടുണ്ട്. രണ്ടു ഗേറ്റുകളുള്ളതിൽ ഒന്നിലൂടെ രോഗികൾക്ക് വരാം. മറ്റൊരു ഗേറ്റിലൂടെയാണ് ഭാവന ഡോക്ടർ തന്റെ ചെറിയ കാർ കൊണ്ടു പോവുന്നത്. കാവശ്ശേരി കുടുംബാരോഗ്യകേന്ദ്രത്തിൽ നിന്ന് പത്തോ പതിനഞ്ചോ കിലോമീറ്ററുണ്ട് ഈ വീട്ടിലേക്ക്. ചെറിയ ഗേറ്റ് തുറന്ന് ആദ്യമായി കാണുന്ന ഡോക്ടറുടെ വീടിനകത്തേക്കു കയറി. അപ്പോഴേക്കും വീട്ടുമുറ്റത്തെ നിറഞ്ഞ ചെടിപ്പടർപ്പുകളിൽ നിന്ന് ചെറിയ കിളികളും പൂമ്പാറ്റകളും വൈകുന്നേരത്തെ ഓറഞ്ച് നിറമുള്ള ആകാശത്തിലേക്ക് ഉയർന്നു പൊങ്ങി.

“വഴി അന്വേഷിച്ച് ബുദ്ധിമുട്ടിയോ? ” — ചെടിപ്പടർപ്പുകളുടെ മറ്റൊരറ്റത്തു നിന്ന് ഡോക്ടർ ചോദിച്ചു. ഉണങ്ങിയ ചാണകപ്പൊടിയും മണ്ണും പുരണ്ട കൈയ്യിൽ മുറിച്ച പനിനീർച്ചെടിത്തണ്ടുകളും പിടിച്ച് വിയർത്തു നിൽക്കുന്ന ഡോക്ടർ… അരികിൽ കനം കുറഞ്ഞ കൈക്കോട്ട്, ഇളകിയ മൺതടം… ”പേഷ്യന്റ്സ് വരുന്നേന് മുമ്പ് ചെയ്യണംന്ന് കരുതി. ഇളേമ്മയും മക്കളും വന്നിരുന്ന്. കൊറച്ച് മുമ്പേ.… അവര്ടെ വീട്ടിന്ന് കൊണ്ടെന്നതാ. പച്ച നിറത്തില് ള്ള റോസയാ.…” ചുവന്ന ചെമ്പകവും നന്ത്യാർവട്ടവും മുക്കുറ്റിയും കല്ല്യാണമുല്ലയും പൂവിട്ടതിന്റെ സുഗന്ധം മുറ്റത്തു നിറഞ്ഞു നിൽക്കുന്നു. വെള്ളയും കടും ചെമപ്പും മഞ്ഞയും കുങ്കുമവും പിങ്കും നിറങ്ങളിലുള്ള പനിനീർപ്പൂക്കൾക്കൊപ്പം പച്ച നിറത്തിലുള്ള പനിനീർപ്പൂ വിരിയുന്ന ചെടി കൂടി വളർത്തിയെടുക്കാനാണ് ഡോക്ടറുടെ ശ്രമം.
“നോക്കാം… ഈ നിറം കൂടി.. ” ഡോക്ടർ നിഷ്കളങ്കമായി ചിരിച്ചു.

“മാഷ് കൺസൾട്ടേഷൻ റൂമിന് മുന്നിലിരുന്നോളു. ഇതൊക്കെ ക്ലീനാക്കി ഇപ്പോ ഞാനെത്താം…”
കലാപരമായി നിർമ്മിച്ച വീടിന്റെ വൈവിധ്യങ്ങളിലേക്ക് കൂടിയാണ് കയറിച്ചെന്നത്. മുൻവശത്ത് എണ്ണച്ചായത്തിൽ വരച്ച കുറച്ചു ചിത്രങ്ങൾ ചുമരിൽ തൂങ്ങുന്നുണ്ട്. സൂര്യനും ഗോതമ്പു പാടങ്ങളും പർവ്വതങ്ങളുടെ അനന്തതയും ക്ലോസപ്പിലുള്ള നൃത്തമുദ്രകളും. തറയോട് പാകിയ അകത്തളത്തിലൂടെ നടന്ന് കൺസൾട്ടേഷൻ റൂമിനു മുന്നിലെ കസേരകളിലൊന്നിലിരുന്നു. മുന്നിലെ ടീപ്പോയിയിൽ ചിട്ടയായി വെച്ചിരിക്കുന്ന പത്രങ്ങളും ആഴ്ചപ്പതിപ്പുകളും കൂട്, അരണ്യം തുടങ്ങിയ വിവിധ മാസികകളും. അക്കൂട്ടത്തിലൊന്നിലും ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങൾ കണ്ടില്ല. മുറിയുടെ മൂലയിൽ കണ്ട് ഒരു മൺചട്ടിയിൽ കൊതുകിനെ അകറ്റാൻ വേണ്ടി വേപ്പിലയും ചകിരിയുമിട്ട് പുകച്ചിരുന്നു. അസുഖത്തെ സംബന്ധിച്ച് ഡോക്ടറോട് ചോദിക്കേണ്ട ചോദ്യങ്ങൾ… ഇതു വരെ കഴിച്ച് മരുന്നുകളുടെ വിശദാംശങ്ങൾ… പഴയ പ്രിസ്ക്രിപ്ഷനുകൾ. ഇതെല്ലാം ഒരു ഫയലിൽ ഭദ്രമായി എടുത്ത് ബാഗിൽ വെച്ചിട്ടുണ്ട്. കുടുംബ ഡോക്ടർ… രണ്ടു മൂന്ന് വർഷത്തെ പരിചയം… എല്ലാം കൊണ്ടും ഒടുവിൽ ഇനി ഇവിടെ മതി എന്നു തീരുമാനിച്ചിട്ട് കുറച്ചു ദിവസങ്ങളായി.
കൺസൾട്ടേഷൻ റൂമിന്റെ വാതിൽ തുറന്ന് ഡോക്ടർ പരിശോധനയ്ക്ക് വേണ്ടി അകത്തേക്കു വിളിക്കുന്നതുവരെ ഞാൻ അവരെക്കുറിച്ചു തന്നെയായിരുന്നു ആലോചിച്ചുകൊണ്ടിരുന്നത്. ചെറുപ്പക്കാരിയായ ഈ ഡോക്ടർ എന്തുകൊണ്ടാണ് എല്ലാവരെയും പോലെ വിദേശത്തോ മറ്റോ ചെന്ന് എം ഡിയും ചെയ്ത് ഒരു പാട് സാമ്പത്തികലാഭം തരുന്ന വലിയ ഹോസ്പിറ്റലുകളിലേക്കൊന്നും പോകാതെ ഗ്രാമത്തിലെ ഒരു സർക്കാർ കുടുംബാരോഗ്യകേന്ദ്രത്തിൽത്തന്നെ ഒതുങ്ങിക്കൂടാൻ തീരുമാനിച്ചത്. പ്രായമേറെയുള്ള അമ്മമ്മയുടെ ആരോഗ്യാവസ്ഥ പരിശോധിക്കാനാണ് രണ്ട് മൂന്ന് തവണ വന്നത്. വീട്ടിലേക്ക് നേരിട്ട് എത്താൻ വഴിയില്ലാത്ത സാഹചര്യത്തിൽ കാർ, വഴിയുടെ ഒരരികിലേക്ക് മാറ്റി നിർത്തി വഴുക്കുന്ന പാടവരമ്പത്തു കൂടി ചെറിയ സ്യൂട്ട് കെയ്സും പിടിച്ച് മെല്ലെ നടന്നു വന്ന ഡോക്ടർ. സ്കൂൾ എൻഎസ്എസ് പ്രോഗ്രാമുകളിലെ ആരോഗ്യസംരക്ഷണ പരിപാടികളിലും ചർച്ചകളിലും എല്ലാം ഒരു മടിയും കൂടാതെ വന്ന് കുട്ടികളോട് ഏറെ ആവേശത്തോടെ സംസാരിക്കുന്ന ഡോക്ടർ. അവർ ഒരിക്കലും അനാവശ്യമായ തിരക്കു കാണിക്കാതെ പരിശോധന നടത്തുകയും രോഗി പറയുന്നത് മുഴുവൻ പുഞ്ചിരിയോടെ കേൾക്കാൻ ക്ഷമ കാണിക്കുകയും ചെയ്തിരുന്നു.
“പറ… മാഷേ… ന്താ വന്നത്?” വയലറ്റ് പൂക്കൾ നിറഞ്ഞ വൃത്തിയുള്ള ചുരിദാറിട്ട ഡോക്ടർ നിറഞ്ഞു ചിരിച്ചു കൊണ്ട് മുന്നിൽ. “അമ്മമ്മയ്ക്ക് ഇപ്പോഴൊന്നും ഇല്ലല്ലോ?”
“ഇല്ല. ഡോക്ടർ… ആ മരുന്ന് കഴിച്ചപ്പോഴേക്കും പ്രയാസമൊക്കെ മാറി. ഇൻഹേലർ ഉണ്ട്” “ആ… അത് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് വരുമ്പോ കൊടുത്തോളൂ. ഇനീപ്പം തണുപ്പല്ലേ വര്ന്നത്…”

മുഖവുരയൊന്നും കൂടാതെ ഞാൻ ഡോക്ടറോട് എല്ലാ തണുപ്പുമാസങ്ങളിലും വിശേഷിച്ച് നവംബറിലും ഡിസംബറിലും വലതു കാൽവണ്ണയിലെ തൊലിയിൽ കടന്നു വരുന്ന നിറവ്യത്യാസത്തെക്കുറിച്ചു പറഞ്ഞു. ചർമ്മം ഇളകി മാറുമ്പോഴുള്ള അസഹ്യമായ വേദന, കടച്ചിൽ. പഴയ കുറിപ്പടികളെല്ലാം ഞാൻ ഫയൽ സഹിതം ഡോക്ടർക്ക് കൈമാറി. എല്ലാം മറിച്ചു നോക്കിയ ശേഷം തന്റെ മേശവലിപ്പിൽ നിന്നും വലിയ ലെൻസ് കൈയ്യിലെടുത്ത് വിശദമായി കാൽവണ്ണ നോക്കിയ ശേഷം ഡോക്ടർ പറഞ്ഞു:
”സാരമില്ല. പുരട്ടാൻ ഒരു ഓയിന്റ്മെന്റ് തരാം… മൂന്നാഴ്ച നോക്കൂ… ഒര് ബെയ്സിനിൽ ചെറിയ ചൂടുവെള്ളത്തിൽ കല്ലുപ്പിട്ട് കുറച്ചു നേരം കാല് നനക്കണം. എന്ന്ട്ട് ഓയിന്റ്മെന്റ് വെക്കണം.”
വലിയ അക്ഷരത്തിൽ തന്റെ ഭംഗിയുള്ള കൈപ്പടയിൽ മരുന്നിന്റെ പേരുകൾ കുറിച്ച് ഡോക്ടർ എനിക്ക് പ്രിസ്ക്രിപ്ഷൻ തന്നു. “മൂന്നാഴ്ച കഴിഞ്ഞ് കുറവില്ലെങ്കിൽ വന്നോളു. മിക്കവാറും ഈ മരുന്നിൽത്തന്നെ മാറും” — ഡോക്ടറുടെ ആത്മവിശ്വാസം കലർന്ന മറുപടി കേട്ടുകൊണ്ടിരിക്കുമ്പോൾ ഞാൻ ചിന്തിച്ചത് മറ്റൊന്നായിരുന്നു. കൺസൾട്ടേഷൻ സമയം തുടങ്ങാൻ ഇനിയും ഒരു മണിക്കൂർ ബാക്കിയുണ്ട്. ഡോക്ടർ പഴയ ഒരു പരിചയത്തിന്റെ തണലിലാണ് എന്നെ നേരത്തെ തന്നെ പരിശോധിക്കാൻ തുടങ്ങിയത്. പലരും കൃത്യസമയം കഴിഞ്ഞോ കൃത്യസമയത്തോ മാത്രം ചികിത്സയും പരിശോധനയും നടത്തുമ്പോൾ ഡോക്ടർ മാത്രം വളരെ നേരത്തെ തന്നെ ഇതെല്ലാം ചെയ്യുന്നു. എന്റെ ആലോചനകളെയെല്ലാം തല്ക്കാലത്തേക്ക് ഇല്ലാതാക്കി കൺസൾട്ടേഷൻ മുറിയുടെ തുറന്നു കിടന്ന ജാലകത്തിലൂടെ പഴുത്ത ചക്കയുടെ മണവും കൊണ്ടു ഇളം കാറ്റ് കടന്നെത്തി. “ഡോക്ടർ… മുറ്റത്ത് ചക്ക പഴുത്തിട്ടുണ്ടെന്ന് തോന്നുന്നു…”

“അതെ” — അവർ ചിരിച്ചു. വടക്കുഭാഗത്തെ അതിരിൽ മൂന്ന് പ്ലാവുണ്ട്. “രുദ്രാക്ഷി ചക്കയാ.. ” അഞ്ചാറെണ്ണം പഴുത്തിട്ട്ണ്ട്… മാഷ്ക്ക് വേണോ? പറിക്കാറായി… അടുക്കളേലേക്ക് രണ്ടോ മൂന്നോ മതി. ബാക്കി അവ്ടെ നിക്കട്ടേന്ന് കരുതി. പക്ഷികളും അണ്ണാനുമൊക്കെ കഴിക്കട്ടെ… അവർക്കും ആഹാരം വേണ്ടേ?”
കാഴ്ചയിൽ പത്തിരുപത്തഞ്ച് സെന്റ് ഭൂമി. വീടിനു ചുറ്റും നിറയെ ചെടികളും മരങ്ങളും. അതിൽത്തന്നെ കൂടുതലും നാട്ടുവൃക്ഷങ്ങളാണ്. അടുക്കള ഭാഗത്തു നിന്ന് ചക്ക
പറിക്കാനുള്ള ചെറിയ കത്തി കെട്ടിയ കൊക്കയും കൊണ്ട് ഡോക്ടർ വരുമ്പോൾ പിറകേ തുള്ളിച്ചാടി ഏഴ് വയസ്സുള്ള മകനും എത്തി. “മോൻ അടുക്കളേല് അമ്മമ്മയുടെ അരികില്ണ്ടായിര്ന്നു. അവന് ചക്ക ഇഷ്ടാ…” രുദ്രാക്ഷി പ്ലാവിന്റെ വലിയ ഉയരത്തിലല്ലാത്ത രണ്ടാമത്തെ കൊമ്പിന്റെ കണ്ണിയിൽ തൂങ്ങുന്ന പഴുത്തു വാസനിക്കുന്ന രണ്ടു ചക്കകൾ ഡോക്ടർ കൊക്ക കൊണ്ട് വലിച്ചു താഴെ നിറഞ്ഞു കിടന്ന പൂഴിമണ്ണിൽ വീഴ്ത്തി. വിളഞ്ഞില് ഒരു പഴന്തുണി കൊണ്ട് തുടച്ച് ചക്കകളിലൊന്ന് ചെറിയൊരു ചാക്കിൽ നിറക്കുന്ന ഡോക്ടറോട് ഞാൻ ചോദിച്ചു: “മാഡം ന്താ എം. ഡി ക്ക് പോകാഞ്ഞ? കുറച്ചു കൂടി വലിയ ഹോസ്പിറ്റല് നോക്കാത്തേ? സ്റ്റേറ്റ്സിലോ മറ്റോ ആണെങ്കില്…”
“എം ഡിക്ക് വേണെങ്കില് പോവായിര്ന്നു… പക്ഷേ എന്ന് കാവശ്ശേരി മതി… അങ്ങനെ ഒരു പാട് കാശൊന്നും ജീവിക്കാൻ വേണ്ടെന്ന് തീരുമാനിച്ചിര്ന്നു… ഉള്ളത് മതി. ധാരാളം… ” പഴുത്ത ചക്ക നിറച്ച ചാക്ക് ചരടു കൊണ്ട് കെട്ടി ഭദ്രമാക്കുന്നതിനിടയിൽ ഡോക്ടർ പറഞ്ഞു. നാട്ടിലെ എൽപി സ്കൂളിൽ കാവശ്ശേരി കുടുംബാരോഗ്യകേന്ദ്രം സംഘടിപ്പിച്ച പ്രമേഹരോഗനിർണ്ണയ ക്യാമ്പ് കഴിഞ്ഞ് സ്കൂളിലെ കുഞ്ഞടുക്കളയിലിരുന്ന് നഴ്സുമാർക്കും എൻഎസ്എസ് വാളണ്ടിയർമാർക്കും ഒപ്പമിരുന്ന് പ്ലേറ്റിൽ ആവശ്യത്തിന് മാത്രം ചോറും കറിയുമെടുത്ത് കഴിച്ചു കൊണ്ടിരുന്ന ഭാവന ഡോക്ടറെ അപ്പോൾ ഒരിക്കൽക്കൂടി ഓർമ്മിക്കാതിരിക്കാനായില്ല. “രോഗം വരാതിരിക്കാനല്ലേ നമ്മള് നോക്കേണ്ടത്. വരാതിരിക്കണം… നല്ല മരുന്ന് എപ്പഴും നല്ല ഭക്ഷണാ. ചക്ക നല്ലതാ… വൈറ്റമിൻ എത്രയാന്നോ?” — അവർ കൊക്ക വീടിന്റെ ചുമരിൽ ചാരിവെച്ചു.
“ഡോക്ടർ… മെഡിക്കൽ എൻട്രൻസ് എഴുതുന്ന പുതിയ കുട്ടികള് ക്വാളിഫൈ ചെയ്ത് എംബിബിഎസ് പൂർത്തിയാക്കിയാല് ഗ്രാമപ്രദേശങ്ങളില് ജോലി ചെയ്യാൻ എന്താ മടിക്കുന്നേ? വന്നാത്തന്നെ വർക്ക് ചെയ്യാൻ ഇഷ്ടപ്പെടാതെ അതിലും കൊറേപ്പേര് ലീവെടുത്ത് വിദേശത്ത് പോവും…” — ഞാൻ വീണ്ടും ചോദിച്ചു.
“അറിഞ്ഞൂടാ… ഓരോരുത്തര് ഓരോ രീതിയായിരിക്കും.”

മാര്യാംഗലത്തെ നിറഞ്ഞു കിടക്കുന്ന നെൽപ്പാടങ്ങൾ… കീഴോട്ടൂർ പറമ്പിലെ കാറ്റാടിമരങ്ങൾ… കശുമാവിൻ തോപ്പുകൾ… കടുക്കാച്ചി മാങ്ങയും പഴം ചക്കയും വീണടിഞ്ഞ് സുഗന്ധം പരത്തുന്ന കാവശ്ശേരിയിലെ എങ്ങു തിരിഞ്ഞാലും കാണുന്ന ഇടവഴികളുടെ കൂട്ടം. കുടുംബാരോഗ്യകേന്ദ്രത്തിനടുത്ത് പുലർച്ചയ്ക്കും സന്ധ്യയ്ക്കും പറന്നെത്തുന്ന പക്ഷികളെക്കൊണ്ടു നിറയുന്ന അരയാൽ വൃക്ഷങ്ങൾ… മഞ്ചാടിമരങ്ങൾ… കാവശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായിട്ട് ഒന്നോ രണ്ടോ വർഷമേ ആയിട്ടുള്ളൂ. പരിസരത്തിനൊക്കെ ഒരു പാട് മാറ്റം ഉണ്ടായി. നീലയും വെള്ളയും പെയിന്റടിച്ച് ഭംഗിയാക്കിയ ഏറെ വൃത്തിയുള്ള കെട്ടിടങ്ങൾ… വിശാലമായ പൂന്തോട്ടം. ഏഴിലം പാലയടക്കമുള്ള പൂമരങ്ങൾ… മനോഹരമായ നടപ്പാതകൾ…
“നമ്മ്ടെ കുട്ടികള് മെഡിക്കൽ ഫീൽഡിനോട് യഥാർത്ഥത്തിലുള്ള സ്നേഹോം സമർപ്പണോം ണ്ടെങ്കില്, ആവശ്യമുണ്ടെങ്ക്ല് വന്നോട്ടെ… ആര്ങ്കിലും നിർബന്ധാന്നും ല്ലാതെ… അങ്ങനെയുള്ളാരാ ശരിക്കും ഈട് വരേണ്ടത്…”

ഡോക്ടർ എന്നോടെന്നപോലെയോ ആത്മഭാഷണം എന്ന നിലയിലോ കൂട്ടിച്ചേർത്തു.
മൂന്നു വർഷം മുമ്പ് കർക്കടകമഴ പതിയെ പെരുകിപ്പെരുകിവന്നുകൊണ്ടിരുന്ന ഇരുണ്ട ഒരു മധ്യാഹ്നത്തിൽ കാവശ്ശേരി കുടുംബാരോഗ്യകേന്ദ്രത്തിൽ അച്ഛനുമമ്മയ്ക്കും ഭർത്താവിനുമൊപ്പം കൈക്കുഞ്ഞിനെയുമെടുത്ത് പിഎസ് സി പോസ്റ്റിങ് ഓർഡറുമായി എത്തിച്ചേർന്ന പുതിയ ഡോക്ടറെ പിന്നീട് ജീവിതത്തിലെ ഏതോ ഒരു സന്ദർഭത്തിലാണ് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞത്.”
മാഷേ… വണ്ടി ഉണ്ടോ, ഇത് എട്ക്കാൻ? ചക്ക എടുത്തു വെച്ച ചാക്ക് ചൂണ്ടി ഡോക്ടർ ചോദിച്ചു. ഓട്ടോ ടാക്സി പുറത്ത് വെയ്റ്റ് ചെയ്യുന്നുണ്ട്, ഡോക്ടർ… ഇങ്ങോട്ടേക്ക് വിളിക്കാം…”
— ഡോക്ടർ തന്നെ വീട്ടുമുറ്റത്തെ വലിയ ഗേറ്റ് തുറന്നു വെച്ചു. നേരം സന്ധ്യയോടടുക്കുന്നുണ്ടായിരുന്നു. നേർത്ത മഞ്ഞിൻപടലങ്ങൾ ചെടിപ്പടർപ്പുകളിലും മരങ്ങളിലും വന്നിറങ്ങിത്തുടങ്ങി. ആ വർഷത്തിൽ ഡിസംബറിലെ ഏറ്റവും ഒടുവിലത്തെ നാളായിരുന്നു അത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.